ഇടതുമുന്നണി ഏറെക്കുറെ ജയം ഉറപ്പിച്ച മണ്ഡലങ്ങളിലൊന്നാണ് ആലത്തൂര്‍. കഴിഞ്ഞ രണ്ട് തവണയും പികെ ബിജുവാണ് ആലത്തൂരില്‍ നിന്ന് പാര്‍ലമെന്റിലെത്തിയത്. മൂന്നാം അങ്കത്തിന് ബിജു പോര്‍ക്കളത്തിലുണ്ടാകില്ല. ഇടതുപക്ഷത്ത് കെ രാധാകൃഷ്ണനിലേക്കാണ് സാധ്യതകള്‍ ഉരുത്തിരിയുന്നത്. ഇത്തവണ ആലത്തൂര്‍ മണ്ഡലത്തിലെ ജയസാധ്യതകളെക്കുറിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍ വിശകലനം ചെയ്യുന്നു... 

പാലക്കാട്-ത്യശൂര്‍ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന മണ്ഡലമാണ് ആലത്തൂര്‍. തൃശൂര്‍ ജില്ലയിലുള്ള വടക്കാഞ്ചേരി, കുന്നംകുളം, ചേലക്കര എന്നീ പ്രദേശങ്ങളില്‍ കോണ്‍ഗ്രസിന് നല്ല പ്രാബല്യമുണ്ട്. ഒന്നാഞ്ഞുപിടിച്ചാല്‍ ഇവിടങ്ങളില്‍ മുന്‍തൂക്കം പിടിക്കാം. അതേസമയം പാലക്കാട് ജില്ലയിലേക്ക് കടന്നാല്‍ അത്ര മേല്‍കൈ കോണ്‍ഗ്രസിനില്ല. 

മാത്രമല്ല സംവരണ മണ്ഡലമായതിനാല്‍ കോണ്‍ഗ്രസ് ശക്തനായ ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്തി പരീക്ഷിക്കാറുമില്ല. ഓരോതവണയും പല സ്ഥാനാര്‍ഥികളെയും മാറിമാറി പരീക്ഷിക്കും. ഇവര്‍ക്കു വേണ്ടി കൃത്യമായി ഫണ്ട് വരുകയുമില്ല കൃത്യമായ പ്രചരണവും നടക്കാറില്ല. അത്തരത്തില്‍ നിരുന്‍മേഷപരമായ തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ആലത്തൂര്‍. തിരഞ്ഞെടുപ്പ് സമയത്ത് തിരഞ്ഞെടുപ്പിന്റെ യാതൊരു പ്രതീതിയും ആലത്തൂറില്‍ കാണാറില്ല. പണത്തിന്റെ പോരായ്മ കോണ്‍ഗ്രസിന്റെ പ്രചരണത്തെ ബാധിക്കും. അതനുസരിച്ച് കൃത്യസമയത്ത് വോട്ടര്‍മാരെ ബൂത്തിലെത്തിക്കുന്നതില്‍ വീഴ്ചയുണ്ടാകും. കിട്ടാവുന്ന വോട്ടുകള്‍ തന്നെ പെട്ടിയില്‍ വരികയില്ലെന്നതാണ് കോണ്‍ഗ്രസ് അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം. 

കൊടിക്കുന്നില്‍ സുരേഷിന് മാവേലിക്കരയിലുണ്ടാക്കന്‍ കഴിയുന്ന രീതിയിലുള്ള ഒരോളം ആലത്തൂര്‍ മത്സരിക്കുന്ന യുഡിഫ് സ്ഥാനാര്‍ഥിക്കോ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കോ ഉണ്ടാക്കാന്‍ സാധിക്കില്ല. അതുകൊണ്ടാണ് തോല്‍ക്കുന്നത്. നേരെമറിച്ച് നല്ലപോലെ പണം ചെലവഴിച്ച് മത്സരിക്കാന്‍ പറ്റുന്ന ജനകീയനായ സ്ഥാനാര്‍ഥിയെ കൊണ്ടുവന്നാല്‍ കോണ്‍ഗ്രസിന് ജയത്തിലേക്ക് ശ്രമിക്കാവുന്നതാണ്. പക്ഷേ അത്തരത്തിലുള്ള ഒരു ശ്രമവും അടുത്തകാലത്തൊന്നും കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. കെആര്‍ നാരായണന് ശേഷം മണ്ഡലം ഏറെക്കുറേ ഇതേ അവസ്ഥയിലാണ്. 

ആലത്തൂരില്‍ ബിജെപി വലിയൊരു ശക്തിയല്ല. അവരുതന്നെ ഏറെക്കുറെ എഴുതിത്തള്ളിയ സ്ഥലമാണിത്. പിന്നെ അയ്യപ്പവികാരവും എല്ലാകൂടി ചേര്‍ന്ന് കോണ്‍ഗ്രസിന് ജയമെന്നത് വളരെ വിദൂരമാണ്. ഇടതുപക്ഷത്തിന് ഏറ്റവും ജയപ്രതീക്ഷയുള്ള സ്ഥലമാണ് ആലത്തൂര്‍. 

കെ രാധാകൃഷ്ണനാണ് സ്ഥാനാര്‍ഥിയെങ്കില്‍ കുറച്ചുകൂടി നന്നായിരിക്കും. ജനപ്രിയനും രാഷ്ട്രീയത്തില്‍നിന്ന് യാതൊരു ധനസമ്പാദനവും നടത്താത്ത വ്യക്തിയാണ്. രാധാകൃഷ്ണനാണെങ്കില്‍ പ്രത്യേകിച്ചും ഇടതുപക്ഷത്തിന് ജയസാധ്യത വര്‍ധിക്കും. നിലവിലെ എംപി ബിജുവിനെ സംബന്ധിച്ചിടത്തോളം ആള്‍ക്കാര്‍ക്ക് ചീത്തപ്പേരൊന്നും ഉണ്ടാക്കിയിട്ടില്ല. എന്നാലും പോരാ എന്ന അഭിപ്രായമാണ് പൊതുവേയുള്ളത്.

Content highlights: alathur constituency, k radhakrishnan may be candidate