ന്യൂഡല്‍ഹി: വയനാട്ടിലേക്ക് രാഹുല്‍ വരുന്നതും കാത്തിരിക്കുന്ന കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് പാര്‍ട്ടിയുടെ പതിനൊന്നാം സ്ഥാനാര്‍ഥി പട്ടികയിലും പ്രതീക്ഷ ഫലിച്ചില്ല. ഏറ്റവും അവസനമായി വന്ന പനിനൊന്നാം പട്ടികയില്‍ ആകെ അഞ്ച് സ്ഥാനാര്‍ഥികളുടെ പേരുകളാണ് ഉള്ളത്. ഇന്ന്  തന്നെ പുറത്തുവിട്ട പത്താം പട്ടികയില്‍ മഹാരാഷ്ട്രയിലെ ഒരു സീറ്റിലും പശ്ചിമ ബംഗാളിലെ 25 സീറ്റുകളിലുമടക്കം 26 സ്ഥാനാര്‍ഥികളാണ് ഇടംപിടിച്ചത്. 

കേരളത്തില്‍ ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപനം വരാത്ത വടകരയും വയനാടും ഈ രണ്ട് പട്ടികയിലുമില്ല . വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്നുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് നേരത്തെ നിശ്ചയിച്ചിരുന്ന ടി.സിദ്ദീഖ് സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. എന്നാല്‍ വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നാണ് ഇന്ന് രാഹുല്‍ മുതിര്‍ന്ന നേതാക്കളോട് പറഞ്ഞത്.

അതേ സമയം വടകരയില്‍ കെ.മുരളീധരന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ശക്തമായി മുന്നേറിയിട്ടും അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം ഇതുവരെ പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. 

മുംബൈ നോര്‍ത്ത്-വെസ്റ്റില്‍ സഞ്ജയ് നിരൂപത്തെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതാണ് പത്താം പട്ടികയില്‍ ശ്രദ്ധേയം. മുംബൈ പ്രദേശ്‌ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനായിരുന്ന സഞ്ജയ് നിരൂപത്തെ ഈ സ്ഥാനത്ത് നിന്ന് നീക്കിയാണ് സ്ഥാനാര്‍ഥിത്വം നല്‍കിയിരിക്കുന്നത്.

മുന്‍ കേന്ദ്ര മന്ത്രി മുരളി ദേവ്‌റയുടെ മകന്‍ മിലിന്ദ് ദേവ്‌റയാണ് മുംബൈ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പുതിയ അധ്യക്ഷന്‍. മുംബൈ കോണ്‍ഗ്രസില്‍ രൂക്ഷമായിരുന്ന വിഭാഗീയതക്ക് പരിഹാരമുണ്ടാക്കുന്നതിന്റെ ഭാഗമായാണ് പിസിസി അധ്യക്ഷനെ മാറ്റിയതെന്നാണ് റിപ്പോര്‍ട്ട്‌. ശിവസേനയുടെ സിറ്റിങ് സീറ്റിലാണ് സഞ്ജയ് നിരൂപം മത്സരിക്കുക.

Content Highlights: Congress Central Election Committee announces the tenth list of candidates loksbha