ഒരിടവേളയ്ക്ക് ശേഷം വടകര ലോക്‌സഭാ മണ്ഡലം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ ഇടതുപക്ഷം വടകരയിലേക്കയച്ച വജ്രായുധമാണ് പി.ജയരാജന്‍. വടകരയില്‍ പി.ജയരാജന്‍ സ്ഥാനാര്‍ഥിയായതോടെ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പ്രധാന മണ്ഡലങ്ങളില്‍ ഒന്നായി മാറുകയും ചെയ്തു വടകര. എതിരാളികള്‍ ആരോപണങ്ങള്‍ കൊണ്ട് ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോഴും പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രിയപ്പെട്ട പി.ജെ ആണ് ജയരാജന്‍. അത് കടുത്ത ചൂടിലും അദ്ദേഹത്തിന് ഊര്‍ജം നല്‍കുന്നു. വടകരയിലെ  രാഷ്ട്രീയ സാഹചര്യത്തെ കുറിച്ചും സ്ഥാനാര്‍ഥിത്വത്തെ കുറിച്ചും മാതൃഭൂമി ഡോട്‌കോമിനോട് സംസാരിക്കുകയാണ് പി.ജയരാജന്‍. 

എതിരാളികള്‍ക്ക് അക്രമകാരിയും, വര്‍ഗശത്രുവും, ഭീകരനുമൊക്കെയാണ് പി.ജയരാജന്‍. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പി.ജെയും. ശരിക്കും ആരാണ് താങ്കള്‍

ഞാന്‍ ഒരു സാധാരണ സി.പി.എം പ്രവര്‍ത്തകന്‍ മാത്രമാണ്. എതിരാളികള്‍ എന്നും  കള്ളപ്രചാരണത്തിന് വിധേയമാക്കിയ വ്യക്തി. രാഷ്ട്രീയ അക്രമങ്ങളുടെ ജീവിക്കുന്ന രക്തസാക്ഷിയായിട്ട് പോലും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാത് കൊണ്ട് മാത്രം രാഷ്ട്രീയ കൊലപാതകങ്ങള്‍ സംഭവിക്കുമ്പോള്‍ കള്ളക്കേസുകള്‍ ചുമത്തപ്പെട്ടയാള്‍. പക്ഷെ ജനങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും നല്‍കുന്ന ശക്തിയിലും പിന്തുണയിലും ഇന്നും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നു. എങ്കിലും ആര്‍.എസ്.എസുകാര്‍ തനിക്കെതിരെ ഇന്നും ഭീഷണി ഉയര്‍ത്തിക്കൊണ്ടിരിക്കുന്നു. പോലീസ് സുരക്ഷയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തികൊണ്ടിരിക്കുന്ന വ്യക്തി. എതിരാളികളും വലതു പക്ഷ മാധ്യമങ്ങളും നടത്തുന്ന കള്ള പ്രചാരണത്തില്‍ ഒട്ടും അലോസരപ്പെടാതെ മുന്നോട്ട് പോവുന്നയാള്‍. 45 വര്‍ഷക്കാലത്തുള്ള പ്രവര്‍ത്തനം, ജില്ലാ കൗണ്‍സില്‍  അംഗമെന്ന നിലയിലും പത്ത് വര്‍ഷം എം.എല്‍.എ എന്ന നിലയിലുള്ള എന്റെ പ്രവര്‍ത്തനം ഇതെല്ലാം ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്. അതുതന്നെയാണ് എന്റെ ശക്തിയും 

സി.പി.എം കൊലപാതക പാര്‍ട്ടിയാണെന്ന രീതിയിലാണല്ലോ പ്രചാരണം

സംസ്ഥാനത്ത് ആദ്യം രാഷ്ട്രീയ  കൊലപാതകത്തിന് നേതൃത്വം നല്‍കിയത് കോണ്‍ഗ്രസുകാരല്ലേ?. സിഖ് കൂട്ടക്കൊലയുടെ പേരില്‍ കുട്ടികളെ പോലും ചുട്ടുകൊന്നവരുടെ പാരമ്പര്യമുള്ളവര്‍. ഇവര്‍ക്ക് കൊലപാതകത്തെ കുറിച്ച് പറയാന്‍ എന്ത് അവകാശമുള്ളത്. രാജ്യത്തെ ആദ്യത്തെ രാഷ്ട്രീയ  കൊലപാതകം മഹാത്മാ ഗാന്ധിയുടേതല്ലേ. എന്താ അതേ കുറിച്ചും അതിന് നേതൃത്വം കൊടുത്തവരേയും കുറിച്ച് പറയാത്തത്. കേരളത്തില്‍ ആദ്യത്തെ രാഷ്ട്രീയ കൊലപാതകം കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന മൊയാരത്ത് ശങ്കരന്റേതല്ലേ.

കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുവെന്നതിന്റെ പേരില്‍ കോണ്‍ഗ്രസിന്റെ  കുറുവടിപ്പടയല്ലേ അദ്ദേഹത്തെ അടിച്ച് കൊന്നത്. ഈ കോണ്‍ഗ്രസാണ് ഇപ്പോള്‍ അഹിംസയുടെ വക്താക്കളായി അവതരിക്കുന്നത്. ഇതെല്ലാം ജനങ്ങള്‍ തിരിച്ചറിയും. അവര്‍ മാന്യന്‍മാരായി അവതരിച്ചാലൊന്നും ജനങ്ങള്‍ മുഖവിലയ്‌ക്കെടുക്കില്ല. കാസര്‍കോട് ജില്ലയില്‍ 87 ലെ തിരഞ്ഞെടുപ്പ് വോട്ടിംഗ് ദിവസം. വോട്ടിംഗ് കണക്കുകള്‍ പരിശോധിക്കുന്ന ചീമേനിയിലെ സി.പി.എം പ്രവര്‍ത്തകരെ ചുട്ടുകൊന്നവരല്ലേ കോണ്‍ഗ്രസ്. ഇതൊക്കെ വലതുപക്ഷ രാഷ്ട്രീയക്കാരും വലതു പക്ഷ മാധ്യമങ്ങളും മറച്ച് വെക്കുന്നു. എന്നിട്ട് സി.പി.എം  ആണ് കൊലപാതക പാര്‍ട്ടിയെന്ന് പറഞ്ഞ് നടക്കുന്നു. ആരാണ് കൊലപാതക  രാഷ്ട്രീയത്തിന് മുന്‍കൈ എടുക്കുന്നത് എന്ന് ജനങ്ങള്‍ക്ക് കൃത്യമായി അറിയാം. 

വടകര പിടിക്കാന്‍ താങ്കളെ പരിഗണിച്ചതിലെ രാഷ്ട്രീയം

എനിക്കൊരു പ്രത്യേക പരിഗണനയുണ്ടെന്നൊന്നും തോന്നുന്നില്ല. ഞാനൊരു സാധാരണ സി.പി.എം പ്രവര്‍ത്തകന്‍ മാത്രമാണ്. പക്ഷെ ഞാന്‍ വടകരയില്‍ എത്തിയപ്പോള്‍ 91-ലെ കോലീബി സഖ്യത്തിനുള്ള പുറപ്പാടിലാണ് എതിരാളികള്‍. പക്ഷെ ഈ നീക്കമൊന്നും വിജയിക്കില്ല. അന്നത്തെ പൊതുസ്വതന്ത്രന്റെ അവസ്ഥ തന്നെയാവും പുതിയ  കോലീബി സ്ഥാനാര്‍ഥിക്കും. അത് വടകരയിലെ രാഷ്ട്രീയ പ്രബുദ്ധരായ ജനങ്ങളുടെ പാരമ്പര്യമാണ്. ഇത് പൊതു സ്ഥാനാഥിയെ നിര്‍ത്താന്‍ ആലോചിക്കുന്നവര്‍ മനസ്സിലാക്കണം.

രാഷ്ട്രീയ കൊലപാതകം നടക്കുമ്പോള്‍ അവിടെയെല്ലാം പി.ജയരാജന്റെ പേരുണ്ടല്ലോ
അത് ഞാന്‍ സി.പി.എമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പദവിയില്‍ ഇരിക്കുന്നത് കൊണ്ടാണ്. എന്നെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ നടത്തുന്ന പ്രവര്‍ത്തനത്തിന്റെ ഭാഗം. ഞാന്‍ ഏതെങ്കിലും ഘട്ടത്തില്‍ സി.പി.എമ്മിന്റെ ഭാഗമല്ലാതെ നില്‍ക്കുകയോ, അല്ലെങ്കില്‍ സി.പി.എമ്മില്‍ നിന്ന് പുറത്ത് പോരുകയോ ചെയ്താല്‍ എന്നെ കുറിച്ച് വലതുപക്ഷ മാധ്യമങ്ങളും വലതുപക്ഷ രാഷ്ട്രീയക്കാരും പറയുക എന്നെ പോലെ ഒരു ത്യാഗിയില്ല എന്നെ പോലെ മഹാന്‍ വേറയില്ല എന്നായിരിക്കും. അല്ലെന്ന് നിങ്ങള്‍ക്ക് പറയാന്‍ കഴിയുമോ. അതുകൊണ്ട് ഈ കാപട്യങ്ങളെല്ലാം ജനങ്ങള്‍ തിരിച്ചറിയും. 

എതിരാളികള്‍ പ്രതിഷ്ഠിച്ച്‌ വെച്ച മറ്റൊരു മുഖമാണ് വടകരയിലെ വോട്ടര്‍മാരില്‍ താങ്കളെ കുറിച്ചുള്ളത്

ഞാനിപ്പോ പുതുതായി പൊട്ടി മുളച്ച കൂണൊന്നുമല്ല. വടകരയിലെ ജനങ്ങള്‍ക്ക് എന്നെ അറിയില്ല എന്നൊക്കെ പറയുന്നത് വസ്തുതാ വിരുദ്ധമാണ്. ഇരുപത് വര്‍ഷം മുമ്പ് അതായത് 1999-ല്‍ പതിമൂന്നാം ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തില്‍ ഞാനിവിടുത്തെ  എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി ആയിരുന്നു. അന്ന് പ്രൊഫ. എ.കെ പ്രമേജമായിരുന്നു മത്സരിച്ച് വിജയിച്ചത്. ആ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ആര്‍.എസ്.എസുകാര്‍ വീട്ടില്‍ കയറി എന്നെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. 

താങ്കളെ തഴയാനുള്ള പദ്ധതിയുടെ ഭാഗമാണ് സ്ഥാനാര്‍ഥിയാക്കി അയച്ചത് എന്ന ആരോപണമുണ്ടല്ലോ

ശരിക്കും ആ പറയുന്നവര്‍ ഒരു തരത്തില്‍ ബേജാറിലാണ്. സ്ഥാനാര്‍ഥികളെ പോലും പ്രഖ്യാപിക്കാന്‍ കഴിയാത്ത സാഹചര്യം. കോലീബി സഖ്യത്തിനുള്ള ശ്രമമൊക്കെ അതിന്റെ ഭാഗമാണ്. എനിക്കെതിരെ പൊതു സ്ഥാനാര്‍ഥിയെ നിര്‍ത്താനൊക്കെ ആലോചിക്കുന്ന കാര്യം അറിയാമല്ലോ. ഇത് ഭീതികൊണ്ടാണ്.  ഇതിന് പുറമെയാണ് എനിക്കെതിരെ ഇങ്ങനെയൊരു പ്രാചരണവും അഴിച്ച് വിടുന്നത്. ഇതൊന്നും എന്നെ അലോസോരപ്പെടുത്തുന്നില്ല. ഞാന്‍ ഇപ്പോഴും പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗവും, ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമാണ്. ആ നിലയ്ക്കുള്ള പ്രവര്‍ത്തനം  തുടരുക തന്നെ ചെയ്യും. ജനപ്രതിനിധിയായി തിരഞ്ഞെടുത്താല്‍ ഈ മണ്ഡലത്തിലെ വികസന കാര്യങ്ങള്‍ക്കാണ്  ഏറ്റവും പ്രധാന്യം  ഉണ്ടാവുക. പാര്‍ട്ടിയും  ഇത് തന്നെയാണ് കണക്കാക്കിയിട്ടുള്ളത്. 

രാഷ്ട്രീയ അക്രമത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് താങ്കള്‍ ആ ദിവസത്തെ ഓര്‍ത്തെടുക്കുന്നുണ്ടോ

99 ലെ ഒരു തിരഞ്ഞെടുപ്പ് ദിവസം തിരുവോണനാളില്‍ ആര്‍.എസ്.എസുകാര്‍ വീട്ടില്‍ കയറിയാണ് എന്നെ വെട്ടിയത്. അവരിപ്പോഴും എനിക്കെതിരെ ഭീഷണി ഉയര്‍ത്തി പോവുന്നു. പക്ഷെ ആര്‍.എസ്.
എസുകാരുടെ നയങ്ങള്‍ക്കെതിരേ പൊരുതികൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനാണ് ഞാന്‍. ഞാന്‍ ഒറ്റയ്ക്ക്  നടത്തുന്ന പ്രവര്‍ത്തനമല്ല. ഇപ്പോഴും ഞാന്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത് പോലീസ് സുരക്ഷയിലാണ്. എന്നേയും എന്റെ പാര്‍ട്ടിയേയും ഇല്ലാതാക്കുക എന്നത് മാത്രമാണ് ആര്‍.എസ്.എസുകാരുടേയടക്കം ലക്ഷ്യം. പക്ഷെ അതൊന്നും ഏശാന്‍ പോവുന്നില്ല. എല്‍.ഡി.എഫും സി.പി.എമ്മും ഉയര്‍ത്തുന്ന നിലപാടുകളും നയ സമീപനവുമാണ്  എന്റെ ശക്തി

വടകരയില്‍ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം

പത്ത് വര്‍ഷത്തെ വികസന മുരടിപ്പ് തന്നെയാണ് ലക്ഷ്യം. അക്കാര്യത്തെ പറ്റി ജനങ്ങള്‍ക്ക് നല്ല  ബോധ്യവുമുണ്ട്. മണ്ഡലത്തിന്റെ വികസനത്തിന് പൊന്‍തൂവലാകുമായിരുന്ന മാഹി ബൈപ്പാസ്-നിര്‍മാണ പ്രവൃത്തി ഉദ്ഘാടന ചടങ്ങില്‍ പോലും ഇവിടുത്തെ എം.പി വന്നിട്ടുണ്ടായിരുന്നില്ല. വികസനത്തോട് ഒരു എം.പിയുടെ നിലപാട് എന്താണ് എന്നൊക്കെ ജനങ്ങള്‍ തിരിച്ചറിഞ്ഞ് കഴിഞ്ഞു. ഇതിനൊപ്പം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്വീകരിക്കുന്ന മതേതരത്വ നിലപാടും ചര്‍ച്ചയാവും.

Content Highlights:Vadakara Loksabha Constituency Candidates P Jayaran Speaks