പാലക്കാട്: കുമാരന്നൂരില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് സ്ഥാനാര്‍ഥിയെത്തുമ്പോഴേക്കും ഊണിന് ഇലയിട്ടിരുന്നു. സമയം പന്ത്രണ്ടര ആവുന്നതേയുള്ളൂ. രാവിലെ ഏഴരയ്ക്ക് തത്തമംഗലം പാറക്കളത്തുനിന്ന് തുടങ്ങിയതാണ് പ്രചാരണം. സി.പി.എം. എരുത്തേമ്പതി ലോക്കല്‍ കമ്മിറ്റി അംഗം ജി. രംഗനാഥന്റെ വീട്ടിലായിരുന്നു ഊണൊരുക്കിയിരുന്നത്. കൂടെവന്ന പ്രവര്‍ത്തകരൊക്കെ ആദ്യമിരിക്കട്ടെയെന്ന് പറഞ്ഞ് ആലത്തൂര്‍ ലോക്സഭാമണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി പി.കെ. ബിജു മുറിക്കകത്തേക്കൊന്ന് മുങ്ങി. 

രംഗനാഥനെന്നുപറഞ്ഞാല്‍ കുമാരന്നൂരുകാര്‍ ആരെന്ന് തിരികെ ചോദിക്കും. ബംഗാരു എന്നേ നാട്ടിലറിയൂ. ഭാര്യ ആര്‍. കാര്‍ത്തികേയനി എട്ടാംവാര്‍ഡ് പ്രതിനിധിയുമാണ്. സ്ഥാനാര്‍ഥി എത്തുന്നതറിഞ്ഞ് അടുക്കളയില്‍ മെമ്പറുടെ നേതൃത്വത്തില്‍ ആഘോഷമായിരുന്നു. 

തമിഴ്‌നാട് അതിര്‍ത്തിപ്രദേശമാണ് കുമാരന്നൂര്‍. വട, പായസം ഉള്‍പ്പെടെയുള്ള സദ്യ. നല്ല ഉശിരന്‍ കൊത്തുകോഴിയുടെ ഇറച്ചിക്കറിയുണ്ട്. ഊണുകഴിഞ്ഞുവന്ന നിയോജകമണ്ഡലം കണ്‍വീനര്‍ ഇ.എന്‍. സുരേഷ് ബാബു സഹപ്രവര്‍ത്തകര്‍ക്ക് ഊണിനാവേശം പകര്‍ന്നു. 

അതിനിടയ്ക്ക് മുഖമൊക്കെ കഴുകി പി.കെ. ബിജു നാക്കിലയ്ക്ക് മുന്നിലെത്തി. ഇല തിരിച്ചിട്ടുകൊടുത്ത പ്രവര്‍ത്തകനെ ഇ.എന്‍. രവീന്ദ്രന്‍ തിരുത്തി. ഇലയുടെ നാക്ക് ഇടതുകൈയിന്റെ ഭാഗത്തേക്ക് വരണം. നമ്മളായിട്ട് ആചാരം തെറ്റിക്കേണ്ട. ഇടതുമുന്നണി പ്രവര്‍ത്തകരായ ഷാജഹാനും ഹരിപ്രകാശും ചെന്താമരയും സ്വാമിനാഥനുമൊക്കെ അടങ്ങുന്ന സംഘം രവീന്ദ്രന്റെ വാക്കുകള്‍ ശരിവെച്ചു.

ഇലത്തുമ്പത്ത് ആദ്യം മധുരം വിളമ്പി. പിന്നാലെ വട, അവിയല്‍, തോരന്‍, അപ്ലം എന്നറിയപ്പെടുന്ന തമിഴ്‌നാട് പപ്പടം, എല്ലാം ഇലയിലെത്തി. പൊന്നി അരിയുടെ ചോറാണ്. 
ഇവിടെ മട്ട അരി ഉപയോഗം കുറവാണ്. പാലക്കാടിന് പുറത്താണ് പാലക്കാടന്‍ മട്ടയ്ക്ക് പേര്. ബിജു ചോറുവിളമ്പുന്നതിനിടെ പറഞ്ഞു. ചൂട് പറക്കുന്ന ഇറച്ചിക്കറിയെത്തിയപ്പോള്‍ രണ്ടുകൈയും നിവര്‍ത്തി തടഞ്ഞു. ഇറച്ചിക്കറിയൊക്കെ ചൂടുകാലവും തിരഞ്ഞെടുപ്പും കഴിഞ്ഞ് എന്ന നിലപാടിലുറച്ചുനിന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് ഉച്ചയ്ക്ക് തയിര്‍സാദം കഴിച്ചുമടങ്ങിയത് ഓര്‍മയില്ലേ. സുരേഷ് ബാബുവിന്റെ ചോദ്യത്തിന് ബിജുവിന്റെ മറുപടി ചെറുചിരിയായിരുന്നു. ഊണുകഴിഞ്ഞ്, തിരഞ്ഞെടുപ്പിനെക്കുറിച്ചും പ്രതീക്ഷകളെക്കുറിച്ചും 'മാതൃഭൂമി'യോട് അല്പനേരം:

? വോട്ടര്‍മാരോട് പറയാനുള്ളത്

രാഷ്ട്രീയപ്രബുദ്ധതയുള്ള മണ്ഡലമാണ്. ദേശീയരാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന്റെ പ്രസക്തി വലുതാണ്. ആലത്തൂരില്‍ ആ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കാനാണ് ശ്രമം. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിവസത്തെ ഭരണനേട്ടം സാധാരണക്കാരിലെത്തിക്കാനായിട്ടുണ്ട്. ഒപ്പം പത്തുവര്‍ഷത്തെ വികസനപ്രവര്‍ത്തനങ്ങളും. ഇത് മൂന്നുംതന്നെയാണ് പറയാനുള്ളത്. 

? എന്തിന് ബിജുവിന് വോട്ടുചെയ്യണം 

ജനകീയപ്രശ്‌നങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ സാധിക്കുന്നു. തുടര്‍വികസനത്തിന് ഒരുവോട്ട്. അതാണ് ഇടതുമുന്നണിയും സ്ഥാനാര്‍ഥിയെന്ന നിലയ്ക്ക് ഞാനും ആവശ്യപ്പെടുന്നത്. 

? അഞ്ചുവര്‍ഷത്തിനിടെ മണ്ഡലത്തില്‍ ചെയ്ത ഏറ്റവും മികച്ച കാര്യം

മണ്ഡലത്തില്‍ 200 കുടിവെള്ളപദ്ധതികള്‍. കാല്‍ലക്ഷംപേര്‍ക്ക് കുടിവെള്ളം. മഴനിഴല്‍ പ്രദേശമുള്‍പ്പെടുന്ന മേഖലകളില്‍ ഇതുതന്നെയാണ് പ്രധാനമെന്ന് കരുതുന്നു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ഡേ കെയര്‍ കീമോതെറാപ്പി കേന്ദ്രം പ്രവര്‍ത്തനം തുടങ്ങാനായത് ആരോഗ്യചികിത്സാരംഗത്തെ നാഴികക്കല്ലാണ്. പൂര്‍ണമായി പ്രവര്‍ത്തനസജ്ജമായാല്‍ ലോകോത്തര കാന്‍സര്‍ ചികിത്സാസൗകര്യം മണ്ഡലത്തിലുണ്ടാവും. ഇത് ആലത്തൂര്‍, ചിറ്റൂര്‍പോലുള്ള താലൂക്ക് ആശുപത്രികളുമായി ബന്ധപ്പെടുത്തി ടെലി മെഡിസിന്‍ സൗകര്യവും കൊണ്ടുവരും. 

? ചെയ്യാനാവാതെ പോയത്

തരൂര്‍ മണ്ഡലത്തിലെ പുതുക്കോട്ട് ഐ.എസ്.ആര്‍.ഒ.യുടെ സഹായത്തോടെ  ഒരു ലൈബ്രറി- പഠനഗവേഷണകേന്ദ്രത്തിന് പദ്ധതി തയ്യാറാക്കിയിരുന്നു. സ്ഥലം കിട്ടാതായതോടെ അതുമുടങ്ങി. ഫിനിഷിങ് സ്‌കൂള്‍ മാതൃകയിലാണ് ഉദ്ദേശിച്ചിരുന്നത്.

? വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ മുന്‍ഗണന എന്തിനാവും

കുടിവെള്ളത്തിനുതന്നെ. കൂടുതല്‍ സ്ഥലത്ത് കുടിവെള്ളമെത്തിക്കണം. പരമ്പരാഗതരീതികള്‍ വിട്ട് വെള്ളം പാഴാക്കാതെയുള്ള കൃഷിരീതികള്‍ക്ക് പദ്ധതി തയ്യാറാക്കും.

? മണ്ഡലത്തില്‍ കാണാത്തയാളെന്ന എതിരാളികളുടെ ആരോപണം

തിരഞ്ഞെടുപ്പുകാലത്ത് വേറൊന്നും പറയാനില്ലാത്തതുകൊണ്ട് ഉന്നയിക്കുന്ന ആരോപണമാണ്. 2,200 കോടിയുടെ വികസനത്തിനുള്ള ഫണ്ടാണ് വിവിധ ഏജന്‍സികള്‍വഴി ആലത്തൂര്‍ മണ്ഡലത്തിലെത്തിച്ചത്. ഇവയുടെയൊക്കെ തറക്കല്ലിടലിനും ഉദ്ഘാടനത്തിനും എത്തിയതൊന്നും അവര്‍ അറിഞ്ഞുകാണില്ല. ജനപ്രതിനിധി ലോക്സഭയില്‍ നിര്‍വഹിക്കേണ്ട ഉത്തരവാദിത്തവും കൃത്യമായി നിര്‍വഹിച്ചു. ആരോപണങ്ങള്‍ക്ക് മറുപടി കണക്കുകള്‍ പറയും.

? വടക്കഞ്ചേരി -മണ്ണുത്തി പാത പണിമുടങ്ങിയിട്ട് പത്തുമാസമാവുന്നു 

തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. സാമ്പത്തികഭദ്രതയില്ലാത്ത ഏജന്‍സിയെ ഒന്നുകില്‍ പറഞ്ഞുവിടണം. അതല്ലെങ്കില്‍ പണി പൂര്‍ത്തിയാക്കാന്‍ പദ്ധതിവേണം. പണി പൂര്‍ത്തിയാവാതെ ടോള്‍പിരിക്കാന്‍ അനുവദിക്കില്ല. വടക്കഞ്ചേരിയിലെ മേല്പാലത്തിന് പാരിസ്ഥിതികാനുമതിയില്ലാതെ മണ്ണെടുക്കാനും പറ്റുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. 

? പൊള്ളാച്ചി തീവണ്ടിപ്പാതയില്‍ വാഗ്ദാനങ്ങളൊന്നും നടപ്പായില്ലല്ലോ

പൊള്ളാച്ചിപ്പാതയില്‍ ഒന്നും നടക്കാത്തതിന് ഉത്തരവാദികള്‍ ബി.ജെ.പി.യും കേന്ദ്രസര്‍ക്കാരുമാണ്. അവര്‍ മറുപടി പറയണം. രാമേശ്വരത്തുനിന്ന് മൂകാംബികയിലേക്കും ഗുരുവായൂരിലേക്കും തീര്‍ത്ഥാടനപാത, മംഗലാപുരത്തേക്കും എറണാകുളത്തേക്കും ചരക്ക് ഇടനാഴി തുടങ്ങിയ പദ്ധതികള്‍ക്കായി ലോക്സഭയില്‍ പലതവണ ശബ്ദമുയര്‍ത്തി. 

? മത്സരം എങ്ങനെയുണ്ട് 

മുമ്പത്തെ രണ്ട് തിരഞ്ഞെടുപ്പുകളേക്കാളും ഭൂരിപക്ഷം വര്‍ധിക്കും. പ്രവര്‍ത്തകരുടെ ആവേശവും പങ്കാളിത്തവും നല്‍കുന്ന പ്രതീക്ഷയാണിത്. ഇടതുമുന്നണിസംവിധാനം എണ്ണയിട്ടപോലെ ചലിക്കുന്നതിനാല്‍ ആശങ്കകള്‍ക്കും അടിസ്ഥാനമില്ല. 

തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന എരുത്തേമ്പതി മണ്ഡലത്തിന്റെ വിവിധഭാഗങ്ങളിലെ പര്യടനം രാവിലെ ഏഴരയ്ക്ക് തുടങ്ങിയതാണ്. അടുത്ത യാത്ര തുടങ്ങുംമുമ്പ് ചെറിയ വിശ്രമം. പിന്നെ വീണ്ടും പ്രവര്‍ത്തകര്‍ക്കിടയിലേക്ക്. 

Content Highlights; PK Biju, Alathur Loksabha LDF Candidate,