attingal

ആറ്റിങ്ങലിന്റെ ഭൂമിശാസ്ത്രവും രാഷ്ട്രീയസമവാക്യങ്ങളും ഒന്നു വേറെത്തന്നെയാണ്. ഇടതുസംഘടനകള്‍ക്ക് എന്നും ആഴത്തില്‍ വേരോട്ടമുള്ള പ്രദേശം. എല്ലാ ജാതി-മത സംഘടനകളും വിവിധ തൊഴില്‍മേഖലകളും വോട്ടിന്റെ ഒഴുക്കിനെ നിയന്ത്രിക്കുന്നതില്‍ നിര്‍ണായകമാകുന്ന ഇടം. തീരപ്രദേശവും മലയോരവുമൊക്കെ ഒന്നിക്കുന്ന ഇവിടത്തെ വോട്ടര്‍മാര്‍ പലകുറി പല പരീക്ഷണങ്ങള്‍ക്ക് മണ്ഡലത്തെ വിധേയമാക്കിയിട്ടുണ്ട്. പലപ്രമുഖരെയും തള്ളിയിട്ടുണ്ട്, സ്വീകരിച്ചിട്ടുമുണ്ട്.

കൂടുതല്‍കാലവും ഇടതുപക്ഷത്തോട് പക്ഷംചേരുകയായിരുന്നു പഴയ ചിറയിന്‍കീഴും പിന്നീട് പേരുമാറിയ ആറ്റിങ്ങലും. ആര്‍. ശങ്കറിനുപോലും ചുവടുതെറ്റിയെങ്കിലും കോണ്‍ഗ്രസിലെ മറ്റു പ്രമുഖരെയും വിജയിപ്പിക്കാനുള്ള മനസ്സുകാട്ടിയ വോട്ടര്‍മാര്‍ ഇക്കുറി എങ്ങനെയൊക്കെ ചിന്തിക്കുമെന്നറിയാന്‍ കാത്തിരിക്കണം. ശക്തിദുര്‍ഗമെന്ന് കരുതുന്നവരുടെ കോട്ടയില്‍ വിള്ളലുണ്ടാക്കാവുന്ന ഇന്നത്തെ രാഷ്ട്രീയസാഹചര്യം മണ്ഡലത്തിന് ചാഞ്ചാട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയോടെ ഒരുകൂട്ടര്‍ കാത്തിരിക്കുന്നു. ശബരിമല വിഷയംപോലെ ശിവഗിരിയുടെ മനസ്സും ആറ്റിങ്ങലിന് പ്രധാനമാണ്. എന്‍.എസ്.എസും എസ്.എന്‍.ഡി.പി. യോഗവും മുസ്ലിം, നാടാര്‍ സമുദായവുമൊക്കെ ശക്തികാട്ടാവുന്ന ഇവിടം തിരുവനന്തപുരത്തിന്റെ എക്സ്റ്റന്‍ഷനായാണ് മുന്നണികള്‍ കാണുന്നതും. എല്ലാപാര്‍ട്ടികളോടും എക്കാലവും നിശ്ചിത അകലം കാട്ടി പക്ഷംപിടിക്കാതിരുന്ന ശിവഗിരിയിലേക്ക് ബി.ജെ.പി. യ്ക്ക് അടുക്കാന്‍ ഇത്തവണ പലവട്ടം അവസരമുണ്ടായി. ഇതൊക്ക വോട്ടില്‍ പ്രതിഫലിച്ചാല്‍ അത് നിര്‍ണായകമാകും. സിദ്ധനര്‍ വിഭാഗത്തിനും നല്ലശക്തിയുണ്ടിവിടെ.

വര്‍ക്കല, ചിറയിന്‍കീഴ്, ആറ്റിങ്ങല്‍, നെടുമങ്ങാട്, വാമനപുരം, കാട്ടാക്കട, അരുവിക്കര എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ട ആറ്റിങ്ങലില്‍ കോണ്‍ഗ്രസിന് നല്ല മേല്‍ക്കൈ ഉണ്ടായിരുന്ന ചിലമേഖല കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അവരെ കൈവിട്ട് ഇടതിനൊപ്പം ചേര്‍ന്നിരുന്നു. അതിനാല്‍ ഇടതിന് ആശങ്കകളില്ല. സമ്പത്തിന്റെ ഇത്രവലിയ ഭൂരിപക്ഷം സി.പി.എം. പ്രതീക്ഷിക്കാത്തതുപോലെ മണ്ഡലങ്ങളുടെ ചുവടുമാറ്റം കോണ്‍ഗ്രസും നിനച്ചില്ല.

2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അരുവിക്കരയൊഴികെയുള്ള എല്ലാ മണ്ഡലവും ഇടതുമുന്നണിയാണ് സ്വന്തമാക്കിയത്. എന്നാല്‍, ആ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുടെ വോട്ടുനിലയില്‍ ലോക്സഭയില്‍ കിട്ടിയതിനെക്കാള്‍ കാര്യമായ വളര്‍ച്ചയാണുണ്ടായത്. ഈ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്വാധീനമേഖല വികസിച്ചു എന്നാണ് അവരുടെ വിലയിരുത്തലും. എസ്.എന്‍.ഡി.പി. യോഗവും എന്‍.എസ്.എസും രണ്ടുധ്രുവത്തില്‍ നില്‍ക്കുന്നത് മറ്റുപലയിടത്തെയുംപോലെ ആറ്റിങ്ങലിലും വോട്ടര്‍മാരുടെ ചിന്താഗതിയെ നിയന്ത്രിക്കുന്നതില്‍ നിര്‍ണായകമായിക്കൂടെന്നില്ല. 

രണ്ടാമൂഴക്കാരനായി 2009-ലെത്തിയ സി.പി.എമ്മിലെ എ. സമ്പത്തായിരുന്നു 2014-ലും ആറ്റിങ്ങലിലെ വിജയി. 2009-ലെ 18,341 വോട്ടിന്റെ ഭൂരിപക്ഷം അടുത്ത തിരഞ്ഞെടുപ്പില്‍ മൂന്നിരട്ടിയാക്കി സമ്പത്ത്. തുടര്‍ച്ചയായി രണ്ടുതവണ മത്സരിച്ചയാള്‍ മാറണമെന്ന മാനദണ്ഡം സമ്പത്തിന്റെ കാര്യത്തില്‍ പാര്‍ട്ടി ഒഴിവാക്കിയാല്‍ അദ്ദേഹം തന്നെയാകും ആറ്റിങ്ങലിലെ ഇടതുമുന്നണിസ്ഥാനാര്‍ഥി. ജനസ്വാധീനം കൂടി പരിഗണിച്ചാല്‍ പാര്‍ട്ടിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിയും വരില്ല. സമ്പത്ത് അല്ലെങ്കില്‍ പകരം ആരെന്ന് പാര്‍ട്ടി സൂചന നല്‍കുന്നുമില്ല. യു.ഡി.എഫ്. പരിഗണിക്കുന്നത് അടൂര്‍ പ്രകാശിനെയാണ്. എന്നാല്‍, എം.എല്‍.എ.മാര്‍ മത്സരത്തില്‍നിന്ന് ഒഴിവാക്കപ്പെട്ടാല്‍ പകരക്കാരനെ കണ്ടെത്തണം. എന്‍.ഡി.എ.യ്ക്ക് തുഷാര്‍ വെള്ളാപ്പള്ളി മത്സരിച്ചില്ലെങ്കില്‍ പി.കെ. കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയവരുടെ പേരുകളാണ് പറഞ്ഞുകേള്‍ക്കുന്നത്.

1. വര്‍ക്കല 2. ആറ്റിങ്ങല്‍ 3. ചിറയിന്‍കീഴ് 
4. നെടുമങ്ങാട് 5. വാമനപുരം 
6. അരുവിക്കര 7. കാട്ടാക്കട

ആകെ വോട്ടര്‍മാര്‍   13,19,805
പുരുഷന്മാര്‍  6,14,686
സ്ത്രീകള്‍  7,05,109
ട്രാന്‍സ്ജെന്‍ഡേഴ്സ്  10
ആകെ വോട്ട്  1251398
പോള്‍ ചെയ്തത്  859350
 
വോട്ടുനില 2014
എ. സമ്പത്ത് (സി.പി.എം.)  3,92,478
ബിന്ദുകൃഷ്ണ (കോണ്‍ഗ്രസ്)  3,23,100
എസ്. ഗിരിജാകുമാരി (ബി.ജെ.പി.)  90,528
ഭൂരിപക്ഷം  69,378

Content Highlights: Loksabha Election 2019 Attingal Constituency