ടതുപക്ഷം ഉറച്ച വിജയപ്രതീക്ഷ വച്ചുപുലര്‍ത്തിയ ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ അട്ടിമറി ജയം സ്വന്തമാക്കി രമ്യ ഹരിദാസ്. ഇടതും-വലതും തമ്മില്‍ ശക്തമായ മത്സരം നടക്കുമെന്ന് കരുതിയ മണ്ഡലത്തില്‍ ഒന്നരലക്ഷത്തിലേറെ വോട്ടിന്റെ (1,58,968) വന്‍ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസിന്റെ യുവ വനിതാ സാരഥിയായ രമ്യയുടെ മിന്നുന്ന വിജയം. കഴിഞ്ഞ തവണ പികെ ബിജു നേടിയ 37,312 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇത്തവണ രമ്യ അഞ്ചിരട്ടിയോളമാക്കി തിരുത്തിക്കുറിച്ചത്. 2008-ല്‍ ആലത്തൂര്‍ ലോക്സഭാ മണ്ഡലം രൂപീകൃതമായ ശേഷം കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും സിപിഐഎം സ്ഥാനാര്‍ഥി പികെ ബിജു വിജയിച്ച മണ്ഡലത്തിലാണ് സിറ്റിങ് എംപി ബിജുവിനെ തന്നെ അട്ടിമറിച്ച് മുപ്പത്തിമൂന്നുകാരിയായ രമ്യ ഹരിദാസ് ലോക്സഭയിലേക്കെത്തുന്നത്. 

മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും വ്യക്തമായ ഭൂരിപക്ഷം നേടിയാണ് രമ്യയുടെ കുതിപ്പ്. തരൂര്‍, ചിറ്റൂര്‍, നെന്‍മാറ, ആലത്തൂര്‍, കുന്നംകുളം, വടക്കാഞ്ചേരി, ചേലക്കര എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും കഴിഞ്ഞ തവണ കോണ്‍ഗ്രസ് ഏറെ പിന്നിലായിരുന്നുവെന്നതും ശ്രദ്ധേയമാണ്. ആലത്തൂര്‍ മണ്ഡലം രൂപകൃതമാകുന്നതിന് മുമ്പ് ഒറ്റപ്പാലമായിരുന്ന മണ്ഡലം 1993 മുതല്‍ ഇടതുപക്ഷത്തോടൊപ്പമാണ്. ഇടത്തോട്ടുള്ള തുടര്‍ച്ചയായ ഈ വിജയക്കുതിപ്പിന് കൂടിയാണ് ഇത്തവണ വിരാമമായത്. 5,33,815 വോട്ടുകള്‍ സ്വന്തമാക്കിയാണ് ലോക്സഭയിലേക്ക് കന്നി അങ്കത്തില്‍തന്നെ രമ്യ വിജയക്കൊടി പാറിച്ചത്. കഴിഞ്ഞ തവണ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് 3,74,496 വോട്ടായിരുന്നു ആകെ ലഭിച്ചത്. 2009-ല്‍ 3,87,352 വോട്ടും 2014-ല്‍ 4,11,808 വോട്ടും പെട്ടിയിലാക്കിയ പികെ ബിജുവിന് ഇത്തവണ ലഭിച്ചത് 3,74,847 വോട്ടുകള്‍ മാത്രമാണ്. മൂന്നാം സ്ഥാനത്തുള്ള മുന്‍ സിപിഎം നേതാവ് കൂടിയായ ബിഡിജെഎസ് സ്ഥാനാര്‍ഥി ടിവി ബാബുവിന് 89837 വോട്ടുകളാണ് പെട്ടിയിലാക്കാന്‍ സാധിച്ചത്. കഴിഞ്ഞ തവണയുള്ളതിനെക്കാള്‍ 2034 വോട്ടുകള്‍ മാത്രം കൂടുതല്‍ നേടാനെ എന്‍ഡിഎ സഖ്യത്തിന് സാധിച്ചുള്ളു.

യുവ വനിതാ സ്ഥാനാര്‍ഥി എന്ന നിലയില്‍ മണ്ഡലത്തിന് പുറത്തേക്ക് പോലും ലഭിച്ച അപ്രതീക്ഷിത ജനപ്രീതിയാണ് രമ്യയുടെ വിജയത്തിലേക്ക് വഴിവെച്ചത്. സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത് മുതല്‍ രമ്യയ്ക്ക് ലഭിച്ച വലിയ സോഷ്യല്‍ മീഡിയ പിന്തുണ കോണ്‍ഗ്രസിന് കാര്യങ്ങള്‍ എളുപ്പമാക്കി. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളില്‍ പാട്ടുംപാടിയുള്ള സ്ഥാനാര്‍ഥിയുടെ വോട്ടുപിടുത്തം പോലും ആലത്തൂരിലെ ജനങ്ങള്‍ക്കിടയില്‍ ഏറെ സ്വാധീനിച്ചെന്നാണ് വിലയിരുത്തല്‍. ഇടത് കോട്ടകളില്‍നിന്ന് നിരവധി വോട്ടുകള്‍ ചോര്‍ന്നതും കോണ്‍ഗ്രസിന് അനുകൂലമായി. രമ്യയ്‌ക്കെതിരേ എ വിജയരാഘവന്‍ നടത്തിയ വ്യക്തിപരമായ അധിക്ഷേപങ്ങളും അതിന് പിന്നാലെയുള്ള കേസും മണ്ഡലത്തില്‍ പ്രധാന തിരഞ്ഞെടുപ്പ് വിഷയങ്ങളായും മാറി. ഇതിനൊപ്പം മണ്ഡലത്തിലെ പോസ്റ്റര്‍ വിവാദവും രമ്യയുടെ പ്രചാരണ രീതിയെ പരിഹസിച്ചുള്ള ദീപ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റും പിന്നീടുള്ള മറുവാദങ്ങളും മണ്ഡലത്തെ ലൈവാക്കി നിര്‍ത്തി. സംസ്ഥാനത്തെ പ്രചാരണ വേളകളിലുടനീളമുള്ള സോഷ്യല്‍ മീഡിയ ചര്‍ച്ചകളിലും ആലത്തൂര്‍ മണ്ഡലം ട്രെന്റിങ്ങിലേക്ക് വന്നെത്തി. 

ramya haridas

മഴനിഴല്‍പ്രദേശമായ വടകരപ്പതിമേഖല, പഴയ ആദിവാസിമേഖല ഉള്‍ക്കൊള്ളുന്ന മുതലമട, തോട്ടം മേഖലയുള്‍പ്പെടുന്ന നെല്ലിയാമ്പതി, തിരക്കേറിയ വാണിജ്യകേന്ദ്രമായ കുന്നംകുളം. ഇങ്ങനെ വൈവിധ്യങ്ങളേറെയാണെങ്കിലും അടിസ്ഥാനപരമായി കാര്‍ഷികമണ്ഡലമാണ് ആലത്തൂര്‍. കാര്‍ഷികമേഖലയിലെ ചലനങ്ങളും കുടിവെള്ളവുമൊക്കെ ഇത്തവണയും തിരഞ്ഞെടുപ്പില്‍ മുഖ്യ ചര്‍ച്ചാ വിഷയങ്ങളായി. കുടിവെള്ള പ്രശ്‌നം പൂര്‍ണമായും പരിഹരിക്കാന്‍ ബിജുവിന് സാധിക്കാതിരുന്നതും ജനങ്ങളെ മാറ്റിചിന്തിപ്പിച്ചെന്നു വേണം വിലയിരുത്താന്‍. ചിറ്റൂര്‍ മേഖലയിലടക്കം കുടിവെള്ള പ്രശ്‌നം രൂക്ഷമായത് കാരണം കഴിഞ്ഞ തവണ ഇരുപതിനായിരത്തിലേറെ നോട്ട വോട്ടുകളുണ്ടായിരുന്ന സ്ഥാനത്ത് ഇത്തവണ മണ്ഡലത്തില്‍ ഏകദേശം എണ്ണായിരത്തോളം വോട്ടുകളാണ് നോട്ടയിലേക്ക് പോയത്. 

സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരത്തിന് ശേഷം ഏറെ ശ്രദ്ധിക്കപ്പെട്ട മണ്ഡലവും ആലത്തൂരാണ്. ചേലക്കര എംഎല്‍എയും മുന്‍ സ്പീക്കറുമായ കെ രാധാകൃഷ്ണന്‍ സ്ഥാനാര്‍ഥിയായി എത്തുമെന്ന അഭ്യൂഹങ്ങളുണ്ടായെങ്കിലും ഏറെ നേരത്തെ സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട സിപിഐഎം പികെ ബിജുവിന് മൂന്നാമതും അവസരം നല്‍കി. തൊട്ടുപിന്നാലെ കോണ്‍ഗ്രസ് പട്ടികയില്‍ അപ്രതീക്ഷിത സ്ഥാനാര്‍ഥിയായി കോഴിക്കോടുനിന്ന് രമ്യ ഹരിദാസിന്റെ കടന്നുവരവ് യുഡിഎഫ് ക്യാമ്പിനെ വളരെപ്പെട്ടെന്ന് തന്നെ ഊര്‍ജസ്വലമാക്കി. പ്രചാരണത്തിന്റെ തുടക്കത്തില്‍ പികെ ബിജു വിജയം ഉറപ്പിച്ച മണ്ഡലത്തില്‍ പ്രചാരണം പകുതി പിന്നിട്ടപ്പോഴെക്കും ഏറെക്കുറെ ഇടത്-വലത് തുല്യ പോരാട്ടത്തിന്റെ ചൂടിലേക്ക് മാറിയിരുന്നു. ബിജെപിക്ക് ശക്തമായ അടിത്തറയില്ലാത്ത ആലത്തൂരില്‍ എന്‍ഡിഎ പക്ഷത്ത് ബിഡിജെഎസ് സ്ഥാനാര്‍ഥിയായി ടിവി ബാബു എത്താന്‍ ഏറെ വൈകിയത് എന്‍ഡിഎയ്ക്കും തിരിച്ചടിയായി. 

Ramya haridas

പാലക്കാട് ജില്ലയിലെ നാലും തൃശ്ശൂര്‍ ജില്ലയിലെ മൂന്നും നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് ആലത്തൂര്‍. തരൂര്‍, ചിറ്റൂര്‍, നെന്‍മാറ, ആലത്തൂര്‍, ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി എന്നീ നിയമസഭാ മണ്ഡലങ്ങളിലെല്ലാം വ്യക്തമായ ഭൂരിപക്ഷം ഇത്തവണ കോണ്‍ഗ്രസിന് ലഭിച്ചു. 2014-ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന പികെ ഷീബയെ പിന്നിലാക്കി ഏഴിടങ്ങളിലും പികെ ബിജു മുന്നിലെത്തിരുന്നു. ആലത്തൂരില്‍ മാത്രം പതിനായിരത്തിലേറെ വോട്ടിന് മുന്നിലെത്തിയ ബിജു ചിറ്റൂരില്‍ ആറായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷവും നേടിയിരുന്നു. തരൂരിലും നെന്മാറിയിലും ലീഡ് അഞ്ചായിരത്തിനടത്തും. രമ്യയുടെ അപ്രതീക്ഷിത കുതിപ്പില്‍ ഈ കണക്കുകളൊന്നും ഇത്തവണ കോണ്‍ഗ്രസിന് വെല്ലുവിളി ഉയര്‍ത്തിയതേ ഇല്ല.  

നിയമസഭ തിരിച്ച് ലീഡ് നില 

   തരൂര്‍   ചിറ്റൂര്‍   നെന്മാറ   ആലത്തൂര്‍   ചേലക്കര   കുന്നംകുളം   വടക്കാഞ്ചേരി 
 2014, എല്ലായിടത്തും  എല്‍ഡിഎഫ് മുന്നില്‍  4947  6497  4915  10521  3958  3817  2663
 2019,  എല്ലായിടത്തും   യുഡിഎഫ് മുന്നില്‍  24839  23467  30221  22713  23695  14322  19540

 

2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആലത്തൂരിന് കീഴിലുള്ള വടക്കാഞ്ചേരി ഒഴികെയുള്ള ആറ് നിയമസഭാ മണ്ഡലങ്ങളും ഇടതുമുന്നണിക്കൊപ്പം നിന്നിരുന്നു. വടക്കാഞ്ചേരിയില്‍ 43 വോട്ടിന് വിജയം കൈപ്പിടിയിലൊതുക്കിയ അനില്‍ അക്കര മാത്രമാണ് യു.ഡി.എഫ് നിരയില്‍ വിജയിച്ചിരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി യു.ഡി.എഫിനെക്കാള്‍ 91,760 വോട്ടുകള്‍ കൂടുതല്‍ നേടി. എന്നാല്‍ ഈ കണക്കുകളെല്ലാം ഇത്തവണ സംസ്ഥാനത്തെ കോണ്‍ഗ്രസ് തരംഗത്തില്‍ തിരുത്തിക്കുറക്കപ്പെട്ടു. സംസ്ഥാനത്ത് ആലപ്പുഴ, ചാലക്കുടി, കോഴിക്കോട്, വയനാട്, വടകര, കണ്ണൂര്‍ എന്നീ മണ്ഡലങ്ങള്‍ക്കൊപ്പം ഇത്തവണ 80 ശതമാനത്തിലേറെ പോളിങ് നടന്ന മണ്ഡലമാണ് ആലത്തൂര്‍. 80.33 ശതമാനമായിരുന്നു പോളിങ്. 2014 നെ അപേക്ഷിച്ച് അഞ്ച് ശതമാനത്തോളം ഉയര്‍ന്ന പോളിങ് ഇരുപക്ഷത്തിനും അവസാനഘട്ടം വരെ ഒരുപോലെ പ്രതീക്ഷകള്‍ നല്‍കിയെങ്കിലും അന്തിമ ഫലത്തില്‍ ഇത് കോണ്‍ഗ്രസിനും രമ്യ ഹരിദാസിനും തുണയായി...

ramya haridas

രാഹുല്‍ ഗാന്ധി കണ്ടെത്തിയ നേതാവ്...​

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന രമ്യ ഹരിദാസ് മഹിള കോണ്‍ഗ്രസ് നേതാവായിരുന്ന അമ്മ രാധയുടെ വഴിയേയാണ് പൊതുപ്രവര്‍ത്തന രംഗത്തേക്കെത്തിയത്. കെഎസ്‌യു വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ വളരെപ്പെട്ടെന്ന് രാഷ്ട്രീയത്തില്‍ ശോഭിക്കാനും രമ്യയ്ക്ക് സാധിച്ചു. ആറ് വര്‍ഷങ്ങള്‍ക്കു മുമ്പ് ദേശീയ തലത്തില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തിയ ടാലന്റ് ഹണ്ടിലൂടെയാണ് രമ്യ എന്ന രാഷ്ട്രീയക്കാരി വലിയതോതില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. നാടന്‍ പാട്ടുകളും മറ്റും കലര്‍ത്തിയ പ്രസംഗ ശൈലിയും ജനങ്ങള്‍ക്കിടയില്‍ ഏറെ സ്വീകരിക്കപ്പെട്ടു. ഇത്തവണ ആലത്തൂരിലെ പ്രചാരണ വേളയിലും ഇതേ ആയുധം പുറത്തെടുത്തായിരുന്നു രമ്യയുടെ പ്രചാരണങ്ങളത്രയും. 'ആലത്തൂരിന്റെ പെങ്ങളൂട്ടി' എന്ന വിശേഷണം വരെ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ അണികള്‍ രമ്യയ്ക്ക് ചാര്‍ത്തി നല്‍കി. ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടിങ് കഴിഞ്ഞതിന് തൊട്ടുപിന്നാലെ കോഴിക്കോട് കുന്ദമംഗലം ബ്ലോക്കിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രമ്യ രാജി വയ്ക്കുകയും ചെയ്തിരുന്നു. 

Content Highlights; Ramya Haridas, Alathur Constituency Result, Loksabha Election 2019