തിരുവനന്തപുരം: ആറ്റിങ്ങലില്‍ പാര്‍ട്ടി മത്സരിക്കാന്‍ ആവശ്യപ്പെട്ടാല്‍ സ്ഥാനാര്‍ഥിയാകുമെന്ന്‌ കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ അടൂര്‍ പ്രകാശ്. നിലവില്‍ തന്റെ പേര് പരിഗണിക്കുന്നതായ വിവരം വാര്‍ത്തകളില്‍ നിന്നുള്ള അറിവ് മാത്രമേയുള്ളൂവെന്നും അടൂര്‍ പ്രകാശ് മാതൃഭൂമി ഡോട്‌ കോമിനോട് പ്രതികരിച്ചു. 

ഇടതുപക്ഷ ജനാധിപത്യമുന്നണി ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ശബരിമല വിഷയത്തില്‍ ചെയ്തത്. അന്നും ഇന്നും കോണ്‍ഗ്രസ് വിശ്വാസി സമൂഹത്തോടൊപ്പമാണ്. അതുകൊണ്ട് തന്നെ നിലവില്‍ കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യമാണ് കേരളത്തിലുള്ളത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്രത്തിന് അധികാരത്തില്‍ വരുമെന്നാണ്‌ കരുതുന്നത്-അദ്ദേഹം പറഞ്ഞു.

1989 ല്‍ തലേക്കുന്നില്‍ ബഷീറായിരുന്നു ആറ്റിങ്ങലായി മാറിയ പഴയ ചിറയിന്‍കീഴ് മണ്ഡലത്തില്‍ അവസാനമായി വിജയിച്ച കോണ്‍ഗ്രസ് നേതാവ്. പലപ്പോഴും വ്യക്തമായ ഗൃഹപാഠം നടത്താതെയാണ് ആറ്റിങ്ങലില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തുന്നതെന്ന ആക്ഷേപം നിലനില്‍ക്കെയാണ് ശക്തനായ പോരാളിയെത്തന്നെ കളത്തിലിറക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നത്‌. 

സിറ്റിങ് എം.പി. എ സമ്പത്താണ് ആറ്റിങ്ങലില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. സമ്പത്തിനെതിരെ അടൂര്‍ പ്രകാശ് വരുന്നതോടെ കടുത്ത മത്സരത്തിനാണ് ആറ്റിങ്ങലില്‍ സാധ്യത തെളിയുന്നത്‌.

Content Highlights: Adoor Prakash Will Candidate From Attingal