തിരഞ്ഞെടുപ്പുകാലത്ത് കാളവണ്ടി പ്രചാരണവും കമുകില്‍ കൊടി ഉയര്‍ത്തലുമെല്ലാം ഇന്ന് ഓര്‍മ മാത്രം. ആദ്യകാലത്ത് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ പൊക്കമുള്ള കമുകില്‍ കൊടി ഉയര്‍ത്തലായിരുന്നു പ്രധാന പ്രചാരണം. ചില സ്ഥലങ്ങളില്‍ വോട്ടു പെട്ടിയിലെ ചിഹ്നങ്ങള്‍ പ്രകടനത്തിന് മുമ്പായി ആനപ്പുറത്ത് കൊണ്ടുപോകുന്ന പതിവും ഉണ്ടായിരുന്നു. ഇന്ന് കാളവണ്ടിയില്‍നിന്നും കമുകില്‍നിന്നും പ്രചാരണതന്ത്രം കംപ്യൂട്ടറിലേക്ക് എത്തിനില്‍ക്കുന്നു.

'അരിവാള് കണ്ട തത്തേ

പേടിക്കാതീകുടിലില്‍

അരികത്ത് വന്നണയൂ

കഴുകമാരില്ലിവിടെ

പാവങ്ങളാണെങ്കിലും പുത്തരി ചോറുതരാം.........'

അനന്തപുരിയിലെ പഴമക്കാരില്‍ പലരും 1957-ലെ ആദ്യത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് ഉയര്‍ന്ന മനോഹരമായ ഈ ഗാനം ഇന്നും ഓര്‍ക്കുന്നുണ്ടാകും. പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി (പി.എസ്.പി.) ക്കാരുടെ ഇഷ്ടഗാനമായിരുന്നു ഇത്. ഇതിനു പകരം 'പൊന്നരിവാളമ്പിളിയില്‍ .....' എന്നു തുടങ്ങുന്ന ഗാനം അന്നത്തെ കമ്യൂണിസ്റ്റുകാര്‍ പാടിയിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി അന്ന് രണ്ടായി പിളര്‍ന്നിരുന്നില്ല. പി.എസ്.പി.ക്ക് കുടിലും കോണ്‍ഗ്രസിന് നുകംവച്ച കാളയും കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അരിവാളും നെല്‍ക്കതിരും ആയിരുന്നു തിരഞ്ഞെടുപ്പ് അടയാളങ്ങള്‍.

അനന്തപുരിയില്‍ പി.എസ്.പി. ശക്തമായിരുന്നു. അന്ന് അനന്തപുരിയിലെ പ്രധാനപ്പെട്ട പി.എസ്.പി. നേതാക്കള്‍ പട്ടം താണുപിള്ള, പൊന്നറ ശ്രീധര്‍, പി. വിശ്വംഭരന്‍, ദാമോദരന്‍പോറ്റി തുടങ്ങിയവരായിരുന്നു. ജയപ്രകാശ് നാരായണന്‍, നരേന്ദ്രദേവബസാവന്‍ സിങ് എന്നിവര്‍ നയിച്ച സോഷ്യലിസ്റ്റ് പാര്‍ട്ടിയും ജെ.ബി. കൃപലാനിയുടെ കിസാന്‍ മസ്ദൂര്‍ പ്രജാപാര്‍ട്ടിയും ലയിച്ചാണ് പി.എസ്.പി. ഉണ്ടായത്. കുടില്‍ തിരഞ്ഞെടുപ്പ് ചിഹ്നവും കലപ്പയും ചക്രവും ഉള്ള ചുവന്ന കൊടിയും ആയിരുന്നു പി.എസ്.പി.യുടേത്.

1957-ലെ തിരഞ്ഞെടുപ്പ് മുതല്‍ പ്രചാരണരംഗത്ത് പുതിയ രൂപം കൈവന്നു. കളര്‍ പോസ്റ്ററുകളും കളര്‍ ചുവരെഴുത്തുകളും മോട്ടോര്‍ വാഹനങ്ങളിലുള്ള പ്രചാരണങ്ങളും ഈ കാലത്തോടുകൂടിയാണ് ശക്തമായത്. അന്നും അതിനുമുമ്പും കൊടി ഉയര്‍ത്തുക പ്രധാന പ്രചാരണം ആയിരുന്നു. തകരംകൊണ്ടുള്ള കോളാമ്പിമൈക്കുകളുടെ സ്ഥാനത്ത് കിലോമീറ്ററോളം ഉയര്‍ന്നുകേള്‍ക്കുന്ന ഉച്ചഭാഷിണിയിലുള്ള പ്രചാരണങ്ങളാരംഭിച്ചു. കൊടി ഉയര്‍ത്തല്‍ പിന്നെയും വളരെക്കാലം നിലനിന്ന തിരഞ്ഞെടുപ്പ് പ്രചാരണമായിരുന്നു. ഓരോ പാര്‍ട്ടിയും സ്ഥലത്തെ ഏറ്റവും പൊക്കമുള്ള കമുകുകള്‍ നേരത്തേതന്നെ നോക്കിവയ്ക്കുക പതിവായിരുന്നു. നാമനിര്‍ദ്ദേശ പത്രിക നല്‍കിക്കഴിഞ്ഞാല്‍ പ്രധാന ഒരു ദിവസംനോക്കിയാണ് കമുക് മുറിക്കുന്നതും കൊടി ഉയര്‍ത്തുന്നതും. കമുക് മുറിക്കുന്നതുതന്നെ മുദ്രാവാക്യം വിളികളോടെയാണ്. പാര്‍ട്ടിയുമായി ബന്ധപ്പെട്ട നേതാക്കളും നാട്ടുപ്രമാണിമാരും ഈ ചടങ്ങില്‍ പങ്കെടുക്കും. അവിടെനിന്ന് കമുക് അനേകം ആളുകള്‍ തോളിലേറ്റി ചെണ്ടമേളത്തോടെയാണ് കൊടി ഉയര്‍ത്തുന്ന സ്ഥലത്ത് എത്തിക്കുന്നത്. പ്രധാന ജങ്ഷനുകളിലാണ് കമുകില്‍ കൊടി ഉയര്‍ത്തിയിരുന്നത്. കമുകില്‍ കൊടി കെട്ടി ഉയര്‍ത്തുമ്പോള്‍ പലേടത്തും വെടിപൊട്ടിക്കലും മുദ്രാവാക്യം വിളിക്കലും പ്രധാനമായിരുന്നു. ആ സ്ഥലത്തുതന്നെ എതിര്‍ പാര്‍ട്ടിക്കാരും ഇതേപോലെ കൊടി ഉയര്‍ത്തും. പിന്നീട് കൂടുതല്‍ കൊടി ഉയര്‍ത്തല്‍ മത്സരമായി.

ആദ്യ തിരഞ്ഞെടുപ്പുകാലത്തെപ്പറ്റി ജെ.എന്‍.യു.വിലെ മുന്‍ പ്രൊഫസറും ഇംഗ്ലീഷ് എഴുത്തുകാരനുമായ ഡോ. ബി.വിവേകാനന്ദന്‍ പറയുന്നത് അന്നത്തെ തിരഞ്ഞെടുപ്പുകളിലെല്ലാം ഉണ്ടായിരുന്ന ലാളിത്യത്തെക്കുറിച്ചും പരസ്പര ബഹുമാനത്തെക്കുറിച്ചുമാണ്.

മുദ്രാവാക്യം വിളിയും കവലപ്രസംഗങ്ങളും ജാഥകളും പൊതുയോഗങ്ങളും അന്നും പ്രധാനമായിരുന്നു. പൊതുയോഗങ്ങളില്‍ പ്രസംഗിക്കുന്ന നേതാക്കള്‍ അവരുടെ അണികളെ ബോധവത്കരിക്കുന്ന വിധത്തിലാണ് അത് നടത്തുക. വലിയ നേതാക്കളുടെ പ്രസംഗം കേള്‍ക്കാന്‍ വന്‍ജനാവലിയായിരിക്കും. ഓവര്‍ ബ്രിഡ്ജ്, പഴവങ്ങാടി എന്നിവിടങ്ങളിലായിരുന്നു പ്രധാന മൈതാനങ്ങള്‍. ഓവര്‍ബ്രിഡ്ജ് മുതല്‍ ഏകദേശം സി.പി.സത്രത്തിന്റെ ഭാഗംവരെ നീണ്ടതായിരുന്നു അന്നത്തെ മൈതാനം. അവിടെ അശോക് മേത്ത മുതല്‍ നിരവധി ദേശീയ നേതാക്കള്‍ പ്രസംഗിച്ചിട്ടുണ്ട്. പി.എസ്.പി. അന്ന് നഗരത്തില്‍ സ്വാധീനമുള്ള പാര്‍ട്ടി എന്നു മാത്രമല്ല, അവര്‍ക്ക് ധാരാളം തൊഴിലാളിസംഘടനകളും അന്ന് ഉണ്ടായിരുന്നതായി ഡോ. വിവേകാനന്ദന്‍ പറഞ്ഞു.

‍ഇതുകഴിഞ്ഞാല്‍ വലിയ മൈതാനം പഴവങ്ങാടി ആയിരുന്നു. ഗണപതി ക്ഷേത്രം മുതല്‍ കിഴക്കേക്കോട്ടയുടെ വാതില്‍വരെ വിസ്തൃതമായിരുന്നു ആ മൈതാനം. അവിടം നിറഞ്ഞുകഴിഞ്ഞാല്‍ ആളുകള്‍ ചതുപ്പുനിലമായ പുത്തരിക്കണ്ടത്തിലേക്കാണ് ചെന്നുനിന്നിരുന്നത്. പട്ടം താണുപിള്ള ഗവര്‍ണര്‍ ആയി അനന്തപുരി വിട്ടതോടെയാണ് പി.എസ്.പി. യുടെ കഷ്ടകാലം തുടങ്ങിയത്. അദ്ദേഹം ഗവര്‍ണറാകാന്‍ വിമാനത്തില്‍ കയറുന്നത് കണ്ടുനിന്ന പലരും പൊട്ടിക്കരഞ്ഞ രംഗം നഗരത്തിലെ പഴമക്കാരില്‍ പലരും ഇന്നും ഓര്‍ക്കുന്നുണ്ട്.

Content Highlights: Election Memories From Ananthapuri