നെടുമങ്ങാട്: ഒരുമാസം നീണ്ടുനിന്ന ശക്തമായ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഞായറാഴ്ച വൈകീട്ട് ആറിന് കൊട്ടിക്കലാശത്തോടെ സമാപനമാകുമ്പോള്‍ നിശബ്ദപ്രചാരണത്തിന് മലയോരമേഖലയാണ് കക്ഷികള്‍ കൂടുതലായും ശ്രദ്ധചെലുത്തുക.

ഞായറാഴ്ച ആറുമുതല്‍ തിങ്കളാഴ്ച വൈകുന്നേരം വരെയാണ് നിശബ്ദപ്രചാരണം. കലാശക്കൊട്ടിന് പോലീസ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നെടുമങ്ങാട് താലൂക്കിലെ പത്ത് കേന്ദ്രങ്ങളിലാണ് പ്രധാനമായും കലാശക്കൊട്ട് നടക്കുന്നത്. എല്ലായിടത്തും കേന്ദ്രസേനയുള്‍പ്പടെയുള്ള പോലീസ് സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്ന് നെടുമങ്ങാട് ഡിവൈ.എസ്.പി. ബി.വിനോദ് അറിയിച്ചു.

കാട്ടാക്കട, മലയിന്‍കീഴ്, നെടുമങ്ങാട്, ആര്യനാട്, വെള്ളനാട് എന്നിവിടങ്ങളില്‍ പോലീസ് സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്തു. കലാശക്കൊട്ട് നടക്കുന്ന റോഡുകള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായി വേര്‍തിരിച്ചുനല്‍കി. ഈ റോഡുകളില്‍ മാത്രമേ പരസ്യവാഹനങ്ങള്‍ നിര്‍ത്താവൂ. ഒരു വണ്ടിയില്‍ രണ്ട് ബോക്‌സില്‍ക്കൂടുതല്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ല. കൂടുതല്‍ ബോക്‌സുകള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ പോലീസ് പിടിച്ചെടുക്കും.

5.30-മുതല്‍ 6 മണിവരെ മാത്രമാണ് കൊട്ടിക്കലാശം. അതിനുമുമ്പ് വണ്ടികള്‍ ടൗണ്‍ കേന്ദ്രീകരിച്ച് പ്രചാരണം ഒഴിവാക്കണമെന്നും പോലീസ് അറിയിച്ചു. കാട്ടാക്കട, നെടുമങ്ങാട്, വെഞ്ഞാറമൂട്, പാലോട്, വിതുര, ആര്യനാട്, വെള്ളനാട്, വെമ്പായം, കരകുളം, നന്ദിയോട്, ആനാട് എന്നവിടങ്ങളിലാണ് പോലീസിന്റെ കര്‍ശന നിയന്ത്രണത്തില്‍ ഇത്തവണ കലാശക്കൊട്ട് നടക്കുന്നത്. തമിഴ്നാട് പോലീസ്, കേന്ദ്രസേന, വിവിധ സേനകള്‍ കലാശക്കൊട്ടിനെ നിയന്ത്രിക്കാനുണ്ടാകും.