കോഴിക്കോട്: രണ്ടാഴ്ച നീണ്ട തര്‍ക്കങ്ങള്‍ക്കും അനിശ്ചിതത്വത്തിനുമൊടുവില്‍ കെ.സുരേന്ദ്രന് പത്തനംതിട്ടയിലെ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായി. ബി.ജെ.പി. വിജയപ്രതീക്ഷ പുലര്‍ത്തുന്ന പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ മുന്‍നിര നേതാക്കള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകാന്‍ കാരണമായത്. ഒടുവില്‍ ആര്.എസ്.എസ്. ഇടപെടലിലൂടെ തര്‍ക്കം പരിഹരിക്കപ്പെട്ടപ്പോഴും നേതാക്കള്‍ക്കിടയില്‍ അതൃപ്തി ബാക്കി.
നേട്ടം പ്രതീക്ഷിക്കുന്ന സീറ്റുകള്‍ക്കായുള്ള തര്‍ക്കം ദിവസങ്ങള്‍ നീണ്ടു. ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് തിരുവനന്തപുരത്ത് മത്സരിക്കാന്‍ കുമ്മനം രാജശേഖരന് എത്തിയതോടെ ബിജെപി പ്രതീക്ഷ പുലര്‍ത്തുന്ന ഒരു പ്രധാന മണ്ഡലത്തില്‍ മറ്റു നേതാക്കള്‍ക്ക് സാധ്യത നഷ്ടപ്പെട്ടു. അതോടെ രണ്ടാമത്തെ ഹോട്ട്സീറ്റായ പത്തനംതിട്ടയ്ക്കായി പ്രമുഖ നേതാക്കളെല്ലാം അരയും തലയും മുറുക്കി.
പിന്നെയുള്ളത് തൃശ്ശൂര്‍, പാലക്കാട് എന്നിവയായിരുന്നു. പാലക്കാട് മുരളീധരന് വിഭാഗത്തിന്റെ സ്ഥാനാര്‍ഥിയായ സി. കൃഷ്ണകുമാറിന് നല്കി. ഇതോടെ ഈ സീറ്റിന് ആവശ്യമുന്നയിച്ചിരുന്ന ശോഭാ സുരേന്ദ്രന് ഇടഞ്ഞു. തൃശ്ശൂര്‍ സീറ്റ് ബിഡിജെഎസിന് ലഭിക്കുകയും തുഷാര്‍ വെള്ളാപ്പള്ളി സ്ഥാനാര്‍ഥിയാകുകയും ചെയ്തു.
ഇതോടെയാണ് പത്തനംതിട്ട സീറ്റിനായുള്ള പിടി മുറുകിയത്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ട ജില്ലയില്‍ ബിജെപി നടത്തിയ സമരവും അത് വിശ്വാസികളായ ഹിന്ദുക്കളില്‍ ഉണ്ടാക്കിയതായി ബിജെപി കരുതുന്ന ചലനവും വോട്ടായി മാറും എന്ന പ്രതീക്ഷയാണ് പത്തനംതിട്ടയെ ഹോട്ട് സീറ്റാക്കി മാറ്റിയത്.
ശ്രീധരന്‍പിള്ള, കെ. സുരേന്ദ്രന്, എം.ടി രേമേശ്, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവരായിരുന്നു ഈ 'സുവര്‍ണാവസരം' മുതലാക്കുന്നതിന് പത്തനംതിട്ടയില്‍ ആവശ്യമുന്നയിച്ച് മുന്നോട്ടുവന്നത്.
ആദ്യഘട്ടത്തില്‍ത്തന്നെ എം.ടി രമേശും അല്‍ഫോണ്‍സ് കണ്ണന്താനവും പരിഗണനയില്‍നിന്ന് പുറത്തായി. എന്‍എസ്എസിന്റെയും ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെയും പിന്തുണ ലഭിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ശ്രീധരന്‍പിള്ള ഈ സീറ്റിനായി മുറുകെ പിടിച്ചതും കേന്ദ്ര നേതൃത്വം അതിന് അനുകൂലമായ സമീപനം ആദ്യ ഘട്ടത്തില്‍ സ്വീകരിച്ചതും.
എന്നാല്‍ ശബരിമല വിഷയത്തില്‍ കാര്യമായ ഇടപടലുകള്‍ നടത്തുകയും സമരങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുകയും ചെയ്ത നേതാവായിരുന്നു കെ. സുരേന്ദ്രന്. നിരാഹാരം ഉള്‍പ്പെടെയുള്ള സമരങ്ങളില്‍ ഏര്‍പ്പെടുകയും അറസ്റ്റിലാവുകയും ചെയ്ത് മാധ്യമങ്ങളില്‍ ശബരിമല വിഷയത്തെ ബിജെപിക്കുവേണ്ടി സജീവമാക്കി നിര്‍ത്താന്‍ സുരേന്ദ്രന് സാധിച്ചിരുന്നു. ഇക്കാര്യങ്ങള്‍ പരിഗണിച്ച് സുരേന്ദ്രന് പത്തനംതിട്ട സീറ്റിന് അര്‍ഹതയുണ്ടെന്ന വാദം ഒരു വിഭാഗം ഉന്നയിച്ചു.
സുരേന്ദന് പത്തനംതിട്ട സീറ്റ് ലഭിക്കില്ലെന്ന സൂചന ലഭിച്ചതോടെ സമൂഹ മാധ്യമങ്ങളില്‍ അടക്കം വലിയ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. ശ്രീധരന്‍പിള്ള മത്സരിച്ചാല്‍ പത്തനംതിട്ടയില്‍ ഒരു വിഭാഗം ബിജെപിക്ക് വോട്ട് നല്‍കില്ലെന്നും സൂചന നല്‍കിയിരുന്നു. കൂടാതെ, കേരളത്തിലെ ആര്‍എസ്എസ് നേതൃത്വം കെ. സുരേന്ദ്രനു വേണ്ടി ശക്തമായി രംഗത്തുവരികയും ചെയ്തു. പത്തനംതിട്ടയുടെ മേലുള്ള തര്‍ക്കം ബിജെപിയുടെ തിരഞ്ഞെടുപ്പിലെ പ്രകടനത്തെത്തന്നെ ബാധിക്കുമെന്ന നിലവന്നതോടെയാണ് കേന്ദ്ര നേതൃത്വം ഇടപട്ടത്.
സ്ഥാനാര്‍ഥി നിര്‍ണയത്തിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ചൊവ്വാഴ്ച ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തിലെ നേതാക്കളുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി. തുടര്‍ന്ന് സുരേന്ദ്രന് പത്തനംതിട്ടയില്‍ സീറ്റ് നല്‍കാനും ശ്രീധരന്‍പിള്ളയോട് മത്സര രംഗത്തുനിന്ന് മാറിനില്‍ക്കാനും കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടത്. ഇതോടെ കേരളത്തിലെ സ്ഥാനാര്‍ഥി പട്ടിക അടിമുടി മാറി.
കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, അടുത്തിടെ ബിജെപിയിലേയ്ക്കുവന്ന ടോം വടക്കന്‍, കെ.എസ് രാധാകൃഷ്ണന് എന്നിവര്‍ക്കടക്കം സീറ്റ് ലഭിച്ചപ്പോള്‍ തിരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ സ്ഥിരം മുഖങ്ങളായിരുന്ന പി.കെ കൃഷ്ണദാസ്, എംടി രമേശ് എന്നിവരടക്കമുള്ളവര്‍ ബിജെപിയുടെ പട്ടികയ്ക്ക് പുറത്തായി. ആവശ്യപ്പെട്ട പാലക്കാട് സീറ്റ് ലഭിക്കാതെ ശോഭാ സുരേന്ദ്രന് ആറ്റിങ്ങലില്‍ സ്ഥാനാര്‍ഥിയാകുമോ എന്ന് മാത്രമാണ് ഇനി അറിയാനുള്ളത്.
Content Highlights: dispute over pathanamthitta seat in bjp, K Surendran, PS Sreedharan Pillai, Lok Sabha Election 2019