1989-ൽ സുശീലാ ഗോപാലനെ 5130 വോട്ടിന്  തലേക്കുന്നിൽ ബഷീർ തോൽപ്പിച്ചെന്നത് ആറ്റിങ്ങലിന്റെ ചരിത്രം. പക്ഷേ, പിന്നീട് 1991 മുതൽ അവിടെ യു.ഡി.എഫിന് നിലംതൊടാനായിട്ടില്ല. തുടർന്നങ്ങോട്ട്  ഈ മണ്ഡലം എടുത്തണിഞ്ഞ ചെങ്കൊടി പകരുന്ന ആത്മവിശ്വാസമാണ് ഇടതുക്യാമ്പിന്  ഇപ്പോഴും ബലം.  മൂന്നുതവണയും വിജയിച്ച ഇടത്‌സ്ഥാനാർഥി എ. സമ്പത്തിനെ മണ്ഡലത്തിൽ  പരിചയപ്പെടുത്തേണ്ടതില്ല. ആറ്റിങ്ങൽ നിയമസഭാ മണ്ഡലത്തിലും അതിനുമുമ്പ് ചിറയിൻകീഴ് ലോക്‌സഭാ മണ്ഡലത്തിലും ആർ. ശങ്കറെ തോൽപ്പിച്ച കെ. അനിരുദ്ധന്റെ മകനെന്ന നിലയിൽ സമ്പത്തിനോടുള്ള വൈകാരികബന്ധവും മണ്ഡലത്തിനുണ്ട്.  കടുത്ത മത്സരത്തിലൂടെയല്ലാതെ നുഴഞ്ഞുകയറി വിജയിയാവാൻ ആറ്റിങ്ങൽ ആരെയും അനുവദിച്ചില്ല. അതുകൊണ്ടുതന്നെ ഒന്നാഞ്ഞുപിടിച്ചാൽ കൂടെപ്പോരുമെന്ന പ്രതീക്ഷയും വിശ്വാസവുമാണ് ഇപ്പോൾ യു.ഡി.എഫിനുള്ളത്. മണ്ഡലത്തിനു പൊതുവേ ഇടത് ആഭിമുഖ്യമുണ്ടെങ്കിലും 1951 മുതലുള്ള ചരിത്രത്തിൽ അഞ്ചുതവണ ഇവിടെ കോൺഗ്രസ് ജയിച്ചിട്ടുണ്ട്.  

എ. സമ്പത്തിനെ കാലേക്കൂട്ടി അവതരിപ്പിച്ച് പ്രചാരണത്തിൽ ഒരുകാതം മുന്നിൽ പോയ ഇടതുമുന്നണിക്കൊപ്പം ഓടിക്കയറിക്കഴിഞ്ഞു യു.ഡി.എഫ്. സ്ഥാനാർഥി അടൂർ പ്രകാശും. സ്ഥാനാർഥിയെക്കുറിച്ച്  ചായക്കട ചർച്ച തുടങ്ങുംമുമ്പ് അദ്ദേഹം മണ്ഡലത്തിൽ എത്തിക്കഴിഞ്ഞിരുന്നു.  എൻ.ഡി.എ. അവരുടെ തീപ്പൊരി നേതാവ് ശോഭാ സുരേന്ദ്രനെയാണ്‌ ആറ്റിങ്ങലിലിറക്കിയത്. 2014-ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്കുണ്ടായ വോട്ടിന്റെ വർധനതന്നെയാണ് പ്രവർത്തകരുടെ വിശ്വാസവും പ്രവർത്തനത്തിന്റെ  ആവേശവും. സമുദായ സമവാക്യങ്ങൾ വോട്ടുനിർണയിക്കുന്ന മണ്ഡലങ്ങളിൽ മുന്നിലാണ് ആറ്റിങ്ങൽ.  
വർക്കല -ശിവഗിരി ഉൾപ്പെടുന്ന മണ്ഡലത്തിൽ എസ്.എൻ.ഡി.പി. യോഗവും എൻ.എസ്.എസും പ്രബലമാണ്. മുസ്‌ലിം, ക്രിസ്ത്യൻ, നാടാർ സമുദായങ്ങൾക്കും മണ്ഡലത്തിൽ ശക്തിയുണ്ട്. സിദ്ധനർ പോലെ ഇതരസമുദായങ്ങൾ വേറെയും. തുല്യ അകലം പാലിച്ചുനിന്ന ശിവഗിരിയോട് അടുക്കാൻ മൂന്നുമുന്നണികൾക്കും പലതവണ അവസരം ലഭിച്ചിട്ടുണ്ട്.  നിയമസഭാമണ്ഡലങ്ങളായ അരുവിക്കരയും കാട്ടാക്കടയും 2009-ൽ യു.ഡി.എഫിനൊപ്പമുണ്ടായിരുന്നു. അരുവിക്കരയിൽ 3466 വോട്ടിന്റെയും കാട്ടാക്കടയിൽ 5387 വോട്ടിന്റെയും ലീഡും അവർക്കുണ്ടായിരുന്നു. 2014-ൽ ചിത്രം ആകെ മാറി. ഏഴുമണ്ഡലങ്ങളിലും ഇടതുമുന്നണി ലീഡ് ഉയർത്തി. 

ആറ്റിങ്ങലിൽ 20,955 വോട്ടിന്റെയും ചിറയിൻകീഴിൽ 11482 വോട്ടിന്റെയും നെടുമങ്ങാട്ട് 13514 വോട്ടിന്റെയും ലീഡാണ് അവർക്കുണ്ടായിരുന്നത്. പക്ഷേ, പിന്നീട്‌ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അരുവിക്കര യു.ഡി.എഫിനൊപ്പം കൂടി.  ആറ്റിങ്ങൽ, ചിറയിൻകീഴ് മണ്ഡലങ്ങൾ എക്കാലവും ഇടതുകോട്ടയായാണ് കരുതുന്നത്.  മുന്നണി പ്രതീക്ഷ അർപ്പിക്കുന്നതും അതിലാണ്. മറ്റുമണ്ഡലങ്ങളിൽനിന്ന് വരുന്ന വോട്ടുകൾ 'പ്ലസ്' ആയാണ് അവർ കാണുന്നതും. 

ടേണിങ് പോയന്റ്
സമുദായവോട്ട്
1. സാമുദായിക വോട്ടുകൾ പ്രധാനമായതിനാൽ ശബരിമല സ്ത്രീ പ്രവേശ വിഷയം വോട്ട് നിർണയിക്കുന്നതിലെ പ്രധാന ഘടകമാകും. നായർ, ഈഴവ സമുദായങ്ങൾ ഈ വിഷയത്തിൽ സ്വീകരിക്കുന്ന നിലപാട്  മുന്നണിവോട്ടുകളെ പ്രവചനാതീതമാക്കും. നോട്ടുനിരോധം പോലെയുള്ള കേന്ദ്ര നടപടികൾ പരമ്പരാഗത വ്യവസായ മേഖലയെ തളർത്തിയിട്ടുണ്ട്. കയർ തൊഴിലാളികൾ ഏറെയുള്ള ചിറയിൻകീഴ് നിയമസഭാ മണ്ഡലത്തിലും മറ്റും ഇത് ചർച്ചയാവും.  

ആറ്റിങ്ങൽ ബൈപ്പാസ്
2. ദേശീയപാതയിൽ ആറ്റിങ്ങൽ ജങ്ഷൻ വികസനവും ബൈപ്പാസ് നിർമാണവുമായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിലും ചർച്ചയായ പ്രാദേശിക വിഷയം. രണ്ടുകാര്യങ്ങളിലും കാര്യമായ മുന്നേറ്റമൊന്നും ഇപ്പോഴുമുണ്ടാക്കാനായില്ല. സമീപ മണ്ഡലങ്ങളെ അപേക്ഷിച്ച്  വൻകിട വികസനങ്ങളൊന്നും മണ്ഡലത്തിലുണ്ടായില്ലെന്ന ആക്ഷേപം നിലനിൽക്കുന്നു. 

ശക്തി
- യു.ഡി.എഫ്.: പലതവണ എം.എൽ.എ.യും മന്ത്രിയുമായി തിളങ്ങിയ കരുത്തനായ സ്ഥാനാർഥി. കോൺഗ്രസ് പ്രവർത്തകർക്കിടയിലെ യോജിപ്പും ദേശീയ തലത്തിലുള്ള ഉണർവും.
-എൽ.ഡി.എഫ്.: തുടർച്ചയായി വിജയിക്കുന്ന  മണ്ഡലം. സ്ഥാനാർഥി ചിരപരിചിതൻ. മണ്ഡലത്തിൽ നടത്തിയ പ്രവർത്തനങ്ങൾ.
-എൻ.ഡി.എ.: വോട്ട് വർധനയിൽ പ്രതീക്ഷ. വനിതാസ്ഥാനാർഥിക്ക് കിട്ടുന്ന പരിഗണന.

ദൗർബല്യം
-യു.ഡി.എഫ്.: സ്ഥാനാർഥി മണ്ഡലത്തിന് പുറത്തുനിന്ന്. മണ്ഡലത്തിലെ ഇടത് ആഭിമുഖ്യം.
-എൽ.ഡി.എഫ്.: പത്തുവർഷത്തിനിടെ എടുത്തുപറയാവുന്ന പദ്ധതികളില്ല. ശബരിമല പ്രശ്നം.
-എൻ.ഡി.എ.: മണ്ഡലത്തിനുപുറത്തുനിന്നുള്ള സ്ഥാനാർഥി. തീവ്ര നിലപാടുകൾ. സ്വാധീനമില്ലാത്ത മണ്ഡലങ്ങൾ. 

attingal