കോഴിക്കോട്:  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്ന് പാര്‍ട്ടിയോട് പറഞ്ഞിട്ടുള്ളതായി ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ്. എന്നാല്‍ പാര്‍ട്ടി ഇതുവരെ  ഈ വിഷയത്തില്‍ തീരുമാനം പറഞ്ഞിട്ടില്ല. ആലത്തൂരില്‍ തനിക്ക് വലിയ ഭൂരിപക്ഷത്തില്‍ വിജയം ഉറപ്പാണെന്നും രമ്യ ഹരിദാസ് മാതൃഭൂമി ഡോട്ട് കോമിനോട് വ്യക്തമാക്കി.

സ്ഥാനാര്‍ഥിയായി തീരുമാനിച്ച സമയത്ത് തന്നെ ഇക്കാര്യം പാര്‍ട്ടിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാര്‍ട്ടി അതിന് വലിയ പ്രാധാന്യം കൊടുത്തില്ല. വലിയൊരു ഉത്തരവാദിത്വമാണ് പാര്‍ട്ടി ആലത്തൂരില്‍ തന്നെ ഏല്‍പ്പിച്ചത്. ആ പ്രവര്‍ത്തനങ്ങളില്‍ കുറച്ചുകൂടെ ഊന്നല്‍ കൊടുക്കേണ്ടതുണ്ട്. 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോലുള്ള ഒരു സ്ഥാനത്തിരിക്കുമ്പോള്‍ അവിടെ കേന്ദ്രീകരിച്ച് നില്‍ക്കാന്‍ കഴിയണം. പത്തിരുപത് ദിവസത്തോളം അവിടെ നിന്ന് മാറി നില്‍ക്കേണ്ടിവന്നു. രാജിവെക്കാന്‍ തീരുമാനിച്ചതിന് പിന്നില്‍ ബ്ലോക്ക് പഞ്ചായത്തിലെ പ്രത്യേക സാഹചര്യവുമുണ്ട്.

ആലത്തൂരില്‍ വിജയം ഉറപ്പാണ്. മികച്ച ഭൂരിപക്ഷവും ആലത്തൂരുകാര്‍ തനിക്ക് തരും. ആരോഗ്യ പ്രശ്‌നങ്ങള്‍ ശരിയായി വരികയാണ്. ഇപ്പോള്‍ കോഴിക്കോടാണ് ഉള്ളത്. 29 ന് തിരിച്ച് ആലത്തൂരേക്ക് മടങ്ങുമെന്നും രമ്യ ഹരിദാസ് വ്യക്തമാക്കി.

content highlights: Ramya Haridas, Congress, UDF, Alathur, Lok sabha election 2019