തിരുവനന്തപുരം: ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ ഇനി തീപാറുന്ന മത്സരം. ബി.ജെ.പി. സ്ഥനാര്‍ഥിയായി ശോഭസുരേന്ദ്രന്‍ കൂടിയെത്തിയതോടെ സ്ഥാനാര്‍ഥികളുടെ പ്രഭാവംകൊണ്ട് സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധേയമായിക്കഴിഞ്ഞു. പ്രചാരണത്തില്‍ മൂന്നു സ്ഥാനാര്‍ഥികളും അതിവേഗം പായുകയാണ്.  

ആറ്റിങ്ങല്‍ മണ്ഡലത്തിലെ പ്രധാന ജങ്ഷനുകളിലെല്ലാമെത്തി ആദ്യഘട്ടം പിന്നിട്ട ഇടതുമുന്നണി സ്ഥാനര്‍ഥി എ.സമ്പത്ത് ശനിയാഴ്ച മുതല്‍ വാഹനപ്രചാരണ ജാഥയിലേക്ക് കടന്നു

മൂന്നുഘട്ടമായി നടക്കുന്ന പര്യടനത്തിന്റെ തുടക്കം വര്‍ക്കല നിയമസഭാ മണ്ഡലത്തിലെ കാപ്പില്‍ ജങ്ഷനില്‍ നിന്നാണ്. ഇടവ, ഇലകമണ്‍ പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിലുടെയാണ് ശനിയാഴ്ച ജാഥ സഞ്ചരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ സമ്പത്ത് പട്ടം പൊട്ടക്കുഴിയിലെ എ.കെ.ജി. പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം വിവിധ മാധ്യമ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചു.

A Sampath
എല്‍.ഡി.എഫ്.സ്ഥാനാര്‍ഥി എ.സമ്പത്ത് പട്ടം പൊട്ടക്കുഴിയിലെ എ.കെ.ജി. സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു

 

യു. ഡി. എഫ്. സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ് വെഞ്ഞാറമൂടിന് സമീപത്തെ വാടക വീട്ടില്‍ പ്രവേശനം നടത്തിയ ശേഷമാണ് സഹപ്രവര്‍ത്തകരുമായി വോട്ടര്‍മാരെ നേരില്‍ കാണാനിറങ്ങിയത്. വേങ്കമല, പിരപ്പന്‍കോട്, വേളാവൂര്‍, കോലിയക്കോട്, പൂലന്തറ, കന്യാകുളങ്ങര എന്നിവിടങ്ങളിലെ പര്യടനം ഉച്ചയോടെ പൂര്‍ത്തിയാക്കി. കന്യാകുളങ്ങര ജമാ അത്ത് പള്ളിയില്‍ നമസ്‌കാരത്തിനെത്തിയവരെ കണ്ടും വോട്ടു തേടി. ഉച്ചയ്ക്ക് ശേഷം കാട്ടാക്കടയിലായിരുന്നു പര്യടനം. പേയാട്, പ്രവച്ചമ്പലം, പുന്നമൂട്, വെടിവച്ചാന്‍കോവില്‍ തുടങ്ങിയ സ്ഥലങ്ങളിലും പര്യടനം നടത്തി. രാവിലെ നേതാക്കളായ ആനക്കുഴി ഷാനവാസ്, വെമ്പായം അനില്‍കുമാര്‍, തുടങ്ങിയവരും സ്ഥാനാര്‍ഥിയോടൊപ്പം ഉണ്ടായിരുന്നു.

Adoor Praksh
ആറ്റിങ്ങലിലെ യു.ഡി.എഫ്.സ്ഥാനാര്‍ഥി അടൂര്‍പ്രകാശ് കന്യാകുളങ്ങരയില്‍ വോട്ട് തേടുന്നു

 

ശോഭ സുരേന്ദ്രന്‍ മണ്ഡലത്തില്‍ പ്രചാരണത്തിന് തുടക്കം കുറിച്ചത് ശിവഗിരിയിലെത്തി അനുഗ്രഹം തേടിയാണ്. ശിവഗിരി മഹാസമാധിയില്‍ പ്രണമിച്ചു. ശിവഗിരി മഠത്തിലെ സ്വാമി വിശാലനന്ദയുടെ നേതൃത്വത്തില്‍ സ്ഥാനാര്‍ഥിയെ സ്വീകരിച്ചു. തുടര്‍ന്ന് വേങ്കമല ക്ഷേത്രത്തിലെത്തി. ചേങ്കോട്ടുകാണം ആശ്രമം, ശാന്തിഗിരി ആശ്രമം, എന്നിവിടങ്ങളിലെത്തി അനുഗ്രഹം തേടി. പോത്തന്‍കോട് കാരുണ്യാലയം വൃദ്ധസദനത്തിലും സന്ദര്‍ശനം നടത്തി. 

Shobha Surendran

ബി.ജെ.പി.സ്ഥാനാര്‍ഥി ശോഭാസുരേന്ദ്രന്‍ പോത്തന്‍കോട് കരുണാലയം സന്ദര്‍ശിച്ചപ്പോള്‍

 

വൈകീട്ട് നടന്ന പാര്‍ലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. .ടി.പി.സെന്‍കുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ പ്രമുഖ നേതാക്കളെല്ലാം പങ്കെടുത്തു.