തിരുവനന്തപുരം: ആറ്റിങ്ങലിലെ ഇരട്ട വോട്ടര്‍മാര്‍ക്കെതിരെ നടപടി സ്വീകരിച്ചതായി തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ. വാസുകി. വോട്ടര്‍മാരില്‍ ചിലര്‍ക്ക് ഒന്നിലധികം സ്ഥലങ്ങളില്‍ വോട്ടുള്ളതായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നടപടിയെന്ന് കളക്ടര്‍ പറഞ്ഞു. 

വളരെ ചുരുക്കം ഇരട്ട വോട്ടര്‍മാരെയാണ് ആറ്റിങ്ങലില്‍ ശ്രദ്ധയില്‍പെട്ടത്. വിശദമായ അന്വേഷണത്തില്‍ ഇതില്‍ ഏറിയ പങ്കും ഒരേ പേരുള്ള വ്യത്യസ്ത വ്യക്തികളാണ് എന്ന് അറിയാന്‍ കഴിഞ്ഞു. ബാക്കിയുള്ളവര്‍ക്കെതിരെയാണ് ഇപ്പോള്‍ നടപടി എടുത്തിട്ടുള്ളത് എന്നും കളക്ടര്‍ വ്യക്തമാക്കി. 

സംഭവം ശ്രദ്ധയില്‍പെട്ട ഉടന്‍ തന്നെ ഇരട്ട വോട്ടുള്ളവരുടെ പട്ടിക പ്രത്യേകം ശേഖരിച്ച് പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്ക് നല്‍കിയിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായത്. ഒരേ പേരുള്ളവര്‍ക്ക് വോട്ട് ചെയ്യുന്നതിന് മറ്റു പ്രശ്നങ്ങള്‍ ഉണ്ടാവില്ലെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. 

പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്കുള്ള വോട്ടിങ് സാമഗ്രികള്‍ ഇന്നു രാവിലെ മുതല്‍ കൈമാറിത്തുടങ്ങി. സംസ്ഥാനത്ത് ഏപ്രില്‍ 23- ന് നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു. സ്ഥാനാര്‍ത്ഥികള്‍ ഇന്ന് നിശബ്ദ പ്രചാരണത്തിലാണ്.

Content Highlights: Double Voting In Attingal, Collector K.Vasuki