ആറ്റിങ്ങല്‍: മൂന്ന് പതിറ്റാണ്ടായി ഇടതുപക്ഷത്തിന്റെ ഉറച്ച മണ്ഡലമായ ആറ്റിങ്ങലില്‍ ഇപ്രാവശ്യം മത്സരം ഒപ്പത്തിനൊപ്പമാണെന്ന് ആരും സംശയിക്കും. മൂന്നാം തവണയും മത്സരിക്കാനിറങ്ങുന്ന സി.പി.എമ്മിന്റെ എ. സമ്പത്തിനെ നേരിടാന്‍ കോണ്‍ഗ്രസ് എം.എല്‍.എ. അടൂര്‍ പ്രകാശും ബി.ജെ.പി. നേതാവ് ശോഭാ സുരേന്ദ്രനും അണിനിരന്നതോടെ കടുത്ത പോരാട്ടമായി. സി.പി.എമ്മിന് ആറ്റിങ്ങല്‍ വിട്ടു നല്‍കാനാകില്ല. ഇത്രയും ശക്തമായ മത്സരം നടത്തിയിട്ടും കിട്ടിയില്ലെങ്കില്‍ ഇനി ആറ്റിങ്ങലില്‍ നോക്കണ്ട എന്ന നിലയിലാണ് യു.ഡി.എഫ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിന്ന് നിയമസഭാ തിരഞ്ഞെടുപ്പിലെത്തിയപ്പോള്‍ വോട്ട് വിഹിതത്തിലെ വര്‍ധനയാണ് ബി.ജെ.പി.യുടെ പ്രതീക്ഷ .

പത്തു വര്‍ഷമായി മണ്ഡലത്തില്‍ നടത്തിയ പ്രവര്‍ത്തനവും പാര്‍ലമെന്റില്‍ നടത്തിയ ഇടപെടലുകളുമാണ് എ. സമ്പത്തിന്റെ സമ്പത്ത്. ഗൃഹസന്ദര്‍ശനങ്ങള്‍ ഫലവത്താക്കാന്‍ കൃത്യമായ ക്ലാസ് നല്‍കിയാണ് പ്രവര്‍ത്തകരെ അയക്കുന്നത്. ശബരിമല ഇവിടെയും അടിയൊഴുക്കുകള്‍ക്ക് കാരണമായേക്കാമെന്ന് കണ്ടാണിത്.

ശക്തനായ സ്ഥാനാര്‍ഥിയെന്നതാണ് യു.ഡി.എഫ്. അണികളുടെ ആത്മവിശ്വാസം. ആദ്യം പിന്നിലായിരുന്നെങ്കിലും ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ ഒപ്പത്തിനൊപ്പമെത്താന്‍ അടൂര്‍ പ്രകാശിനായി. പ്രാദേശികതലത്തിലെ പ്രമാണിയായ നേതാവിനെ കാര്യങ്ങള്‍ ഏല്‍പ്പിക്കുന്ന പതിവുരീതി വിട്ട് ബൂത്ത് കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനമാണ് . എസ്.എന്‍.ഡി.പി. ശാഖകള്‍ ശക്തമായ മണ്ഡലമായതിനാല്‍ അതുകൂടി ലക്ഷ്യംെവച്ചാണ് അടൂര്‍ പ്രകാശിനെ യു.ഡി.എഫ്. രംഗത്തിറക്കിയത്.

ഒരു മണ്ഡലത്തില്‍ മാത്രമേ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വിജയിക്കാനായുള്ളൂ. ശബരിമല പ്രശ്നമുണ്ടായപ്പോള്‍ നാമജപഘോഷയാത്രകള്‍ മണ്ഡലത്തില്‍ ശക്തമായി നടന്നു. പ്രതിഷേധ സമരങ്ങളില്‍ എല്ലാ പാര്‍ട്ടിക്കാരുമുണ്ടായിരുന്നു. ശബരിമലയുടെ പേരിലുള്ള അടിയൊഴുക്കില്‍ യു.ഡി.എഫും എന്‍.ഡി.എ.യും പ്രതീക്ഷയര്‍പ്പിക്കുന്നു.

Content Highlights: lokasabha  election 2019, Aatingal constituency