ആറ്റിങ്ങല്‍: ആറ്റിങ്ങലിന്റെ ചെങ്കോട്ട പൊളിച്ച് യു.ഡി.എഫ്.സ്ഥാനാര്‍ഥി അടൂര്‍പ്രകാശിന് സമ്പത്തിനെതിരേ അട്ടിമറി വിജയം. 39,171 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് മുപ്പത് വര്‍ഷത്തിന് ശേഷം ആറ്റിങ്ങലില്‍ കോണ്‍ഗ്രസ് 
സാരഥിയായ അടൂര്‍പ്രകാശ് വിജയക്കൊടി പാറിച്ചത്.

അതേ സമയം ആറ്റിങ്ങല്‍ നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് പ്രവര്‍ത്തകരുടെ നേട്ടമായി താന്‍ തിരഞ്ഞെടുപ്പ് ഫലത്തെ കാണുന്നതായി വിജയാഘോഷത്തിനിടെ അടൂര്‍ പ്രകാശ് പ്രതികരിച്ചു. 

'യു.ഡി.എഫ് പ്രവര്‍ത്തകരുടെ കഠിനമായ ശ്രമമാണ് തനിക്ക് മണ്ഡലത്തില്‍ ഇത്രയധികം ഭൂരിപക്ഷം ലഭിച്ചത്. കേരളത്തിലെ അക്രമരാഷ്ട്രീയത്തിനും ബി.ജെ.പിയുടെ വര്‍ഗീയതക്കെതിരേയുള്ള ഫലമാണ് കേരളത്തിലെ യു.ഡി.എഫ് വിജയം'- അടൂര്‍പ്രകാശ് പറഞ്ഞു.

അടൂര്‍പ്രകാശ് 3, 79469 വോട്ടുകളും സി.പി.എം.സ്ഥാനാര്‍ഥി എ.സമ്പത്ത് 3,40298 വോട്ടുകളും ബി.ജെ.പി.സ്ഥാനാര്‍ഥി ശോഭാസുരേന്ദ്രന്‍ വോട്ടുകളും 2,56502 നേടി.

ചിട്ടയായ കോണ്‍ഗ്രസ് പ്രവര്‍ത്തനം

എ.എ.റഹീമും വയലാര്‍രവിയും തലേക്കുന്നില്‍ ബഷീറുമെല്ലാം തുടര്‍ച്ചയായി ഇരുപത് വര്‍ഷം കൈയടക്കിയിരുന്ന ആറ്റിങ്ങല്‍ കോണ്‍ഗ്രസിന് ബാലികേറാമലയാണ് എന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. അതിന്റെ പ്രധാനകാരണം വ്യക്തമായ ഗൃഹപാഠം നടത്താതെയുള്ള സ്ഥാനാര്‍ഥി പ്രഖ്യാപനമാണ് ആറ്റിങ്ങല്‍ യു.ഡി.എഫിന് നഷ്ടമാകുന്നതെന്നായിരുന്നു. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാകുന്നതിന് മുന്‍പ് തന്നെകോണ്‍ഗ്രസ് പ്രവര്‍ത്തനം ആറ്റിങ്ങലില്‍ശക്തമായിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ അടൂര്‍ പ്രകാശ് ആറ്റിങ്ങലില്‍  താമസം ആരംഭിക്കുകയും വിവിധ പാര്‍ട്ടി പരിപാടികളിലും മറ്റുമായി മണ്ഡലത്തിനൊപ്പം നിന്നിരുന്നു.  അതുകൊണ്ട് തന്നെ യു.ഡി.എഫിന്റെ വജ്രായുധമായിരുന്നു അടൂര്‍പ്രകാശ്. സോഷ്യല്‍മീഡിയയിലടക്കം വന്‍പ്രചാരണമാണ് കോണ്‍ഗ്രസ് ആറ്റിങ്ങലില്‍ നടത്തിയത്. 

ആറ്റിങ്ങലില്‍ നിന്ന് നിയമസഭയിലേക്ക് മാറി മാറി കോണ്‍ഗ്രസും എല്‍.ഡി.എഫും എത്താറുണ്ടെങ്കിലും പാര്‍ലമെന്റ് സീറ്റ് കഴിഞ്ഞ മുപ്പത് വര്‍ഷങ്ങളായി എല്‍.ഡി.എഫിനൊപ്പമായിരുന്നു. 1989 ല്‍ തലേക്കുന്നില്‍ ബഷീറാണ് മണ്ഡലത്തില്‍നിന്ന് ജയിച്ച അവസാന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. 

ആറ്റിങ്ങല്‍ ലോകസഭാ മണ്ഡലത്തിലെ അരുവിക്കര നിയോജകമണ്ഡലമൊഴികെ ബാക്കിയുള്ള മണ്ഡലങ്ങള്‍ എല്‍.ഡി.എഫിന് കീഴിലാണ്. ഈ മണ്ഡലങ്ങളിലെല്ലാം യു.ഡി.എഫ് അട്ടിമറി വിജയമാണ് നേടിയിരിക്കുന്നത്. കോണ്‍ഗ്രസിന്റെ കണക്കുകൂട്ടലുകള്‍ പോലെ തന്നെ കാട്ടാക്കട, അരുവിക്കര എന്നീ നിയോജകമണ്ഡലങ്ങളിലെ  ഉയര്‍ന്ന പോളിങ് ശതമാനം കോണ്‍ഗ്രസിന് അനുകൂലമായി. എന്നാല്‍ കോണ്‍ഗ്രസിന് അനുകൂലവികാരമായിരുന്നില്ല ആറ്റിങ്ങല്‍, വര്‍ക്കല മണ്ഡലങ്ങളിലുണ്ടായിരുന്നത്. പക്ഷേ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ആയിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷമാണ് മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസിന് ലഭിച്ചത്. 

ആറ്റിങ്ങല്‍ ചെങ്കോട്ടക്ക് വിള്ളല്‍ 

1957 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എം.കെ.കുമാരന്റെ വിജയത്തോടെയാണ് ആറ്റിങ്ങല്‍ മണ്ഡലം ആദ്യമായി ചുവപ്പണിയുന്നത്. പിന്നീട് നടന്ന മിക്ക തിരഞ്ഞെടുപ്പിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ആറ്റിങ്ങലിനെ ചുവപ്പണിയിക്കാന്‍ നിഷ്പ്രയാസം സാധിച്ചു. പതിനാറ് ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ പതിനൊന്ന് തവണയും ആറ്റിങ്ങല്‍ ചെങ്കൊടി പാറിച്ചപ്പോള്‍ അഞ്ച് തവണ മാത്രമാണ് കോണ്‍ഗ്രസ് പതാകപാറിയത്. 

ജയിലഴിക്കുള്ളില്‍ കഴിയുന്ന തന്റെ അച്ഛനെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടായിരുന്നു അന്ന് സമ്പത്ത് വോട്ട് ചോദിച്ച്  ആദ്യമായി പ്രചാരണത്തിന് ഇറങ്ങിയത്. അതേ ആറ്റിങ്ങലില്‍ നിന്ന് മൂന്നു തവണയാണ് സമ്പത്ത്  ലോക്‌സഭയിലെത്തിയത്. 

2014 ല്‍ അഡ്വ.ബിന്ദുകൃഷ്ണയും 2009 ല്‍ ജി.ബാലചന്ദ്രനും  2004 ലും1999 ലും എം.ഐ.ഷാനവാസിനേയും 1998 ല്‍ എം.എം.ഹസനേയും തലേക്കുന്നില്‍ ബഷീറിനേയുമടക്കം തോല്‍പ്പിച്ചായിരുന്നു 1991 ന് ശേഷം തുടര്‍ച്ചയായി ഏഴ് തവണ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മണ്ഡലം പിടിച്ചടക്കിയത്.

സമ്പത്തിന് ഒരു ഈസി വാക്ക്ഓവര്‍ ആയിരുന്നില്ല ആറ്റിങ്ങലില്‍ ഉണ്ടായിരുന്നത്. ശബരിമലയും പ്രളയവും ശക്തമായി ചര്‍ച്ചക്ക് വഴിവെച്ച മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് ഫലത്തിലും അത് പ്രകടമായി. എല്ലാ മണ്ഡലങ്ങളിലും വന്‍ ഭൂരിപക്ഷം നേടിയായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സമ്പത്തിന്റെ വിജയം. ആറ്റിങ്ങല്‍,വര്‍ക്കല,ചിറയിന്‍കീഴ്,നെടുമങ്ങാട് എന്നീ മണ്ഡലങ്ങളാണ് 2014 ലെ തിരഞ്ഞെടുപ്പില്‍ സമ്പത്തിന് വന്‍ ഭൂരിപക്ഷം നല്‍കിയത്. എന്നാല്‍ ഇത്തവണ ഇവയെല്ലൊം കോണ്‍ഗ്രസിനോട് ചായുകയായിരുന്നു. 

ആറ്റിങ്ങലിന്റെ വികസനമുരടിപ്പായിരുന്നു സമ്പത്തിനെതിരായ കോണ്‍ഗ്രസിന്റെ പ്രധാനപ്രചാരണായുധം. ശബരിമലയും പ്രളയവുമായി ബി.ജെ.പിയും സി.പി.എമ്മിനെ ശക്തമായ മത്സരത്തിന് ക്ഷണിക്കുകയായിരുന്നു. 

മണ്ഡലത്തിലെ മുരടിച്ച കയര്‍,കശുവണ്ടി മേഖല, വികസനസാധ്യതകള്‍ക്ക് നേരെ പുറംതിരിഞ്ഞ നടപടിയെല്ലാം തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അനുകൂലമാകുകയായിരുന്നു. 

കഴിഞ്ഞ മുപ്പത് വര്‍ഷങ്ങളായുള്ള സി.പി.എം ഭരണത്തുടര്‍ച്ചയ്ക്കാണ് സമ്പത്തിന്റെ പരാജയത്തോടെ മണ്ഡലം സാക്ഷിയാകുന്നത്. 

ആറ്റിങ്ങലില്‍ ശക്തി തെളിയിച്ച് ബി.ജെ.പി 

ആറ്റിങ്ങലിന്റെ മാപ്പില്‍പോലും ഇല്ലായിരുന്ന ബി.ജെ.പി. ഇത്തവണ രണ്ട് ലക്ഷത്തിലധികം വോട്ടാണ് നേടിയത്. ശോഭാസുരേന്ദ്രന്‍ എന്ന സ്ഥാനാര്‍ഥിപ്രഭാവം അതിന്റെ കാരണങ്ങളിലൊന്നായിമാറി. 

ശബരിമലമുഖ്യപ്രചാരണവിഷയമാക്കിയായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രചാരണം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിസ്ഥാനാര്‍ഥി ഗിരിജകുമാരി ആറ്റിങ്ങലില്‍ നിന്ന് ഒരുലക്ഷത്തോളം വോട്ടുകളായിരുന്നു നേടിയത്. എന്നാല്‍ ഇത്തവണ അതിന്റെ ഇരട്ടിയിലധികം വോട്ടുകളാണ് ബി.ജെ.പി.ക്ക് ആറ്റിങ്ങലില്‍ നേടാന്‍ സാധിച്ചത്. 

Content Highlights: 2019 Loksabha Election, Adoor prakash