കൊച്ചി : ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ചാലക്കുടി യു.ഡി.എഫ്. സ്ഥാനാർഥി ബെന്നി ബെഹനാനെ വിശ്രമിക്കാൻ വിട്ട് മണ്ഡലം യുവ എം.എൽ.എ.മാർ ഏറ്റെടുത്തു. കോൺഗ്രസ് എം.എൽ.എ.മാരായ വി.പി. സജീന്ദ്രൻ, അൻവർ സാദത്ത്, എൽദോസ് കുന്നപ്പിള്ളി, റോജി എം. ജോൺ എന്നിവരാണ് പ്രചാരണപരിപാടികളുടെ നേതൃത്വം ഏറ്റെടുത്തത്.

ബെന്നി ബെഹനാന്റെ ജന്മനാട് കൂടിയായ പെരുമ്പാവൂരിൽ യുവ എം.എൽ.എ.മാർ ഒന്നിച്ചിറങ്ങിയത് ആവേശമായി. ‘ബെന്നിച്ചേട്ടൻ വിശ്രമിക്കൂ, ഞങ്ങൾ തുടരാം’ എന്ന മുദ്രാവാക്യവുമായാണ് ഇവർ പര്യടനം നടത്തുന്നത്.

ശനിയാഴ്ച കുറുപ്പംപടി ബ്ളോക്കിലാണ് സ്ഥാനാർഥിയുടെ തുറന്നവാഹനത്തിലുള്ള പ്രചാരണം നിശ്ചയിച്ചിരുന്നത്. മുടക്കം വരുത്താതെ നിശ്ചയിച്ച റൂട്ടുകളിലൂടെ സ്ഥാനാർഥിക്കുവേണ്ടി എം.എൽ.എ.മാർ എത്തി. പി.ടി. തോമസ് എം.എൽ.എ.യും അല്പനേരം അവരോടൊപ്പം കൂടി. കുറുപ്പംപടി എലൈറ്റുപടിയിൽ പി.പി. തങ്കച്ചൻ ഉദ്ഘാടനം ചെയ്ത പര്യടനം തുരുത്തിയിൽ സമാപിച്ചു.

ബെന്നി ബെഹനാൻ സുഖം പ്രാപിക്കുന്നു

ചികിത്സയിൽ കഴിയുന്ന ബെന്നി ബെഹനാൻ സുഖം പ്രാപിക്കുന്നു. ഒരാഴ്ചത്തെ വിശ്രമമാണ് അദ്ദേഹത്തിന് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.എ. യൂസഫലി തുടങ്ങിയവർ അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിച്ചു.

content highlights: chalakudy, udf, election campaign, benny behanan