തിരുവനന്തപുരം: ആറ്റിങ്ങലിലെ തിരഞ്ഞെടുപ്പുപോരാട്ടം ശക്തമാകുമ്പോള്‍ യു.ഡി.എഫ്., എന്‍.ഡി.എ. സ്ഥാനാര്‍ത്ഥികളെ വലയ്ക്കുന്നത് വിവിധ കോടതികളില്‍ നിലനില്‍ക്കുന്ന കേസുകളാണ്. അടൂര്‍ പ്രകാശും ശോഭാസുരേന്ദ്രനും വിവിധ കേസുകളില്‍ ജാമ്യമെടുക്കുന്നതിനായി കോടതികളില്‍ ഹാജരാകുന്നുണ്ട്. ഇതിനുശേഷമാണ് പ്രചാരണത്തിനിറങ്ങുന്നത്. സ്ഥാനാര്‍ത്ഥികളുടെ അഭാവത്തിലും പ്രവര്‍ത്തകര്‍ ആവേശത്തിലാണ്. കണ്‍വെന്‍ഷനുകളും സൗഹൃദക്കൂട്ടായ്മകളും വ്യാപകമാണ്.

അടൂര്‍ പ്രകാശ് കശുവണ്ടിത്തൊഴിലാളികള്‍ക്കൊപ്പം

യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ് നാവായിക്കുളത്തെയും പരിസരപ്രദേശങ്ങളിലെയും കശുവണ്ടി ഫാക്ടറികള്‍ സന്ദര്‍ശിച്ചു. തൊഴിലാളികളെ നേരില്‍ക്കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു. പരമ്പരാഗത വ്യവസായങ്ങള്‍ നേരിടുന്ന പ്രതിസന്ധിയും പ്രശ്‌നങ്ങളുമായിട്ടാണ് വോട്ടര്‍മാര്‍ അദ്ദേഹത്തെ സമീപിച്ചത്.

Adoor Prakash

കാപ്പില്‍, ഇടവ, ചെമ്മരുതി, ഇലകമണ്‍ പ്രദേശങ്ങളിലെ വോട്ടര്‍മാരെയും കണ്ടു. ഉച്ചയ്ക്കുശേഷം അരുവിക്കരയിലെ വിവിധ പ്രദേശങ്ങളിലും പ്രചാരണത്തിനിറങ്ങി. തുടര്‍ന്ന് വിവിധ മണ്ഡലം കണ്‍വെന്‍ഷനുകളിലും കഴക്കൂട്ടത്ത് സാംസ്‌കാരിക കൂട്ടായ്മ സംഘടിപ്പിച്ച സ്‌നേഹസംഗമത്തിലും പങ്കെടുത്തു. കവലകള്‍തോറുമുള്ള സ്വീകരണങ്ങളിലാണ് അടൂര്‍ പ്രകാശ് പങ്കെടുക്കുന്നത്. വാഹനപ്രചാരണ ജാഥ രണ്ടിന് ആരംഭിക്കും. സമരവുമായി ബന്ധപ്പെട്ട കേസില്‍ അടൂര്‍ പ്രകാശ് വര്‍ക്കല കോടതിയില്‍നിന്ന് ജാമ്യമെടുത്തിരുന്നു. മറ്റു കേസുകളുടെ നിജസ്ഥിതി പോലീസിനോട് ആരാഞ്ഞിട്ടുണ്ട്.

സമ്പത്ത് കാട്ടാക്കടയില്‍

വെള്ളിയാഴ്ച കാട്ടാക്കടയില്‍ നടന്ന പ്രചാരണത്തോടെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എ.സമ്പത്തിന്റെ വാഹനപ്രചാരണ ജാഥയുടെ ഒന്നാംഘട്ടം സമാപിച്ചു. നേമം വിക്ടറി ഹൈസ്‌കൂളിനു മുന്നില്‍നിന്നാണ് വെള്ളിയാഴ്ചത്തെ പര്യടനം ആരംഭിച്ചത്.

A Sampath

കാട്ടായിക്കോണം ശ്രീധര്‍ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി. പര്യടനം രാത്രി പേയാട്ട് സമാപിച്ചു. നാമനിര്‍ദേശപ്പത്രിക സമര്‍പ്പിച്ചശേഷം അടുത്ത ഘട്ടം വാഹനപ്രചാരണജാഥ ആരംഭിക്കും. വര്‍ക്കലയില്‍നിന്നാണ് സമ്പത്തിന്റെ വാഹനപ്രചാരണജാഥയുടെ ഒന്നാംഘട്ടം ആരംഭിച്ചത്.

കണ്‍വെന്‍ഷനുകളുമായി ബി.ജെ.പി. ക്യാമ്പ്

ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകളില്‍ ജാമ്യമെടുക്കാനുള്ളതിനാല്‍ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി ശോഭാസുരേന്ദ്രന്‍ വെള്ളിയാഴ്ച ആറ്റിങ്ങലില്‍ പ്രചാരണത്തിന് എത്തിയില്ല. പാലിയേക്കര ടോള്‍ സമരവുമായി ബന്ധപ്പെട്ട കേസില്‍ തൃശ്ശൂര്‍ കോടതിയിലാണ് ഹാജരാകേണ്ടിയിരുന്നത്.

image

പൊന്നാനി കോടതിയിലും കേസുണ്ടായിരുന്നു. മജിസ്ട്രേറ്റ് അവധിയിലായതിനാല്‍ ഈ കേസില്‍ പെരിന്തല്‍മണ്ണ കോടതിയില്‍നിന്നു ജാമ്യമെടുത്തു. ശനിയാഴ്ച ഒറ്റപ്പാലം കോടതിയില്‍ ഹാജരാകേണ്ടതുണ്ട്. സ്ഥാനാര്‍ത്ഥിയുടെ അഭാവത്തിലും കണ്‍വെന്‍ഷനുകളും സംഗമങ്ങളുമായി പ്രവര്‍ത്തകര്‍ പ്രചാരണം ഗംഭീരമാക്കുകയാണ്. ആറ്റിങ്ങല്‍ നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ കിളിമാനൂര്‍ ടൗണ്‍ ഹാളില്‍ നടന്നു. മഹിളാ മോര്‍ച്ചയുടെ വാമനപുരം കണ്‍വെന്‍ഷന്‍ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു.

Content Highlights: 2019 Loksabha Election Attingal Candidates