1957 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എം.കെ.കുമാരന്റെ വിജയത്തോടെയാണ് ആറ്റിങ്ങല്‍ മണ്ഡലം ആദ്യമായി ചുവപ്പണിയുന്നത്. പിന്നീട് നടന്ന മിക്ക തിരഞ്ഞെടുപ്പിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ആറ്റിങ്ങലിനെ ചുവപ്പണിയിക്കാന്‍ നിഷ്പ്രയാസം സാധിച്ചു. പതിനാറ് ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ പതിനൊന്ന് തവണയും ആറ്റിങ്ങല്‍ ചൊങ്കൊടി പാറിച്ചപ്പോള്‍ അഞ്ച് തവണ മാത്രമാണ് കോണ്‍ഗ്രസ് പതാകപാറിയത്. 

നിയമസഭയിലേക്ക് കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും മാറി മാറി എത്താറുണ്ടെങ്കിലും കോണ്‍ഗ്രസിന് ആറ്റിങ്ങലില്‍ നിന്ന് അത്രയെളുപ്പമൊന്നും വിജയിച്ച് ലോക്സഭയിലേക്ക് എത്താന്‍ സാധിച്ചിട്ടില്ല. ആറ്റിങ്ങൽ ലോക്സഭാ സീറ്റിൽ അതു കൊണ്ട് തന്നെ ശക്തമായ പോരാട്ടമാണ് കോൺഗ്രസ്സ് നേരിടേണ്ടി വരുന്നത്.
 
ആറ്റിങ്ങലിന്റെ ചരിത്രത്തില്‍ തന്നെ രേഖപ്പെടുത്തിയ ഏടുകളിലൊന്നായിരുന്നു 1965 ലെ നിയമസഭാ തിരഞ്ഞെടുപ്പ്. എതിര്‍ ഭാഗത്ത് രണ്ട് തവണ കേരളത്തിന്റെ മുഖ്യമന്ത്രിയും എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറിയുമായിരുന്ന ആര്‍ ശങ്കറായിരുന്നു. പാര്‍ട്ടി പിളര്‍പ്പിന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ വിജയിക്കുക എന്നതല്ലാതെ മറ്റൊരു വഴിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മുന്നില്‍ ഇല്ലായിരുന്നു. അങ്ങനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അവരുടെ ശക്തനായ നേതാവിനെ തന്നെ കളത്തിലിറക്കി. കെ. അനിരുദ്ധന്‍. അന്ന് ചൈനാചാരനെന്ന് ആരോപിച്ച് ജയിലിലായിരുന്നു മിക്ക കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരും. അങ്ങനെ ജയിലിലായിരുന്ന അനിരുദ്ധന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. അന്നായിരുന്നു മൂന്ന് വയസുകാരന്‍ മകന്‍ സമ്പത്തിന്റെ രാഷട്രീയ പ്രവേശവും. 

Anirudhan and sampath
കടപ്പാട്:മാതൃഭൂമി ആർക്കൈവ്സ് 

 

ജയിലഴിക്കുള്ളില്‍ കഴിയുന്ന തന്റെ അച്ഛനെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടായിരുന്നു അന്ന് സമ്പത്ത് വോട്ട് ചോദിച്ച്  ആദ്യമായി പ്രചാരണത്തിന് ഇറങ്ങിയത്. രണ്ടായിരത്തോളം വോട്ടുകളുടെ വ്യത്യാസത്തിലായിരുന്നു കെ.അനിരുദ്ധന്‍ ശങ്കറിനെതിരേ  അന്ന് ചെങ്കൊടി പാറിച്ചത്. 

പിന്നീട് 1967 ല്‍ നടന്ന തിരഞ്ഞെടുപ്പിൽ ശങ്കറിനെ തോല്‍പ്പിച്ച് അനിരുദ്ധന്‍ ലോക്‌സഭയിലേക്കെത്തി. 

R sankar
കടപ്പാട്: മാതൃഭൂമി ആർക്കൈവ്സ് 

 

 അതേ ആറ്റിങ്ങലില്‍ നിന്ന് മൂന്നു തവണയാണ് സമ്പത്ത്  ലോക്സഭയിലെത്തിയത്. വയലാര്‍ രവി, എ.എ. റഹീം, തലേക്കുന്നില്‍ ബഷീര്‍ എന്നിവര്‍ക്ക് മുന്നിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അടിപതറിയത് എന്നാൽ 1991 ന് ശേഷം ആറ്റിങ്ങല്‍ എന്ന ചെങ്കോട്ടയെ ഇതുവരെ പാര്‍ട്ടി വിട്ടുകൊടുത്തിട്ടില്ല.

എണ്‍പതുകളില്‍ മലയാളത്തിന്റെ നിത്യ ഹരിത നായകനായ പ്രേംനസീറിനെ ചിറയിന്‍കീഴില്‍ ഇറക്കാന്‍ കോൺഗ്രസ്സ് കിണഞ്ഞു പരിശ്രമിച്ചിരുന്നു. പക്ഷേ ഏറെ സമ്മര്‍ദ്ദങ്ങളുണ്ടായിട്ടും സ്ഥാനാര്‍ഥിത്വം നിഷേധിച്ച് പ്രംനസീര്‍ പ്രചാരണത്തിനിറങ്ങുകയായിരുന്നു. പിന്നീട് പ്രംനസീറിന്റെ സ്ഥാനാര്‍ഥിത്വത്തെ സംബന്ധിച്ച് പല വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെടുകയും ചെയ്തു.

വയലാര്‍ രവിയും റഹീമും തലേക്കുന്നില്‍ ബഷീറും മത്സരിച്ച് വിജയിച്ച മണ്ഡലം കോണ്‍ഗ്രസിന് എങ്ങനെ ബാലികേറാമലയായി എന്നത് ചോദ്യ ചിഹ്നം തന്നെയാണ്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ശക്തമായ കോണ്‍ഗ്രസ് സാന്നിധ്യം അറിയിക്കുന്ന മണ്ഡലത്തില്‍ വ്യക്തമായ ഗൃഹപാഠം  നടത്താതെ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നു എന്ന ആരോപണങ്ങളാണ് കോണ്‍ഗ്രസിനെതിരേ മുഖ്യമായും ഉയരുന്നത്. 

2014 ല്‍ അഡ്വ.ബിന്ദുകൃഷ്ണയും 2009 ല്‍ ജി.ബാലചന്ദ്രനും  2004 ലും1999 ലും എം.ഐ.ഷാനവാസിനേയും 1998 ല്‍ എം.എം.ഹസനേയും തലേക്കുന്നില്‍ ബഷീറിനേയുമടക്കം തോല്‍പ്പിച്ചായിരുന്നു 1991 ന് ശേഷം തുടർച്ചയായി ഏഴ് തവണ കമ്മ്യൂണിസ്റ്റ് പാർട്ടി മണ്ഡലം പിടിച്ചടക്കിയത്.

ആറ്റിങ്ങല്‍ ആര്‍ക്കൊപ്പം 

ഈഴവ സമുദായത്തിന്റെ വോട്ടുകള്‍ പ്രബലമായ മണ്ഡലമാണ് ആറ്റിങ്ങല്‍. ഏഴ് നിയമസഭാമണ്ഡലങ്ങളില്‍ ആറിടത്തും ഇടതാണ്  ഭരണം കൈയടക്കി വെച്ചിരിക്കുന്നത്. അരുവിക്കരയില്‍ മാത്രമാണ് ജി.കാര്‍ത്തികേയന്റെ മകന്‍ ശബരീനാഥന്‍ വിജയിച്ചിട്ടുള്ളത്. വ്യക്തമായ ഗൃഹപാഠം നടത്താതെ സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടായിരുന്ന ആറ്റിങ്ങലിൽ ഇത്തവണ ഏറെ കരുതലോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തനം. ആറ്റിങ്ങലില്‍ നാലാം അങ്കത്തിനൊരുങ്ങുന്ന കെ.അനിരുദ്ധന്റെ മകന്‍ സമ്പത്തിനെ നിലംപരിശാക്കാനുള്ള കോണ്‍ഗ്രസിന്റെ വജ്രായുധമായാണ് കോന്നി എം.എല്‍.എ. അടൂര്‍ പ്രകാശിനെ പ്രയോഗിക്കുന്നത്. 

Adoor Prakash

 

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ അടൂര്‍ പ്രകാശ് ആറ്റിങ്ങലില്‍ സജീവമായിരുന്നു. വിവിധ പാര്‍ട്ടി പരിപാടികളിലും മറ്റുമായി സജീവസാന്നിധ്യമായി മാറിയിരുന്നു അദ്ദേഹം. 

ആറ്റിങ്ങലിന്റെ ഗ്രാഫില്‍ പോലും ഇല്ലാതിരുന്ന ബി.ജെ.പി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തോളം വോട്ടുകളാണ് നേടിയത്. സി.പി.എം. വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന ഗിരിജകമാരി ആറ്റിങ്ങലില്‍ ബി.ജെ.പി.സാന്നിധ്യം ശക്തമാക്കുകയായിരുന്നു. മത്സരിച്ച ഓരോ മണ്ഡലങ്ങളിലും ബി.ജെ.പി.ക്ക്  മുന്‍തിരഞ്ഞെടുപ്പുകളേക്കാള്‍ വോട്ടും, കോണ്‍ഗ്രസിന്റെയും എല്‍.ഡി.എഫിന്റെയേും വ്യക്തമായ വോട്ട് ഷെയറുകള്‍ നേടിയെടുക്കാന്‍ സാധിച്ചൂവെന്ന ആത്മവിശ്വാസവുമാണ് ശോഭ സുരേന്ദ്രനുള്ളത്. പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലം വിട്ട് വന്ന ശോഭാസുരേന്ദ്രന്‍ ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി വോട്ട് തേടുമ്പോള്‍ ഇടത്‌കോട്ടയ്ക്ക് കോട്ടം തട്ടുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. 

Shobha Surendran
കടപ്പാട്:മാതൃഭൂമി ആർക്കൈവ്സ് 

ശബരിമലയും പ്രളയവും പെരിയ ഇരട്ടക്കൊലപാകവുമൊക്കെയാണ് ഇത്തവണ സമ്പത്തിനെതിരേ എതിര്‍ സ്ഥാനാര്‍ഥികളുടെ മുഖ്യപ്രചാരണ വിഷയങ്ങള്‍. തുടര്‍ച്ചയായി രണ്ട് തവണ ആറ്റിങ്ങലില്‍ നിന്ന് എം.പി.യായിരുന്നിട്ടും ആറ്റിങ്ങല്‍ ബൈപ്പാസ്, മണ്ഡലത്തിലെ കയര്‍, കശുവണ്ടി, നെയ്ത്ത് തൊഴിലാളികള്‍ നേരിടുന്ന അരക്ഷിതാവസ്ഥ, ആദിവാസി വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ വികസന മുരിടിപ്പ്, പൊന്മുടി, വര്‍ക്കല, കാപ്പില്‍,  ഇടവ വെറ്റക്കട തീരം, കല്ലാര്‍, തുടങ്ങി അനന്തമായ ടൂറിസം സാധ്യതകള്‍ എന്നിവ വീണ്ടും ചര്‍ച്ച ചെയ്യുകയാണ് ആറ്റിങ്ങലില്‍. 

Content Highlights: Loksabha Election 2019 Who will Win in Attingal