2009-ല്‍ ഒറ്റപ്പാലം ലോക്സഭാ മണ്ഡലം മാറി ആലത്തൂര്‍ മണ്ഡലം രൂപീകൃതമായത് മുതല്‍ പികെ ബിജുവിനൊപ്പം ഇടത്തോട്ടാണ് ആലത്തൂര്‍. പാര്‍ലമെന്റിലേക്ക് ഹാട്രിക് വിജയം ലക്ഷ്യമിട്ട് പികെ ബിജു ഇറങ്ങുമ്പോള്‍ ഉറച്ച പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. എന്നാല്‍ ആലത്തൂരിന്റെ പെങ്ങളൂട്ടി എന്ന വിശേഷണത്തോടെ കോണ്‍ഗ്രസിന്റെ യുവ സാന്നിധ്യമായ രമ്യ ഹരിദാസിന് ലഭിച്ച അപ്രതീക്ഷിത മുന്നേറ്റം മണ്ഡലത്തില്‍ മികച്ച പോരാട്ടം നടക്കുമെന്ന സൂചന നല്‍കുന്നു. മണ്ഡലത്തില്‍നിന്ന് തന്നെയുള്ള ടിവി ബാബു ബിഡിജെഎസ് സ്ഥാനാര്‍ഥിയായി വന്നതോടെ വലിയ മത്സരം നടക്കുമെന്ന് എന്‍ഡിഎ വൃത്തങ്ങളും പ്രതീക്ഷിക്കുന്നു. 

കഴിഞ്ഞ പത്തു വര്‍ഷത്തില്‍ മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് പികെ ബിജു മൂന്നാമതും ജനവിധി തേടുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ആലത്തൂര്‍ മണ്ഡലത്തിലെ പ്രതീക്ഷകളെക്കുറിച്ച് പികെ ബിജു എംപി മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.

? മണ്ഡലത്തില്‍ പൊതുവേയുള്ള ജനവികാരം എങ്ങനെ വിലയിരുത്താം, പ്രതീക്ഷകളെന്തെല്ലാം... 

ലാഭേശകരമായ സ്വീകരണമാണ് എല്ലായിടങ്ങളില്‍ നിന്നും ലഭിക്കുന്നത്. എല്ലാ നിയോജക മണ്ഡലങ്ങളിലും ആറ് റൗണ്ട് പര്യടനം നടത്തി കഴിഞ്ഞു. പ്രധാനപ്പെട്ട ടൗണുകളിലും എത്തിപ്പെടാന്‍ സാധിക്കാത്ത ചില ഇടങ്ങളും കേന്ദ്രീകരിച്ചുള്ള തിരഞ്ഞെടുപ്പ് പ്രചരണമാണ് ഇപ്പോള്‍ നടക്കുന്നത്. ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ സ്വീകരണ യോഗത്തിലെത്തുന്നു എന്നത് ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്. രാഷ്ട്രീയ പ്രബുദ്ധതയുള്ള മണ്ഡലമെന്ന നിലയില്‍ എല്ലാ രാഷ്ട്രീയ വിഷയങ്ങളോടും നല്ല നിലയില്‍ പ്രതികരിക്കുന്ന ജനങ്ങളാണ് മണ്ഡലത്തിലുള്ളത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായ അന്തരീക്ഷം രൂപപ്പെട്ടിട്ടുണ്ട്. ആയിരം ദിവസത്തെ കേരളത്തിലെ ഇടതുപക്ഷ ഗവണ്‍മെന്റിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളും തിരഞ്ഞെടുപ്പില്‍ വലിയ തോതില്‍ സ്വാധീനിക്കും. പത്തു വര്‍ഷത്തെ എന്റെ പ്രവര്‍ത്തനങ്ങളും ജനങ്ങള്‍ക്ക് മുമ്പില്‍ വെച്ചിട്ടുണ്ട്. അതിന്റെയെല്ലാം അംഗീകാരമായി തിരഞ്ഞെടുപ്പ് മാറുന്ന ട്രെന്റാണ് ഏഴ് അസംബ്ലി മണ്ഡലങ്ങളിലും ഇപ്പോഴുള്ളത്.

? പാര്‍ലമെന്റിലേക്ക് ഹാട്രിക് വിജയം ലക്ഷ്യമിടുമ്പോള്‍ പ്രതീക്ഷിക്കുന്ന ഭൂരിപക്ഷം...

അതെല്ലാം ജനങ്ങളുടെ അന്തിമ വിധി അനുസരിച്ചായിരിക്കും. എംപി എന്ന നിലയില്‍ പത്തു വര്‍ഷം ചെയ്ത കാര്യങ്ങള്‍, ഇടതുപക്ഷ ജനാധിപത്യ മുന്നണി ഈ മൂന്ന് വര്‍ഷം കേരളത്തില്‍ നിര്‍വഹിച്ച കാര്യങ്ങള്‍, കേന്ദ്രത്തിലെ ബിജെപി ഗവണ്‍മെന്റ് ഉയര്‍ത്തുന്ന ഭീകരമായ വര്‍ഗ്ഗീയവാദം ഇതെല്ലാം ജനങ്ങളുടെ മുന്നില്‍ ഞങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. അവരാണ് അന്തിമ വിധികര്‍ത്താക്കള്‍. മഹാഭൂരിപക്ഷം നല്‍കി ആലത്തൂരിലെ ജനങ്ങള്‍ ഇടതുപക്ഷത്തെ വിജയിപ്പിക്കുമെന്ന ഉറച്ച പ്രതീക്ഷയാണ് ഞങ്ങള്‍ക്കുള്ളത്. 

? സോഷ്യല്‍ മീഡിയ വഴി വലിയ സ്വീകാര്യത ലഭിച്ച രമ്യ ഹരിദാസിന്റെ വെല്ലുവിളി എത്രത്തോളം...

പാര്‍ലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പ് ഒരു രാഷ്ട്രീയ പോരാട്ടമാണ്. യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ് പ്രധാന മത്സരം. എല്‍ഡിഎഫിന്റെ സാന്നിധ്യം ഇന്ത്യന്‍ പാര്‍ലമെന്റില്‍ എത്രയുണ്ടാകുമോ അത് മതനിരപേക്ഷതയുടെ ഫിക്‌സഡ് ഡിപ്പോസിറ്റാണ്. യുഡിഎഫിനെ സംബന്ധിച്ചടത്തോളം പല കാര്യങ്ങളിലും പാര്‍ലമെന്റില്‍ നിലപാടെടുക്കാന്‍ അവര്‍ പ്രയാസപ്പെടുകയാണ്. ഉറച്ച നിലപാടുള്ള ഇടതുപക്ഷത്തിന്റെ സാന്നിധ്യം ഏറ്റവും കൂടുതലുള്ള കേരളത്തില്‍ ഇടതുപക്ഷ പ്രതിനിധികളെ പാര്‍ലമെന്റിലേക്ക് അയക്കാനാണ് ജനങ്ങള്‍ ആഗ്രഹിക്കുക. ഇതുവരെയുള്ള തിരഞ്ഞെടുപ്പുകള്‍ വിശകലനം ചെയ്താല്‍ ഇടതുപക്ഷത്തിനൊപ്പം കേരളത്തിലെ മഹാഭൂരിപക്ഷം ജനങ്ങള്‍ നില്‍ക്കുന്നുവെന്നാണ് കാണുന്നത്. അവിടെ സ്ഥാനാര്‍ഥികളുടെ പ്രസക്തി വളരെ കുറവാണ്, രാഷ്ട്രീയ നിലപാടിനാണ് പ്രധാന്യം. 

? പ്രധാന എതിരാളി രമ്യ ഹരിദാസ് പാട്ടും പാടി വോട്ടു പിടിക്കുമ്പോള്‍... 

അതെല്ലാം നവമാധ്യമങ്ങളില്‍ ഈ തിരഞ്ഞെടുപ്പിന്റെ തുടക്കത്തിലുണ്ടായിരുന്ന ചില പ്രചാര വേലകളാണ്. രാഷ്ട്രീയമായ ചര്‍ച്ചകള്‍ വന്നതോടുകൂടി അത്തരം കാര്യങ്ങളെല്ലാം ജനങ്ങള്‍ എന്നെ മറന്നുകഴിഞ്ഞു. ജനങ്ങള്‍ ഇപ്പോള്‍ രാഷ്ട്രീയ പോരാട്ടമായിട്ടാണ് ഈ തിരഞ്ഞെടുപ്പിനെ കാണുന്നത്. 

? കഴിഞ്ഞ രണ്ട് തവണയും എന്‍ഡിഎ വോട്ടുവിഹിതം വര്‍ധിപ്പിച്ച മണ്ഡലമാണ് ആലത്തൂര്‍, എന്‍ഡിഎ വെല്ലുവിളിയാകുമോ...

എന്‍ഡിഎയെ സംബന്ധിച്ചിടത്തോളം കേരളത്തില്‍ കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പ് കഴിഞ്ഞതോടുകൂടി അവര്‍ ദുര്‍ബലപ്പെട്ടു കഴിഞ്ഞു. വോട്ടുകച്ചവടം മാത്രമായിരുന്നു ഒരുകാലത്തെ ബിജെപിയുടെ പ്രചരണ രീതി. എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസും എന്‍ഡിഎയും ഒരുമിച്ച് പല മണ്ഡലങ്ങളിലും നില്‍ക്കുന്ന സ്ഥിതിയാണ് നമുക്ക് കാണാന്‍ കഴിയുന്നത്. ഇത് ജനങ്ങള്‍ മനസ്സിലാക്കുന്നുണ്ട്. എന്നൊക്കെ ഇവര്‍ കൂട്ടുകെട്ടുണ്ടാക്കിയിട്ടുണ്ടോ അന്നെല്ലാം വലിയ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് വിജയിച്ച ചരിത്രമാണ് കേരളത്തിലെ വോട്ടര്‍മാര്‍ക്കുള്ളത്. അഞ്ച് വര്‍ഷം മുമ്പ് മോദിയുടെ വികസന മുദ്രാവാക്യം പൂര്‍ണമായി പരാജയപ്പെട്ടു. രാജ്യത്തിന്റെ 48 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും വലിയ തൊഴില്‍ ഇല്ലായ്മയിലേക്ക് രാജ്യം കൂപ്പുകുത്തി. കൃഷിക്കാരുടെ പ്രതിസന്ധി പരിഹരിക്കും അവരുടെ വരുമാനം ഇരട്ടിയാക്കുമെന്നുള്ള വാഗ്ദാനം പാലിക്കാന്‍ സാധിച്ചില്ല. ഈ രാഷ്ട്രീയ വിഷയങ്ങളില്‍ എന്‍ഡിഎയ്ക്ക് ജനങ്ങളുടെ മുന്നില്‍ മറുപടി പറയാന്‍ കഴിയാത്തതുകൊണ്ട് പഴയനില എന്‍ഡിഎയ്ക്ക് ഈ തിരഞ്ഞെടുപ്പിലുണ്ടാകുമെന്ന് തോന്നുന്നില്ല. 

? 22000-ത്തോളം നോട്ട വോട്ടുകള്‍ കഴിഞ്ഞ തവണ മണ്ഡലത്തിലുണ്ടായിരുന്നു, ഉയര്‍ന്ന നോട്ട വോട്ടുകള്‍ ഇത്തവണയും ആലത്തൂരുണ്ടാകുമോ...

ആ പ്രതികരണം ഈ തിരഞ്ഞെടുപ്പിലുണ്ടാകില്ല. കാരണം 2009-ല്‍ ചിറ്റൂര്‍ മേഖലയിലെ വലിയ കുടിവെള്ള പ്രതിസന്ധിയാണ് നോട്ട വോട്ടുകള്‍ക്ക് ജന്‍മം നല്‍കിയത്. ആര്‍ബിസി (റൈറ്റ് ബാങ്ക് കനാല്‍) ഒരു രാഷ്ട്രീയ സംവിധാനമായി രൂപപ്പെടുകയും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനും വോട്ടുകൊടുക്കേണ്ട നോട്ടയ്ക്ക് നല്‍കാമെന്ന തീരുമാനമെടുക്കുകയായിരുന്നു. അന്ന് യുഡിഎഫാണ് കേരളം ഭരിക്കുന്നത്. യഥാര്‍ഥത്തില്‍ യുഡിഎഫ് നടപ്പിലാക്കാത്ത കാര്യം ഇടതുപക്ഷ ഗവണ്‍മെന്റ് അവിടെ നടപ്പാക്കി കഴിഞ്ഞു. ആര്‍ബിസി, എല്‍ബിസി പ്രശ്‌നം പൂര്‍ണമായി പരിഹരിക്കാന്‍ 110 കോടി രൂപ സംസ്ഥാന ഗവണ്‍മെന്റ് അനുവദിച്ച് പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. സ്വാഭാവികമായും ആര്‍ബിസി ഉന്നയിച്ച പ്രശ്‌നത്തിന് ഇടതുപക്ഷം പരിഹാരം കണ്ടതോടുകൂടി ആര്‍ബിസി തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ വിജയിപ്പിക്കാന്‍ നില്‍ക്കുകയാണ്. അതുകൊണ്ട് തന്നെ മുമ്പുണ്ടായിരുന്ന രാഷ്ട്രീയ ചിത്രം പൂര്‍ണമായി മാറി. ചിറ്റൂരിന്റെ കിഴക്കന്‍ മേഖല വര്‍ഷങ്ങളായി യുഡിഎഫിന് സ്വാധീനമുള്ള പ്രദേശമാണ്. പക്ഷേ കേരളത്തിന്റെ വികസനത്തിനൊപ്പം ആ പ്രദേശം വന്നിരുന്നില്ല. ഇടതുപക്ഷ സ്വാധീനം ആ മേഖലയില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ചിറ്റൂരിന്റെ കിഴക്കന്‍ മേഖലയിലും വികസനം വന്നു കഴിഞ്ഞു. അവരുടെ പ്രധാന പ്രശ്‌നമായിരുന്ന കുടിവെള്ളത്തിനും ജലസേചനത്തിനുമുള്ള വെള്ളം ലഭ്യമാക്കാനുള്ള നടപടി ഇടതുപക്ഷ ഗവണ്‍മെന്റ് സ്വീകരിച്ചതോടുകൂടി ഇടതുപക്ഷത്തിനൊപ്പം നില്‍ക്കാനുള്ള നിലയാണ് ഇന്ന് ചിറ്റൂരിന്റെ കിഴക്കന്‍ മേഖലയില്‍ ആര്‍ബിസി ഉള്‍പ്പെടെ എടുക്കുന്നത്. ഇത് ഇടതുപക്ഷത്തിന് വലിയ മുന്നേറ്റമുണ്ടാക്കും.

? മണ്ഡലത്തില്‍ കാണാത്ത എംപി എന്ന കോണ്‍ഗ്രസ് ആരോപണത്തോട് പറയാനുള്ളത്...

അത് കോണ്‍ഗ്രസിന്റെ മുനയൊടിഞ്ഞ രാഷ്ട്രീയ ആരോപണമായിരുന്നു. കാരണം 1500-ലധികം പദ്ധതികളാണ് ഈ പത്തു വര്‍ഷംകൊണ്ട് നടപ്പാക്കിയത്. ഇരുന്നൂറിലധികം കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കി. 139 കോടി രൂപ ആരോഗ്യമേഖലയിലും 274 കോടി കാര്‍ഷിക മേഖലയിലും വിനിയോഗിച്ചു. 68 കോടിയുടെ ഗ്രാമീണ റോഡും 34 കോടിയുടെ സെന്റര്‍ റോഡ് ഫണ്ടും ഇവിടെ വിനിയോഗിച്ചു. 

കേന്ദ്ര സഹായം എത്ര ലഭ്യമാക്കി എന്നതിന്റെ അടിസ്ഥാനത്തിലാണ് ഒരു പാര്‍ലമെന്റ് മെമ്പറെ വിലയിരുത്തുക. എനിക്ക് കൃത്യമായ കണക്കുണ്ട്, 2200 കോടി രൂപ. ഇന്ത്യ ടുഡേ പുറത്തുവിട്ട കണക്കുപ്രകാരം കേരളത്തിലെ നാലാമത്തെ മികച്ച പാര്‍ലമെന്റ് മെമ്പറാണ് ഞാന്‍. പാര്‍ലമെന്റിലെ പ്രസംഗം, ഇടപെടല്‍, ചോദ്യങ്ങള്‍, പങ്കാളിത്തം തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ചാണ് എംപിയുടെ പ്രകടനം വിലയിരുത്തുക. അവിടെയെല്ലാം കോണ്‍ഗ്രിസിന് ഒന്നും പറയാനില്ലാത്തതുകൊണ്ടാണ് എനിക്കെതിരെ ഇത്തരം ആരോപണങ്ങള്‍ അവര്‍ ഉന്നയിക്കുന്നത്. രാഷ്ട്രിയ പോരാട്ടത്തില്‍ ഇടതുപക്ഷത്തെ ആക്രമിക്കാന്‍ തുടക്കത്തില്‍ ഉപയോഗിച്ചപ്രചരണ ഉപാധി മാത്രമായിരുന്നു അത്. ജനങ്ങള്‍ അത് തുടക്കത്തിലേ തള്ളിക്കളഞ്ഞതാണ്.

? മിക്ക ചാനല്‍ സര്‍വെകളിലും എല്‍ഡിഎഫിന് തിരിച്ചടിയാണ് പ്രവചിക്കുന്നത്, ഫലം മറിച്ചാകുമോ?  

ഇതെല്ലാം തിരഞ്ഞെടുപ്പ് കാലത്ത് ഉപയോഗിക്കുന്ന ചെപ്പടി വിദ്യകളാണ്. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമേ തിരഞ്ഞെടുപ്പില്‍ അവരുടെ പങ്കാളിത്തം എങ്ങനെയാണെന്ന് മനസ്സിലാക്കാന്‍ സാധിക്കു. ജനങ്ങളില്‍ പൂര്‍ണ വിശ്വാസം അര്‍പ്പിച്ചുകൊണ്ടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇത്തരം പ്രീ പ്ലാന്‍ഡ് സര്‍വെകള്‍ക്കൊന്നും ജനഹിതം അട്ടിമറിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. പ്രത്യേകിച്ച് ആലത്തൂര്‍ പോലുള്ള പ്രബുദ്ധമായ മണ്ഡലത്തില്‍ ജനങ്ങളുടെ അംഗീകാരം ഇടതുപക്ഷത്തിനൊപ്പമാണെന്ന് ഞങ്ങളുടെ ഈ പ്രചരണത്തില്‍ നിന്ന് തന്നെ ഞങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ട്. അതുകൊണ്ട് ഇതൊന്നും അവിടെ രാഷ്ട്രീയമായ നിലപാടില്‍ സ്വാധീനം ചെലുത്തില്ല. 

? രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുമ്പോള്‍ ഇടതുപക്ഷത്തിനുള്ള വെല്ലുവിളി

രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് കോണ്‍ഗ്രസിന്റെ വോട്ട് കുറയാനായിരിക്കും ഇടയാക്കുക. കാരണം ബിജെപിയെ ഡല്‍ഹിയില്‍ എതിര്‍ക്കാതെ മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്ന കേരളത്തിലെ ഇടതുമുന്നണിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ വന്നതുതന്നെ മതനിരപേക്ഷ നിലപാടില്‍ വെള്ളം ചേര്‍ക്കുന്ന സമീപനമാണെന്ന് ജനം പൊതുവേ പറഞ്ഞുതുടങ്ങി. അതുകൊണ്ട് കോണ്‍ഗ്രസിന് ലഭിച്ചുകൊണ്ടിരുന്ന വോട്ടുകളുടെ വലിയ വിഹിതം നഷ്ടപ്പെടാനാണ് ഈ ഓളിച്ചോട്ടം ഇടയാക്കുക. ഇത് ഇടതുപക്ഷത്തിന് കേരളത്തില്‍ നേട്ടമാണ് സമ്മാനിക്കുക. 

? ആലത്തൂരിലെ ഇടത് കോട്ട ഇത്തവണയും കോട്ടം തട്ടാതെ നിലനില്‍ക്കുമോ... 

ഈ രാജ്യത്തിന്റെ നിലനില്‍പ് വലിയ അപകടാവസ്ഥയിലാണ്. മോദി ഗവണ്‍മെന്റ് വീണ്ടും അധികാരത്തില്‍ വന്നാല്‍ ഇത് അവസാനത്തെ തിരഞ്ഞെടുപ്പായിരിക്കുമെന്ന് അവര്‍ പറഞ്ഞു കഴിഞ്ഞു. മതേതരത്വം നിലനിര്‍ത്താന്‍ വേണ്ടിയുള്ള പോരാട്ടമായിട്ടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഈ തിരഞ്ഞെടുപ്പിനെ കാണുന്നത്. അതില്‍ വിശ്വസിക്കാന്‍ കൊള്ളാവുന്ന ഉറച്ച മതേതര നിലാപാട് എടുക്കുന്ന പ്രസ്ഥാനം ഇടതുപക്ഷമാണ്, അത് 2004-ല്‍ നമ്മുടെ രാജ്യം കണ്ടതാണ്. അതുപോലെ തന്നെയാണ് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അവര്‍ വളരെ ദുര്‍ബലമായിരിക്കുന്നു എന്നതാണ് ഇന്നത്തെ സ്ഥിതി. ഉറച്ച മതനിരപേക്ഷ നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസ് ഭയപ്പെടുകയാണ്. സംസ്ഥാന തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് വന്നാലും വര്‍ഗീയതയെ വര്‍ഗീയതകൊണ്ട് നേരിടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. യഥാര്‍ഥത്തില്‍ വര്‍ഗീയതയെ നേരിടണമെങ്കില്‍ ഉറച്ച മതനിരപേക്ഷ നിലപാട് സ്വീകരിച്ചേ പറ്റു. ആ നിലപാട് സ്വീകരിക്കുന്നത് ഇടതുപക്ഷമാണ് എന്നത് നമ്മുടെ രാജ്യം ഇന്ന് തിരിച്ചറിഞ്ഞിരിക്കുന്നു. അത് ഈ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഗുണമാകും.  

പത്തു വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങളിലൂടെ 25000 കൂടുംബങ്ങളില്‍ കുടിവെള്ളം എത്തിക്കാന്‍ കഴിഞ്ഞതും 274 കോടി രൂപ കാര്‍ഷിക മേഖലയില്‍ ചെലവഴിക്കാനായതും ആരോഗ്യരംഗത്ത് 139 കോടി രൂപ ചെലവഴിക്കാന്‍ കഴിഞ്ഞതുമെല്ലാം ജനങ്ങളുടെ മുന്നില്‍ പത്തില്‍ പത്ത് എന്ന കഴിഞ്ഞ 10 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത രൂപം ഞാന്‍ എത്തിച്ചു കൊടുത്തിട്ടുണ്ട്. ഇതെല്ലാം വിലയിരുത്തി ജനങ്ങള്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുമെന്നും വികസന തുടര്‍ച്ചയ്ക്ക് സഹായിക്കുമെന്നുമാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അതുപോലെ തന്നെ 1000 ദിവസം തികച്ച ഇടതുപക്ഷ ഗവണ്‍മെന്റ്് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളെല്ലാം പാലിച്ചുകൊണ്ടാണ് മുന്നോട്ടു പോകുന്നത്. കഴിഞ്ഞ യുഡിഎഫ് കാലത്ത് താറുമാറായി കിടന്ന കേരളത്തെ നേര്‍നിലയില്‍ കൊണ്ടുവരാനും വികസന പ്രവര്‍ത്തനങ്ങള്‍ നടക്കാത്തത് നടക്കുമെന്ന് മൂന്ന് വര്‍ഷംകൊണ്ട് തെളിയിക്കുകയും ചെയ്തതിന്റെ വലിയ പിന്തുണ ഇടതുപക്ഷത്തിനുണ്ട്. ഉറച്ച സെകുലര്‍ നിലപാട് സ്വീകരിക്കുന്ന ഗവണ്‍മെന്റാണ് കേരളത്തിലേത്. ഇതെല്ലാം ഇടതുപക്ഷത്തിന് മുന്‍ തിരഞ്ഞെടുപ്പിനെക്കാള്‍ ജനങ്ങളുടെ കൂടിയ പിന്തുണ കിട്ടുന്ന ഘടകങ്ങളായിട്ടാണ് കാണുന്നത്. ആലത്തൂര്‍ പൊതുവേ ഇടതുപക്ഷ ആഭിമുഖ്യമുള്ള മണ്ഡലമാണ്. ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ ആറും ഇടതുപക്ഷത്തിന് മഹാ ഭൂരിപക്ഷമുള്ള മണ്ഡലമാണ്. 43 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഒരു മണ്ഡലം യുഡിഎഫിനൊപ്പമുള്ളത്. അതുകൊണ്ട് ഈ തിരഞ്ഞെടുപ്പിനെ സംബന്ധിച്ചടത്തോളം വലിയ ഭൂരിപക്ഷത്തില്‍ ആലത്തൂരില്‍ വീണ്ടും ഇടതുപക്ഷം ജയിക്കുന്ന തിരഞ്ഞെടുപ്പായി മാറും. 

Content Highlights; PK Biju, Alathur ldf candidate, 2019 lok sabha election