കൊല്ലം: ആലപ്പുഴയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എ.എം. ആരിഫ് പരാജയപ്പെട്ടാല്‍ തലമൊട്ടയടിച്ച് കാശിക്കുപോകുമെ ന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. 

  • തൃശ്ശൂരില്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് 

പത്രത്തിലൂടെയാണ് തുഷാറിന്റ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് അറിഞ്ഞതുതന്നെ. മത്സരിക്കുന്നതിനെക്കുറിച്ച് തുഷാര്‍ എന്നോട് പറയുകയോ ഞാന്‍ ചോദിക്കുകയോ ചെയ്തിട്ടില്ല. എസ്.എന്‍.ഡി.പി. യോഗത്തിന്റെ പ്രധാന ഭാരവാഹിത്വം വഹിക്കുന്നവര്‍ സ്ഥാനം ഒഴിഞ്ഞിട്ടുവേണം പൊ തുതിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനെന്നാണ് വ്യക്തിപരമായ അഭിപ്രായം. 

  • തൃശ്ശൂരില്‍ ബി.ജെ.പി.ക്ക് വിജയസാധ്യത തീരെക്കുറവാണ് തുഷാറിനുവേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുമോ?

തുഷാറിനുവേണ്ടിയെന്നല്ല ഒരു പാര്‍ട്ടിക്കുവേണ്ടിയും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങില്ല. മുന്‍പ് ഇറങ്ങിയിട്ടുള്ളത് തെറ്റുപറ്റിയതാണ്. 

  • ഈ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുടെ പ്രകടനം എങ്ങനെയായിരിക്കും?

കേരളത്തില്‍ അവര്‍തന്നെ പറയുന്നത് തിരുവനന്തപുരത്ത് മാത്രമാണ് വിജയസാധ്യതയെന്നാണ്. പത്തനംതിട്ടയില്‍ കെ. സുരേന്ദ്രനെ ഇറക്കിയാല്‍ നല്ല പ്രകടനം കാഴ്ചവെക്കാന്‍ കഴിയും. എന്നാല്‍, വിജയിക്കാന്‍ കഴിയില്ല.

  •  കെ.സി. വേണുഗോപാല്‍ ആലപ്പുഴയില്‍ മത്സരിക്കാത്തത് എന്തുകൊണ്ടാകാം?

പരാജയഭീതിമാത്രം. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എ.എം. ആരിഫ് പരാജയപ്പെട്ടാല്‍ തലമൊട്ടയടിച്ച് കാശിക്കുപോകാന്‍ ഞാന്‍ തയ്യാറാണ്. ആരിഫ് ജനസമ്മതനായ സ്ഥാനാര്‍ഥിയായതുകൊണ്ടാണ് പിന്തുണയ്ക്കുന്നത്. നോമിനേഷന്‍ നല്‍കുമ്പോള്‍തന്നെ അദ്ദേഹം ജയിച്ചുകഴിഞ്ഞു. ആലപ്പുഴയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആരുതന്നെയായാലും വിജയിക്കില്ല. ആലപ്പുഴയിലെ കോണ്‍ഗ്രസ് നേതാക്കന്മാരെല്ലാം ഈഴവരെയും സമുദായത്തെയും ദ്രോഹിച്ചവരും നശിപ്പിക്കാന്‍ ശ്രമിക്കുന്നവരുമാണ്.

കാശിക്ക് പോകേണ്ടിവരും

വെള്ളാപ്പള്ളി തല മൊട്ടയടിച്ച് കാശിക്ക് പോകേണ്ടിവരും. അദ്ദേഹം സി.പി.എമ്മുമായി കച്ചവടം ഉറപ്പിച്ചിരിക്കുന്നു. വെള്ളാപ്പള്ളി പിന്തുണച്ചവരെല്ലാം പരാജയപ്പെട്ട ചരിത്രമാണുള്ളത്.
എ.എ. ഷുക്കൂര്‍, ഡി.സി.സി. മുന്‍ പ്രസിഡന്റ്


വെള്ളാപ്പള്ളിയുടെസര്‍ട്ടിഫിക്കറ്റ് വേണ്ട

എല്‍.ഡി.എഫ്. അനുകൂല അഭിപ്രായം എസ്.എന്‍.ഡി.പി.യുടേതല്ല. വെള്ളാപ്പള്ളിയുടെ വ്യക്തിപരമായ അഭിപ്രായമാണ്. ശബരിമല വിഷയത്തില്‍ അദ്ദേഹം വിശ്വാസികള്‍ക്കൊപ്പമായിരുന്നില്ല. ശ്രീനാരായണീയര്‍ക്കിടയില്‍ വെള്ളാപ്പള്ളിക്കെതിരേ വലിയ എതിര്‍പ്പുണ്ട്. അതുകൊണ്ട് അദ്ദേഹത്തിന്റെ അഭിപ്രായം യു.ഡി.എഫിന് ഗുണകരമാകും. പ്രകോപനത്തിലൂടെ എതിരഭിപ്രായമുണ്ടാക്കി സഹതാപം നേടാനുള്ള തന്ത്രത്തിന് നല്ല നമസ്‌കാരം. വെള്ളാപ്പള്ളിയുടെ സര്‍ട്ടിഫിക്കറ്റ് കോണ്‍ഗ്രസിന് ആവശ്യമില്ല.- എം. ലിജു,ഡി.സി.സി. പ്രസിഡന്റ്