ണ്ട് പിന്മാറ്റക്കഥകൾ പറയാം. തൃക്കാക്കര നിയമസഭാ മണ്ഡലത്തിൽ ബെന്നി ബെഹനാന് രണ്ടാമതൊരു അവസരം നൽകുന്നതിനെച്ചൊല്ലി കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് തർക്കമുണ്ടായി. അന്ന് കെ.പി.സി.സി. പ്രസിഡന്റായിരുന്ന വി.എം. സുധീരനും ഉമ്മൻചാണ്ടിയും തമ്മിലുള്ള തർക്കം പാർട്ടിയെ മൊത്തംബാധിക്കുന്ന സ്ഥിതിയായപ്പോൾ ബെന്നി ഒരു കാര്യം ചെയ്തു. ഇന്നസെന്റായങ്ങ് പിൻമാറി. ജയിച്ച മണ്ഡലത്തിൽ രണ്ടാമതൊരു അവസരം കിട്ടാതെ ഒരു കോൺഗ്രസ് എം.എൽ.എ. പിൻമാറേണ്ടിവരുന്നത് അപ്രതീക്ഷിതമായിരുന്നു. ബെന്നി പിന്നീട് പാർട്ടിയിൽ കൂടുതൽ കരുത്തനായി. യു.ഡി.എഫ്. കൺവീനറായി. ഇപ്പോൾ ചാലക്കുടി പാർലമെന്റ് മണ്ഡലത്തിൽ സ്ഥാനാർഥിയും.

സിറ്റിങ് എം.പി. ഇന്നസെന്റിനുമുണ്ട് ഒരു പിൻമാറ്റക്കഥ. ഇത്തവണ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുംമുമ്പേ അദ്ദേഹം പറഞ്ഞു. ‘ഇനി മത്സരിക്കാനില്ല’. പക്ഷേ, പാർട്ടി പറഞ്ഞു. ‘കോട്ടൂരാൻ വരട്ടെ’. കാൻസർ വാർഡിലും ചിരിച്ചിട്ടുള്ള ഇന്നസെന്റ് ഒരു ചെറുചിരിയോടെ അത് സമ്മതിച്ചു. അപ്രതീക്ഷിതനേരത്ത് സിനിമയിൽ രംഗപ്രവേശം നടത്തുന്ന ഒരു കഥാപാത്രത്തെപ്പോലെയാണ് കഴിഞ്ഞതവണ ചാലക്കുടിയിൽ ഇന്നസെന്റ് മത്സരിക്കാനെത്തിയത്. പി.സി. ചാക്കോയെപ്പോലെ ഒരു നേതാവിനെ നേരിടുമ്പോൾ തന്റെ ചിരിതന്നെയായിരുന്നു ഇന്നസെന്റിന്റെ ആയുധം. വലിയ കാര്യങ്ങളൊന്നും പറയാതെ ജനങ്ങളുമായി അവരുടെ ഭാഷയിൽ സംസാരിച്ചു. ‘വിയറ്റ്‌നാം കോളനി’ യിൽ അദ്ദേഹത്തിന്റെ കഥാപാത്രം പറയുന്നതുപോലെ ‘ഇതിലും വലുത് ചാടിക്കടന്നവനാണീ കെ.കെ. ജോസഫ്’ എന്ന മട്ടിൽ പി.സി. ചാക്കോയെ മറികടന്ന് ഇന്നസെന്റ് ഡൽഹിക്ക്‌ പോയി. അദ്ദേഹത്തിന് ‘ഗജകേസരിയോഗ’മാണെന്ന് ആളുകൾ പറഞ്ഞു.

കഴിഞ്ഞതവണ വെറും ഇന്നസെന്റായിരുന്നെങ്കിൽ ഇത്തവണ സഖാവ് ഇന്നസെന്റാണ്. പാർട്ടി ചിഹ്നത്തിലാണ് മത്സരം. ചിരിപ്പിക്കുന്ന നടൻ എന്ന ലേബൽ കഴിഞ്ഞപ്രാവശ്യം ഒരു പുതുമയായിരുന്നു. എതിരാളി പി.സി. ചാക്കോയ്ക്കെതിരേ പാർട്ടിയിൽത്തന്നെ ചിലർക്കുണ്ടായിരുന്ന എതിർപ്പും ഇന്നസെന്റിന് അനുകൂലഘടകമായി. ഇപ്രാവശ്യം അത്തരം സാഹചര്യങ്ങളൊന്നും നിലനിൽക്കുന്നില്ല.

അൽപ്പം ചരിത്രം

പനമ്പിള്ളി ഗോവിന്ദമേനോന്റെ നാടാണ് ചാലക്കുടി. പുനർനിർണയത്തിനുമുമ്പ് മുകുന്ദപുരം എന്നായിരുന്നു മണ്ഡലത്തിന്റെ പേര്. ഇതുവരെയുള്ള 16 തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ഉൾപ്പെട്ട മുന്നണി 12-ലും ജയിച്ചു. 1999-ൽ തിരഞ്ഞെടുക്കപ്പെട്ടത് സാക്ഷാൽ കെ. കരുണാകരൻ. പക്ഷേ 2004-ൽ അദ്ദേഹത്തിന്റെ മകൾ പദ്മജ വേണുഗോപാൽ റെക്കോഡ് ഭൂരിപക്ഷത്തിന് ലോനപ്പൻ നമ്പാടനോട് തോറ്റതും ഇവിടെത്തന്നെയാണ്. 2009-ലാണ് പേര് മാറി ചാലക്കുടിയായത്. 2009-ൽ കോൺഗ്രസിന്റെ കെ.പി. ധനപാലൻ 71679 വോട്ടിന്റെ ഭൂരിപക്ഷത്തിന് മണ്ഡലം തിരിച്ചുപിടിച്ചു. ഇതാണ് 2014-ൽ അട്ടിമറിക്കപ്പെട്ടത്. കഴിഞ്ഞതവണ 13,884 വോട്ടിനായിരുന്നു ഇന്നസെന്റിന്റെ വിജയം.

2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പെരുമ്പാവൂർ, കുന്നത്തുനാട്, അങ്കമാലി, ആലുവ മണ്ഡലങ്ങൾ യു.ഡി.എഫിന്റെ കൈവശമാണ്. നാല് മണ്ഡലങ്ങളിലെ യു.ഡി.എഫിന്റെ ലീഡ് 37788. കയ്പമംഗലം, ചാലക്കുടി, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽ എൽ.ഡി.എഫിനായിരുന്നു ജയം. ഏഴ് മണ്ഡലങ്ങളിലുമായി എൽ.ഡി.എഫിന് കിട്ടിയത് 437160 വോട്ട്. യു.ഡി.എഫിന് 392069 വോട്ട്. എൽ.ഡി.എഫ്. ലീഡ് 45091 വോട്ട്. എതിരാളി ആർ.എസ്.പി. ആയതിനാലാണ് കയ്പമംഗലത്ത് കൂറ്റൻലീഡ് എൽ.ഡി.എഫ്. നേടിയതെന്ന് സംശയമില്ല. യു.ഡി.എഫ്. ഒറ്റക്കെട്ടായി പ്രവർത്തിച്ചിരുന്നില്ല.

ഇത്തവണ കടുത്തമത്സരം

കഴിഞ്ഞ അഞ്ചുവർഷത്തെ പ്രവർത്തനങ്ങൾ വിവരിച്ച് പ്രോഗ്രസ് റിപ്പോർട്ട് ഇന്നസെന്റ് പുറത്തിറക്കിയിട്ടുണ്ട്. കേരളത്തിലെ ആദ്യത്തെ ടെക്‌നോളജി സെന്റർ അങ്കമാലിയിൽ പണിതുടങ്ങിയതാണ് ഇതിൽ പ്രധാനമായി കാണിച്ചിരിക്കുന്നത്. 1750 കോടിയുടെ വികസനപ്രവർത്തനം നടത്തിയെന്നാണ് അദ്ദേഹത്തിന്റെ വാദം. എന്നാൽ ഇന്നസെന്റ് ഒരു പരാജയമാണെന്ന് എതിരാളികൾ വിലയിരുത്തുന്നു. പ്രളയം ഏറെ ബാധിച്ച പ്രദേശങ്ങൾ മണ്ഡലത്തിലുണ്ട്. അതിനാൽ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തപ്പെടും.

കോൺഗ്രസിലെ പുതുതലമുറയിലെ പ്രമുഖ നേതാക്കളിൽ ഒരാളാണ് ബെന്നി ബെഹനാൻ. പിറവത്തുനിന്നാണ് ആദ്യം നിയമസഭയിലെത്തിയത്. ഇടുക്കിയിൽനിന്ന് 2004-ൽ പാർലമെന്റിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് തൃക്കാക്കര എം.എൽ.എ.യായി. കഴിഞ്ഞ തവണത്തേതിൽനിന്ന് വ്യത്യസ്തമായി പാർട്ടി ഒറ്റക്കെട്ടായി കൂടെ നിൽക്കുകയാണ്. പാർട്ടി പ്രവർത്തകരെ ഇളക്കാൻ ബെന്നിക്ക് പ്രത്യേക മികവുണ്ട്. ഇത്തവണ ചാലക്കുടി ഉറച്ചസീറ്റായാണ് യു.ഡി.എഫ്. കാണുന്നത്.

ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ പാർട്ടിക്കാരുടെയെല്ലാം എ.എൻ.ആറാണ്. ശബരിമല സ്ത്രീപ്രവേശം സംബന്ധിച്ചവിവാദങ്ങൾ ഗുണം ചെയ്യുമെന്നാണ് ബി.ജെ.പി. കരുതുന്നത്. ശബരിമല വിഷയത്തിൽ സെക്രട്ടേറിയറ്റിനുമുന്നിൽ 10 ദിവസത്തെ നിരാഹാരം കിടന്നും എ.എൻ.ആർ. വാർത്തകളിൽ നിറഞ്ഞു. കഴിഞ്ഞതവണ ബി.ജെ.പി.ക്ക് ലഭിച്ച 92848 വോട്ട് നിയമസഭാ തിരഞ്ഞെടുപ്പായപ്പോഴേക്കും 153616 ആയി ഉയർന്നു. കയ്പമംഗലം, ചാലക്കുടി, കൊടുങ്ങല്ലൂർ മണ്ഡലങ്ങൾ ബി.ജെ.പി.യുടെ ശക്തികേന്ദ്രങ്ങളാണ്.

ടേണിങ് പോയന്റ്: രാഹുൽഗാന്ധിയുടെ വയനാട്ടിലേക്കുള്ള വരവ് ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണത്തിന് വഴിവെച്ചേക്കാം. ചാലക്കുടി പോലൊരു മണ്ഡലത്തിൽ ഇത് നിർണായകമാണ്. കിഴക്കമ്പലം പഞ്ചായത്തിലെ ട്വന്റി-20യുടെ സ്ഥാനാർഥിയായി ഐ.പി.എസ്. രാജിവെച്ച് ജേക്കബ് തോമസ് മത്സരിക്കാൻ തയ്യാറായെങ്കിലും ചിട്ടവട്ടങ്ങളുടെ നൂലാമാലകളിൽ കുരുങ്ങിയതിനാൽ അതിന് സാധ്യതയില്ലാതായി. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കിഴക്കമ്പലം പഞ്ചായത്തിലെ 19 വാർഡിൽ 17-ലും ട്വന്റി-20 സ്ഥാനാർഥികളാണ് വിജയിച്ചത്. ഇവർ ആരെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. യാക്കോബായ-ഓർത്തഡോക്സ് സഭാ തർക്കം നിലനിൽക്കുന്ന പള്ളികളും പ്രദേശങ്ങളും മണ്ഡലത്തിലുണ്ട്. അതും വോട്ടിങ്ങിനെ ബാധിച്ചേക്കാം.

ശക്തി

യു.ഡി.എഫ്: ഗ്രൂപ്പ് തർക്കങ്ങളില്ല. യു.ഡി.എഫ്. അനുകൂല

മണ്ഡലം എന്ന ചരിത്രം, രാഹുൽ ഗാന്ധിയുടെ സാന്നിധ്യം.

എൽ.ഡി.എഫ്.: മികച്ച ആസൂത്രണത്തോടെയുള്ള പ്രവർത്തനം, ആളുകളെ കൈയിലെടുക്കാനുള്ള സ്ഥാനാർഥിയുടെ മിടുക്ക്.

എൻ.ഡി.എ.: ശബരിമല വിവാദം വോട്ടാകുമെന്ന പ്രതീക്ഷ. നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടുവർധന.

ദൗർബല്യം

യു.ഡി.എഫ്.: പ്രചാരണങ്ങളുടെ ഏകോപനക്കുറവ്, ചില മേഖലകളിലെ മാന്ദ്യം.

എൽ.ഡി.എഫ്: പാർട്ടിക്കാർ ആവശ്യപ്പെട്ടത് പി. രാജീവിനെ. സംസ്ഥാന നേതൃത്വം നിർദേശിച്ച സ്ഥാനാർഥിയാണ് ഇന്നസെന്റ്.

എൻ.ഡി.എ.: ന്യൂനപക്ഷ മേഖലകളിലെ സ്വാധീനക്കുറവ്, വൈകി രംഗത്തിറങ്ങിയത്.

Content Highlights: loksabha election chalakudy anaysis