ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എന്‍ എസ് എസിന് എന്തൊക്കെ ചെയ്യാം? സമുദായസംഘടനയായ എന്‍ എസ് എസിന് രാഷ്ട്രീയലക്ഷ്യമുണ്ട്. സി പി എമ്മിനെ ഒരു പാഠം പഠിപ്പിക്കുക എന്നതു തന്നെ. ശബരിമല നിലപാടിന്റെ പേരില്‍ എന്‍ എസ് എസ് തങ്ങളോടൊപ്പം കൂടുമെന്നാണ് ബി ജെ പിയുടെ സ്വപ്നമെങ്കിലും അത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇതുവരെ പിന്തുടര്‍ന്ന സമദൂരസിദ്ധാന്തം തല്‍ക്കാലം എന്‍ എസ് എസ് ഉപേക്ഷിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. എന്‍ എസ് എസിന്റെ പരോക്ഷമോ പ്രത്യക്ഷമോ ആയ പിന്തുണ ആര്‍ക്കാവും? യു.ഡി.എഫിനോ എന്‍.ഡി.എയ്‌ക്കോ? 

പെരുന്നയില്‍നിന്നുള്ള രാഷ്ട്രീയസൂചനകള്‍ വിരല്‍ചൂണ്ടുന്നത് കണക്കുകള്‍ കൃത്യമായി കൂട്ടിക്കൊണ്ടുള്ള ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്കിലേയ്ക്കാണ്. പൊതുവായ ഒരു രാഷ്ട്രീയ പിന്തുണ തരാനാവില്ലെന്ന് എന്‍ എസ് എസ് നേതൃത്വം ബിജെപിയോടു പറയും. പകരം ഒന്നോ രണ്ടോ സീറ്റുകള്‍ നിര്‍ദേശിക്കാന്‍ എന്‍ എസ് എസ് ആവശ്യപ്പെടും. അവിടെ ബി ജെ പി സ്ഥാനാര്‍ത്ഥിക്കുവേണ്ടി എന്‍ എസ് എസ് ശ്രദ്ധ കേന്ദ്രീകരിയ്ക്കും. മറ്റ് മണ്ഡലങ്ങളില്‍ പൊതുവായ നിലപാടും. അത് യു ഡി എഫിനെ പിന്തുണച്ചുകൊണ്ടാവുകയും ചെയ്യും. കൃത്യമായ ലക്ഷ്യംവെച്ച് ഒന്നോ രണ്ടോ മണ്ഡലത്തില്‍ കൃത്യമായ പിന്തുണ കൊടുത്താല്‍ ഒന്നിലെങ്കിലും ഫലം കാണാമെന്നാണ് മനക്കണക്ക്. ഒരു സീറ്റിലെങ്കിലും ബിജെപി സ്ഥാനാര്‍ഥി ജയിച്ചാല്‍ മുഴുവന്‍ ക്രെഡിറ്റും എന്‍ എസ് എസിനു കിട്ടുകയും ചെയ്യും. ആരുമറിയുകയുമില്ല.

അങ്ങനെ വന്നാല്‍ ബി ജെ പി നേതൃത്വം എന്‍ എസ് എസിനു മുന്നില്‍ വെയ്ക്കുന്നത് ഏതു മണ്ഡലമാവും.? തിരുവനന്തപുരമെന്ന് നിസംശയം പറയാം. എപ്പോഴും ബി ജെ പിയുടെ മനസ്സ് കുളിര്‍പ്പിച്ചിട്ടുള്ള മണ്ഡലമാണ് തലസ്ഥാനനഗരി ഉള്‍പ്പെടുന്ന തിരുവനന്തപുരം നിയോജകമണ്ഡലം. 1984 മുതലുള്ള കണക്കുകള്‍ ബിജെപിയുടെ കണ്ണു മഞ്ഞളിപ്പിക്കുന്നുണ്ട്.

1984ലെ ലോക്‌സഭ തിരഞ്ഞെടുപ്പുഫലം ഇന്നും ബിജെപിയെ ആവേശം കൊള്ളിപ്പിക്കാന്‍ പോരുന്നതാണ്. അന്ന് ഹിന്ദുമുന്നണി സ്ഥാനാര്‍ത്ഥി കേരളവര്‍മ രാജാ മൂന്നാംസ്ഥാനത്തെത്തി. അതില്‍ത്തന്നെ തിരുവനന്തപുരം ഈസ്റ്റ് നിയോജകമണ്ഡലത്തില്‍ രണ്ടാമതാവുകയും ചെയ്തു. അന്നു മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരന്‍ കണ്ടുപിടിച്ചവതരിപ്പിച്ച എ ചാള്‍സ് തിരുവനന്തപുരത്തുനിന്നു വിജയിച്ചുവെങ്കിലും കേരളവര്‍മരാജാ നടത്തിയ പ്രകടനം ബി ജെ പി കേന്ദ്രങ്ങളില്‍ ആവേശം വര്‍ധിപ്പിച്ചു. ഹിന്ദു മുന്നണിയും ബി ജെ പിയും തമ്മിലുള്ള വ്യത്യാസം പേരില്‍ മാത്രമായിരുന്നുവെന്നു കാണുക.

പൂഞ്ഞാര്‍ കൊട്ടാരത്തില്‍നിന്ന് തിരുവനന്തപുരത്ത് ഹിന്ദുമുന്നണി സ്ഥാനാര്‍ഥിയായെത്തിയ പി.കേരളവര്‍മരാജാ ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹിയായിരുന്നു. കരുണാകരന്റെ നാടാര്‍ തന്ത്രത്തിലൂടെ സ്ഥാനാര്‍ഥിയായ എ. ചാള്‍സ് 2,39,791 വോട്ടും നീലലോഹിതദാസന്‍ നാടാര്‍ 1,86,353 വോട്ടും നേടി. കേരളവര്‍മ രാജയാവട്ടെ, 1,10,449 വോട്ടുമായി തിളക്കമുള്ള മൂന്നാം സ്ഥാനത്തും. ആകെ വോട്ടിന്റെ 19.80 ശതമാനം. ചാള്‍സിന് 43 ശതമാനവും നീലന് 33.41 ശതമാനവും കിട്ടി. 

തിരുവനന്തപുരം ഈസ്റ്റ് നിയമസഭാ മണ്ഡലത്തിലാവട്ടെ 19,882 വോട്ടുമായി കേരളവര്‍മ രാജ രണ്ടാമതെത്തുകയും ചെയ്തു. 32,065 വോട്ടുമായി ചാള്‍സ് ഒന്നാമനായപ്പോള്‍ 18,391 വോട്ടുമായി നീലന്‍ മൂന്നാമനുമായി.

ഹിന്ദുമുന്നണിയെന്നാല്‍ ബിജെപിയും ബിജെപിയെന്നാല്‍ ഹിന്ദുമുന്നണിയുമായിരുന്നു അക്കാലത്ത്. ഇന്നല്ലെങ്കില്‍ നാളെ തിരുവനന്തപുരം തങ്ങളുടെ കൈക്കുള്ളില്‍ അമരുമെന്നു കണക്കുകൂട്ടിയിരിക്കുകയായിരുന്നു ഇതുവരെ ബി ജെ പി. ഓരോ തിരഞ്ഞെടുപ്പു വരുമ്പോഴും ബി ജെ പി തിരുവനന്തപുരത്ത് ആകാശക്കോട്ട കെട്ടും. 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഐ സ്ഥാനാര്‍ത്ഥിയായി വന്നിറങ്ങിയ ശശി തരൂര്‍ ബി ജെ പിയുടെ മനക്കോട്ട തകര്‍ത്തുടച്ചുകളഞ്ഞു. 3,26,725 വോട്ടു നേടിയ തരൂര്‍ ഒരുലക്ഷം വോട്ടിനാണ് സി പി ഐ നേതാവ് പി. രാമചന്ദ്രന്‍ നായരെ തോല്‍പ്പിച്ചത്. ബി ജെ പി സ്ഥാനാര്‍ത്ഥി പി.കെ. കൃഷ്ണദാസ് 84,084 വോട്ടുമായി തിളക്കമൊട്ടുമില്ലാതെ മൂന്നാം സ്ഥാനത്തുമെത്തി. 2014 ലാവട്ടെ, ശശി തരൂരിന്റെ ഭൂരിപക്ഷം 15,000 വോട്ടായി കുറഞ്ഞു.

ബിജെപി സ്ഥാനാര്‍ഥി ഒ. രാജഗോപാല്‍ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. സി പി ഐയിലെ ഡോ. ബെന്നറ്റ് ഏബ്രഹാം മൂന്നാം സ്ഥാനത്തും. തരൂരിന് 2,97,806 വോട്ടും രാജഗോപാലിന് 2,82,336 വോട്ടും ബെന്നറ്റ് ഏബ്രഹാമിന് 2,48,941 വോട്ടും കിട്ടി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒ. രാജഗോപാല്‍ നേമത്തുനിന്നു വിജയിക്കുകയും ചെയ്തു.

ബിജെപിക്ക് വലിയ വിജയ പ്രതീക്ഷ നല്‍കുന്ന മണ്ഡലം തന്നെയാണ് തിരുവനന്തപുരം. 2014ലെ 15000 എന്ന ഭൂരിപക്ഷം മറികടക്കാന്‍ എന്‍ എസ് എസിന്റെ പൂര്‍ണമായപിന്തുണ ബി ജെ പിയെ സഹായിക്കുമോ? 1984ല്‍ കേരളവര്‍മരാജയിലൂടെ കിട്ടിയ പ്രതീക്ഷ കൈവിടാതെ കാക്കുകയാണ് ബി ജെ പി. 

എന്‍ എസ് എസ് സര്‍ജിക്കല്‍ സ്‌ട്രൈക്കിനൊരുങ്ങുമോ?

ബി ജെ പിയോടും ആര്‍ എസ് എസിനോടും ചങ്ങാത്തം കൂടാന്‍ ഇതുവരെ എന്‍ എസ് എസ് തയ്യാറായിട്ടില്ല. 2000 ഡിസംബര്‍ അവസാനം അന്നത്തെ പ്രധാനമന്ത്രി എ ബി വാജ്‌പേയ് കുമരകം സന്ദര്‍ശിച്ച വേളയില്‍ അന്നത്തെ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി പി കെ നാരായണപ്പണിക്കരെ കാണാന്‍ ആവുന്നതു ശ്രമിച്ചതാണ്. വാജ്‌പേയി ഒരാഴ്ചക്കാലം കുമരകത്ത് വിശ്രമത്തിലായിരുന്നിട്ടും നാരായണപ്പണിക്കര്‍ അങ്ങോട്ടേയ്ക്കു നോക്കിയതേയില്ല. എന്‍ എസ് എസിന്റെ പ്രസിദ്ധമായ സമദൂരസിദ്ധാന്തം അവതരിപ്പിച്ചതും നാരായണപ്പണിക്കര്‍ തന്നെ. 

ബി ജെ പിയോടും ആര്‍ എസ് എസിനോടും അടുത്തുകൂടാന്‍ പണ്ടുമുതലേ എന്‍ എസ് എസ് നേതൃത്വത്തിന് ഒരു അറപ്പുണ്ട്. ആര്‍ എസ് എസ് തങ്ങളെ വിഴുങ്ങിയാലോ എന്നാവാം ഭയം. ശബരിമലയിലെ സ്ത്രീപ്രവേശം സംബന്ധിച്ച സുപ്രീം കോടതി വിധി ബന്ധങ്ങളില്‍ മാറ്റം വരുത്തി. വിധിക്കെതിരെ നാമജപഘോഷയാത്രയുമായി എന്‍ എസ് എസ് തെരുവിലിറങ്ങിയപ്പോള്‍ അതിലെ സുവര്‍ണാവസരം ബി ജെ പി പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള കണ്ടു. നേരത്തെ പറഞ്ഞ നിലപാടുകളൊക്കെ മാറ്റിമറിച്ച് ബി ജെ പിയും തെരുവിലിറങ്ങി. ഈ ബാന്ധവത്തിന്റെ ബലത്തിലാണ് ബി ജെ പി എന്‍ എസ് എസിന്റെ ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ പ്രതീക്ഷ വെയ്ക്കുന്നത്. അതിനു തിരുവനന്തപുരം മണ്ഡലത്തെ മുന്നോട്ടു വെയ്ക്കാന്‍ ബി ജെ പിയ്ക്കു രണ്ടാമതൊന്നാലോചിക്കേണ്ടി വരില്ല.

content highlights: bjp closely watches nss stand on 2019 loksabha election, nss, bjp, loksabha election 2019