ആറ്റിങ്ങലിലെ ജയപ്രതീക്ഷ

ഇത്തവണ ചരിത്രം തിരുത്തിക്കുറിച്ചുക്കൊണ്ട് എന്‍.ഡി.എയുടെ വിജയ പതാക പാറിക്കും. ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലം വികസനമെത്താത്ത ഒരുപാട് പ്രദേശങ്ങള്‍ ഉളള പാര്‍ലമെന്റ് മണ്ഡലമാണ്. കശുവണ്ടിത്തൊഴിലാളികള്‍, കയര്‍ത്തൊഴിലാളികള്‍, തീരദേശമേഖലയില്‍ ജീവിക്കുന്നവര്‍, നല്ല വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ എല്ലാവരും വികസനത്തിനു വേണ്ടി നരേന്ദ്രമോദിക്കനുകൂലമായി ചിന്തിക്കും.

ആറ്റിങ്ങലിലെ ബി.ജെ.പി.യുടെ എതിരാളി 

ഒരു വ്യക്തിയുടെ ശക്തി എന്നു പറയുന്നത് അധികാരസ്ഥാനത്തെത്തുമ്പോള്‍ തന്റെ അധികാര ശക്തി ഉപയോഗിച്ച് ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുമ്പോഴാണ്. ഈ കഴിവ് ഇല്ലെന്ന് ഇവിടുത്തെ വോട്ടര്‍മാര്‍ തന്നെ വിലയിരുത്തിയ സ്ഥാനാര്‍ഥിയാണ് എ.സമ്പത്ത്. കഴിഞ്ഞ നാലു വര്‍ഷമായി അവിടുത്തെ എം.പി.യെ കാണാനില്ലെന്ന് പരാതി പറഞ്ഞത് അവിടുത്തെ ജനതയാണ്. 
അടൂര്‍ പ്രകാശനെക്കുറിച്ച് പറയുകയാണെങ്കില്‍ സ്ത്രീ പീഢനത്തിന്റെ പേരില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള ഒരു വ്യക്തിയോടൊപ്പം മത്സരരംഗത്ത് നില്‍ക്കേണ്ടി വരിക എന്നത് ഒരു സ്ത്രീ എന്ന നിലയില്‍ എനിക്ക് അപമാനകരമാണ്. ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിക്കുന്നു.

ആചാരസംരക്ഷണത്തിനായി ശക്തമായി മുന്നില്‍ നിന്നത് ഞങ്ങളാണ്. ആ പ്രവര്‍ത്തനങ്ങളെ നിരീക്ഷിച്ച ഒരു ജനത അവിടുണ്ട്.
നോമിനേഷന്‍ സമര്‍പ്പിച്ചു കഴിഞ്ഞപ്പോള്‍ 27 കേസുകൂടി ഗവണ്‍മെന്റ് എന്റെ തലയില്‍ ചാര്‍ത്തിതന്നിരിക്കുകയാണ്. ഇപ്പോള്‍ കേസുകളുടെ എണ്ണം നാല്പതായി.ഇനി വീണ്ടും നോമിനേഷന്‍ കൊടുക്കണം.നാമം ജപിക്കാനുളള അവകാശത്തിനു വേണ്ടി അമ്മമാര്‍ തെരുവുവീഥികളില്‍ ഇറങ്ങിയപ്പോള്‍ ആ അമ്മമാരോടൊപ്പം പ്രവര്‍ത്തിച്ചു എന്നതിന്റെ പേരിലാണ് ഈ കേസുകളൊക്കെ.

മണ്ഡലം മറന്നാലും മണ്ഡലകാലം മറക്കരുത് എന്ന ശോഭാ സുരേന്ദ്രന്റെ മുദ്രാവാക്യത്തെപ്പറ്റി 

വളരെ ക്രൂരമായിട്ടുളള നടപടിയാണ് ഈ സംഭവത്തില്‍ ഗവണ്‍മെന്റ് സ്വീകരിച്ചത്. ഒരു വ്യക്തിക്ക് ഇന്ത്യന്‍ ഭരണഘടന അനുവദിച്ചുകൊടുത്തിട്ടുളള ആരാധന സ്വാതന്ത്ര്യ
ത്തെ ഹനിക്കാന്‍ ഈ സര്‍ക്കാര്‍ കൂട്ടു നിന്നു.അവര്‍ ഇതിനകത്ത് രാഷ്ടീയം കണ്ടു.അവര്‍ കരുതിയത് പുരോഗമനപരമായ ചിന്താഗതിയിലൂടെ ഇത് കൈകാര്യം ചെയ്യാനാകുമെന്നായിരുന്നു.എന്നാല്‍ അവര്‍ക്ക് അടിപതറിപ്പോയി. അത് ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. യു.ഡി.എഫിനെക്കുറിച്ച് പറയുകയാണെങ്കില്‍ അടുക്കളയിലിരുന്നും ചാനല്‍ മുറിയിലിരുന്നും  ചര്‍ച്ച നടത്തുക എന്നല്ലാതെ കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ യാതൊന്നും ചെയ്തിട്ടില്ല. ഒരു ആചാരസംരക്ഷണത്തിനും അവര്‍ മുന്നിട്ടിറങ്ങാത്തതു കൊണ്ടാണ് ഒരു കോണ്‍ഗ്രസ് നേതാവിന്റെ പേരില്‍ പോലും കേസില്ലാത്തത്. 
അവര്‍ സമാധാനപൂര്‍വ്വം മണ്ഡലത്തില്‍ പ്രചാരണവുമായി മുമ്പോട്ട് പോകുന്നു.
ആചാരം സംരക്ഷിക്കാന്‍ വേണ്ടി ആരു മുന്നില്‍ നിന്നു ആരെല്ലാം ഇതിന്റെ കൂടെയുണ്ട് ആരാണ് ഈ വിഷയത്തില്‍ സത്യസന്ധമായി നടപടി സ്വീകരിച്ചവര്‍ എന്നെല്ലാം നോക്കിക്കാണുന്ന ആ മണ്ഡലത്തിലെ ജനത അവരുടെ കൂടെ നിന്നവരെ സ്വീകരിക്കാന്‍ തയ്യാറാകും.ആചാരസംരക്ഷണത്തിന്റെ കാര്യത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രി ഒന്നാം പ്രതിയാണെങ്കില്‍ പ്രതിപക്ഷ നേതാവ് രണ്ടാം പ്രതിയാണ്.

 

ശോഭാസുരേന്ദ്രൻ എന്ന സ്ഥാനാർഥി മുന്നോട്ട് വെയ്ക്കുന്ന വാഗ്ദാനങ്ങള്‍ എന്തൊക്കെയാണ്

ജയിക്കാനായാല്‍ രണ്ടരവര്‍ഷത്തിനുളളില്‍ ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ വീടില്ലാത്തവരില്‍ പകുതിയോളം വരുന്ന ആളുകള്‍ക്ക് വീട് കൊടുക്കുക എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കും. 
ജനങ്ങള്‍ സബ്സിഡി വേണ്ടെന്നു വച്ചപ്പോള്‍  ആറു കോടി ഗ്യാസ് കണക്ഷനുകള്‍ കൊടുക്കാന്‍ സാധിച്ചു. തിരഞ്ഞെടുപ്പിനു ശേഷം വലിയൊരു മാര്‍ഗമുപയോഗിച്ച് കൃത്യമായി ജനങ്ങളുടെയിടയിലേക്കിറങ്ങിച്ചെന്ന് കക്ഷിരാഷ്ട്രീയത്തിനതീതമായി ജനകീയസഭ വിളിച്ചു ചേര്‍ത്തുകൊണ്ടായിരിക്കും തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷമുളള പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കുക. ഒന്നാമത്തെ പരിഗണന തല ചായ്ക്കാന്‍ ഒരു കൂര എന്നുളളതു തന്നെയായിരിക്കും.
ലോകത്തിന്റെ ആത്മീയടൂറിസത്തിന്റെ കേന്ദ്രമായിട്ടുളള ശിവഗിരിക്കുന്നുകള്‍, പൊന്‍മുടി മേഖലയിലുളള മലയോര റെയില്‍വേപ്പാത, കശുവണ്ടിത്തൊഴിലാളികള്‍ക്ക് തൊഴില്‍ദിനങ്ങള്‍ നല്കുക, മത്സ്യമേഖലയുമായി ബന്ധപ്പെട്ട് പ്രത്യേക വകുപ്പ് തുടങ്ങിയ കാര്യങ്ങള്‍ അടങ്ങിയിട്ടുളള പ്രകടനപത്രിക മുന്നോട്ടു വയ്ക്കും. 


രാഹുല്‍ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വം 

രാഹുല്‍ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വം തീര്‍ച്ചയായും ഒരു ഒളിച്ചോട്ടം തന്നെയാണ്. കോണ്‍ഗ്രസിന്റെ ശക്തി കണ്ടിട്ടല്ല രാഹുല്‍ഗാന്ധി ഇവിടെ മത്സരിക്കാനൊരുങ്ങുന്നത്. സീതാറാം യെച്ചൂരിയും രാഹുല്‍ ഗാന്ധിയുമായിട്ട് ദേശീയതലത്തില്‍ കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്.രാഹുല്‍ ഗാന്ധിയെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ വോട്ടുകള്‍ കൂടി കൊടുത്തു കൊണ്ട് വിജയിപ്പിക്കുവാന്‍ സാധിക്കുമോയെന്നുളള ഗൂഢാലോചനയുടെ പരിണിതഫലമായിട്ടാണ് രാഹുല്‍ വയനാട്ടിലേക്ക് വരുന്നത്.പ്രബുദ്ധരായിട്ടുളള ജനതക്കു മുന്നില്‍ രാഹുല്‍ ഗാന്ധി അടി തെറ്റി വീഴും. 

കേരളം കഴിഞ്ഞ കുറച്ചു നാളുകളായി ഏറെ ചര്‍ച്ച ചെയ്ത വിഷയങ്ങളാണ് നവോത്ഥാനവും സ്ത്രീസമത്വവും

മതില്‍കെട്ടിക്കൊണ്ടു നവോത്ഥാനമുണ്ടാക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിച്ചത്.പക്ഷേ നവോത്ഥാനത്തിനായി ശ്രമിച്ചവരാരും തന്നെ മതില്‍ കെട്ടി തിരിച്ചിട്ടല്ല കേരളത്തില്‍ നവോത്ഥാനമുണ്ടാക്കിയത്. മതിലുകള്‍ പൊളിച്ചു മാറ്റിയ സ്ഥലത്താണ് നവോത്ഥാനമുണ്ടായിട്ടുളളത്.അങ്ങനെയുളള നവോത്ഥാനത്തിനകത്ത് ഒരു വരി പോലും എഴുതിച്ചേര്‍ക്കാന്‍ സാധിക്കാത്തവരാണ് ഇവിടുത്തെ ഭരണകൂടം.  അവര്‍ ചെയ്ത തെറ്റിനെ മറയ്ക്കുവാന്‍ നവോത്ഥാനത്തിന്റെ മറ പിടിക്കുകയായിരുന്നു.സ്ത്രീ പീഢനങ്ങള്‍ എവിടെയുണ്ടോ അതിന്റെയെല്ലാം പുറകില്‍ സഖാക്കന്മാരുണ്ട്.നവോത്ഥാനം ആദ്യം ഉണ്ടാകേണ്ടത് മനസ്സില്‍ നിന്നാണ്. വീടിനും നാടിനും ഉപകാരിയായിട്ടുളള പ്രവര്‍ത്തകന്മാരെ സൃഷ്ടിക്കാന്‍ ആ പാര്‍ട്ടി പരാജയപ്പെട്ടു പോയതു കൊണ്ടാണ് കൊലപാതകങ്ങള്‍ വര്‍ദ്ധിക്കുന്നത്.ഒരു നാട്ടില്‍ അരാജകത്വം സൃഷ്ടിക്കുന്ന ഒരു പാര്‍ട്ടിക്ക് കുടുംബത്തിലെ നാഥനെ ഇല്ലായ്മ ചെയ്യുന്ന പാര്‍ട്ടിക്ക് എങ്ങനെയാണ് നവോത്ഥാനം ഉണ്ടാക്കുവാന്‍ സാധിക്കുക.

ശബരിമല വിഷയം കോണ്‍ഗ്രസിന് അനുകൂലമാകുമെന്ന് കരുതുന്നുണ്ടോ

സ്ത്രീകള്‍ ആചാരലംഘനത്തിനായി ഇറങ്ങിപ്പുറപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് ഉണ്ടായിരുന്നോ.എന്തെങ്കിലും സമരം നടത്തിയോ.കോണ്‍ഗ്രസ് ഈ കാര്യത്തില്‍ കൈ നനയാതെ മീന്‍ പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു.എല്‍.ഡി.എഫും യു.ഡി.എഫും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നാണ് മനസിലാക്കി കൊണ്ടായിരിക്കും ജനങ്ങള്‍ ഇത്തവണ വിധിയെഴുത്ത് നടത്തുക.

 

 

Content Highlights: Lok Sabha Election 2019 Shobha Surendran