കോഴിക്കോട് ശക്തമായ ത്രികോണ മത്സരം കാഴ്ചവെക്കാനാണ് എന്‍.ഡി.എ ഒരുങ്ങുന്നത്. ഇത്തവണ മൂന്നു ലക്ഷം നേടി അട്ടിമറി വിജയമാണ് അവരുടെ പ്രതീക്ഷ. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.പി പ്രകാശ് ബാബു മത്സര രംഗത്ത് സജീവമായി കഴിഞ്ഞു. ശബരിമല വിഷയം തന്നെയായിരിക്കും പ്രധാന ചര്‍ച്ചാ വിഷയമെന്നും അത് ഓരോ വീട്ടിലും കയറി സംസാരിക്കുമെന്നും അഡ്വ. പ്രകാശ് ബാബു പറഞ്ഞു. കോഴിക്കോട്ടെ പ്രതീക്ഷകളെ കുറിച്ചും സാധ്യതകളെ കുറിച്ചും പ്രകാശ് ബാബു മാതൃഭൂമി ഡോട്കോമിനോട് സംസാരിക്കുന്നു.
രണ്ട് ജനകീയ സ്ഥാനാര്‍ഥികളെ നേരിടാനിറങ്ങുമ്പോള്‍ വെല്ലുവിളിയുണ്ടോ?
ഈ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നത് നരേന്ദ്രമോദിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ തന്നെയാണ്. വികസന നായകര്‍ എന്ന് മേനി പറഞ്ഞ് നടക്കുന്നവര്‍ കോഴിക്കോടിന്റെ മണ്ണില്‍ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടതുണ്ട്. 2009-മുതല്‍ 2014 വരെ ഇപ്പോഴത്തെ എം.പി എം.കെ രാഘവന്റെ പാര്‍ട്ടിയുടെ ആളായിരുന്നല്ലോ പ്രധാനമന്ത്രി സ്ഥാനത്തിരുന്നത്. ആ കാലത്ത് കോഴിക്കോടിന് ലഭിച്ച പദ്ധതികളെ കുറിച്ചും അതിന് ശേഷം 2014-മുതല്‍ 2019 വരെ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്ന സമയത്ത് കോഴിക്കോടിന് ലഭിച്ച പദ്ധതികളും ഒന്ന് പരിശോധിക്കണം. അപ്പോള്‍ വികസന നായകന് ആരായിരുന്നുവെന്ന് ചോദിച്ചാല്‍ അത് നരേന്ദ്രമോദി തന്നെയായിരുന്നുവെന്ന് ജനങ്ങള്‍ പറയും. തന്റെ പാര്‍ട്ടി ഭരിക്കുമ്പോള്‍ ലഭിക്കാത്ത വികസനം നരേന്ദ്രമോദി സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ലഭിച്ചുവെന്ന് പറയുമ്പോള്‍ ആരാണ് വികസന നായകന്. ഇത് തന്നെയാണ് ഞങ്ങള്‍ ചര്‍ച്ചാ വിഷയമാക്കുന്നതും.
ശബരിമല എങ്ങനെ പ്രതിഫലിക്കും?
ശബരിമലയും അയ്യപ്പസ്വാമിയും രാഷ്ട്രീയ പരമായി തന്നെ ഉപയോഗിക്കും. കാരണം ഞങ്ങള്‍ അതിന്റെ ഇരകളാണ്. സര്‍ക്കാര്‍ സംവിധാനത്തെ ഉപയോഗിച്ച് കൊണ്ട്, പോലീസിനെ ഉപയോഗിച്ച് കൊണ്ട്, അശോക സ്തംഭത്തെ ഉപയോഗിച്ച് കൊണ്ട് ചുംബന സമരക്കാരേയും ആക്ടിവിസ്റ്റുകളേയും പോലീസിന്റെ വേഷം ധരിപ്പിച്ച് കൊണ്ട്, തൊപ്പി ധരിപ്പിച്ച് കൊണ്ട്, ശബരിമലയില്‍ കൊണ്ടുപോവാന്‍ സുപ്രീംകോടതി പറഞ്ഞോ? അര്‍ധരാത്രിയില്‍ യുവതികളെ സന്നിധാനത്തെത്തിക്കുന്ന മാമാപണി നടത്താന്‍ ആരെങ്കിലും പറഞ്ഞോ? ഇതാണോ നവോത്ഥാനം. അപ്പോള്‍ ഇതൊക്കെ ഇവിടെയുള്ള ജനങ്ങള്‍ക്ക് നന്നായി അറിയാം. സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ആചാര ലംഘനമാണ് നടന്നത്. വിശ്വാസികളായ യുവതികളെ ശബരിമലയില്‍ കയറ്റണമെന്ന് സുപ്രീം കോടതി പറഞ്ഞപ്പോള്‍, ഇവിടെ നടന്നത് എന്താണെന്ന് എല്ലാവര്ക്കും അറിയാം. ഇതിനെയെല്ലാം ശക്തമായി നേരിട്ടത് ഇവിടെയുള്ള ഹൈന്ദവ വിശ്വാസികളാണ്. ഇതൊക്കെ ചര്‍ച്ച ചെയ്യും. ഒരു തരത്തിലുള്ള വായടപ്പിക്കലിനും നിന്ന് കൊടുക്കില്ല. ശബരിമലയെ കുറിച്ച് ഓരോ വീട്ടിലും കയറി സംസാരിക്കും. സര്‍ക്കാരിനെ തുറന്ന് കാണിക്കും. ഇരകളുടെ ചര്‍ച്ച ഈ തിരഞ്ഞെടുപ്പില്‍ ഉണ്ടാവും.
കോഴിക്കോട് അടക്കം കോലീബി ആരോപണമാണല്ലോ പ്രധാന ചര്‍ച്ച?
ഈ മണ്ണിന് കാപട്യങ്ങളെ കുഴിച്ച് മൂടിയ ചരിത്രമുണ്ട്. ആരാണ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന് പോലും പറയാന്‍ കഴിയാത്തവരാണ് ഇവിടെയുള്ള എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ.പ്രദീപ് കുമാറിന്റെ പാര്‍ട്ടി. ഇവിടെ സൗഹൃദ മത്സരം നടത്തി അവിടെ രാഹുല്‍ഗാന്ധിയെ ആണ് എല്‍.ഡി.എഫ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നത് എന്ന് ആര്‍ക്കാണ് അറിയാത്തത്. മാഹിയില്‍ പോയാല്‍ മുസ്ലിം ലീഗും, കോണ്‍ഗ്രസും, ഇടതുപപക്ഷവും കൊടികള്‍ ഒരുമിച്ച് കെട്ടിയല്ലേ മത്സരിക്കുന്നത്. തമിഴ്നാട്ടിലും ഇത് തന്നെയല്ലേ സ്ഥിതി. അതുകൊണ്ട് ഇത്തരം കാപട്യങ്ങളെ തിരിച്ചറിഞ്ഞ് വോട്ട് ചെയ്യാനുള്ള യുക്തി ഇവിടേയുള്ള വോട്ടര്‍മാര്‍ക്കുണ്ട്. കോലീബി എന്ന പ്രചാരണമൊക്കെ ദ്രവിച്ച ആയുധങ്ങളാണ്. ഇതൊന്നും ഇവിടെ വിലപ്പോവില്ല. ആരാണ് സഖ്യത്തിലുള്ളത് എന്നൊക്കെ ജനങ്ങള്‍ക്കറിയാം. പരാജിതന്റെ ആരോപണമാണിത്. മത്സരിക്കുന്നതിന് മുന്നെ ഞങ്ങള്‍ പരാജയപ്പെട്ടുവെന്ന കോടിയേരി ബാലകൃഷ്ണന്റെ കുറ്റസമ്മതമാണ് കോലീബി ആരോപണം. ഈ രാഷ്ട്രീയ അല്പത്തരമൊക്കെ ജനങ്ങള്‍ തിരിച്ചറിയും.
തൊഴിലില്ലായ്മ, വാഗ്ദാന ലംഘനം ഇതൊക്കെയാണ് എതിരാളികളുടെ പ്രധാന ചര്‍ച്ചാ വിഷയം?
പതിനഞ്ചര കോടി മുദ്രാവായ്പയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കൊടുത്ത് തീര്‍ത്തത്. അതും ഒരു തരത്തിലുള്ള ഈടുമില്ലാതെ. അത് മാത്രം പരിശോധിച്ചാല്‍ അറിയാം എത്ര പേര്‍ക്ക് ജോലി ലഭിച്ചൂവെന്ന്. തൊഴിലില്ലായ്മയൊക്കെ പറയുന്നത് മുദ്രാവായ്പയെ കുറിച്ചൊക്കെയുള്ള അജ്ഞത കൊണ്ടാണ്. അഡ്വൈസ് മെമ്മോ ലഭിച്ച് മൂന്ന് വര്‍ഷം കഴിഞ്ഞിട്ട് പോലും ജോലി നല്കാന് തയ്യാറാവാത്തവരാണ് തൊഴില്‍ നല്‍കിയില്ല എന്ന പേരില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത്. തൊഴിലില്ലാത്തത് കൊണ്ടാണോ ഇത്രയും പേര് മുദ്രവായ്പയുമായി പോയത്. ഇത് ഒരുദാഹരണം മാത്രമാണ്. യു.പി.എസ്.സി വഴിയുള്ള നിയമനമൊക്കെ ഇതിന്റെ പുറകെയുണ്ട്. അതൊന്നും കാണാതെ അര്‍ഹരായവരെ പിന്തള്ളി പിന്‍വാതില്‍ നിയമനം നടത്തുന്നവരാണ് യുവജനങ്ങളെയൊക്കെ കൈപിടിച്ചുയര്‍ത്തുന്ന നരേന്ദ്ര മോദി സര്‍ക്കാരിനെതിരേ ആരോപണം ഉന്നയിക്കുന്നത്.
രാഹുല്‍ഗാന്ധിയുടെ 72000 വാഗ്ദാനം?
കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇതിന്റെ പൊള്ളത്തരം മനസ്സിലാവും. ഈ രാജ്യത്തെ സാമ്പത്തിക അവസ്ഥയെ പറ്റി രാഹുല്‍ഗാന്ധിക്ക് എന്തെങ്കിലും അറിയാമോ? 25 കോടി ജനങ്ങള്‍ക്ക് ആറായിരം രൂപ വെച്ച് ഒരു വര്‍ഷം കൊടുക്കാന്‍ പോലും 18 ലക്ഷം കോടി രൂപ വേണം. ഇന്ത്യയെ പോലുള്ള രാജ്യത്ത് ഇത് സാധ്യമാകില്ലെന്ന് എല്ലാവര്ക്കും അറിയാം. ഇത്രയും വലിയ വിഡ്ഢിത്തം പറയുന്ന ആളെയാണോ പ്രധാനമന്ത്രിയാക്കേണ്ടത്. ഇതൊക്കെ വിശ്വസിക്കാന്‍ കോണ്‍ഗ്രസുകാരെ പോലെ മണ്ടന്മാരാണോ വോട്ടര്‍മാര്‍. ഇതൊന്നും ഇവിടെ വിലപ്പോവില്ല. 4.5 ശതമാനം സാമ്പത്തിക വളര്‍ച്ചയുള്ള ഒരു രാജ്യത്തെ നരേന്ദ്രമോദി 58 മാസം കൊണ്ട് 7.5 ശതമാനം വളര്‍ച്ചയുള്ള രാജ്യമാക്കി മാറ്റി. ഇനിയുള്ള കാലം വിളവെടുപ്പ് കാലമാണ്. ആ വിളവെടുപ്പ് കാലം കൂടി കഴിഞ്ഞാല്‍ രാജ്യം ഒന്നാമത്തെ സാമ്പത്തിക ശക്തിയായി മാറും
കോഴിക്കോട്ടെ പ്രതീക്ഷ?
അട്ടമറി വിജയമുണ്ടാവും. കോഴിക്കോട് കഴിഞ്ഞ നിയമസഭാ കാലത്ത് ഞങ്ങള്‍ക്ക് 1,85000 വോട്ടുണ്ട്. നിയമസഭാ ട്രെന്‍ഡ് ബിജെപിക്ക് അനുകൂലമായിരുന്നില്ലെന്ന് അറിയാമായിരുന്നല്ലോ? ഇത്തവണ മൂന്ന് ലക്ഷത്തില്‍ പരം വോട്ട് പിടിക്കും. രാജ്യത്ത് നൂറ് കണക്കിന് താമര വിരിയുമ്പോള്‍ സാമൂതിരിയുടെ മണ്ണിലും താമര വിരിയും.