തൃശ്ശൂര്‍: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെയുണ്ടായ കല്ലേറില്‍ ആലത്തൂരിലെ യുഡിഎഫ്  സ്ഥാനാര്‍ഥി രമ്യ ഹരിദാസിന് പരിക്കേറ്റു. 

രമ്യ ഹരിദാസ് സഞ്ചരിച്ച വാഹത്തിനു നേരെയുണ്ടായ കല്ലേറിലാണ് അവര്‍ക്ക് പരിക്കേറ്റത്. രമ്യ ഹരിദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എംഎല്‍എമാരായ അനില്‍ അക്കര, കെ ഡി പ്രസേനന്‍ എന്നിവര്‍ക്കും ഒരു പോലീസുകാരനും പരിക്കേറ്റിട്ടുണ്ട്. 

അക്രമം പരാജയഭീതി മൂലം: ഉമ്മന്‍ ചാണ്ടി

തെരഞ്ഞെടുപ്പു പ്രചാരണ സമാപന ദിവസം ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യഹരിദാസ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കും യുഡിഎഫ് പ്രവര്‍ത്തകര്‍ക്കുമെതിരേ നടന്ന അക്രമങ്ങളെ എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി അപലപിച്ചു. 

പോലീസ് ഈ അക്രമങ്ങളിലെല്ലാം കാഴ്ചക്കാരായി നില്‍ക്കുകയാണ് ചെയ്തത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ. ആന്റണിയും തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരും നടത്തിയ റോഡ് ഷോ വരെ തടയപ്പെട്ടു. കേരളത്തിന്റെ സമീപകാല ചരിത്രത്തില്‍ ഇത്രയും വ്യാപകമായ രീതിയില്‍ അക്രമം അഴിച്ചുവിട്ടിട്ടില്ല. പരാജയഭീതി മാത്രമാണ് അക്രമങ്ങളുടെ പിന്നില്‍. ഇതുകൊണ്ടൊന്നും യുഡിഎഫ് പ്രവര്‍ത്തകരെ നിര്‍വീര്യമാക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: ramya haridas, Alathur, stone pelting, lok sabha election 2019