ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ശബരിമല വിഷയം വീണ്ടും ചർച്ചാവിഷയമാക്കുകയാണ് ബിജെപി. കേരളത്തിൽ പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്നാഥ് സിങും ശബരിമല വിഷയം മുന്നോട്ടു വെച്ചാണ് പ്രചാരണം നടത്തിയത്. ഈ സാഹചര്യത്തിൽ ശബരിമല വിഷയത്തെ കുറിച്ചും സുപ്രീം കോടതി വിധിയെ കുറിച്ചും അത് തിരഞ്ഞെടുപ്പിൽ ഉണ്ടാക്കുന്ന സ്വാധീനത്തെ കുറിച്ചും മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയാണ് ബിജെപി നേതാവും രാജ്യസഭാ എംപിയുമായ വി മുരളീധരൻ.

മുരളീധരനുമായി നടത്തിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗം

 • മുന്‍കാല തിരഞ്ഞെടുപ്പുകളില്‍ കേരളത്തില്‍ ഒരു സീററിലും വിജയസാധ്യതയുള്ള പാര്‍ട്ടിയായിരുന്നില്ല ബിജെപി. എന്നാല്‍ എത്ര സീറ്റുകള്‍ പ്രതീക്ഷിക്കുന്നു എന്ന ചോദ്യം കേരളത്തിലെ ബിജെപിയോടും ചോദിച്ചു തുടങ്ങി. ഏതെല്ലാം സീറ്റിലാണ് പ്രതീക്ഷ

കേരളത്തില്‍ കഴിഞ്ഞ തിരഞ്ഞൈടുപ്പില്‍ ബിജെപിക്ക് പ്രതീക്ഷയുണ്ടായിരുന്നു. കുമ്മനം രാജശേഖരന്‍ 14000 വോട്ടിനാണ് പരാജയപ്പെട്ടത്. ഈ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ 20 സീറ്റുകളില്‍ വിജയിക്കുക എന്ന ലക്ഷ്യത്തോടെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

 • എന്തുകൊണ്ടാണ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ താങ്കളെ അധികം കാണാത്തത്. നിശബ്ദ പ്രവര്‍ത്തനമാണോ

ഞാന്‍ ആന്ധ്ര പ്രദേശിന്റെ അഖിലേന്ത്യ ചുമതലയുള്ളയാളാണ്. ആന്ധ്രപ്രദേശില്‍ 11നായിരുന്നു പോളിങ്. നിശബ്ദ പ്രചാരണത്തിന്റെ സമയം അവസാനിച്ചപ്പോള്‍ കേരളത്തിലെത്തി. ഇപ്പോള്‍ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാണ്.

 • ഒരു ഇടവേളയ്ക്ക് ശേഷം ശബരിമല യുവതീപ്രവേശന വിഷയം വീണ്ടും ഈ തിരഞ്ഞെടുപ്പ് കാലത്ത് ചര്‍ച്ചയാവുകയാണ്. തിരഞ്ഞെടുപ്പില്‍ നയങ്ങളും ദീര്‍ഘവീക്ഷമുള്ള പദ്ധതികളുമല്ലേ ചര്‍ച്ച ചെയ്യപ്പെടേണ്ടത്. ആരാധാനാലയങ്ങളല്ലല്ലോ

ഭക്ഷണം മാത്രമാണ് ജനങ്ങളുടെ പ്രശ്‌നമെന്ന അഭിപ്രായം എനിക്കില്ല. ഭക്ഷണത്തോടൊപ്പം ഓരോ വ്യക്തിയുടെയും അഭിമാനവും വിശ്വാസവുമൊക്കെ പ്രശ്‌നമാണ്. അതുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളില്‍ ഒരു സര്‍ക്കാര്‍ തീരുമാനമെടുക്കുമ്പോള്‍ സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്യാനുള്ള അവകാശവും അവസരവുമായി തിരഞ്ഞെടുപ്പിനെ കാണുന്നത് സ്വാഭാവികമാണ്. അതുകൊണ്ട് ശബരിമല പ്രശ്നത്തില്‍ സംസ്ഥാനസര്‍ക്കാരിന്റെ നിലപാടിനെയും നയത്തെയും കുറിച്ചുള്ള ജനങ്ങളുടെ അഭിപ്രായ പ്രകടനം ഈ തിരഞ്ഞെടുപ്പില്‍ ഉണ്ടാവും. അതില്‍ തെറ്റൊന്നും ഞാന്‍ കാണുന്നില്ല. 

 ശബരിമല വിഷയം കേരളസര്‍ക്കാര്‍ കൈകാര്യം ചെയ്തതാണ് ശബരിമല ഇത്രയും ചര്‍ച്ചാ വിഷയമാവാന്‍ കാരണം.  അതില്‍ സിപിഎമ്മിന് വലിയ പുതുമ കാണില്ല. കാരണം ആരാധനാ സ്വാതന്ത്ര്യത്തിനു വേണ്ടി ഇതിനു മുമ്പും നടന്ന സമരങ്ങളെ സിപിഎം ഇതേ രീതിയിലാണ് നേരിട്ടത്. കെ കേളപ്പന്റെ നേതൃത്വത്തിലുള്ള പെരിന്തല്‍മണ്ണയിലെ തളി സമരത്തെ ഇഎംഎസ് സര്‍ക്കാര്‍ നേരിട്ടതും ഇത്തരത്തിലാണ്. എല്ലാ വിധത്തിലുള്ള ആരാധനാസ്വാതന്ത്ര്യങ്ങളെയും അടിച്ചമര്‍ത്തുന്ന സമീപനം സിപിഎം നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കാലാകാലങ്ങളില്‍ എടുക്കുമ്പോള്‍ അന്ന്  ഇത് വലിയ പ്രശ്നമായി ഉയര്‍ത്തി കൊണ്ട് വരാന്‍ സാധിച്ചിട്ടില്ല. ഇന്നത്തെ സാഹചര്യത്തില്‍ അത് ചര്‍ച്ചയായി. തിരഞ്ഞെടുപ്പില്‍ എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെടും

 • എല്ലാം വിഷയമാകുമ്പോള്‍ നോട്ട് അസാധുവാക്കലിനെ പരമാര്‍ശിക്കാതെ പോവാനാവില്ല. നോട്ട് അസാധുവാക്കല്‍ ഒരു എടുത്തുചാട്ടമായിരുന്നില്ലേ.

ബിജെപി സര്‍ക്കാര്‍ കഴിഞ്ഞ 5 വര്‍ഷക്കാലത്തെ ഭരണത്തില്‍ തെറ്റായ ഒരു തീരുമാനവും എടുത്തിട്ടില്ല. തീരുമാനങ്ങളുടെ ഗുണഫലങ്ങളാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. രാജീവ് ഗാന്ധി പണ്ട് പറഞ്ഞത് 100 രൂപ അടയക്കുമ്പോള്‍ 15 രൂപയാണ് ഉപഭോക്താവിന് കിട്ടുന്നതെന്നാണ്. ബാങ്കിങ് സംവിധാനം മുഴുവന്‍ ജനങ്ങളിലേക്കും എത്താത്തതുകൊണ്ടാണ് അത് സംഭവിച്ചത്. കള്ളപ്പണം നിയന്ത്രിക്കുന്നതിന്റെ ഭാഗമാണ് നോട്ട് അസാധുവാക്കല്‍ എന്ന തീരുമാനം.

 • അപ്പോള്‍ ഭൂരിഭാഗം നോട്ടുകളും തിരിച്ചെത്തി എന്ന് പറയുന്നതോ

തിരിച്ചെത്തിയ കണക്കും നോട്ടിന്റെ കണക്കും തമ്മില്‍ യാതൊരു ബന്ധവുമില്ല. കാരണം നോട്ടിന്റെ ഉടമസ്ഥനാര് എന്നറിയാനുള്ള സംവിധാനം പണ്ടുണ്ടായിരുന്നില്ല. എന്നാല്‍ ഉടമസ്ഥനാര് എന്ന് അറിയാത്ത നോട്ടുകള്‍ ഇപ്പോള്‍ ഇല്ല. ഉടമസ്ഥനെ നിയമപരമായി കിട്ടിയതാണോ എന്ന് പരിശോധിക്കാനുള്ള സംവിധാനം ഇപ്പോള്‍ ആയി.

 • സുപ്രീം കോടതിയില്‍ ശബരിമല യുവതീപ്രവേശനം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയവരില്‍ ഒരാള്‍ ബിജെപി നേതാവായ പ്രേരണാ കുമാരിയാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ പ്രേരണാ കുമാരി ബിജെപി ലീഗല്‍ സെല്‍ സെക്രട്ടറിയും പൂര്‍വാഞ്ചല്‍ മോര്‍ച്ച ദില്ലി സംസ്ഥാന സെക്രട്ടറിയുമാണെന്ന കാര്യം പകല്‍ പോലെ വ്യക്തമാണ്. കേരളത്തില്‍ വേരുറപ്പിക്കാന്‍ ബിജെപി കേന്ദ്രത്തില്‍ മെനഞ്ഞ തന്ത്രമല്ലേ ശബരിമല എന്ന സംശയങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു.

സുപ്രീംകോടതി അടക്കം പങ്കാളികളായുള്ള ഗൂഢോലോചനയാണ് ശബരിമല എന്നാണോ നിങ്ങള്‍ പറയുന്നത്. സുപ്രീം കോടതിക്കെതിരേ അങ്ങനെ ഒരു ചോദ്യം ചോദിക്കുന്നത് തന്നെ തെറ്റാണ്. 

 • സുപ്രീംകോടതിയുടെ ഗൂഢാലോചനയെകുറിച്ചല്ല ചോദിച്ചത്

സുപ്രീം കോടതി വിധിയാണ് ഇവിടത്തെ വിഷയം. ഹര്‍ജികൊടുത്തവരും കോടതിയും തമ്മില്‍ ധാരണയായാലല്ലേ ഗൂഢോലോചനക്ക് സാധ്യതയുള്ളൂ.

 • ശരി. സുപ്രീം കോടതി വിധി വന്നു. സുപ്രീം കോടതിക്കെതിരേ ചോദ്യം ചോദിക്കുന്നത് തെറ്റാണെന്ന് പറഞ്ഞു. അങ്ങനെയെങ്കില്‍ ബിജെപി സുപ്രീം കോടതി വിധിയെ എതിര്‍ക്കുകയല്ലേ ചെയ്തത്.

തീര്‍ച്ചയായും വിധിയോട് ഞങ്ങള്‍ യോജിക്കുന്നില്ല. സുപ്രീം കോടതി വിധി തെറ്റാണ്.വിധി തെറ്റാണെന്ന് പറയാന്‍ ഈ നാട്ടിലെ പൗരന്‍മാര്‍ക്ക് അവകാശമുണ്ട്. 

 • അങ്ങനെയെങ്കില്‍ 'ഭക്തയായ ഒരു സ്ത്രീ പ്രവേശിക്കുകയാണെങ്കില്‍ അവരെ സംരക്ഷിക്കുകയെന്നത് പോലീസുകാരുടെ ഉത്തരവാദിത്തമാണ്. ഞങ്ങള്‍ ഗൂഢാലോചനക്കാണ് എതിര് എന്ന് മുമ്പ് ദേശീയ മാധ്യത്തിന്റെ ചര്‍ച്ചക്കിടെ പറഞ്ഞിരുന്നു. ശബരിമലയില്‍ യുവതീ പ്രവേശനം പാടില്ലെന്ന് തന്നെയാണോ വി മുരളീധരന്റെ നിലപാട്.

നിങ്ങള്‍ കേട്ടത് ഞാന്‍ പറഞ്ഞ ഉത്തരത്തെ കേരളത്തിലെ ഒരു മാധ്യമം പിന്നീട് പ്രക്ഷേപണം ചെയ്തതാണ്. അതിലും കേട്ടത് അവതാരകന്റെ ശബ്ദമാണ്.  കേരള സര്‍ക്കാര്‍ പറഞ്ഞതെന്താ, സുപ്രീം കോടതി വിധി നടപ്പിലാക്കാനുള്ള ഭരണഘടനാ ബാധ്യത ഞങ്ങള്‍ക്കുണ്ട് എന്നാണ്. കേരള സര്‍ക്കാരിന്റെ വാദത്തെ ഞാന്‍ അംഗീകരിക്കുന്നു. ആരാധനാ സ്വാതന്ത്ര്യം ചെയ്ത് കൊടുക്കണമെന്നാണ് കോടതി വിധി. ആരാധനാസ്വാതന്ത്ര്യം എന്ന് പറഞ്ഞാല്‍ ആരെയെങ്കിലും ഒളിച്ചു കടത്തലല്ല. ഇതാണ് ഞാന്‍ പറഞ്ഞത്. ഒരാള്‍ ശബരിമല അയ്യപ്പനെ കാണാന്‍ സ്വയം ചെല്ലുമ്പോള്‍ അയാളെ തടയാതിരിക്കാനുള്ള നടപടി സര്‍ക്കാര്‍ എടുക്കണം. പെരിന്തല്‍മണ്ണ മുതല്‍ ശബരിമല വരെ ഒരാളെ പോലീസിന്റെ വണ്ടിയിലും ഫോറസ്റ്റിന്റെ വണ്ടിയിലും കൊണ്ടു പോകണമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടില്ല.

 • സുപ്രീം കോടതി വിധിയെ താങ്കള്‍ അംഗീകരിക്കുന്നില്ല.

ഞാന്‍ അംഗീകരിക്കുന്നില്ല. കേരള സര്‍ക്കാര്‍ പറഞ്ഞത് വിധിയുടെ അര്‍ഥം കേരളത്തിലെ മുഴുവന്‍ ആളുകളെ സംഘടിപ്പിച്ച് ശബരിമലയില്‍ കയറ്റണമെന്നല്ലല്ലോ. സുപ്രീം കോടതി പറഞ്ഞത് ആരെങ്കിലും തൊഴാന്‍ വരികയാണെങ്കില്‍ സൗകര്യം ഒരുക്കി കൊടുക്കണമെന്നാണ്. അല്ലാതെ വീട് മുതല്‍ അവിടെയെത്താന്‍ സൗകര്യം ഒരുക്കി കൊടുക്കണമെന്നല്ല. 

 • രേഷ്മ നിശാന്തിനെപോലുള്ളവര്‍ ആക്ടിവിസ്റ്റുകളല്ല. മാലയിട്ട ഭക്തരായിരുന്നു. തൊഴാന്‍ സൗകര്യമൊരുക്കണമെന്ന് അവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ തൊഴുന്നതില്‍ എതിര്‍പ്പില്ലെന്ന് എന്തു കൊണ്ട് താങ്കളും ബിജെപി പറഞ്ഞില്ല.

എനിക്കറിയില്ല രേഷ്മയെ. അറിയാത്ത കാര്യത്തിന് ഞാനെന്തിന് മറുപടി പറയണം.

 • അത്തരത്തില്‍ ഭക്തയായ സ്ത്രീ തയ്യാറായാല്‍ എതിര്‍ക്കുമോ.

അത് ഹൈപോതെറ്റിക്കലായ ചോദ്യമാണ്. നമ്മള്‍ ചര്‍ച്ച് ചെയ്യുന്നത് പോലീസിന്റെ ചുമതലയെപറ്റിയാണ്. സര്‍ക്കാരിന്റെ ചുമതലയെ പറ്റിയാണ്. പമ്പയില്‍ തടഞ്ഞാല്‍ പോലീസിന് പറയാം തൊഴാന്‍ പോവുന്നയാള്‍ക്ക് സൗകര്യം കൊടുക്കണമെന്ന്. ഇവിടെ ആ വാദം പോലും പ്രസക്തമാവില്ല. ആളുകളെ ബോധപൂര്‍വ്വം കൊണ്ടു പോവുകയല്ലേ. ശബരിമലയില്‍ തൊഴാന്‍ പോകുന്ന ആള്‍ ജീവനക്കാരുടെ മുറിയിലൂടെ ഒളിച്ചു പതുങ്ങിയാണോ ശബരിമലയില്‍ തൊഴാന്‍ പോവേണ്ടത്.

 • അങ്ങനെ ഒളിച്ചും പാത്തും പതുങ്ങിയും പോവേണ്ട അവസ്ഥ പ്രതിഷേധക്കാര്‍ വരുത്തിതീര്‍ത്തതല്ലേ.

അതിന് പെരിന്തല്‍മണ്ണ മുതലും അങ്കമാലി മുതലും ഫോറസ്റ്റ് ഡിപാര്‍ട്മന്റിന്റെ വണ്ടി ഉപയോഗിക്കേണ്ട ആവശ്യം എന്താണ്.

 • ഒരു ഭക്ത പോവാന്‍ തയ്യാറാവുകയാണെങ്കില്‍ ബിജെപി തടയുമോ.

ബിജെപി തടയുന്നില്ലല്ലോ. ബിജെപി തടഞ്ഞില്ല. അയ്യപ്പ ഭക്തരാണ് ആചാരാനുഷ്ഠാനങ്ങള്‍ തെറ്റിച്ചു വന്നവരെ തടഞ്ഞത്. 50 വയസ്സു കഴിഞ്ഞവര്‍ പ്രവേശിച്ചാല്‍ മതിയെന്നതല്ലേ ആചാരാനുഷ്ഠാനം.

 • അങ്ങനെയെങ്കില്‍ ഒരേയൊരു ചോദ്യം ശരിയായ ഭക്തകളായ യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കുന്നതിനെ താങ്കള്‍ അംഗീകരിക്കുന്നുണ്ടോ. അതോ എതിരാണോ.

ഓരോ പ്രതിഷ്ഠയ്ക്കും ആ പ്രതിഷ്ഠയുടേതായ ചില ശാസ്ത്രീയ വശങ്ങളുണ്ട്. അത് വിലയിരുത്തി കൊണ്ടുള്ള തീരുമാനമാണ് എടുക്കേണ്ടത്. സുപ്രീം കോടതിയുടെ മുന്നില്‍ ആ വാദങ്ങള്‍ എത്തിക്കുന്നത് കേരള സര്‍ക്കാര്‍ ബോധപൂര്‍വ്വം മറച്ചു വെച്ചു. അത് കൊണ്ടു സുപ്രീം കോടതി തെറ്റിദ്ധരിപ്പിക്കപ്പെട്ടു കൊണ്ട് അത്തരത്തിലുള്ള വിധി പുറപ്പെടുവിച്ചു. അതു കൊണ്ടാണ് ആ വിധിയെ അംഗീകരിക്കാന്‍ സാധിക്കില്ല എന്ന് ഞാന്‍ ആദ്യമേ പറഞ്ഞത്.

 • ഒരാപാട് ആചാരങ്ങള്‍ ശബരിമലയില്‍ മാറിയിട്ടുണ്ട്. പക്ഷെ സ്ത്രീകളെ പ്രവേശിക്കുന്ന ആചാരം മാത്രം മാറരുതെന്ന കടുംപിടിത്തമെന്തിനാ

ഈ വിഷയത്തില്‍ എനിക്ക് പൂര്‍ണ്ണമായ അറിവില്ല. നിലീനക്കും അറിവുണ്ടാകില്ല. അത് വിഷയത്തില്‍ പ്രാവീണ്യം നേടിയവരാണ് ചര്‍ച്ച ചെയ്യേണ്ടത്. ന്യൂക്ലിയര്‍ ഫിസിക്‌സിനെ കുറിച്ച് ചോദ്യം ചോദിച്ചാല്‍ ഉത്തരം പറയാനാവില്ല. ഹിന്ദു ക്ഷേത്രങ്ങളിലെ പ്രതിഷ്ഠാ സംബന്ധമായ കാര്യങ്ങള്‍ ഇതേ പോലെ ഒരു സയന്‍സാണ്. 

 • ന്യൂക്ലിയര്‍ ഫിസിക്‌സിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പറ്റിയില്ലെന്നിരിക്കും. പക്ഷെ ന്യൂക്ലിയര്‍ ഫിസിക്‌സ് പുരുഷന്‍മാര് മാത്രമേ കൈകാര്യം ചെയ്യാന്‍ പാടുള്ളൂ സ്ത്രീകള്‍ പാടില്ല എന്ന വിഷയം വരുമ്പോള്‍ നമുക്കിടപെടാമല്ലോ. അതില്‍ ന്യൂക്ലിയര്‍ ഫിസിക്‌സിനെ കുറിച്ചുള്ള അറിവിന്റെ ആവശ്യമില്ലാല്ലോ.

പ്രതിഷ്ഠാ എന്ന വിഷയം നമ്മള്‍ പഠിക്കേണ്ടതുണ്ട്. അതിലെ താന്ത്രിക വിധികളെ കുറിച്ച് പഠിച്ച് കഴിഞ്ഞ് നമുക്ക് സംസാരിക്കാം.

 • താന്ത്രിക വിധികള്‍ക്കപ്പുറമല്ലേ ഭരണഘടന എന്ന യാഥാര്‍ഥ്യം.

ഭരണഘടനയ്ക്ക് ഭരണഘടനയുടേതായ പരിമിതികളുണ്ട്. ഭരണഘടന ലോകത്തുള്ള എല്ലാ വിഷയവും ചര്‍ച്ച ചെയ്യുന്നില്ല. എല്ലാ കാര്യങ്ങളും വിശ്ലേഷണം ചെയ്തിട്ടില്ല. നിര്‍വ്വചിച്ചിട്ടില്ല. ഭരണഘടനയില്‍ രാജ്യത്തിന്റെ ഭരണവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ മാത്രമേ പറയുന്നുള്ളൂ. അതിനപ്പുറത്തുള്ള ധാരാളം കാര്യങ്ങളുണ്ട്.

 • ഭരണഘടനയില്‍ തുല്യതയെ കുറിച്ച് സംസാരിക്കുന്നുണ്ട്. ആ തുല്യതയെ ഭഞ്ജിക്കുന്നത് ആചാരമായ് കൊള്ളട്ടെ മതമായിക്കൊള്ളട്ടെ, അവയ്‌ക്കൊന്നും പ്രസക്തിയില്ല.

ഭരണഘടന തുല്യതയെ കുറിച്ച് പറയുന്ന അതേ മൗലികാവകാശം ആരാധനാസ്വാതന്ത്ര്യത്തെ കുറിച്ചും പറയുന്നുണ്ട്. മൗലികാവകാശത്തിലെ ഒരു അനുഛേദം മറ്റൊരു അനുഛേദത്തിന് ഘടകവിരുദ്ധമായി വരികയാണെങ്കില്‍ ഒന്ന് ഒന്നിനു മുകളില്‍ വരുമെന്ന് ഭരണഘടന പറഞ്ഞിട്ടില്ല.

 • ശബരിമല വിഷയത്തില്‍ ആര്‍എസ് എസ് നിലപാടും ബിജെപി നിലപാടും ഘടക വിരുദ്ധമാണ്. അതോ

ആര്‍എസ്എസ്സിന്റെ അഖിലഭാരതീയ പ്രതിനിധി സഭയാണ് വിഷയത്തെ കുറിച്ചുള്ള ആധികാരിക നിലപാട് വ്യക്തമാക്കുന്ന വേദി. ഈ തവണത്തെ അഖില ഭാരത പ്രതിനിധി സഭ പാസ്സാക്കിയ പ്രമേയത്തില്‍ ബിജെപി എടുത്ത നിലപാടുമായി യോജിച്ചു പോകുന്ന നിലപാടാണ് ശബരിമല വിഷയത്തില്‍ അവര്‍ എടുത്തത്.

അഭിമുഖത്തിന്റെ ആദ്യ ഭാഗം വായിക്കാം-