ആലപ്പുഴ: യു.ഡി.എഫ്. സ്ഥാനാർഥിയായി ഷാനിമോൾ ഉസ്മാനും രംഗത്തിറങ്ങിയതോടെ ആലപ്പുഴ ലോക്‍സഭാ മണ്ഡലവും പോർമുഴക്കത്തിലായി. എൽ.ഡി.എഫ്. സ്ഥാനാർഥി നേരത്തെ കളംപിടിച്ചതിന്റെ കേടുതീർക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്. അതിനിടയിൽ എൻ.ഡി.എ. സ്ഥാനാർഥിയായി ഡോ.കെ.എസ്. രാധാകൃഷ്ണനും വരും ദിവസങ്ങളിലെത്തുമെന്ന സൂചനയാണുള്ളത്.

ചൊവ്വാഴ്ച സെയ്ന്റ് ജോസഫ് ദിനം പള്ളികളിൽ പിതൃദിനമായി ആചരിച്ചതിനാൽ സ്ഥാനാർഥികൾ ഇവിടെയും കേന്ദ്രീകരിച്ചു.

രാവിലെതന്നെ പ്രാർഥനാപൂർവം പള്ളിയിൽ നിന്നവർക്കിടയിലേക്ക് സ്ഥാനാർഥികൾ കടന്നുകയറിയപ്പോൾ വിശ്വാസികൾ കാരുണ്യത്തോടെ വരവേറ്റു. എൽ.ഡി.എഫ്.സ്ഥാനാർഥി എ.എം. ആരിഫും യു.ഡി.എഫ്. സാരഥി ഷാനിമോൾ ഉസ്മാനും ചൊവ്വാഴ്ച രാവിലെ മുതൽ തന്നെ പള്ളികളിൽ വോട്ടർമാരെ തേടിയിറങ്ങി.

തീരദേശമേഖലയിലെ മിക്കവാറും പള്ളികളിലെല്ലാം രാവിലെതന്നെ സാന്നിധ്യമറിയിച്ച് എ.എം.ആരിഫെത്തി. രാവിലെ തൈക്കാട്ടുശ്ശേരിയിൽ നിന്നാണ് ഷാനിമോൾ പര്യടനമാരംഭിച്ചത്. ചന്തിരൂർ, എരമല്ലൂർ, അർത്തുങ്കൽ പള്ളികളിൽ എത്തി. തുറവൂർ, പാണാവള്ളി, പൂച്ചാക്കൽ, ചേർത്തല, മാരാരിക്കുളം മേഖലകളിൽ പര്യടനം നടത്തി വൈകീട്ട് ആലപ്പുഴ നഗരത്തിലെത്തി. ചാത്തനാട്, ജനറൽ ആശുപത്രി പരിസരം, മുല്ലയ്ക്കൽ, വെള്ളക്കിണർ എന്നിവിടങ്ങളിലെല്ലാം ഷാനിമോൾ പര്യടനം നടത്തി.

രാവിലെ മുതൽ അരൂർ, ചേർത്തല, അർത്തുങ്കൽ, ആലപ്പുഴ മേഖലകളിലെ പള്ളികളിലെത്തിയ ആരിഫ് നേർച്ചയും കഴിച്ചാണ് മടങ്ങിയത്. സെയ്ന്റ് ജോസഫ്, എസ്.ഡി.കോളേജ് എന്നിവിടങ്ങളിൽ എത്തി വോട്ടു ചോദിച്ചും വിജയത്തിനായി രംഗത്തിറങ്ങണമെന്ന് വിദ്യാർഥികളോട് അഭ്യർഥിച്ചുമാണ് ആരിഫ് മടങ്ങിയത്.