കൊച്ചി: എറണാകുളം സീറ്റിലെ സ്ഥാനാര്‍ത്ഥിത്വം സിപിഎമ്മിനെ കുഴക്കവേ മത്സരസന്നദ്ധത അറിയിച്ച് മുന്‍ എംപി സെബാസ്റ്റ്യന്‍ പോള്‍. പാര്‍ട്ടി പറഞ്ഞാല്‍ എറണാകുളത്ത് മത്സരിക്കാന്‍ തയ്യാറാണെന്ന് സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി രണ്ടു തവണ ജയിച്ചിട്ടും പിന്നീട് താന്‍ തഴയപ്പെടുകയായിരുന്നെന്നും മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. മകന്‍ റോണ്‍ സെബാസ്റ്റ്യന്റെ ഉള്‍പ്പെടെ പേരുകള്‍ കേട്ടിരുന്നെങ്കിലും സെബാസ്റ്റ്യന്‍ പോളിന്റെ പേര് ഇതുവരെ എറണാകുളത്തെ സാധ്യതാ പട്ടികയില്‍ കേട്ടിരുന്നില്ല. എറണാകുളം മണ്ഡലത്തില്‍ നിന്ന് മുമ്പ് മൂന്നു തവണ ഇടതു സ്ഥാനാര്‍ത്ഥിയായി ജയിച്ചിട്ടുള്ള ആളാണ് സെബാസ്റ്റ്യന്‍ പോള്‍.

1997ല്‍ സിറ്റിങ് എംപിയായിരുന്ന സേവ്യര്‍ അറയ്ക്കലിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഇടതു പിന്തുണയോടെ സെബാസ്റ്റ്യന്‍ പോള്‍ ആദ്യമായി എറണാകുളത്ത് മത്സരിക്കുന്നത്. 97ല്‍ ആന്റണി ഐസക്കിനെ തോല്‍പിച്ച അദ്ദേഹം 98ല്‍ വീണ്ടും മത്സരിച്ചെങ്കിലും ജോര്‍ജ് ഈഡനോട് തോല്‍ക്കുകയായിരുന്നു. 2003ല്‍ ജോര്‍ജ് ഈഡന്റെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ വീണ്ടും ജയിച്ചു. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും എറണാകുളം സീറ്റ് സിപിഎം സെബാസ്റ്റ്യന്‍ പോളിനു തന്നെ നല്‍കി. 70099 വോട്ടുകളുടെ വമ്പന്‍ ഭൂരിപക്ഷത്തിലായിരുന്നു തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ജയം. 1967ല്‍ വിശ്വനാഥ മേനോനും 1996ല്‍ സേവ്യര്‍ അറയ്ക്കലും മാത്രമാണ് സെബാസ്റ്റ്യന്‍ പോളിനെ കൂടാതെ എറണാകുളം മണ്ഡലത്തില്‍ നിന്ന് ജയിച്ചിട്ടുള്ള ഇടതു സ്ഥാനാര്‍ത്ഥികള്‍.

sebastian paul

''ആവശ്യപ്പെട്ടതനുസരിച്ചോ അപേക്ഷ നല്‍കിയതനുസരിച്ചോ ആയിരുന്നില്ല 97ല്‍ എന്നെ സ്ഥാനാര്‍ത്ഥിയാക്കിയത്,'' സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. ''അന്നും എല്‍ഡിഎഫിന് ഇതുപോലെ സ്ഥാനാര്‍ത്ഥികള്‍ക്ക് ക്ഷാമമുള്ള കാലമായിരുന്നു. എന്നോട് സ്ഥാനാര്‍ത്ഥിയാകാമോ എന്ന് ചോദിച്ചപ്പോള്‍ സ്വീകരിക്കുകയായിരുന്നു. 9000 വോട്ടിന്റെ ഭൂരിപക്ഷമാണ് അന്നുണ്ടായത്. 2003ല്‍ അത് 24000 ആയിട്ടുയര്‍ന്നു. ഏതാനും മാസങ്ങള്‍ക്ക് ശേഷം 2004ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ അത് 70000 വോട്ടായി. എറണാകുളം പോലൊരു കോണ്‍ഗ്രസ് മണ്ഡലത്തില്‍ ഇത്രയും വോട്ടിന് ഒരു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജയിക്കുക എന്നത് അത്യപൂര്‍വമായ കാര്യമാണ്.''

'' 2004ല്‍ അഞ്ചു കൊല്ലം പൂര്‍ത്തിയാക്കി. സാധാരണ ഗതിയില്‍ സ്വാഭാവികമായും ഞാന്‍ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. പക്ഷേ, സിന്ധു ജോയിയെ സ്ഥാനാര്‍ത്ഥിയാക്കാനാണ് പാര്‍ട്ടി തീരുമാനിച്ചത്. സിന്ധു പരാജയപ്പെട്ടു. തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ എന്നെ സ്ഥാനാര്‍ത്ഥിയാക്കിയേക്കുമെന്ന് ഞാന്‍ മാത്രമല്ല പലരും കരുതിയിരുന്നു. പക്ഷേ, അത്തവണയാണ് ഡല്‍ഹിയില്‍ നിന്ന് ക്രിസ്റ്റി ഫെര്‍ണാണ്ടസ് സ്ഥാനാര്‍ത്ഥിയായി എത്തുന്നത്. അങ്ങനെ രണ്ടു തിരഞ്ഞെടുപ്പുകള്‍ എനിക്ക് നഷ്ടമായി.''

''ഇപ്പോള്‍ വീണ്ടും മറ്റൊരു തിരഞ്ഞെടുപ്പിലേക്ക് എത്തുകയാണ്. സ്ഥാനാര്‍ത്ഥികളെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നു. ആരായിരിക്കും എറണാകുളത്തെ സ്ഥാനാര്‍ത്ഥിയെന്ന കാര്യത്തില്‍ വ്യക്തതയില്ല. എറണാകുളം കേരളത്തിലെ സുപ്രധാന മണ്ഡലമാണ്. സിപിഎമ്മിന് കൈവിടാന്‍ കഴിയാത്ത മണ്ഡലം. അതുകൊണ്ട് ഇവിടെ ജയിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നത് പാര്‍ട്ടിയുടെ അഭിമാനത്തിന്റെ മാത്രം പ്രശ്‌നമല്ല നിലനില്‍പിന്റേത് കൂടിയാണ്. ആ നിയോഗം എന്നെ ഏല്‍പിച്ചാല്‍ സ്വീകരിക്കും'' -അദ്ദേഹം വ്യക്തമാക്കി.

sebastian paul
സെബാസ്റ്റ്യന്‍ പോളും കുടുംബവും. ഫോട്ടോ- വി.എസ് ഷൈന്‍

എറണാകുളത്ത് സ്ഥാനാര്‍ത്ഥിയായി മകന്‍ റോണ്‍ സെബാസ്റ്റ്യന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നതില്‍ തെറ്റൊന്നുമില്ലെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. ''റോണിനെ പരിഗണിക്കുന്നതില്‍ തെറ്റൊന്നുമില്ല. അയാള്‍ മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ യൂണിയന്‍ ചെയര്‍മാനായിരുന്നു. ഡിവൈഎഫൈ്വയുടെ ഏരിയാ സെക്രട്ടറിയായിരുന്നു. പക്ഷേ, സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച സൂചനകളൊന്നും റോണിന് ഇതുവരെ ലഭിച്ചിട്ടില്ല. ചര്‍ച്ചകള്‍ ആരംഭിച്ചിട്ടേ ഉള്ളൂ എന്നതിനാല്‍ അതിനുള്ള സമയവുമായിട്ടില്ല. ഇന്നസെന്റിന്റെയും പി.രാജീവിന്റെയും പേരുകളൊക്കെ കേള്‍ക്കുന്നുണ്ട്. നമ്മള്‍ കേള്‍ക്കാത്ത പേരുകളും പാര്‍ട്ടിയുടെ ആലോചനയില്‍ ഉണ്ടാകാം. 97ല്‍ ഞാന്‍ സ്ഥാനാര്‍ത്ഥിയായതും തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു. എന്തായാലും കഴിഞ്ഞ തവണ ക്രിസ്റ്റി ഫെര്‍ണാണ്ടസിനെ കൊണ്ടുവന്ന പോലെ വിവാദമായ തീരുമാനമൊന്നും ഇത്തവണ ഉണ്ടാകില്ല. യോഗ്യനായ ഒരു സ്ഥാനാര്‍ത്ഥിയെ തന്നെയാകും ഇത്തവണ സിപിഎം നിര്‍ത്തുക.'

content highlights: sebastian paul, interview, LDF, CPIM, UDF, lok sabha election 2019

LDF

sebastian paul