സംഭവ ബഹുലമായ അഞ്ച് വര്‍ഷത്തെ നരേന്ദ്രമോദി ഭരണത്തിന് ശേഷം മറ്റൊരു ലോക്‌സഭാ തിരഞ്ഞെടുപ്പിന് കൂടി അരങ്ങൊരുങ്ങുകയാണ്. നോട്ട് നിരോധനം മുതല്‍ ശബരിമല വിഷയം വരെ ചര്‍ച്ചയാവുന്ന തിരഞ്ഞെടുപ്പ്. പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ നേതൃത്വത്തിലേക്കുള്ള കടന്ന് വരവ് ചരിത്രം സൃഷ്ടിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം കരുതുമ്പോള്‍ ഭരണ തുടര്‍ച്ചയ്ക്ക് യാതൊരു സംശയവുമില്ലെന്ന് ബിജെപി നേതൃത്വവും ചൂണ്ടിക്കാട്ടുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെ കുറിച്ചും ബിജെപിയുടെ പ്രതീക്ഷയെ കുറിച്ചും ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ് ശ്രീധരന്‍ പിള്ള മാതൃഭൂമി ഡോട്‌കോമിനോട് സംസാരിക്കുന്നു.

 മറ്റൊരു ലോക്‌സഭാ തിരഞ്ഞെടുപ്പ് കൂടി പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുകയാണ്. കേരളത്തില്‍ ബിജെപിയുടെ പ്രതീക്ഷ എങ്ങനെയാണ്?

ബിജെപിക്കെതിരെ കുപ്രചരണങ്ങളും തത്ത്വാദിഷ്ടിതമല്ലാത്ത എതിര്‍പ്പുകളും ആസൂത്രിതമായി എതിരാളികള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷെ ഇത്തരം എതിര്‍പ്പുകളെ വെല്ലുവിളിയായും അതേ അവസരത്തില്‍ മികച്ച അവസരമായും ഞങ്ങള്‍ കാണുകയാണ്. ഈ തിരഞ്ഞെടുപ്പ് ബി.ജെ.പിക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല അവസരമായാണ് ഞങ്ങള്‍ കാണുന്നത്. അതിന് അനുസരിച്ചുള്ള കൃത്യമായ പ്രവര്‍ത്തനം നടത്തുന്നുണ്ട്. ബൂത്ത് തലം  മുതലുള്ള പ്രവര്‍ത്തനം കൃത്യമായി കൊണ്ട് പോവാന്‍ സാധിച്ചിട്ടുണ്ട്. അഖിലേന്ത്യാ നേതൃത്വം തന്നെ പ്രവര്‍ത്തനത്തെ പ്രശംസിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഒട്ടേറെ സീറ്റുകളില്‍ ഇത്തവണ ബിജെപിക്ക് ജയിച്ചുകയറാന്‍ സാധിക്കുമെന്നതില്‍ സംശയമില്ല. 

ഏതെങ്കിലും പ്രതികൂലമായ സാഹചര്യത്തിലൂടെയാണോ ബിജെപി  ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നത്?

ഒരു പ്രതികൂല സാഹചര്യവുമില്ല. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനപ്രിയ ഭരണത്തില്‍ ജനങ്ങള്‍ പൂര്‍ണ സംതൃപ്തരാണ്. മാത്രമല്ല രണ്ട് മുന്നണികളിലും ജനങ്ങള്‍ക്ക് വിശ്വാസമില്ലാത്ത അവസ്ഥയും വന്നിട്ടുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം ഭരണകൂടത്തിന്റെ ധാര്‍ഷ്ട്യവും ധിക്കാരവും ജനങ്ങള്‍ക്ക് മടുത്ത് കഴിഞ്ഞു. ഒരു ഭാഗത്ത് പിണറായി വിജയന്റെ ഭരണ പരാജയം ആണെങ്കില്‍ മറുഭാഗത്ത് കോണ്‍ഗ്രസ് രാജ്യത്ത് തന്നെ അമ്പെ പരാജയപ്പടുന്ന അവസ്ഥയിലാണ്. ഇന്ത്യയിലെ പ്രധാനപ്പെട്ട ഏഴ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഇന്ന് ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്തും ഇല്ല. അതുകൊണ്ട് ബിജെപിക്ക് എതിരായി ഒരു പടയണി തീര്‍ത്താലും ആ പടയണി വിജയിപ്പിക്കാന്‍ കോണ്‍ഗ്രസിനെ കൊണ്ട് സാധിക്കില്ല. മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയുള്ള സംസ്ഥാനങ്ങളില്‍ അവര്‍ രണ്ടാമത്തെ കക്ഷിയായിരുന്നു. അവരും ഞങ്ങളും തമ്മില്‍ വോട്ടിംഗ് ശതമാനത്തില്‍ വലിയ വ്യത്യാസമൊന്നും ഉണ്ടായിരുന്നില്ല. അത് കണ്ടാണ് അവര്‍ ലോക്‌സഭാ തിരഞ്ഞടുപ്പില്‍ ജയിക്കും ജയിക്കുമെന്നുള്ള പ്രതീതിയുണ്ടാക്കുന്നത്. പക്ഷെ അവസാന ഫലം അമ്പെ പരാജയമായിരിക്കും. ബിജെപി താഴോട്ട് പോയാല്‍ തന്നെ പകരം വരുന്നത് പ്രാദേശിക കക്ഷികളായിരിക്കും. എന്നാല്‍ ആ പ്രാദേശിക കക്ഷികള്‍ക്കൊക്കെ ബിജെപിയോടാണ് കൂടുതല്‍ താല്‍പര്യം എന്നതാണ് യാഥാര്‍ഥ്യം. അതുകൊണ്ടു തന്നെ ഇന്ദ്രപസ്ഥത്തില്‍ സുസ്ഥിരമായ ഭരണമൊരുക്കാന്‍ ബിജെപിക്ക് മാത്രമേ കഴിയൂ. 

ഇത്തവണ ബിജെപി ജനങ്ങളോട് മുന്നോട്ട് വെക്കുന്ന പ്രചാരണ വിഷയം എന്താണ്?

നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണ നേട്ടം തന്നെയായിരിക്കും മുന്നോട്ട് വെക്കുക. സമസ്ഥ മേഖലകളിലും നേട്ടമാണ്. ആ നേട്ടങ്ങളെ കുറിച്ചൊക്കെ ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്. ഭരണ തുടര്‍ച്ചയുണ്ടാവുകയാണെങ്കില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ട് തീര്‍ച്ചയായും ഭാരതത്തിന്റേതാക്കി മാറ്റാന്‍  സാധിക്കും. ജാതിമത ശക്തികളെ ഒന്നിച്ച് നിര്‍ത്താനുള്ള ഒരു ചാലക ശക്തിയായി ബിജെപി മാറി കഴിഞ്ഞിട്ടുണ്ട്. ദേശീയ അടിസ്ഥാനത്തില്‍ മറ്റൊരു ബദല്‍ ഇല്ല എന്നതാണ് വസ്തുത. 

ബിജെപിയെ പരാജയപ്പെടുത്താന്‍ സി.പി.എമ്മും കോണ്‍ഗ്രസും ഒന്നിക്കുമെന്ന് കേള്‍ക്കുന്നുണ്ടല്ലോ?

അവര്‍ അതിന് ആഹ്വാനം ചെയ്ത് കഴിഞ്ഞല്ലോ. അക്രമം ഉപേക്ഷിച്ചാല്‍ ഞങ്ങള്‍ ഒന്നിച്ച് നില്‍ക്കാമെന്നാണ് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത്. ഇതിന്റെ അര്‍ത്ഥമെന്താണ്. അവര്‍ ഒന്നിച്ച് നില്‍ക്കട്ടെ അവരെ നേരിടാന്‍ ബിജെപി പൂര്‍ണ സജ്ജരാണ്. 

ശബരിമല വിഷയം ഗുണം ചെയ്യുമോ?

ശബരിമല വിഷയം കേരളത്തിന്റെ രാഷ്ട്രീയ രംഗത്ത് ഗുണപരമായ മാറ്റമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കപടമുഖങ്ങളെ തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് സാധിച്ചു. ബിജെപിയെ സംബന്ധിച്ചിടത്തോളം കോണ്‍ഗ്രസ് പാര്‍ട്ടിയും സി.പി.എമ്മും പത്തിവിടര്‍ത്തി കൊത്താന്‍ നില്‍ക്കുന്ന മൂര്‍ഖന്‍ പാമ്പാണ്. അവരെ ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ല. ഈ വിഷപാമ്പുകളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. 

ശബരിമല വിഷയം ബിജെപിയുടെ ഗ്രാഫ് വര്‍ധിപ്പിച്ചിട്ടുണ്ടോ?

ശബരിമല ഞങ്ങളുടെ ആത്മാവാണ്. അതിനെ വില്‍പ്പന ചരക്കാക്കാന്‍ താല്‍പര്യപ്പെടുന്നില്ല. എങ്കിലും ശബരിമലയുണ്ടാക്കിയ ഗുണപരമായ മാറ്റം കൊണ്ടാണ് ഈ കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ നാല് ജില്ലകളില്‍ സി.പി.എം തുടച്ച് നീക്കപ്പെട്ടത്. പത്തനം തിട്ടയില്‍ മാത്രം രണ്ട് സ്ഥലത്തേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് അവരുടെ സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടുവെന്ന് മാത്രമല്ല, മൂന്നാം സ്ഥാനത്തേക്കോ നാലാം സ്ഥാനത്തേക്കോ തള്ളപ്പെടുകയാണ് ചെയ്യുന്നത്. ഇതേ അവസ്ഥയാണ് ശബരിമലയുമായി ബന്ധപ്പെട്ട ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ സംഭവിച്ചത്. അതുകൊണ്ട് സി.പി.എം തുടച്ച് നീക്കല്‍ വക്കിലാണ്. കോണ്‍ഗ്രസിനെ സംബന്ധിച്ച് പറയുകയാണെങ്കില്‍  അവര്‍ ശബരിമല സമരത്തെ വഴിവക്കില്‍ ഉപേക്ഷിച്ചവരാണ്. സമരം പ്രഖ്യാപിച്ച് ഒളിച്ചോടി മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഷോ കാണിക്കാന്‍ മാത്രമാണ് അവര്‍ ശ്രമിച്ചത്. പിന്നില്‍ നിന്ന് കുത്തിയ ചതിയന്‍മാരുമാണ്. അതുകൊണ്ട് ഇതിന് മറുപടി ഇരു മുന്നണികള്‍ക്കും തെരഞ്ഞെടുപ്പ് നല്‍കും. 

ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്താനാണല്ലോ സിപിഎം ശ്രമം?

അത് അവരുടെ മൗഢ്യമാണ്. രാഷട്രീയമായി അവര്‍ക്ക് ചിന്തിക്കാന്‍ സാധിക്കുന്നില്ല. ആര്‍.എസ്.എസ് ബിജെപി എന്നൊക്കെ പറഞ്ഞ് കാടളക്കി പ്രചാരണം നടത്തിയത് തങ്ങള്‍ക്ക് വലിയ ഗുണം ചെയ്യുമെന്നാണ് സിപിഎം കരുതുന്നത്. പക്ഷെ കോണ്‍ഗ്രസിന് ഗുണം ചെയ്യുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ പോവുന്നത്. ഏതായാലും ന്യൂനപക്ഷങ്ങളില്‍ ഒരു വിഭാഗമെങ്കിലും ഇത്തവണ ബിജെപിക്ക് വോട്ട് ചെയ്യുമെന്നതില്‍ സംശയമില്ല. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം വിവിധ മത ജാതി വിഭാഗങ്ങളില്‍ പെട്ടവര്‍ ഇത്തവണ സ്ഥാനാര്‍ഥി പട്ടികയില്‍ ഉണ്ടാവും. അതില്‍ സ്ത്രീകളും  യുവാക്കളും പാര്‍ട്ടിയില്‍ പെടാത്തവര്‍ വരെ സ്ഥാനാര്‍ഥികളായിട്ടുണ്ടാവും. 

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ധാരണയായോ?

ധാരണയായി ലിസ്റ്റ് കേന്ദ്രത്തിന് അയച്ചിട്ടുണ്ട്. അതുപോലെ തന്നെ കേരളത്തെ സംബന്ധിച്ചിടത്തോളം എന്‍.ഡി.എയുടെ ഘടക കക്ഷികളായും ധാരണയായി കഴിഞ്ഞിട്ടുണ്ട്.

പ്രിയങ്ക ഗാന്ധിയെ ഒരു സ്റ്റാറാക്കിയാണല്ലോ കോണ്‍ഗ്രസിന്റെ പ്രചാരണം?

എന്നും മണ്ടത്തരം കാണിക്കുന്ന പാര്‍ട്ടിയാണല്ലോ കോണ്‍ഗ്രസ്. ആ മുഖകാന്തിയില്‍ ജനങ്ങള്‍ ആകൃഷ്ടരായി പോവുമെന്നൊക്കെയുള്ള പ്രചാരണങ്ങള്‍ വ്യാമോഹങ്ങള്‍ മാത്രമാണ്. നാല്‍പത്തിയെട്ട് വയസ്സുള്ള യുവതി എന്നൊക്കെ പറഞ്ഞാണ് പ്രചാരണം. ഇതൊക്കെ കോണ്‍ഗ്രസിനെ എവിടെ ചെന്നെത്തിക്കുമെന്ന് കാത്തിരുന്ന് കാണം. 

നവോത്ഥാനമാണല്ലോ കേരളത്തില്‍ സി.പി.എമ്മിന്റെ പ്രചാരണ വിഷയം?

നവോത്ഥാനവും സിപിഎമ്മും തമ്മില്‍ കടലും കടലാടിയും പോലെയാണ്.  കമ്യൂണിസ്റ്റുകാര്‍ തുടങ്ങിവെച്ച എന്ത് നവോത്ഥാനമാണ് ഉള്ളത്. ഞാനതിന്റെ കണക്കെടുക്കുന്നില്ല. നവോത്ഥാനത്തിന്റെ കാര്യത്തില്‍ വട്ടപൂജ്യമല്ലേ സി.പി.എം. വസ്തുത അതാണ്, ചരിത്രം അതാണ്. കൃഷ്ണപ്പിള്ളയും, എകെജിയുമൊക്കെ ചില സമരങ്ങളില്‍ വന്നത് അവര്‍ കമ്യൂണിസ്റ്റുകാര്‍ എന്ന നിലയിലല്ല. അതെല്ലം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ആധുനിക നവോത്ഥാന നായകന്‍മാരാവന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗിച്ച് ശ്രമിച്ചാല്‍ അത് വിജയിക്കാന്‍ പോവുന്നില്ല. അവരുടെ പതനം തന്നെയാണ് അതിലേക്ക് നയിക്കുക. 

സി.പി.എം ജില്ലാ സെക്രട്ടറിക്ക് എതിരെ തന്നെ ഇപ്പോള്‍ കൊലപാതക കുറ്റപത്രം വന്നിരിക്കുകയാണ്?

കൊലക്കേസില്‍ പ്രതിയാവാത്ത ഏത് മുഖ്യമന്ത്രിയാണ് അവര്‍ക്കുണ്ടായിരുന്നത്. ഇ.എം.എസ് ഒഴിച്ച് അച്യുതാനന്ദനും, നായനാരും, പിണറായി വിജയനും എന്ന് വേണ്ട ആരാണ് കൊലക്കേസ് പ്രതി അല്ലാത്തത്. ഏത് നേതാക്കന്‍മാരാണ് ക്രിമിനല്‍ കേസ് പ്രതിയും കോടതിയലക്ഷ്യ കേസും നേരിടാത്തത്. ജയരാജന്‍ ന്യൂനപക്ഷങ്ങളുടെ ആളല്ലേ. എന്നാല്‍ ഫസല്‍ വധവും ഷുക്കൂര്‍ വധവും ഷുഹൈബ് വധവുമൊക്കെ എന്താണ് തെളിയിക്കുന്നത്. ഇതൊക്കെ ജനങ്ങള്‍ കാണുന്നുണ്ട്. സി.പി.എമ്മിന്റെ പ്രശ്‌നം സ്റ്റാലിനിസം ഉപേക്ഷിക്കാത്തതാണ്‌. സ്റ്റാലിന്‍ ചെയ്തത് ശരിയെന്ന് പറഞ്ഞ് സ്റ്റാലിന്റെ പ്രേതവും കൊണ്ട് നടക്കുന്നവരാണ് സി.പി.എം. അതിനെ ഉപേക്ഷിച്ചാലെ അവര്‍ക്ക് അക്രമത്തില്‍ നിന്നും മാറി നില്‍ക്കാന്‍ കഴിയൂ. 

സ്ത്രീ സമത്വമാണ് സി.പി.എമ്മിന്റെ മറ്റൊരു പ്രചാരണ വിഷയം?

സ്ത്രീകളെ വേട്ടയാടുകയല്ലേ അവര്‍ ചെയ്യുന്നത്. ഏത് കാലത്താണ് അവര്‍ സ്ത്രീത്വത്തെ അംഗീകരിച്ചത്. ഇന്നുവരെ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ത്രീകളെ അവരുടെ മുഖ്യമന്ത്രിയാക്കാന്‍ തയ്യാറായിട്ടുണ്ടോ. പോളിറ്റ്ബ്യൂറോയില്‍ പോലും ഏതെങ്കിലും താഴ്ന്ന ജാതിയില്‍ പെട്ട ഒരു സ്ത്രീക്ക് അവര്‍ അംഗത്വം നല്‍കിയിട്ടുണ്ടോ. അതുകൊണ്ട് അവരെ സംബന്ധിച്ചിടത്തോളം ഇതൊക്കെ അധരവ്യായാമം മാത്രമാണ്. ആത്മാര്‍ഥത ഒട്ടുമില്ലാതെ ചെയ്യുന്നത്. അതുകൊണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വിശ്വസിച്ച് സാമൂഹ്യ മാറ്റം ഉണ്ടാകും എന്ന് വിശ്വസിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് എന്നാണ് എനിക്ക് പറയാന്‍ കഴിയുന്നത്. 

കേന്ദ്രത്തില്‍ ഭരണ തുടര്‍ച്ചയുണ്ടാവുമോ? ശ്രീധരന്‍ പിള്ള മത്സരിക്കുമോ?

എന്റെ നിലപാട് ഞാന്‍ നേരത്തെ വ്യക്തമാക്കിയതാണ്. ഞാന്‍ ജയിക്കാനല്ല ജയിപ്പിക്കാനാണ് മത്സരിക്കുന്നത്. അതുപോലെ ഭരണ തുടര്‍ച്ചയുണ്ടാകുമെന്നതില്‍ ഒരു സംശയവുമില്ല. കേന്ദ്രത്തില്‍ നരേന്ദ്രമോദി വീണ്ടും അധികാരത്തില്‍ വരും. അവിടെ നരേന്ദ്രമോദിയെ പിന്താങ്ങാന്‍ ഒട്ടേറെ എന്‍.ഡി.എ എംപിമാര്‍ വിജയിച്ച് എത്തുകയും ചെയ്യും. 

Content Highlights:Talk With Adv.PS Sreedharan Pilla On 2019 Loksabha Election