തിരഞ്ഞെടുപ്പില്‍ സീറ്റ് തര്‍ക്കം കോണ്‍ഗ്രസില്‍ എല്ലാ കാലത്തും പതിവാണ്. ഇത്തവണയും അതിന് ഒട്ടും കുറവുണ്ടായിട്ടില്ല. എന്നാല്‍ കോണ്‍ഗ്രസ് ആകെ മത്സരിക്കുന്ന പതിനാറ് സീറ്റുകളില്‍ ആലത്തൂരില്‍ മാത്രം അപ്രതീക്ഷിത സ്ഥാനാര്‍ഥിയെയാണ് പാര്‍ട്ടി നേതൃത്വം കണ്ടെത്തിയത്. ആലത്തൂരില്‍ നിന്ന് പാര്‍ലമെന്റിലേക്ക് ഹാട്രിക് വിജയം ലക്ഷ്യമിടുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി പികെ ബിജുവിനെ നേരിടാന്‍ യുവ വനിതാ സാന്നിധ്യമായി മുപ്പത്തിമൂന്നുകാരിയായ രമ്യ ഹരിദാസിനെയാണ് പാര്‍ട്ടി തിരഞ്ഞെടുത്തത്. മുന്‍ മന്ത്രിയും വണ്ടൂര്‍ എംഎല്‍എയുമായ എപി അനില്‍കുമാര്‍ അടക്കമുള്ളവരെ പരിഗണിച്ചിരുന്നെങ്കിലും അവസാനം രമ്യ ഹരിദാസിന്റെ യുവനേതൃപാടവത്തില്‍ വിശ്വാസമര്‍പ്പിച്ചാണ് കോണ്‍ഗ്രസ് ആലത്തൂര്‍ പിടിക്കാനൊരുങ്ങുന്നത്. 

നിലവില്‍ കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ രമ്യ കെഎസ്‌യു സംഘടനാ പ്രവര്‍ത്തനത്തിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് എത്തിയത്. കോഴിക്കോട് കുന്ദമംഗലം കുറ്റിക്കാട്ടൂരിലെ കൂലിപ്പണിക്കാരനായ പിപി ഹരിദാസിന്റെയും രാധയുടെയും മകളാണ് രമ്യ. പൊതുപ്രവര്‍ത്തന രംഗത്ത് ചെറുപ്പംമുതല്‍ സജീവമാണെങ്കിലും ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് രാഹുല്‍ ഗാന്ധി നടത്തിയ ടാലന്റ് ഹണ്ടിലൂടെയാണ് രമ്യ എന്ന നേതാവ് ദേശീയ-സംസ്ഥാന തലത്തില്‍ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. യൂത്ത് കോണ്‍ഗ്രസിന്റെ കോഴിക്കോട് പാര്‍ലമെന്റ് സെക്രട്ടറിയും നിലവില്‍ അഖിലേന്ത്യാ കോര്‍ഡിനേറ്ററുമാണ് രമ്യ. ആലത്തൂര്‍ മണ്ഡലത്തില്‍ ഇത്തവണ കോണ്‍ഗ്രസിന്റെ പ്രതീക്ഷകളെക്കുറിച്ചും തിരഞ്ഞെടുപ്പ് ഒരുക്കത്തെക്കുറിച്ചും മാതൃഭൂമി ഡോട്ട്കോമിനോട് സംസാരിക്കുകയാണ് രമ്യ ഹരിദാസ്... 

? തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ആരും പ്രതീക്ഷിക്കാതിരുന്ന പേര്, അന്തിമ സ്ഥാനാര്‍ഥി പട്ടികയിലേക്ക് പരിഗണിച്ചപ്പോള്‍ എന്ത് തോന്നി 

ഇന്ത്യയിലെ സ്വാതന്ത്ര്യസമര പോരാട്ടത്തിന് നേതൃത്വം കൊടുത്ത പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കേരളത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥി പട്ടികയില്‍ പേര് വരാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. 

? കഴിഞ്ഞ രണ്ട് തവണയും സാമാന്യം മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ച പികെ ബിജു കോണ്‍ഗ്രസിന് ഇത്തവണ എത്രത്തോളം വെല്ലുവിളി ഉയര്‍ത്തും 

ആലത്തൂര്‍ ഇടതുപക്ഷത്തിന്റെ കോട്ടയാണെന്ന് പറയാന്‍ സാധിക്കില്ല. കഴിഞ്ഞ തവണ ജയിച്ചെങ്കിലും ഇക്കുറിയും വിജയം ഇടതുപക്ഷത്തിനൊപ്പം നില്‍ക്കണമെന്നില്ല. കാരണം ഇത്തവണ യുഡിഎഫ് പ്രവര്‍ത്തകര്‍ സജീവയമായ ഇടപെടല്‍ മണ്ഡലത്തില്‍ നടത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ആലത്തൂകാരുടെ മനസ്സും അവരുടെ വോട്ടും യുഡിഎഫിന് അനുകൂലമായി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍ ആലത്തൂരിലേക്ക് വന്നിരിക്കുന്നത്. 

? മണ്ഡലത്തില്‍ കോണ്‍ഗ്രസ് ഉയര്‍ത്തി കാണിക്കുന്ന പ്രധാന പ്രചാരണ വിഷയങ്ങള്‍ എന്തെല്ലാമായിരിക്കും 

സംസ്ഥാന-കേന്ദ്ര സര്‍ക്കാറുകളുടെ വിവിധ വിഷയങ്ങളിലെ പരാജയങ്ങള്‍ ഉയര്‍ത്തി കാണിച്ചായിരിക്കും പ്രധാനമായും കോണ്‍ഗ്രസ് പ്രചാരണം. ഞാനൊരു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൂടിയാണ്, ഐഎവൈ പോലുള്ള ഭവന പദ്ധതികള്‍ ഇത്തവണ സാധാരണക്കാര്‍ക്ക് കൊടുക്കുവാന്‍ സാധിച്ചിട്ടില്ല. ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ പരാജയം നിലവില്‍ സാധാരണക്കാര്‍ക്ക് ബോധ്യപ്പെട്ടിട്ടുള്ളതാണ്. അതുപോലെ മറ്റ് ക്ഷേമപദ്ധതികളിലെല്ലാം വലിയ പരാജയമാണ് രണ്ട് സര്‍ക്കാറുകളും നേരിട്ടുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തവണ സാധാരണക്കാരന്‌ ആശ്രയിക്കാനാവുന്ന രീതിയിലേക്ക് കേന്ദ്രത്തില്‍ കോണ്‍ഗ്രസ് കടന്നുവരണമെന്ന് ആഗ്രഹിക്കുന്ന ജനങ്ങളാണ് ഇന്ന് ഈ രാജ്യത്തുള്ളത്. 

? ശബരിമല വിഷയത്തില്‍ തുടക്കംമുതല്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട് തിരഞ്ഞെടുപ്പില്‍ എങ്ങനെ പ്രതിഫലിക്കും 

നമ്മുടെ ഭരണഘടനയില്‍ അധിഷ്ഠിതമായ സ്വാതന്ത്ര്യങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും മുറുകെ പിടിക്കുന്ന അതേ നിലപാടില്‍ തന്നെയാണ് കോണ്‍ഗ്രസ് മുന്നോട്ടുപോകുന്നത്. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് എടുത്ത നിലപാട് സാധാരണക്കാരായ വിശ്വാസികള്‍ക്കെല്ലാം അറിയാം. വിശ്വാസത്തെ മുറുകെ പിടിക്കാന്‍ കോണ്‍ഗ്രസ് എടുത്ത നിലപാടിനൊപ്പം ജനങ്ങളുടെ മനസ്സ് ഇത്തവണ കോണ്‍ഗ്രസിനും യുഡിഎഫിനുമൊപ്പമായിരിക്കും. 

? സ്ത്രീ ശാക്തീകരണ വിഷയങ്ങളാണ് ഇപ്പോഴത്തെ പ്രധാന ചര്‍ച്ചകള്‍, ആ സാഹചര്യത്തില്‍ സ്ഥാനാര്‍ഥി പട്ടികയില്‍ കോണ്‍ഗ്രസിന്റെ വനിതാ സാന്നിധ്യം ഇത്ര മതിയോ 

പാര്‍ട്ടി നേതൃത്വം ആലോചിച്ചാണ് നിലവിലുള്ള എല്ലാ സ്ഥാനാര്‍ഥികളെയും തീരുമാനിച്ചത്. ഇനിയും പ്രഖ്യാപിക്കാനുള്ള ലിസ്റ്റില്‍ കൂടുതല്‍ സ്ത്രീ പരിഗണന പ്രതീക്ഷിക്കാം. 

? ശബരിമല നേട്ടമാക്കി ആലത്തൂരില്‍ ഒരു ത്രികോണ മത്സരത്തിലേക്ക് ബിജെപി വരുമോ 

ത്രികോണ മത്സരത്തിനുള്ള യാതൊരു സാധ്യതയും ആലത്തൂരില്‍ ഇല്ല, അതിന് വലിയ പ്രസക്തിയില്ല. ഭരണഘടന നമുക്ക് തന്ന സ്വാതന്ത്ര്യത്തില്‍ അധിഷ്ഠിതമായി നിന്നുകൊണ്ട് തന്നെ ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് ഒരു നിലപാട് എടുത്തിട്ടുണ്ട്. ആ നിലപാടുമായി മുന്നോട്ടുപോകുമ്പോള്‍ വിശ്വാസികളുടെ വോട്ടുകളെല്ലാം കോണ്‍ഗ്രസുകാര്‍ക്ക് തന്നെയായിരിക്കും.

? രമ്യ ഹരിദാസിന്റെ യുവ സാന്നിധ്യം കോണ്‍ഗ്രസിലെ യുവതീ യുവാക്കള്‍ക്ക് പ്രചോദനമാകുമോ

കോണ്‍ഗ്രസിന്റെ പോഷക സംഘടനയായ യൂത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ കോര്‍ഡിനേറ്ററാണ് ഞാന്‍.  ഇത്തവണ ആള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് സ്ത്രീകള്‍ക്ക് മുന്‍തൂക്കം കൊടുക്കുന്ന രീതിയിലേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്. ആ രീതിയില്‍ വലിയൊരു പിന്തുണയാണ് എനിക്ക് തന്നിരിക്കുന്നത്. ഇത് ജനങ്ങള്‍ക്ക് കൊടുക്കുന്ന വലിയ അംഗീകാരമാണ്. 

? പതിവുപോലെ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സോളാര്‍ വിഷയം വീണ്ടും ചൂടുപിടിക്കുകയാണ്. ഇത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ബാധിക്കുമോ

ഞാനും ഒരു സ്ത്രീയാണ്. കേരളത്തില്‍ ഒരു സ്ത്രീ എന്ന് പറയുന്നവര്‍ക്ക് അവരുടെതായ രീതിയിലുള്ള ശൈലിയും അവരുടേതായ ഒരു തനിമയുമുള്ള സ്വഭാവവുമുണ്ട്.  ആ സ്ത്രീ ആരാണെന്നും അവരുടെ ഉദേശലക്ഷ്യങ്ങളെന്താണെന്നും ജനങ്ങള്‍ക്ക് അറിയാം. ആനുകാലിക വിഷയങ്ങളെക്കുറിച്ച് കൃത്യമായ ബോധം ജനങ്ങള്‍ക്കുണ്ട്, പൊതുജനങ്ങളെ ആര്‍ക്കും അങ്ങനെ പറ്റിക്കാനൊന്നും സാധിക്കില്ല. അതുകൊണ്ട് തന്നെ സോളാര്‍ വിഷയം തിരഞ്ഞെടുപ്പില്‍ ഒട്ടും ബാധിക്കില്ല. 

? ആലത്തൂരിലെ വോട്ടര്‍മാര്‍ക്ക് പ്രധാനമായും സ്ത്രീകള്‍ക്ക് നല്‍കുന്ന വാഗ്ദാനങ്ങള്‍

ഞാനൊരു ഉത്തരവാദിത്വപ്പെട്ട ജനപ്രിതിനിധിയാണ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ ആ ഭരണം മുന്നോട്ടുകൊണ്ടുപോകുന്ന വേളയിലാണ് വീണ്ടും പാര്‍ട്ടി എനിക്ക് പരിഗണന നല്‍കി സ്ഥാനാര്‍ഥിയായി നിര്‍ത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ എന്റെ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള സ്ത്രീകള്‍ക്കെല്ലാം മുന്‍തൂക്കം കൊടുത്തുകൊണ്ട് ഒരുവലിയ പ്രൊജക്റ്റ് ബ്ലോക്ക് പഞ്ചായത്ത് തുടക്കംകുറിച്ചിരുന്ന സാഹചര്യമാണ്. കാര്‍ഷിക മേഖലയില്‍ നിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റുന്നതിന് വേണ്ടി സ്ത്രീകള്‍ക്ക് കൊടുക്കാന്‍ പറ്റുന്ന തൊഴില്‍ മേഖല ഞങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ആലത്തൂരിലെ ജനങ്ങള്‍ എന്നെ എംപി ആയി തിരഞ്ഞെടുത്താല്‍ അവര്‍ക്ക് ആദ്യം നല്‍കുന്ന പദ്ധതിയും ഇത്തരത്തില്‍ സുസ്ഥിരമായ വരുമാനം ലഭിക്കുന്ന ഒരു പ്രൊജക്റ്റായിരിക്കും. അതിനോടൊപ്പം സ്ത്രീകളുടെ ഏതൊരു വിഷയത്തിലും ഇടപെടാന്‍ സാധിക്കുന്ന എംപി ആയി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസവും എനിക്കുണ്ട്.

? രാഹുല്‍ ഗാന്ധിയുടെ ടാലന്റ് ഹണ്ടിലൂടെ ഉയര്‍ന്നുവന്ന വനിതാ നേതാവ്

രാഹുല്‍ ഗാന്ധി കൊണ്ടുവന്ന പുതിയ തിരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ യൂത്ത് കോണ്‍ഗ്രസിന്റെ പാര്‍ലമെന്റ് സെക്രട്ടറി രംഗത്തേക്ക് മത്സരിച്ച ഒരാളാണ് ഞാന്‍. ആ സമയത്ത് പിസി വിഷ്ണുനാഥ് സംസ്ഥാന പ്രസിഡന്റായിരുന്ന സമയത്ത് യൂത്ത് കോണ്‍ഗ്രസിന്റെ ടാലന്റ് ഹണ്ടില്‍ പങ്കെടുക്കാന്‍ ഭാഗ്യം ലഭിച്ചിരുന്നു. വ്യത്യസ്തമായ രീതിയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യ കമ്മിറ്റി വിവിധ തരം പ്രവര്‍ത്തനങ്ങളില്‍ എനിക്ക് അവസരം തന്നിരുന്നു. ആ രീതിയില്‍ പാര്‍ട്ടിയുടെ കേരള നേതൃത്വവും അഖിലേന്ത്യാ നേതൃത്വവും ഇത്തവണയും ഒരു പരിഗണന നല്‍കിയതില്‍ വളരെയേറെ സന്തോഷമുണ്ട്. 

? എത്ര സീറ്റ് യുഡിഎഫിന്, പാട്ടും പാടി ആലത്തൂരില്‍ ജയിക്കാന്‍ സാധിക്കുമോ...

കുറച്ചൊക്കെ പാടുന്ന കൂട്ടത്തിലാണ് ഞാന്‍. പാട്ട് കേള്‍ക്കാന്‍ ഇഷ്ടമുള്ളവരാണ് എല്ലാവരും. പ്രത്യേകിച്ച് ആലത്തുരുകാര്‍ സംഗീതത്തെയും കലാരൂപങ്ങളെയും ഏറെ സ്‌നേഹിക്കുന്നവരാണ്. ഒരു കലാകാരി എന്ന രീതിയില്‍ എന്റെ ഭൂരിപക്ഷം വര്‍ധിപ്പിക്കാന്‍ കലാപരമായ കഴിവുകള്‍ കൂടി കണക്കിലെടുത്ത് എന്നെ വിജയിപ്പിക്കുമെന്ന ശുഭാപ്തി വിശ്വാസം എനിക്കുണ്ട്. ഈ രാജ്യത്ത് കോണ്‍ഗ്രസ് തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നത് സാധാരണക്കാരാണ്. അവരുടെ പ്രതീക്ഷയ്ക്കനുസരിച്ച് ഈ രാജ്യം രാഹുല്‍ ഗാന്ധിയുടെ കൈകളിലേക്ക് തിരിച്ചുവരാന്‍ പോവുകയാണ്. രാഹുല്‍ ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തിപകരാന്‍ കേരളത്തില്‍ നിന്ന് വലിയൊരു ഭൂരിപക്ഷം കൊടുക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസും യുഡിഎഫും. 

Content Highlights; Ramya Haridas, Alathur loksabha constituency, 2019 lok sabha election