ആലത്തൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ ഉറച്ച മണ്ഡലങ്ങളിലൊന്നാണ് ആലത്തൂര്‍. എന്നാല്‍ എന്തുവില കൊടുത്തും ഇത്തവണ ആലത്തൂര്‍ പിടിച്ചെടുക്കാന്‍ കച്ചകെട്ടിയാണ് യുഡിഎഫ് തിരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങുന്നത്. പാര്‍ലമെന്റിലേക്ക് ഹാട്രിക് വിജയം ലക്ഷ്യമിടുന്ന പികെ ബിജുവിന്റെ കൈകളില്‍ ആലത്തൂര്‍ സുരക്ഷിതമാണെന്ന ശുഭപ്രതീക്ഷയിലാണ് എല്‍ഡിഎഫ് ക്യാമ്പ്‌. ജനപ്രിയനായ പികെ ബിജുവിനെ നേരിടാന്‍ രണ്ട് പേരുകളാണ് കോണ്‍ഗ്രസ് സാധ്യതാ പട്ടികയിലുള്ളത്‌. നിലവിലെ വണ്ടൂര്‍ എംഎല്‍എയും മുന്‍ മന്ത്രിയുമായ എപി അനില്‍കുമാറിനെയും സത്രീ സാന്നിധ്യമായി രമ്യ ഹരിദാസിനെയുമാണ്‌ കോണ്‍ഗ്രസ് പരിഗണിക്കുന്നത്. അതേസമയം തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും അസൗകര്യം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ടെന്നും എപി അനില്‍കുമാര്‍ മാതൃഭൂമി ഡോട്ട് കോമിനോട് വ്യക്തമാക്കി.

സ്ഥാനാര്‍ഥിയാകുന്ന കാര്യം പാര്‍ട്ടി സംസാരിച്ചിരുന്നു. ഉത്തരവാദിത്തപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പാര്‍ട്ടി എന്ത് പറഞ്ഞാലും അനുസരിക്കും. എന്നാല്‍ മത്സരിക്കാനുള്ള ബുദ്ധിമുട്ട് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ആലത്തൂര്‍ എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റാണെങ്കിലും ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ യുഡിഎഫില്‍ ആരു മത്സരിച്ചാലും മണ്ഡലത്തില്‍ വിജയ സാധ്യതയുണ്ട്. ദേശീയ തലത്തില്‍ ബിജെപി ഗവണ്‍മെന്റിന്റെനെതിരേയുള്ള ജനവികാരവും സംസ്ഥാന സര്‍ക്കാറിന്റെ അക്രമ രാഷ്ട്രീയവും സാമ്പത്തിക രംഗത്തുള്ള തകര്‍ച്ചയും ഉയര്‍ത്തി കാണിച്ചായിരിക്കും യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുക. 

ശബരിമല വിഷയം ബിജെപിക്ക് തിരിച്ചടി മാത്രമേ നല്‍കു. ഈ വിഷയത്തില്‍ ബിജെപിയുടെ സമീപനം ഒട്ടും ആത്മാര്‍ഥയില്ലാത്തതാണ്. ഹിന്ദുമത വിശ്വാസികളെ വലിയ സമരത്തിലേക്ക് ബിജെപി കൊണ്ടുപോയി. എന്നാല്‍ ഇതിനെ അതിജീവിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വഴി നിയമം കൊണ്ടുവരാനോ, ഓര്‍ഡിനന്‍സ് ഇറക്കാനോ ഉള്ള ശ്രമങ്ങളൊന്നും അവര്‍ നടത്തിയില്ല. ശബരിമല വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് മാത്രമാണ് അവര്‍ ലക്ഷ്യമിട്ടത്. ബിജെപി അണികളില്‍ പോലും അവരുടെ നേതൃത്വത്തിന്റെ ഈ നിലപാടില്‍ അമര്‍ഷമുണ്ട്. വിശ്വാസികളല്ലാത്തവരെ പോലും സന്നിധാനത്തെത്തിക്കാന്‍ ശ്രമിച്ച സിപിഎം ശ്രമം യഥാര്‍ഥ വിശ്വാസികളെ വെല്ലുവിളിക്കുന്നതായിരുന്നു, അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനെതിരേയും ഇതിന്റെ ജനവികാരം പ്രതിഫലിക്കും. 

സിറ്റിങ് എംഎല്‍എമാര്‍ മത്സരിക്കുന്നത് മുന്‍കാലങ്ങളിലും നടന്നിട്ടുള്ളതാണ്. അതില്‍ അസാധാരണമായി ഒന്നുമില്ല. ബിജെപി കേരളത്തില്‍ ഇല്ലാത്തതുകൊണ്ട് ഇത്തരമൊരു സാഹചര്യം അവര്‍ക്കില്ല, ഇനി അങ്ങനെയൊരും സാഹചര്യം അവര്‍ക്കുണ്ടാവുകയും ഇല്ല. എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ സമാനമായ സംഭവങ്ങള്‍ ബിജെപിക്കിടയില്‍ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് എല്‍എഎല്‍മാര്‍ മത്സരിക്കുന്ന കാര്യത്തില്‍ വിമര്‍ശിക്കുമ്പോള്‍ ദേശീയ തലത്തില്‍ എന്താണ് ഇതിനുള്ള മറുപടിയെന്നുകൂടി ബിജെപി പറയണമെന്നും എപി അനില്‍കുമാര്‍ വ്യക്തമാക്കി. 

Content Highlights; Lok sabha election alathur constituency, Ap Anilkumar, Congress candidate