കണ്ണൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിലുണ്ടായ ഗ്രൂപ്പ് തര്‍ക്കങ്ങളെ  വിമര്‍ശിച്ച മുന്‍ കെപിസിസി പ്രസിഡന്റ് വി.എം.സുധീരനെതിരെ എ.പി.അബ്ദുള്ളക്കുട്ടി ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റ് വിവാദമാകുന്നു. ഒറ്റ രാത്രി കൊണ്ട് പാച്ചേനിയെ എ ഗ്രൂപ്പില്‍ നിന്ന് സുധീരന്‍ ഗ്രൂപ്പിലേക്ക് മാറ്റി മാമോദീസ മുക്കിയ സുധീരന്‍ ഗ്രൂപ്പ് 'മുയലാളി'മാരെ വിര്‍ശിക്കേണ്ട എന്നാണ് അബ്ദുള്ളക്കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലുള്ളത്. 

അനവസരത്തിലുള്ള പോസ്റ്റാണെന്നും പിന്‍വലിക്കുന്നതാണ് ഉചിതമെന്നും പറഞ്ഞ് വി.ടി. ബല്‍റാം എംഎല്‍എ ഈ പോസ്റ്റിന് താഴെ കമന്റിടുകയും പിന്നീട് നീക്കം ചെയ്യുകയുമുണ്ടായി. എന്നാല്‍ ഇതുവരെ പോസ്റ്റ് നീക്കം ചെയ്യാന്‍ അബ്ദുള്ളക്കുട്ടി തയ്യാറായിട്ടില്ല. പോസ്റ്റിന് താഴെ അബ്ദുള്ളക്കുട്ടിയെ വിമര്‍ശിച്ചും അനുകൂലിച്ചും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതികരിക്കുന്നു. മറുഭാഗത്ത് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ രാഷ്ട്രീയ ആയുധമാക്കി മാറ്റിയിരിക്കുകയാണ് അബ്ദുള്ളക്കുട്ടിയുടെ പോസ്റ്റ്.

നേരത്തെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പരിഗണിക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച് യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്ന് അബ്ദുള്ളക്കുട്ടി മാറിനിന്നിരുന്നു.

IMG

Content Highlights:Ap Abdullakutty facebook post against vm sudheeran