ആലപ്പുഴ: ‘നിങ്ങളുടെ സുഖത്തിലും ദു:ഖത്തിലും ഞാനുണ്ടാകും. ജീവിതത്തിന്റെ അവസാന ശ്വാസംവരെ. പാർലമെന്ററി ജീവിതത്തിലേക്ക് എന്നെ കൈപിടിച്ചുയർത്തിയ ആലപ്പുഴ എന്റെ നെഞ്ചിലുണ്ടാവും..’ വാക്കുകൾ കേൾക്കുമ്പോൾ ഏതെങ്കിലും സ്ഥാനാർഥിയാണെന്ന് ധരിക്കരുത്. ഇത് സ്ഥാനാർഥികളെ നിശ്ചയിക്കുന്ന എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. ആലപ്പുഴക്കാരുടെ സ്വന്തം കെ.സി.

ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിൽ ഹാട്രിക് വിജയത്തിനായി കെ.സി.എത്തുമെന്ന് കരുതിയിരുന്നവർക്ക് മുന്നിലാണ് അദ്ദേഹം മനസ്സ് തുറന്നത്. ഹരിപ്പാടിനുസമീപം താമല്ലാക്കൽ റിൻ ഓഡിറ്റോറിയം. 12 മണിയുടെ കത്തുന്ന വെയിലും അവഗണിച്ച് കോൺഗ്രസ് പ്രവർത്തകർ നിറഞ്ഞിരിക്കുന്നു. എല്ലാവരുടെയും കണ്ണുകൾ കെ.സി.യിലാണ്.

എല്ലാവരുടെയും മനസ്സിൽ നിറഞ്ഞിരിക്കുന്ന ചോദ്യങ്ങൾ കെ.സി.ക്കറിയാം. എത്രയോ കാലമായി നിരന്തരം ബന്ധപ്പെടുന്ന ബൂത്തു പ്രസിഡന്റുമാരാണ് മുന്നിൽ. അവരുടെ ഉള്ളിലുള്ള ചോദ്യങ്ങൾക്ക് ഉത്തരം നല്കിയാണ് അതുകൊണ്ടുതന്നെ പ്രസംഗത്തിന്റെ തുടക്കം.

‘പേടിച്ചോടിപ്പോയി. വയനാട് സുരക്ഷിത മണ്ഡലം തേടിപ്പോയി. എന്നൊക്കെയല്ലേ ഇവിടെ പലരും പറഞ്ഞത്. 28 വർഷമായി ആലപ്പുഴയുടെ ആരവങ്ങൾക്കൊപ്പം ഞാനുണ്ട്. ഇക്കുറി തിരഞ്ഞെടുപ്പിന്റെ പോർമുഖത്ത് നില്ക്കാൻ കഴിയാത്ത പ്രത്യേക ഘട്ടത്തിലാണ് ഞാൻ. തിരഞ്ഞെടുപ്പിന് രണ്ടുമാസംമുമ്പ് കോൺഗ്രസ് അധ്യക്ഷൻ സംഘടനാ ചുമതല എന്നെ ഏല്പിച്ചു. 27 സംസ്ഥാനങ്ങളിലെ സ്ഥാനാർഥി നിർണയത്തിനുള്ള സ്‌ക്രീനിങ്‌ കമ്മിറ്റിയുടെ ചുമതല. ഏറ്റവും ഉത്തരവാദിത്വമുള്ള ചുമതലയാണ്. കോൺഗ്രസ് 450 സീറ്റുകളിലാണ് മത്സരിക്കുന്നത്. ഇതിൽ 60-ഓളം സീറ്റുകളിൽ ഇനിയും സ്ഥാനാർഥി നിർണയം പൂർത്തിയായിട്ടില്ല. രാജ്യം ഉറ്റുനോക്കുന്ന ആ ചുതലയിൽനിന്ന് മാറിനില്ക്കാൻ പറ്റാത്തതിനാലാണ് മത്സരിക്കേണ്ടെന്ന് തീരുമാനിച്ചത്”.

സംഘടനയുടെ തലപ്പത്തേക്കുയർന്നിട്ടും വിനയം കൈവിട്ടിട്ടില്ലാത്ത കെ.സി.യുടെ സ്നേഹത്തിന് അവർ കൈയ്യടിച്ചു. തൂവെള്ള വസ്ത്രത്തിൽ നിൽക്കുന്ന കെ.സി.യെ അവർക്ക് വിശ്വാസമുണ്ട്. ആരോപണങ്ങളെയെല്ലാം കൂസാതെ വിജയത്തിലേക്ക് മാത്രം ചുണ്ടൻവള്ളം നയിച്ച അമരക്കാരന്റെ സ്നേഹത്തിനുമുന്നിൽ പലരും വിതുമ്പി.

നില്ക്കുന്നത് പോരാട്ടത്തിന്റെ ഭൂമികയിലാണെന്ന തിരിച്ചറിവിൽ അദ്ദേഹം സംഘടനാദൗത്യം ഓർമിപ്പിച്ചു. പോരാടുക അല്ലെങ്കിൽ മരിക്കുക. എന്നതിനുമുന്നിലാണ് നാം എന്നുപറഞ്ഞ് പ്രവർത്തകരിൽ പോരാട്ടത്തിന്റെ ആവേശം നിറച്ചു.

സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെക്കുറിച്ച് പ്രത്യേകം ഓർമിപ്പിച്ചു. ഞാൻ കെ.എസ്.യു. സംസ്ഥാന പ്രസിഡന്റായിരിക്കുമ്പോൾ വൈസ് പ്രസിഡന്റായി പ്രവർത്തിച്ചുയർന്നതാണ് ഷാനിമോൾ. എന്നോടു നിങ്ങൾ കാണിച്ച സ്നേഹം ഷാനിമോൾക്ക് നല്കണം. വിജയിപ്പിക്കണം.

വേദിയിൽ നിന്നിറങ്ങുമ്പോൾ സദസ്സൊന്നാകെ അദ്ദേഹത്തിനരികിലേക്ക് അടുത്തുനിന്നു. സെൽഫിയെടുത്തു. തിരക്കിൽ അല്പം മാറിനിന്നയാളെ കെ.സി.വിളിച്ചു. അബ്ദുക്കാ. മറ്റുള്ളവർക്കിടയിൽനിന്ന്‌ അദ്ദേഹം അബ്ദുവിനെ കെട്ടിപ്പിടിച്ചു. വാഹനത്തിൽ കയറുംമുമ്പ് രമാഭായി എന്ന ബൂത്ത് പ്രസിഡന്റ് കൈപിടിച്ച് സ്നേഹം പകർന്നു.

ഹരിപ്പാട്ടുനിന്ന്‌ വണ്ടി നേരെ ആലപ്പുഴ പ്രസ് ക്ലബ്ബിലേക്ക്. ഏറെക്കാലമായി അടുപ്പം പുലർത്തുന്ന പത്രപ്രവർത്തകരോട് സൗഹൃദം പങ്കുവച്ചു. വളർച്ചയുടെ പടവുകൾ കയറാൻ ആലപ്പുഴയിലെ മാധ്യമലോകം നൽകിയ പിന്തുണയ്‌ക്ക് നന്ദി പറഞ്ഞു.

അവിടെനിന്ന്‌ അമ്പലപ്പുഴ ടൗൺ ഹാളിലേക്കാണ് കെ.സി.എത്തിയത്. ഉച്ചത്തിൽ മുദ്രാവാക്യങ്ങളൊന്നുമില്ല. അകലത്തിലുള്ള നേതാവല്ല, അരികിലുള്ളയാളാണെന്ന ബോധ്യത്തിൽ എല്ലാവരും അദ്ദേഹത്തിനരികിൽ നിന്നു. കെട്ടിപ്പിടിച്ചു. പ്രസംഗിച്ച് വേദിവിട്ടിറങ്ങുമ്പോഴും അങ്ങനെതന്നെ. “സാബൂ എന്താ മാറിനില്കുന്നത്?” എന്നുപറഞ്ഞ് ഒരു കോൺഗ്രസ് പ്രവർത്തകനെ ചേർത്തുനിർത്തി.

ഇറങ്ങുമ്പോൾ തലയിൽ തൊപ്പി വച്ച പ്രായംചെന്ന മജീദ് വിതുമ്പിക്കരഞ്ഞു. കെ.സി. അയാളെ ചേർത്തുനിർത്തി. സാന്ത്വനിപ്പിച്ചു. കണ്ടുനിന്ന പലരുടെയും കണ്ണുനിറഞ്ഞു.

വൈകീട്ട് ഡി.സി.സി. ഓഫീസിൽ നടന്ന യോഗത്തിൽ നിയന്ത്രണം വിട്ടത് കെ.സി.ക്കായിരുന്നു. പാർട്ടി പ്രവർത്തകരുടെ സ്നേഹത്തിനു മുമ്പിൽ അദ്ദേഹം പൊട്ടിക്കരഞ്ഞു.