പള്ളിക്കല്‍: ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം രണ്ട് സ്ഥലങ്ങളിലായുണ്ടായ സംഘര്‍ഷത്തില്‍ സി.പി.എം., ബി.ജെ.പി. പ്രവര്‍ത്തകരായ എട്ടുപേര്‍ അറസ്റ്റില്‍.

സി.പി.എം. പ്രാദേശിക നേതാക്കളായ പള്ളിക്കല്‍ മുക്കം യാസ്മിനവീട്ടില്‍ സജീബ് ഹാഷിം (50), മടവൂര്‍ പുലിയൂര്‍ക്കോണം അടുക്കോട്ടുകോണം പുതുവല്‍ പുത്തന്‍വീട്ടില്‍ ജഹാംഗീര്‍ (39), പള്ളിക്കല്‍ വാറുവിളാകംവീട്ടില്‍ യാസര്‍ എം.ബഷീര്‍ (39), പള്ളിക്കല്‍ എല്‍.പി.എസിന് സമീപം പുളിമൂട്ടില്‍വീട്ടില്‍ മുഹമ്മദ് മര്‍ഫി (40), ബി.ജെ.പി. പ്രവര്‍ത്തകരായ പള്ളിക്കല്‍ മൂതല പനവിളവീട്ടില്‍ വിശ്വനാഥന്‍ (53), മൂതല മൂലഭാഗം അനിത വിലാസത്തില്‍ അനില്‍ കുമാര്‍ (43), മൂതല പൊയ്കവിള പുത്തന്‍വീട്ടില്‍ ജയന്‍ (36), തെങ്ങുവിളവീട്ടില്‍ വിജയന്‍ (48) എന്നിവരെയാണ് പള്ളിക്കല്‍ പോലീസ് അറസ്റ്റു ചെയ്തത്.

ചൊവ്വാഴ്ച രാത്രിയില്‍ ബി.ജെ.പി. സ്ഥാനാര്‍ഥി ശോഭാസുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാഹനം തടഞ്ഞതുമായി ബന്ധപ്പെട്ടായിരുന്നു സംഘര്‍ഷം. ഈ കേസിലാണ് സി.പി.എം. പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച രാത്രിയില്‍ മൂതല ജങ്ഷനില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് ബി.ജെ.പി. പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തത്. അറസ്റ്റ് ചെയ്തവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

Content Highlights: Attack against Shobha surendrans Campaign CPM BJP Workers arrested