കോഴിക്കോട്: പരിഗണനാപ്പട്ടികയില്‍ പേര് ഉള്‍പ്പെട്ടതൊന്നും കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ ഹരിദാസിന്റെ പതിവുശൈലികളെ ബാധിച്ചിട്ടേയില്ല. സീറ്റുറപ്പിക്കാന്‍ ഡല്‍ഹിക്കോ തിരുവനന്തപുരത്തേക്കോ വണ്ടികയറാന്‍ നില്‍ക്കാതെ സ്വന്തം പ്രദേശത്ത് എം.കെ. രാഘവനുവേണ്ടി പ്രചാരണം തുടങ്ങി. സീറ്റ് കിട്ടിയാല്‍ സന്തോഷം, ഇല്ലെങ്കിലും പരിഭവമില്ലെന്നായിരുന്നു ആലത്തൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സാധ്യതാപ്പട്ടികയില്‍ ഉള്‍പ്പെട്ട രമ്യയുടെ പ്രതികരണം.
രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ ആറുവര്ഷംമുന്പ് ഡല്‍ഹിയില്‍ നടന്ന ടാലന്റ് ഹണ്ടായിരുന്നു കുറ്റിക്കാട്ടൂരിലെ കൂലിത്തൊഴിലാളി പി.പി. ഹരിദാസന്റെയും രാധയുടെയും മകളുടെ തലവരമാറ്റിയത്. നാലുദിവസമായി നടന്ന ടാലന്റ് ഹണ്ടില്‍ നിലപാടുകളും അഭിപ്രായങ്ങളും വ്യക്തമാക്കി രമ്യ തിളങ്ങിയപ്പോള്‍ രാഹുല്‍ അവരിലെ നേതൃപാടവം തിരിച്ചറിഞ്ഞു.
കെ.എസ്.യു.വിലൂടെ പ്രവര്‍ത്തനം തുടങ്ങിയശേഷം ഗാന്ധിയന്‍ സംഘടനയായ ഏകതാപരിഷത്തിന്റെ മുഖ്യപ്രവര്‍ത്തകയായി. ഏകതാപരിഷത്ത് നടത്തിയ ആദിവാസി-ദളിത് സമരങ്ങളില്‍ പങ്കെടുത്തു. ഗാന്ധിയന്‍ ഡോ. പി.വി. രാജഗോപാലിന്റെ നേതൃത്വത്തില്‍ രാജ്യത്തിന്റെ പലഭാഗങ്ങളില്‍ സമരങ്ങളില്‍ അണിചേര്‍ന്നു.
2015 മുതല്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ്. 2012-ല്‍ ജപ്പാനില്‍ നടന്ന ലോകയുവജനസമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്. ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ കോ-ഓര്‍ഡിനേറ്റര്‍മാരില്‍ ഒരാളാണ്.
ജില്ല, സംസ്ഥാന സ്കൂള്‍ കലോത്സവങ്ങളില്‍ നൃത്തം, ദേശഭക്തിഗാനം തുടങ്ങിയ ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടിയിട്ടുള്ള രമ്യ വരുമാനത്തിനായി ഇടയ്ക്ക് നൃത്താധ്യാപികയായിട്ടുണ്ട്. ഇന്ദിരാ ആവാസ് യോജന പദ്ധതിയിലൂടെ ലഭിച്ച തുക ഉപയോഗിച്ചാണ് അടുത്തിടെ ഒരു കൊച്ചുവീട് നിര്‍മിച്ചത്.
സാധ്യതാപ്പട്ടികയിലുണ്ടെന്ന വിവരം നേതൃത്വം അറിയിക്കുകയും മാധ്യമങ്ങളിലൂടെ അറിയുകയും ചെയ്തതല്ലാതെ കൂടുതലൊന്നും രമ്യയ്ക്ക് അറിയില്ല. സംവരണമണ്ഡലമായ ആലത്തൂരില്‍ മുന്‍മന്ത്രി എ.പി. അനില്‍കുമാര്‍, എ. ശ്രീലാല്‍ എന്നിവരാണ് രമ്യയ്ക്കുപുറമേ പരിഗണനയിലുള്ളത്.
Content Highlights; Ramya haridas, Alathur lok sabha constituency