തിരുവനന്തപുരം: വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ്. മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയെന്ന് കാട്ടി വി. ശിവന്‍കുട്ടി തിരഞ്ഞെടുപ്പ് കമ്മീഷനും പോലീസിലും നല്‍കിയ പരാതിയിലാണ് ആറ്റിങ്ങല്‍ പോലീസ് കേസെടുത്തിരിക്കുന്നത്. 

മതസ്പര്‍ധയും വര്‍ഗീയ ചേരിതിരിവും ഉണ്ടാക്കുന്ന പ്രസ്താവന നടത്തിയതിന്റെ പേരിലാണ് ശ്രീധരന്‍പിള്ളയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. വിശദമായ അന്വേഷണം നടത്തിയ ശേഷമാകും കൂടുതല്‍ നടപടികളിലേയ്ക്ക് നീങ്ങുക.

ആറ്റിങ്ങലില്‍ പ്രസംഗിക്കവെയാണ് വര്‍ഗീയ പരാമര്‍ശം നടത്തിയത്. ബാലാക്കോട്ട് ആക്രമണം കഴിഞ്ഞെത്തിയ ഇന്ത്യന്‍ സൈന്യത്തോട് മരിച്ച ഭീകരരുടെ എണ്ണവും മതവും രാഹുല്‍ ഗാന്ധിയും സീതാറാം യെച്ചൂരിയും  പിണറായിയും ചോദിച്ചെന്ന വിമര്‍ശനത്തോടെയാണ് ശ്രീധരന്‍ പിള്ള വിവാദം പരാമര്‍ശം നടത്തിയത്.

'ഇസ്ലാമാകണമെങ്കില്‍ ചില അടയാളങ്ങളൊക്കെ ഉണ്ടല്ലോ. വസ്ത്രം മാറ്റി നോക്കിയാല്‍ അതറിയാന്‍ പറ്റും' തുടങ്ങിയ പരാമര്‍ശങ്ങളാണ് ശ്രീധരന്‍ പിള്ള പ്രസംഗത്തിനിടെ നടത്തിയത്.

ശ്രീധരന്‍പിള്ളയുടെ പ്രസംഗത്തില്‍ ചട്ടലംഘനമുണ്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Content Highlights: bjp, p.s.sreedharan pillai, controversial speech against muslims, lok sabha election 2019