ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ പര്യടനത്തിനിടെ പള്ളിക്കലും മൂതലയിലുമുണ്ടായ സംഘര്‍ഷത്തില്‍ പോലീസ് നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് ബി.ജെ.പി. പ്രവര്‍ത്തകര്‍ ബുധനാഴ്ച ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചിനെത്തുടര്‍ന്ന് സ്ഥാനാര്‍ഥിയും നേതാക്കളും ഓഫീസിനുമുന്നില്‍ കുത്തിയിരുന്നു. സംഭവത്തില്‍ കേസെടുത്തതായും പ്രതികളെ ഉടന്‍ അറസ്റ്റുചെയ്യുമെന്നും ഡിവൈ.എസ്.പി. ഫേമസ് വര്‍ഗീസ് അറിയിച്ചതിനെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. ഇരു സംഭവങ്ങളിലുമായി എഴുപതിലധികംപേര്‍ക്കെതിരേ കേസെടുത്തു.

ചൊവ്വാഴ്ച രാത്രി പള്ളിക്കലില്‍ പര്യടനം നടത്തുമ്പോഴാണ് രണ്ടിടത്ത് ശോഭാ സുരേന്ദ്രന്റെ പ്രസംഗം തടയാന്‍ ശ്രമമുണ്ടായത്. പള്ളിക്കല്‍ ജങ്ഷനുസമീപം സ്ഥാനാര്‍ഥി പ്രസംഗിക്കുന്നതിനിടെ ഒരുവിഭാഗം പ്രതിഷേധസ്വരമുയര്‍ത്തി. പ്രതിഷേധമുയര്‍ന്നതോടെ സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്ന പ്രവര്‍ത്തകര്‍ മുന്നോട്ടുവരുകയും ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ചെയ്തു. ഇതിനിടെ ചിലര്‍ സ്ഥാനാര്‍ഥി സഞ്ചരിച്ചതിനൊപ്പമുണ്ടായിരുന്ന വാഹനത്തില്‍ അടിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തു. കൂക്കിവിളിയും വാക്കേറ്റവും നടക്കുന്നതിനിടെ സ്ഥാനാര്‍ഥി പ്രസംഗം തുടര്‍ന്നു. പോലീസും നേതാക്കളും ചേര്‍ന്ന് ഇരുകൂട്ടരെയും സംഘര്‍ഷത്തില്‍നിന്ന് പിന്തിരിപ്പിച്ചുവിട്ടു.

മൂതലയില്‍ പ്രസംഗിക്കുമ്പോഴാണ് രണ്ടാമത്തെ സംഘര്‍ഷമുണ്ടായത്. ഇവിടെ ഇരുകൂട്ടരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. കൈയേറ്റശ്രമങ്ങളുമുണ്ടായി. ചിലര്‍ക്ക് നിസ്സാരമായി പരിക്കേറ്റു.

സി.പി.എം. ലോക്കല്‍ സെക്രട്ടറിയുള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് പള്ളിക്കലില്‍ ആക്രമണം നടന്നതെന്നും മൂതലയില്‍ കോണ്‍ഗ്രസാണ് സംഘര്‍ഷമുണ്ടാക്കിയതെന്നുമാണ് ബി.ജെ.പി. ആരോപിക്കുന്നത്. സംഭവസ്ഥലത്ത് പോലീസുണ്ടായിരുന്നിട്ടും അക്രമികള്‍ക്കെതിരേ നടപടിയെടുത്തില്ലെന്നാരോപിച്ചാണ് ബുധനാഴ്ചത്തെ സമരപരിപാടികള്‍ നടന്നത്. സംഭവത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ദേശീയ വനിതാകമ്മിഷന് പരാതി നല്കിയതായി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

ബുധനാഴ്ച രാവിലെ 11 മണിയോടെ വീരളത്തുനിന്നു നഗരംചുറ്റി പ്രകടനം നടത്തിയശേഷമാണ് ഡിവൈ.എസ്.പി. ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് പോലീസ് വഴിയില്‍ തടഞ്ഞു. പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി.സുധീര്‍ സമരം ഉദ്ഘാടനം ചെയ്തു.

എന്‍.ഡി.എ. സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് ഏജന്റ് മലയിന്‍കീഴ് രാധാകൃഷ്ണനാണ് പോലീസില്‍ പരാതി നല്കിയിട്ടുള്ളത്. പള്ളിക്കല്‍ സംഭവത്തില്‍ ഒരു സി.പി.എം. ജില്ലാ കമ്മിറ്റിയംഗവും പള്ളിക്കല്‍ ലോക്കല്‍ സെക്രട്ടറിയുമുള്‍പ്പെടെ നാലുപേരുടെ പേരുകളും കണ്ടാലറിയുന്ന അന്‍പതോളം പേരെയുമാണ് പരാതിയില്‍ എതിര്‍കക്ഷികളാക്കിയിട്ടുള്ളത്. മൂതലയില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെയും ഒരു സി.പി.എം. പ്രവര്‍ത്തകന്റെയും പേര് പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്്. പിന്നെ കണ്ടാലറിയുന്ന പന്ത്രണ്ടോളം ആളുകളും അക്രമത്തില്‍ പങ്കെടുത്തതായാണ് പരാതി.

സംഘംചേര്‍ന്ന് കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിനാണ് ഇപ്പോള്‍ കേസെടുത്തിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ തിരിച്ചറിഞ്ഞശേഷമായിരിക്കും തുടര്‍നടപടികളെന്ന് ഡിവൈ.എസ്.പി.അറിയിച്ചു.

തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നീക്കമെന്ന് ബി.ജെ.പി.

അക്രമമുണ്ടാക്കി തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണ് സി.പി.എം. നടത്തുന്നതെന്ന് ബി.ജെ.പി. ആരോപിച്ചു. സ്വീകരണയോഗങ്ങളില്‍ കേരളത്തിലെ ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കേണ്ടതിനെക്കുറിച്ച് സംസാരിക്കുന്നതാണ് സി.പി.എമ്മിനെ പ്രകോപിപ്പിക്കുന്നതെന്നും ജീവന് ഭീഷണിയുണ്ടായാലും അത് പറയാതിരിക്കാനാവില്ലെന്നും പള്ളിക്കലില്‍ അക്രമം നടത്തിയത് ഭീകരവാദസംഘടനയുമായി ബന്ധമുള്ളവരാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

Content Highlights: 2019 Loksabha Elections Attingal Attack Against BJP