റണാകുളത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായി ഒന്നരലക്ഷത്തിലധികം വോട്ടുകള്‍ നേടി റെക്കോഡ് ഭൂരിപക്ഷത്തിലാണ് ഹൈബി ഈഡന്‍ വിജയം കൈപ്പിടിയില്‍ ഒരുക്കിയത്. വിജയം ഉറപ്പിച്ചതോടെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് സമീപമെത്തിയ ഹൈബിയെ പ്രവര്‍ത്തകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. 'ഹൈബീ ഈഡാ നേതാവേ ഞങ്ങടെ ചങ്കിലെ നേതാവേ' എന്നുറക്കെ  മുദ്രാവാക്യം വിളിച്ച് ഹൈബിയെ എടുത്തുയര്‍ത്തി പ്രവര്‍ത്തകര്‍ ആഹ്ളാദം പങ്കുവെച്ചു. 

യുഡിഎഫിന്റെ ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണ് വിജയത്തിലേക്ക് നയിച്ചതെന്ന് ഹൈബി ഈഡന്‍ പറഞ്ഞു. 'തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായാണ് നേരിട്ടത്. കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ അന്തരീക്ഷം അനുകൂലമായിരുന്നു. കേരള സര്‍ക്കാരിന്റെ ധിക്കാരപരമായ നടപടികള്‍ക്കുള്ള ശക്തമായ തിരിച്ചടിയാണ് ഇത്. അതുകൊണ്ടുതന്നെ ഞങ്ങള്‍ പ്രതീക്ഷിച്ചതിലും വലിയ വിജയം നേടിയെടുക്കാന്‍ സാധിച്ചു. 

പലവിഷയങ്ങളിലും സര്‍ക്കാര്‍ സ്വീകരിച്ച നിലപാടും അതുപോലെ തന്നെ വര്‍ഗീയ ഭീകരതയ്‌ക്കെതിരെയുളള ഒരു നിലപാടും കേരളത്തില്‍ ഉണ്ട് എന്നതെല്ലാം ഈ തിരഞ്ഞെടുപ്പിന്റെ വളരെ വലിയ സവിശേഷതകളാണ്. എല്ലാ വിഭാഗം ആളുകളുടെയും പിന്തുണയും വോട്ടും നേടാനായി. എല്ലാ വിഭാഗത്തില്‍ നിന്നും ഉള്ള ആളുകളുടെ വോട്ടുകള്‍ എല്ലാ മേഖലയില്‍ നിന്നും ലഭിച്ചു എന്നുള്ളത് ഞങ്ങളെ സംബന്ധിച്ച് ഒരു വലിയ മുന്നേറ്റം ഈ തിരഞ്ഞെടുപ്പില്‍ ഉണ്ടാക്കാന്‍ സാധിച്ചു-ഹൈബി പറഞ്ഞു. 

Content highlights: Hibi Eden Lok sabha Election 2019