തിരുവനന്തപുരം: തിരുവനന്തപുരത്ത് എന്‍എസ്എസ് വോട്ടുകള്‍ കിട്ടാതിരുന്നത് കുമ്മനം രാജശേഖരന്റെ പരാജയത്തിന് കാരണമായെന്ന് ബിജെപി വിലയിരുത്തല്‍. സിപിഎമ്മിനെ തോല്‍പിക്കാനുള്ള വാശി എന്‍എസ്എസ് വോട്ടുകളെ തിരുവനന്തപുരത്ത് സ്വാധീനിച്ചെന്ന് ബിജെപി നേതാവ് ഒ. രാജഗോപാല്‍ പറഞ്ഞു.

കുമ്മനത്തെ തോല്‍പിക്കാന്‍ എതിര്‍ത്ത് വോട്ട് ചെയ്യരുതെന്നും മനസ്സാക്ഷി വോട്ട് ചെയ്യണമെന്നും അഭ്യര്‍ഥിച്ചിരുന്നതാണ്. നിഷ്പക്ഷമായി വോട്ട് ചെയ്യണമെന്ന് എന്‍എസ്എസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും നായര്‍ വോട്ടുകള്‍ കിട്ടിയില്ല. സമദൂര നിലപാടാണെന്നാണ് എന്‍എസ്എസ് പറഞ്ഞിരുന്നത്. ബൂത്തടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ എന്‍എസ്എസിന്റെ വോട്ട് ഘടന മനസ്സിലാകും. എന്‍എസ്എസിന്റെ എത്ര വോട്ടുകള്‍ ബിജെപിക്ക് കിട്ടിയെന്ന് ബിജെപി പരിശോധിക്കുമെന്നും ഒ. രാജഗോപാല്‍ പറഞ്ഞു.

പത്തനംതിട്ടയില്‍ പിന്തുണ നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും തിരുവനന്തപുരത്ത് മനഃസാക്ഷി വോട്ടുകള്‍ ചെയ്യണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്‌. പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന്‍ മൂന്നാമതായത് പ്രതീക്ഷിച്ച എന്‍എസ്എസ് സഹായം കിട്ടാതിരുന്നതിനാലാണെന്നും ബിജെപി കരുതുന്നു.

Content Highlights: bjp on nss votes lok sabha election, thiruvananthapuram, pathanamthitta