തുടര്‍ച്ചയായി രണ്ട് വര്‍ഷം കെ.സി വേണുഗോപാല്‍ വിജയിച്ചുകയറിയ ആലപ്പുഴ മണ്ഡലത്തില്‍ ഇത്തവണ യുഡിഎഫിന് വേണ്ടി മത്സരിക്കുന്നത് ഷാനിമോള്‍ ഉസ്മാന്‍ ആണ്. അതുകൊണ്ടുതന്നെ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് പക്ഷം. മറുവശത്ത് ശക്തരായ സ്ഥാനാര്‍ത്ഥികളാണ് ഇക്കുറി. കെ.സി വേണുഗോപാലിന്റെ പിന്‍ഗാമിയായി തന്നെ ജനങ്ങള്‍ തിരഞ്ഞെടുക്കുമെന്ന ആത്മവിശ്വാസം ഷാനിമോള്‍ പങ്കുവെക്കുന്നു. ലോക്‌സഭാ സ്ഥാനാര്‍ഥിയായി ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ ഷാനിമോള്‍ ഉസ്മാന്‍ പങ്കുവെക്കുന്നു. 

ശബരിമല വിഷയം

ശബരിമലവിഷയത്തില്‍ ഐക്യ ജനാധിപത്യ മുന്നണി കൃത്യമായ നിലപാട് എടുത്തിട്ടുള്ളതാണ്. മതവിശ്വാസത്തെ പൂര്‍ണമായും അംഗീകരിക്കുന്നു. പുണ്യഭൂമിയായ ശബരിമലയേയും കേരളത്തേയും കലാപഭൂമിയാക്കിമാറ്റാനുള്ള ശ്രമം നടത്തിട്ടുണ്ട്. വിശ്വാസത്തെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഞങ്ങള്‍ ഉപയോഗപ്പെടുത്തുന്നില്ല. വിശ്വാസ സംരക്ഷണ ജാഥ നയിക്കാന്‍ ചുമതലപ്പെട്ടയാളാണ് ഞാന്‍. 

സ്ത്രീസമത്വ വാദങ്ങള്‍ അനാവശ്യമായി ഉപയോഗിക്കുന്നു

ലിംഗസമത്വവും സ്ത്രീപദവി എന്നിവയെല്ലാം വേണ്ടിടത്തും വേണ്ടാത്തിടത്തും ഉപയോഗിക്കുകയാണ്. നവോത്ഥാനത്തിന്റെ പേര് പറഞ്ഞാണ് വനിതാമതില്‍ നടത്തിയത്. കൃപേഷിന്റേയും ശരത്‌ലാലിന്റേയും അമ്മപെങ്ങന്മാരുടെ പദവി എവിടെയാണ്? സര്‍ക്കാരിന്റെ ഈ നിലപാടുകളില്‍ ജനങ്ങള്‍ രാഷ്ട്രീയമായ മറുപടി നല്‍കാന്‍ ജനങ്ങള്‍ തയ്യാറാണ്. 

കെസി വേണുഗോപാലിന്റെ പിന്‍ഗാമിയാവും

കെസി വേണുഗോപാലിന്റെ പിന്‍ഗാമിതന്നെയായിരിക്കും ഞാന്‍. വേണുഗോപാല്‍ കൈവെള്ളയില്‍ കൊണ്ടുനടന്ന മണ്ഡലമാണ് ആലപ്പുഴ. ആ മണ്ഡലത്തില്‍ അദ്ദേഹത്തിന് പിന്‍ഗാമിയായി പാര്‍ട്ടിയുടെ നോമിനിയായി കടന്നുവരുന്നതില്‍ തനിക്ക് അഭിമാനമുണ്ട്. 

ഈ മണ്ഡലത്തിലുടനീളം നിരവധി വികസന പദ്ധതികള്‍ നടക്കുന്നുണ്ട്. ഒട്ടേറെ പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. ഇനിയും നിരവധി പൂര്‍ത്തീകരിക്കാനുണ്ട്. കെസി വേണുഗോപാല്‍ തുടങ്ങിവെച്ച വികസനപ്രവൃത്തികളെല്ലാം പൂര്‍ത്തീകരിക്കും. തൊഴിലില്ലായ്മ പരിഹരിക്കുക, സ്ത്രീകളുടെ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുക പെണ്‍കുട്ടികളുടേയും സ്ത്രീകളുടേയും സുരക്ഷിതത്വത്തിനുള്ള നൂതന ആശയങ്ങള്‍ എന്നിവ കോര്‍ത്തിണക്കിയുള്ള വികസന പദ്ധതികളാണ് ആസൂത്രണം ചെയ്യുക. 

മോദി രാജ്യത്തെ വിഭജിക്കുന്നു

രാജ്യം നിലനില്‍ക്കണമോ രാജ്യത്തിന്റെ ഭരണഘടന നിലനില്‍ക്കണമോ എന്ന ചോദ്യമാണ് ദേശീയരാഷ്ട്രീയത്തില്‍ നിലനില്‍ക്കുന്നത്. വര്‍ഗീയതയുടെ കമ്പാര്‍ട്ട്‌മെന്റുകളാക്കി രാജ്യത്തെ വേര്‍തിരിക്കുന്ന പ്രവര്‍ത്തനങ്ങളാണ് നരേന്ദ്രമോദിയുടെ സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം ചെയ്തത്. കേന്ദ്രസര്‍ക്കാരിന്റെ കയ്യൊപ്പുള്ള പദ്ധതികളൊന്നും ഇവിടുള്ളവര്‍ക്കറിയില്ല. ജാതിയുടെയും മതത്തിന്റേയും വക്താക്കളാവുന്ന സര്‍ക്കാരിനെതിരെ ശക്തമായ നിലപാടെടുക്കും.