നിയമസഭാ സാമാജികനെന്ന നിലയില്‍ പതിമൂന്ന് വര്‍ഷത്തെ കോഴിക്കോട്ടുകാരുമായുള്ള ബന്ധം വോട്ടാകുമെന്ന പ്രതീക്ഷയിലാണ് കോഴിക്കോട് ലോക്സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ. പ്രദീപ് കുമാര്‍ പാര്‍ലമെന്റിലേക്ക് അവസരം ചോദിച്ചിറങ്ങുന്നത്. ചുവപ്പ് കോട്ടയാണെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എല്‍.ഡി.എഫിനോട് അകലം കാണിക്കുന്ന മണ്ഡലം എന്ന നിലയ്ക്ക് ഇത്തവണ ഏത് വിധേനയും കോഴിക്കോട് തിരിച്ച് പിടിക്കുക എന്നതാണ് എ.പ്രദീപ് കുമാറിന് മുന്നിലുള്ള വെല്ലുവിളി. ജനകീയ മുഖം എന്ന നിലയ്ക്ക് രണ്ട് തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച എം.കെ രാഘവനെ തന്നെ യു.ഡി.എഫ് ഇത്തവണയും മണ്ഡലത്തില്‍ ഇറക്കിയിരിക്കുന്നു. ഇതോടെ തിരഞ്ഞെടുപ്പ് മത്സരം അതിന്റെ എല്ലാ ചൂടിലെത്തുകയും ചെയ്തു. കോഴിക്കോട്ടെ പ്രതീക്ഷകളെ പറ്റിയും മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തെ പറ്റിയും എ.പ്രദീപ് കുമാര്‍ മാതൃഭൂമി ഡോട് കോമിനോട് സംസാരിക്കുന്നു. 

തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലെത്തി നില്‍കുന്നു. വിജയ പ്രതീക്ഷ തന്നെയാണോ? 

ഇടതുപക്ഷ ജനാധിപത്യമുന്നണി നേരത്തേ തന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് പ്രചാരണം ആരംഭിച്ച് കഴിഞ്ഞിരുന്നു. ആദ്യ ഘട്ടം മുതല്‍ തന്നെ വലിയ ആവേശത്തിലുമായിരുന്നു. അതുകൊണ്ട് വിജയം സുനിശ്ചിതമെന്നതില്‍ സംശയമില്ല. കോഴിക്കോട്ടെ വിജയം ഉറപ്പിക്കാനുള്ള പ്രധാന കാരണം 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ജനവിധി തന്നെയാണ്. അതിന്റെ കണക്കനുസരിച്ച് നോക്കുമ്പോള്‍ 92,000 വോട്ടിന്റെ ഭൂരിപക്ഷമാണ് ഏഴ് നിയമസഭാ മണ്ഡലങ്ങളിലായി എല്‍.ഡി.എഫിനുള്ളത്. അതിന് ശേഷം കേരളത്തില്‍ നടന്ന എല്ലാ ഉപതിരഞ്ഞെടുപ്പുകളിലും മികച്ച വിജയവും നേടി.

എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്ന് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും യാതൊരുവിധ സര്‍ക്കാര്‍ വിരുദ്ധ വികാരവും കേരളത്തിലില്ല എന്നതിന് തെളിവാണിത്. ജനങ്ങള്‍ക്കിടയില്‍ നല്ല സ്വാധീനമുള്ള പാര്‍ട്ടികളായ ലോക് താന്ത്രിക് ജനതാദളും ഐ.എന്‍.എല്ലും ഇപ്പോള്‍ എല്‍.ഡി.എഫിന്റെ ഭാഗമായത് വിജയസാധ്യത വര്‍ധിപ്പിക്കുന്നു. കൂടാതെ കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തിലുണ്ടായ വികസനമുരടിപ്പും പ്രധാന വിഷയമാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടേയും എം.എല്‍.എയുടേയും നേതൃത്വത്തില്‍ മികച്ച വികസനം നടത്തിയപ്പോള്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നടക്കേണ്ട വികസനങ്ങളൊന്നും തന്നെ ഇവിടെ നടന്നിട്ടില്ല. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോഴിക്കോടിനെ ഉള്‍പ്പെടുത്തി എന്നുപറഞ്ഞ പല കേന്ദ്ര പദ്ധതികളും ഇതുവരെ നടപ്പിലായിട്ടില്ല.

കോഴിക്കോട് യു.ഡി.എഫ് ബി.ജെ.പി ഒത്തുകളിയാണ് എന്ന ആരോപണമാണല്ലോ ഇടതുപക്ഷം ഉന്നയിക്കുന്നത്?

അങ്ങനെയുള്ള ലക്ഷണങ്ങളാണല്ലോ കണ്ടുവരുന്നത് കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് ഏറ്റവും അധികം വോട്ടുകള്‍ ലഭിച്ച മണ്ഡലങ്ങളില്‍ ഒന്നായിട്ടുകൂടി കോഴിക്കോട് ബി.ജെ.പി. ശക്തനായൊരു സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ല. കൂടാതെ ബി.ജെ.പിയുടെ സംസ്ഥാന നേതാക്കന്‍മാരില്‍ പലരും കോഴിക്കോട്ടുകാരായിരുന്നിട്ടും അവരേയൊന്നും നിര്‍ത്താതെ അപ്രധാനിയായൊരു സ്ഥാനാര്‍ഥിയെയാണ് അവര്‍ രംഗത്തിറക്കിയത്. അദ്ദേഹമാകട്ടെ ഒരു കേസില്‍ പെട്ട് പ്രചാരണത്തിന്റെ ചുക്കാന്‍ പിടിക്കേണ്ട സമയത്ത് ജയിലിലുമായിരുന്നു. ആ സമയത്ത് അവരുടെ അണികളും പ്രവര്‍ത്തനരംഗത്തുണ്ടായിരുന്നില്ല. ബി.ജെ.പി കാര്യമായ പ്രചരണങ്ങള്‍ നടത്താതിരുന്നത് ആരെ സഹായിക്കാനാണ്? യു.ഡി.എഫ് സ്ഥാനാര്‍ഥിക്കെതിരെ ഉയര്‍ന്ന ആരോപണത്തോട് പ്രതികരിക്കാന്‍ പോലും അവര്‍ തയാറാകാത്തത് കോഴിക്കോട് യു.ഡി.എഫ്-ബി.ജെ.പി ഒത്തുകളി നടന്നതിന് തെളിവാണ്. അവര്‍ പരസ്പര സഹകരണത്തോട്് കൂടിയാണ് ഇവിടെ മുന്‍പോട്ട് പൊയ്‌ക്കൊണ്ടിരിക്കുന്നത്.

എം.കെ രാഘവന്‍ നേരിടുന്ന കോഴ ആരോപണത്തേക്കുറിച്ച്?

ഞങ്ങള്‍ക്ക് പ്രത്യേക താല്‍പര്യമുള്ള വിഷയമല്ല അത്. അത് സ്വയം വരുത്തിവെച്ചതാണ്. ജനങ്ങള്‍ക്കറിയാം എന്താണ് സംഭവിച്ചതെന്ന്. ജയിക്കാന്‍ ഞങ്ങള്‍ക്ക് വിവാദങ്ങളുടെ അകമ്പടിയാവശ്യമില്ല. കഴിഞ്ഞ 10 വര്‍ഷമുണ്ടായ വികസനമുരടിപ്പും ദേശീയ സംസ്ഥാന രാഷ്ട്രീയത്തിന്റെ പിന്‍ബലവും കൊണ്ട് തന്നെ വിജയം ഉറപ്പാണ്. പ്രതിക്കൂട്ടിലായ യു.ഡി.എഫ് തിരഞ്ഞെടുപ്പ് രംഗത്ത് പിടിച്ചുനില്‍ക്കുന്നതിനു വേണ്ടി എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്കെതിരെ വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് ചെയ്യുന്നത്.

രാഘവനെതിരായ ആരോപണത്തി​ന് പിന്നില്‍ സി.പി.എം. കോഴിക്കോട് ജില്ലാ കമ്മറ്റിയണെന്ന ആരോപണമുണ്ടല്ലോ?

അതിനുള്ള മറുപടി പാര്‍ട്ടി ജില്ലാ സെക്രട്ടറിയും കേന്ദ്ര കമ്മറ്റിയും പറഞ്ഞിട്ടുണ്ട്. മാത്രമല്ല ആരോപണത്തിന്റെ തെളിവുകൊണ്ടുവരാന്‍ വെല്ലുവിളിച്ചിട്ടുമുണ്ട്. അടിസ്ഥാനരഹിതമായ ആരോപണമുന്നയിച്ചതിന് വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ടെങ്കിലും മറുപടി പോലും നല്‍കിയിട്ടില്ല.

ശബരിമല വിഷയം തിരിച്ചടിയാകുമോ?

അതൊരു പ്രാദേശിക വിഷയം മാത്രമാണ്. ലോക് സഭാ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും രാജ്യ പുരോഗതിയുമായി ബന്ധപ്പെട്ട വിഷയങ്ങളുമാണ്. അത് സാധിക്കാത്തതിന്റെ ഗതികേടാണ് ബി.ജെ.പിയെ ഇത്തരം വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രേരിപ്പിക്കുന്നത്. ബി.ജെ.പി ശബരിമലയെ മുന്‍നിര്‍ത്തി ഒരു വര്‍ഗീയ ചേരിതിരിവുണ്ടാക്കാനാണ് ശ്രമിച്ചത്.

രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം?

സമ്പൂര്‍ണ പരാജയം മുന്നില്‍ക്കണ്ടാണ് കോണ്‍ഗ്രസിന്റെ കേരളാ നേതൃത്വം രാഹുലിനെ രംഗത്തിറക്കിയത്. ബി.ജെ.പിക്കെതിരേ മത്സരിക്കാതെ കേരളത്തില്‍ മതേതരത്വത്തിനൊപ്പം നില്‍ക്കുന്ന എല്‍.ഡി.എഫിനെതിരേ മത്സരിക്കുന്നതോടെ ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ മുനയൊടിഞ്ഞിരിക്കുകയാണ്. അമേഠിയിലെ പരാജയഭീതികൊണ്ടാണ് അദ്ദേഹം വയനാട്ടിലേക്കെത്തിയത്. കേരളത്തില്‍ എല്‍.ഡി.എഫിനെതിരേ നില്‍ക്കുന്ന 20 സ്ഥാനാര്‍ഥികളില്‍ ഒരാള്‍ മാത്രമാണ് രാഹുല്‍. കഴിഞ്ഞ തവണ അമേഠിയില്‍ മല്‍സരിച്ച രാഹുല്‍ഗാന്ധിക്ക് ഉത്തര്‍പ്രദേശില്‍ ഒരുചലനവും ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. പിന്നെ കേരളത്തിനെങ്ങനെ സാധിക്കും. 

ഏറ്റവുമധികം കേന്ദ്ര പദ്ധതികള്‍ നടപ്പിലാക്കിയത് കോഴിക്കോടാണ് എന്ന രാഘവന്റെ അവകാശവാദത്തെക്കുറിച്ച്?

സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ടുപയോഗിച്ച് നടത്തിയ പദ്ധതികള്‍ എങ്ങനെയാണ് അദ്ദേഹത്തിന്റേതാവുക? 2011 ബജറ്റില്‍ തോമസ് ഐസക്കാണ് തൊണ്ടയാട്-എരഞ്ഞിപ്പാലം മേല്‍പ്പാലം, മാങ്കാവ് ഭാഗത്തെ റോഡിന്റെ വീതികൂട്ടല്‍ എന്നിവക്കായി 200 കോടി രൂപയുടെ കോഴിക്കോട് പാക്കേജ് പ്രഖ്യാപിച്ചത്. പിന്നീട് കെ.എം. മാണി ധനകാര്യ മന്ത്രിയായപ്പോള്‍ തൊണ്ടയാട് മേല്‍പാലത്തിന് മാത്രം അംഗീകാരം നല്‍കുകയും ബാക്കി പദ്ധതികള്‍ ഒഴിവാക്കുകയും ചെയ്തു. അതെങ്ങനെയാണ് എം.പിയുടെ പദ്ധതിയാവുക?  സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ എം.എല്‍.എമാരുടെ നേതൃത്വത്തില്‍ മികവുറ്റതാക്കുക എന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ച പദ്ധതിയുടെ ഭാഗമായി രണ്ട് വിദ്യാലയങ്ങള്‍ ഇതിനോടകം പണി പൂര്‍ത്തിയാക്കി കഴിഞ്ഞു. കൂടാതെ പത്തെണ്ണത്തിന്റെ പണി പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ദേശീയ നിലവാരത്തിലാണ് ഇവ നിര്‍മിക്കുന്നത്.

കേന്ദ്രത്തില്‍ നിന്നുള്ള അവാര്‍ഡുകളും ഈ വിദ്യാലയങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ കേന്ദ്രീയ വിദ്യാലയങ്ങളുടെ അവസ്ഥ ഇതല്ല. പാര്‍ലമെന്റ് ഫണ്ട് ഉപയോഗിച്ചുകൊണ്ട് ക്ലാസുകള്‍ നിര്‍മിക്കാത്തതുകൊണ്ട് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കേണ്ട ഗതകേടിലാണ് കോഴിക്കോട്ടെ കേന്ദ്രീയ വിദ്യാലയം.  മെഡിക്കല്‍ കോളേജിലേക്ക് 50 ലക്ഷം രൂപ കൊടുത്തു എന്ന് പറയുന്നത് വലിയ കാര്യമല്ല. എല്‍.ഡി.എഫിന്റെ എം.പിമാരായ ടി.എന്‍. സീമയും എം.പി. വീരേന്ദ്രകുമാറും രണ്ടും മൂന്നും കോടി രൂപ വീതം മെഡിക്കല്‍ കോളെജ് വികസനത്തിനായി ചിലവഴിച്ചിട്ടുണ്ട്.

Content Highlights:No need to win the controversial issue by  A.preep Kumar