ആലപ്പുഴ: നർമം കലർന്ന ഓർമകളുമായി സ്ഥാനാർഥികളുടെ പ്രചാരണയോട്ടം അവസാന ലാപ്പിലേക്ക് കടക്കുകയാണ്. ഇനിയുള്ള നാളുകളിൽ ഓർത്ത് ചിരിക്കാൻ ഓർമച്ചെപ്പിൽ അവർ സൂക്ഷിച്ചിരിക്കുന്ന ചില നർമമുഹൂർത്തങ്ങളിലേക്ക്.

എൽ.ഡി.എഫിന്റെ സ്വീകരണ പര്യടനം കരുനാഗപ്പള്ളിയിൽ വെയിലിനൊപ്പം കത്തിക്കയറുന്നു. ഓരോ കേന്ദ്രത്തിലെയും സ്വീകരണങ്ങൾ ഏറ്റുവാങ്ങി പര്യടനം ആദിനാട്ടെത്തി. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനുപേർ കാത്തിരിക്കുന്നു.

പിങ്ക് കളർ ഹാഫ് കൈ ഷർട്ടും വെള്ളമുണ്ടും ധരിച്ച് ഹിറ്റ്‌ലർ മാധവൻകുട്ടി സ്റ്റൈലിൽ വാഹനത്തിൽനിന്ന്‌ ഇറങ്ങി നേരെ ആൾക്കൂട്ടത്തിനരികിലേക്ക് സ്ഥാനാർഥി എ.എം.ആരിഫ്. പെട്ടെന്നാണ് കാതുകളിലേക്ക് ആ ശബ്ദമെത്തിയത്. ദേ ഞങ്ങടെ മമ്മൂട്ടി.

ഈ വിളിയിൽ ഞെട്ടിയ ആരിഫ് ശബ്ദത്തിന്റെയുടമയെ കണ്ട് വീണ്ടും ഞെട്ടി. എൺപത് വയസ്സിനടുത്ത് പ്രായമുള്ള സ്ത്രീ. കൈയിൽ ചുവന്ന റിബണുമായി കാത്തുനിൽക്കുകയാണ്. അവർക്കരികിലെത്തിയ ആരിഫിനെ റിബൺ‍ അണിയിച്ച് സ്വീകരിച്ചശേഷം ഞങ്ങടെ മമ്മൂട്ടിയാണ് ഇതെന്ന് ആവേശത്തോടെ ചുറ്റുമുള്ളവരോട് വീണ്ടും ആവർത്തിച്ചു. ആദ്യത്തെ വിളിയുടെ ഞെട്ടൽ മാറുന്നതിനു മുൻപ്‌ വീണ്ടും മമ്മൂട്ടിവിളി.

സ്വീകരണസ്ഥലത്ത് പ്രവർത്തകന്റെ ഒപ്പമെത്തിയ കൊച്ചുകുഞ്ഞിന്റെ വകയായിരുന്നു ഇത്. ഇതാരാണെന്ന് മോൾക്ക് അറിയാമോയെന്ന അച്ഛന്റെ ചോദ്യത്തിന് ആ കുട്ടി നൽകിയ മറുപടിയാണ് ആരിഫിനെ കോരിത്തരിപ്പിച്ചത്. അങ്കിളിനെ കാണാൻ മമ്മൂട്ടിയെപ്പോലെയെന്നായിരുന്നു കുഞ്ഞിന്റെ മറുപടി.

************

അമ്പലപ്പുഴയിൽ എൻ.ഡി.എ.സ്ഥാനാർഥി ഡോ. കെ.എസ്.രാധാകൃഷ്ണന്റെ തിരഞ്ഞെടുപ്പ് പര്യടനം. തുറന്ന വാഹനത്തിൽ കൈകൾ വീശി വോട്ടർമാരെ അഭിവാദ്യംചെയ്ത് പോകുന്നതിനിടയിലാണ് ഇരുകൈകളുമുയർത്തി ആവേശത്തോടെ തനിക്കുനേരെ കൈവീശുന്ന ഒരു ചെറുപ്പക്കാരൻ സ്ഥാനാർഥിയുടെ ശ്രദ്ധയിൽപ്പെട്ടത്. ചുറ്റുമുള്ളവരേക്കാൾ ആവേശം അയാളിൽ കണ്ടതിനാൽ ഒന്നുപരിചയപ്പെട്ട് വോട്ടഭ്യർഥിക്കാമെന്നുകരുതി സ്ഥാനാർഥി അയാൾക്കരികിലെത്തി.

കൈകൂപ്പി നമസ്തേ പറഞ്ഞു. ഞാൻ എൻ.ഡി.എ.സ്ഥാനാർഥി ഡോ. കെ.എസ്.രാധാകൃഷ്ണൻ. വോട്ട് എനിക്ക് തന്നെയാണല്ലോ അല്ലേ. എന്ന് ചോദിച്ചു. മറുപടിയിൽ പക്ഷേ സ്ഥാനാർഥിയും പരിവാരങ്ങളും ഞെട്ടി. നല്ല കട്ട ഹിന്ദിയിൽ ഞാൻ ബംഗാളിയാണെന്നായിരുന്നു യുവാവിന്റെ മറുപടി.

പറ്റിയ അബദ്ധത്തിൽ സ്ഥാനാർഥി അല്പമൊന്ന് ചൂളിയെങ്കിലും ഹിന്ദി അറിയാവുന്നതിനാൽ അയാളോട് കുശലാന്വേഷണമായി. ഞങ്ങളൊക്കെ ബി.ജെ.പി.ക്കാരാണെന്നും ബി.ജെ.പി.യുടെ കൊടി കണ്ട് കൈ വീശിയതാണെന്നുമായിരുന്നു യുവാവിന്റെ മറുപടി.

**************

ആലപ്പുഴ ലോക്‌സഭാ മണ്ഡലം യു.ഡി.എഫ്.സ്ഥാനാർഥി ഷാനിമോളുടെ തിരഞ്ഞെടുപ്പ് പര്യടനം കരുനാഗപ്പള്ളിയിൽ. ഉച്ചഭാഷിണിയിലൂടെയുള്ള അനൗൺസ്‌മെന്റും ബഹളവുമൊക്കെ കേട്ട് സമീപത്തെ അങ്കണവാടിയിലുള്ള കുറച്ച് കുട്ടികൾ കൗതുകത്തോടെ നോക്കിനിൽക്കുന്നു. ഷാനിമോൾ അവർക്കരികിലേക്ക് ചെന്നു. ഇതാണ് ഷാനിമോളെന്ന് അധ്യാപിക കുട്ടികളെ പരിചയപ്പെടുത്തി.

എന്നാൽ, പ്രതീക്ഷിക്കാത്ത ആരെയോ കണ്ട ഭാവത്തിൽ കുട്ടികൾ തിരികെ ക്ലാസിലേക്ക് കയറിപ്പോയി. കാര്യം തിരക്കിയപ്പോഴാണ് ഷാനിമോളിലും പ്രവർത്തകരിലും ചിരിനിറച്ച് കുട്ടികളുടെ മറുപടി വന്നത്. ഷാനിമോളെന്ന് പറഞ്ഞപ്പോ ‍ഞങ്ങൾ കരുതി ഞങ്ങളെപ്പോലെ കൊച്ചുകുട്ടിയായിരിക്കുമെന്ന്. ഇത്രയും പ്രായമുള്ള ആന്റിയെയാണോ ഷാനിമോളെന്നൊക്കെ വിളിക്കുന്നത്. കുട്ടികൾക്ക് മിഠായി നൽകിയാണ് സ്ഥാനാർഥിയും സംഘവും അവിടം വിട്ടത്.