കാട്ടാക്കട: കാട്ടിലെ വിദൂര ഊരുകളില്‍നിന്നു നാട്ടിലെത്താന്‍ 35 കിലോമീറ്ററുകള്‍വരെ താണ്ടണം. കുറഞ്ഞത് 15 കിലോമീറ്ററെങ്കിലും കാടിനുള്ളിലൂടെ നടന്നാലേ വാഹനസൗകര്യമുള്ളൂ. അല്ലെങ്കില്‍ 1500 രൂപവരെ ജീപ്പിന് നല്‍കണം. വിവിധ ഊരുകളിലേക്കുള്ള പത്തോളം മണ്‍പാതകള്‍ ഗതാഗതയോഗ്യമാക്കണം എന്ന ആവശ്യം പരിഗണിച്ചിട്ടില്ല. കൃഷിയിടങ്ങളെ വന്യമൃഗങ്ങളില്‍നിന്നു രക്ഷിക്കാന്‍ നടപടിയുണ്ടാകുന്നില്ല. കുടിവെള്ള വിതരണത്തിന് പദ്ധതികളില്ല...

കോട്ടൂര്‍ വനത്തിലെ ആദിവാസികളുടെ പരാതികളാ ണിവ. കാര്യങ്ങള്‍ ഇങ്ങനെയായിരിക്കേ ഞങ്ങള്‍ എന്തിന് വോട്ടുചെയ്യണം എന്നാണ് ഇവരുടെ ചോദ്യം.

ആദിവാസി ഊരുകളില്‍ പഞ്ചായത്തിന്റെ സഹകരണത്തോടെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ബോധവത്കരണ പരിപാടികള്‍ ഊര്‍ജിതമായി നടക്കുമ്പോഴും തിരഞ്ഞെടുപ്പിനോട് മുഖം തിരിഞ്ഞുനില്‍ക്കുകയാണ് ഭൂരിഭാഗവും. കുറ്റിച്ചല്‍ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന കോട്ടൂര്‍ വനത്തിലെ 27 ഊരുകളിലായി നാന്നൂറോളം വോട്ടര്‍മാരാണുള്ളത്. അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയും വനംവകുപ്പിന്റെ ആദിവാസിദ്രോഹ നടപടികളുമാണ് കാണിക്കാരുടെ പ്രതിഷേധത്തിനുകാരണം.

ഭൂരിഭാഗം ആദിവാസികള്‍ക്കും കൈവശഭൂമിയിലെ ഉടമസ്ഥാവകാശം ഇപ്പോഴും സ്വപ്നമാണ്. 2006-ലെ വനാവകാശനിയമത്തിന്റെ പരിരക്ഷ ഉറപ്പുവരുത്താന്‍ സര്‍ക്കാരുകള്‍ക്ക് കഴിയാത്തതിനാലാണ് കൈവശരേഖ പലര്‍ക്കും കിട്ടാത്തതെന്നും കുടുംബങ്ങളുടെ ഒരേക്കറിനുതാഴെ വരുന്ന കൈവശഭൂമിപോലും വനംവകുപ്പ് ജണ്ടകള്‍ സ്ഥാപിച്ച് പിടിച്ചെടുക്കുകയാണെന്നും ആദിവാസികള്‍ ആരോപിച്ചു.

2012-13 സാമ്പത്തിക വര്‍ഷത്തില്‍ അഡീഷണല്‍ ട്രൈബല്‍ ഉപപദ്ധതിയില്‍ ഇവിടത്തെ റോഡ്, വീട്, കൃഷി എന്നിവയുടെ വികസനത്തിനായി നടപ്പാക്കിയ 11 കോടി രൂപയുടെ പദ്ധതി അഴിമതിയില്‍ മുങ്ങി. ഇതുസംബന്ധിച്ച് ആദിവാസികള്‍ നല്‍കിയ പരാതിയില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങിയെങ്കിലും എങ്ങുമെത്തിയില്ല. കോണ്‍ക്രീറ്റ് ചെയ്ത മണ്‍പാതകളെല്ലാം പണികഴിഞ്ഞ് അധികം വൈകാതെ മഴയില്‍ ഒലിച്ചുപോയി.

ഓരോ തിരഞ്ഞെടുപ്പുകാലത്തും ആദിവാസികളുടെ വോട്ടുനേടാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിച്ച് വാഗ്ദാനങ്ങള്‍ നല്‍കുമെങ്കിലും പിന്നീടത് സൗകര്യപൂര്‍വം മറക്കുകയാണെന്നും അതിനാല്‍ ഇക്കുറി വോട്ടു ചെയ്യണോ എന്ന് ഉറപ്പിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. ഈ വിഷയങ്ങള്‍ പരാമര്‍ശിക്കുന്ന ഒരു നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്.

പൊടിയത്തെ സാംസ്‌കാരിക നിലയത്തിലും കോട്ടൂര്‍ വനം ഓഫീസിലുമാണ് ഇക്കുറിയും ഇവര്‍ക്കുള്ള പോളിങ് സ്റ്റേഷനുകള്‍. കോട്ടൂരില്‍നിന്ന് 35, 30- ഓളം കിലോമീറ്റര്‍ ഉള്ളിലെ പാറ്റാമ്പാറ, കുന്നത്തേരി തുടങ്ങിയ ഊരുകളില്‍നിന്നു തലേദിവസമേ എത്തി പൊടിയത്തും കോട്ടൂരിലും തങ്ങിയാണ് ഇവര്‍ വോട്ടു ചെയ്യുക. ശരാശരി 70 ശതമാനത്തിലേറെയാണ് ഇവിടത്തെ പോളിങ്.

Content Highlights: 2019 Loksabha Elections Kottoor Tribals Against Vote