ലീഗിന്റെ സ്വാധീനത്തോടെ മത്സരിക്കാന്‍ പോകുന്ന രാഹുല്‍ ഗാന്ധി ലീഗിനോടുള്ള സ്‌നേഹം പ്രകടിപ്പിക്കുമെന്നും അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ലീഗിന്റെ മൂന്നാമത്തെ സീറ്റായി അവർ വയനാട് ചോദിക്കുമെന്നും രാജ്യസഭാ എംപിയും ബിജെപി നേതാവുമായ വി മുരളീധരൻ. ലീഗ് ഭീകരവാദികളെ പിന്തുണക്കുന്ന പാർട്ടിയാണ്. കോണ്‍ഗ്രസ്സ് ഇതുവരെ മത്സരിച്ചതില്‍ നിന്ന് ഒരു സീറ്റ് കുറഞ്ഞിട്ടേ അടുത്ത തിരഞ്ഞൈടുപ്പു മുതല്‍ ലോക്‌സഭയിലേക്ക് മത്സരിക്കൂ. ലീഗ് വയനാട്ടിൽ പിടിയുറപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ഡോട്ട് കോമിനു നൽകിയ അഭിമുഖത്തിലായിരുന്നു മുരളീധരന്റെ പ്രതികരണം.

അയോധ്യ വിഷയത്തില്‍ ലീഗെടുത്ത സംയമനം എന്നത് അവിടെ അക്രമങ്ങളുണ്ടായി കഴിഞ്ഞാല്‍ മുസ്ലിം ലീഗിന്റെ സമ്പന്നരായ നേതാക്കളുള്‍പ്പെടെയുള്ളവര്‍ക്ക് നഷ്ടം സംഭവിക്കും എന്നുള്ള തിരിച്ചറിന്റെ അടിസ്ഥാനത്തിലുള്ള സംയമനമാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി. 

ലീഗിന്റെ പതാകയെ പാകിസ്താൻ പതാകയുമായി താരതമ്യം ചെയ്ത് അമിത് ഷാ സംസാരിച്ചതിൽ തെറ്റില്ലെന്നും വയനാട് മണ്ഡലത്തിൽ 40% മാത്രമേ ഹിന്ദുക്കളുള്ളൂവെന്നും ചോദ്യത്തോടുള്ള പ്രതികരണമായി മുരളീധരൻ പറഞ്ഞു. 

"ഭീകരവാദികള്‍ക്ക് പിന്തുണ കൊടുക്കുന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് കേരളത്തിലെ രാഷ്ട്രീയത്തിലുള്ള സ്വാധീനം വര്‍ധിക്കാനുള്ള സാഹചര്യം രാഹുല്‍ ഗാന്ധിയുടെ വരവോടെ കേരളത്തില്‍ ഉണ്ടാവുകയാണ്.റായ്ബറേലിയില്‍ നോമിനേഷന്‍ കൊടുക്കാന്‍ പോകുമ്പോള്‍ പൂജ നടത്തി ആ പടം പത്രത്തില്‍ നല്‍കും. വയനാട്ടില്‍ നോമിനേഷന്‍ കൊടുക്കാന്‍ ചെല്ലുമ്പോള്‍ പച്ച പതാകയേന്തിയും. രാഹുല്‍ ഗാന്ധി പൂണൂല്‍ ധരിച്ച ശിവഭക്തനാണെന്ന് ഷര്‍ട്ടിന്റെ മുകളില്‍ കൂടി പൂണൂല്‍ ധരിച്ച് കാണിച്ചിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതിന്റെ വസ്തുതകള്‍ അമിത് ഷാ പറഞ്ഞുവെന്നേയുള്ളൂ. അതിലെന്താ തെറ്റ്", എന്നും അദ്ദേഹം മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു.

അഭിമുഖം വായിക്കാം

 • ശബരിമല വിഷയത്തിലെ നിലപാടും പ്രവര്‍ത്തനവും കൊണ്ട് അറസ്റ്റ് അടക്കമുള്ള നടപടികള്‍ നേരിട്ട നേതാവാണ് കെ സുരേന്ദ്രന്‍. ശബരിമല വിഷയത്തില്‍ യുവതീ പ്രവേശനത്തെ ശക്തമായി എതിര്‍ത്തവരാണ് രാഹുല്‍ ഈശ്വറും എന്‍എസ്എസിന്റെ സുകുമാരന്‍ നായരും. കെ സുരേന്ദ്രന്റെ സ്ഥാനാര്‍ഥിത്വ പ്രഖ്യാപനത്തോടെ എന്‍എസ്എസ് സമദൂരം ആവര്‍ത്തിക്കുകയാണ്.  ജാതിയല്ലേ വിഷയം. ഇല്ലായിരുന്നെങ്കില്‍ സുരേന്ദ്രന് പരസ്യ പിന്തുണ നല്‍കാമായിരുന്നില്ലേ.

സമദൂര സിദ്ധാന്തം എന്‍എസ്എസ്സിന്റെ പണ്ട് മുതലുള്ള നിലപാടാണ്. ആ ചോദ്യം സുകുമാരന്‍നായരോടാണ് ചോദിക്കേണ്ടത്. ഞാന്‍ അല്ല ഉത്തരം തരേണ്ടത്. എന്‍എസ്എസ്സിന്റെ ഇത്രകാലത്തെയും നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു. അതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല.

 • ശബരിമലയില്‍ ഹിന്ദുക്കളെല്ലാം ഒറ്റക്കെട്ടാണെന്ന് ആവര്‍ത്തിക്കുമ്പോഴും ശബരിമല പ്രക്ഷോഭത്തില്‍ ഭാഗഭാക്കായ സ്ത്രീ മുഖ്യമന്ത്രിയെ ജാതിപ്പേരാണ്‌ വിളിച്ചത്. ഈഴവനായ സുരേന്ദ്രന്‍, നായര്‍ കൂടുതലുള്ള മണ്ഡലത്തില്‍ എന്ന ഫെയ്സ്ബുക്ക് പോസ്റ്റ് വരെ രാഹുല്‍ ഈശ്വര്‍ ഇട്ടു. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പരസ്യമായ ജാതി പറഞ്ഞിടുന്ന ഈ പോസ്റ്റുകളെ എങ്ങനെ കാണുന്നു.

രാഹുല്‍ ഈശ്വര്‍ എഴുതിയത് ഞാന്‍ കണ്ടിട്ടില്ല. അതിനാല്‍ ആ പോസ്റ്റിനെ കുറിച്ച് ഞാന്‍ അഭിപ്രായം പറയില്ല. കേരളത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഏറ്റവും നല്ല മതേതര പാര്‍ട്ടിയാണെന്നാണ് അവകാശപ്പെടുന്നത്. സ്ഥാനാര്‍ഥിയെ തീരുമാനിക്കുമ്പോള്‍ ജാതിയും മതവും നോക്കി തീരുമാനിക്കുന്ന പാര്‍ട്ടികളില്‍ നിന്ന് വിഭിന്നമല്ല അവര്‍. അങ്ങനെയുള്ള സംസ്ഥാനത്ത് ഇത് ചര്‍ച്ച ചെയ്യാതിരിക്കാന്‍ എല്ലാവരും മുന്‍കൈയ്യെടുക്കേണ്ടതുണ്ട്. കേരളത്തില്‍ ജാതിയും മതവും നോക്കാതെ 1957ല്‍ ഒറ്റക്ക് വന്ന പാര്‍ട്ടി ഇന്ന് ലീഗിനെ പിന്തുണക്കുന്ന നിലപാടെടുത്ത് പരസ്യമായി രംഗത്ത് വന്നു.  മുഖ്യമന്ത്രി പിണറായി വിജയന്‍ മുസ്ലിം ലീഗിനെ പിന്തുണച്ച് അമിത്ഷാക്കെതിരേ രംഗത്ത് വന്നിരിക്കുകയാണ്.ലീഗിന്റെ വോട്ടുകളെ എത്രമാത്രം സിപിഎം താത്പര്യപ്പെടുന്നു എന്നല്ലേ അതില്‍ നിന്ന് വ്യക്തം. വയനാട്ടില്‍ ലീഗാണ് ഏറ്റവും പ്രബല ശക്തി.

 • വയനാടിനെ കുറിച്ച് പറഞ്ഞല്ലോ. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥ്വത്തെ എങ്ങനെ നോക്കി കാണുന്നു.

രാഹുല്‍ ഗാന്ധി അമേഠിയില്‍ തോല്‍ക്കുമെന്ന് പേടിച്ചാണ് വയനാട്ടിലേക്ക് വന്നത്. പക്ഷെ വയനാട്ടുകാര്‍ വഞ്ചിക്കപ്പെടുകയാണ്. ഇതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ട്.  മന്ത്രിസഭയില്‍ മുസ്ലിം ലീഗിന് ഇത്രകാലവും മൂന്ന് മന്ത്രിമാരാണുണ്ടായിരുന്നത്. കഴിഞ്ഞ മന്ത്രിസഭയില്‍ നാല് മന്ത്രിമാരെ അവര്‍ ആവശ്യപ്പെട്ടു. കുറെ തര്‍ക്കത്തിനു ശേഷമാണ് നാലാമത്തെ മന്ത്രിസ്ഥാനം ലഭിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് ഇത്രകാലം രണ്ട് സീറ്റായിരുന്നു. മൂന്നാമത്തെ സീറ്റായി വയനാട് മുസ്ലിം ലീഗ് ഈ തിരഞ്ഞെടുപ്പോടെ പിടി ഉറപ്പിച്ചു കഴിഞ്ഞു. കാരണം രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുത്ത് അയച്ചു എന്നിരിക്കട്ടെ അമിത് ഷാ പറഞ്ഞതുപോലെ കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റ് പോകുമ്പോൾ ത്രിവര്‍ണ്ണ പതാകയേക്കാള്‍ കൂടുതല്‍ പച്ചക്കൊടി കാണുന്നു എന്നതിനര്‍ഥം എന്താണ്. അത് പാകിസ്താനാണെന്ന് സംശയിച്ചു പോകും എന്ന് അദ്ദേഹം പറഞ്ഞതില്‍ ഒരു തെറ്റുമില്ല. അത് വയനാട്ടുകാരെ അപമാനിക്കലല്ല. ഒരിക്കൽ ചത്ത കുതിരയെന്ന് വിളിച്ച മുസ്ലിം ലീഗിന്റെ കുതിരപ്പുറത്ത് കയറിയിട്ടാണ് രാഹുല്‍ ഗാന്ധി സഞ്ചരിക്കാന്‍ പോകുന്നത്. ഏഴുമണ്ഡലങ്ങളില്‍ ലീഗിന്റെ സ്വാധീനത്തോടെ മത്സരിക്കാന്‍ പോകുന്ന രാഹുല്‍ നാളെ ലീഗിനോടുള്ള സ്‌നേഹം പ്രകടിപ്പിക്കുക തന്നെ ചെയ്യും. മൂന്നാമത്തെ സീറ്റ് മുസ്ലിം ലീഗ് ആവശ്യപ്പെടാന്‍ പോകുന്നു. കോണ്‍ഗ്രസ്സ് ഇതുവരെ മത്സരിച്ചതില്‍ നിന്ന് ഒരു സീറ്റ് കുറഞ്ഞിട്ടേ അടുത്ത തിരഞ്ഞൈടുപ്പു മുതല്‍ ലോക്‌സഭയിലേക്ക് മത്സരിക്കൂ. അപകടകരമായ സാഹചര്യമാണിത്. 

ഭീകരവാദികള്‍ക്ക് പിന്തുണ കൊടുക്കുന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് കേരളത്തിലെ രാഷ്ട്രീയത്തിലുള്ള സ്വാധീനം വര്‍ധിക്കാനുള്ള സാഹചര്യം രാഹുല്‍ ഗാന്ധിയുടെ വരവോടെ കേരളത്തില്‍ ഉണ്ടാവുകയാണ്.

 • മുസ്ലിം ലീഗ് ഭീകരവാദ പാര്‍ട്ടിയാണെന്നാണോ പറഞ്ഞു വരുന്നത്.

ഭീകരവാദികളെ പിന്തുണക്കുന്നവരുടെ പാര്‍ട്ടിയാണെന്ന് മാത്രമല്ല ഭീകരവാദികളെ പിന്തുണക്കുന്നവരാണ് ആ പാര്‍ട്ടിയിലുള്ള ധാരാളം ആളുകള്‍. രണ്ട് മന്ത്രിമാരുണ്ടായിരുന്ന 67ലെ സ്ഥിതിയില്‍ നിന്ന് 2011ല്‍ ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാര്‍ വന്നപ്പോള്‍ നാല് മന്ത്രിമാരായി അവരുടെ സ്വാധീനം വര്‍ധിച്ചു. ആ സ്വാധീനം വര്‍ധിക്കുക എന്നാല്‍ കേരളം ഭീകരവാദികളുടെ നഴ്‌സറിയായി മാറുന്നു എന്നാണ്. രാജ്യം മുഴുവന്‍ നടക്കുന്ന ഭീകരവാദ ആക്രമണത്തിന് പിന്നില്‍ കേരളത്തില്‍ നിന്നുള്ള ഏതെങ്കിലും ചെറുപ്പക്കാര്‍ ഉണ്ട്. കശ്മീരില്‍ വെടിവെപ്പില്‍ മരിക്കുന്നവരിലുള്‍പ്പെടെയുണ്ട്.  അപ്പോൾ അതിന്റെ കാരണക്കാരാരാണ്. ലീഗിനെ പിന്തുണക്കുന്ന ഉമ്മന്‍ചാണ്ടിയുടെ പാര്‍ട്ടിയും പിണറായി വിജയന്റെ പാര്‍ട്ടിയുമാണ് കാരണക്കാര്‍. അവരുടെ മാറിമാറിയുള്ള സംരക്ഷണത്തിലാണ് കേരളത്തില്‍ ലീഗ് വളര്‍ന്നത്.

 • അയോധ്യാ വിഷയത്തില്‍ കേരളം കലാപകലുഷിതമാക്കാതെ നോക്കിയതില്‍ ലീഗെടുത്ത സംയമനവും ഇതോടൊപ്പം ചേര്‍ത്തു വായിക്കണ്ടേ.

അയോധ്യ വിഷയത്തില്‍ ലീഗെടുത്ത സംയമനം എന്നത് അവിടെ അക്രമങ്ങളുണ്ടായി കഴിഞ്ഞാല്‍ മുസ്ലിം ലീഗിന്റെ സമ്പന്നരായ നേതാക്കളുള്‍പ്പെടെയുള്ളവര്‍ക്ക് നഷ്ടം സംഭവിക്കും എന്നുള്ള തിരിച്ചറിന്റെ അടിസ്ഥാനത്തിലുള്ള സംയമനമാണ്. തെക്കന്‍ കേരളത്തില്‍ ആ നിലപാട് എന്തുകൊണ്ടാണ് അവര്‍ എടുക്കാത്തത്. സത്യം സത്യമായി പറയണം. അല്ലാതെ അത് സംയമനമല്ല. സ്വന്തം സമ്പത്ത് നഷ്ടപ്പെടുമെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലുള്ള സംയമനമാണിത്. കൊല്ലത്ത് മുസ്ലിം നേതാക്കന്‍മാര്‍ ധനികരല്ല. അവിടെ ഒന്നും നഷ്ടപ്പെടാനില്ലാത്തതിനാല്‍ ആളുകളെ മുഴുവന്‍ തെരുവിലിറക്കി അക്രമം അഴിച്ചു വിടാന്‍ അവര്‍ നേതൃത്വം നല്‍കി. മലപ്പുറത്ത് വരുമ്പോള്‍ അതൊന്നും വേണ്ട. ഞങ്ങളുടെ സമ്പത്തൊക്കെ സംരക്ഷിക്കപ്പെടണം എന്ന ലീഗ് നേതാക്കളുടെ താത്പര്യമല്ലേ അതിന് പിന്നില്‍. അല്ലാതെ സംയമനത്തിന്റെ വലിയ ഭാഷ്യമൊന്നുമില്ല.  

 • ലീഗിന്റെ കൊടിയെ പാകിസ്താനുമായി താരതമ്യം ചെയത് ദേശീയ ബിജെപി നേതാക്കള്‍ സംസാരിച്ചിരുന്നു, അവരെ തിരുത്തിയിരുന്നോ.

ലീഗിന്റെ കൊടിക്കൊപ്പം പാകിസ്താന്‍ കൊടി ഉണ്ടായതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം ചോദിച്ചിരുന്നല്ലോ.അതോ. പാകിസ്താന്‍ പതാക വീശി എന്ന വിഷയത്തില്‍ ടിക്കാറാം മീണ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. പാകിസ്താന്റെ പതാകയും ലീഗിന്റെ പതാകയും ഒരേകൂട്ടത്തില്‍ കൊണ്ടു നടടക്കുകയാണെന്നല്ലേ അതിനര്‍ഥം. അമിത് ഷാ പറഞ്ഞത് ലീഗിന്റെ പതാകയെ കുറിച്ചാണെങ്കിലും ലീഗിന്റെ പതാകയോടൊപ്പം പാകിസ്താന്റെ പതാക അബദ്ധത്തില്‍ കൊണ്ടുപോയാലും തെറ്റ് ആണ്. ബോധപൂര്‍വ്വം കൊണ്ടു പോയാലും അത് തെറ്റ് തന്നെയാണ്.

 • ഞാന്‍ ചോദിച്ചത് ലീഗിന്റെ പതാകയെ പാകിസ്താന്‍ പതാകയുമായി താരതമ്യം ചെയ്ത് വിളിച്ചതിനെയാണ്. 

കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റ് പോകുമ്പോള്‍ കോണ്‍ഗ്രസ്സിന്റെ ത്രിവര്‍ണ്ണ പതാകയേക്കാള്‍ കൂടുതല്‍ ലീഗിന്റെ പതാക വരുന്നതിന്റെ അര്‍ഥമെന്താണ്. ലീഗിന്റെ സ്വാധീനത്തോടെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നല്ലേ. റായ്ബറേലിയില്‍ നോമിനേഷന്‍ കൊടുക്കാന്‍ പോകുമ്പോള്‍ പൂജ നടത്തി ആ പടം പത്രത്തില്‍ നല്‍കും. വയനാട്ടില്‍ നോമിനേഷന്‍ കൊടുക്കാന്‍ ചെല്ലുമ്പോള്‍ പച്ച പതാകയേന്തിയും. രാഹുല്‍ ഗാന്ധി പൂണൂല്‍ ധരിച്ച ശിവഭക്തനാണെന്ന് ഷര്‍ട്ടിന്റെ മുകളില്‍ കൂടി പൂണൂല്‍ ധരിച്ച് കാണിച്ചിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതിന്റെ വസ്തുതകള്‍ അമിത് ഷാ പറഞ്ഞുവെന്നേയുള്ളൂ. അതിലെന്താ തെറ്റ്.

 • ഹിന്ദുഭൂരിപക്ഷമുള്ള മണ്ഡലത്തില്‍ നിന്ന് മുസ്ലിം ഭൂരിപക്ഷമുള്ള മണ്ഡലത്തിലേക്ക്് രാഹുല്‍ പോയി എന്നാണ് പ്രധാനമന്ത്രി വരെ പറഞ്ഞത്. വയനാട്ടില്‍ ഭൂരിപക്ഷം ഹിന്ദുക്കളാണ്. മാത്രമല്ല സ്വാതന്ത്ര്യസമരത്തില്‍ വയനാട് വഹിച്ച പങ്കും വിസ്മരിക്കാന്‍ പാടുള്ളതല്ല. ചരിത്രബോധമില്ലാത്ത ഈ പ്രസ്താവന ബിജെപിക്കുണ്ടാക്കിയ അപകടം കാണുന്നില്ലേ.

കണക്ക് ഞാന്‍ കാണിച്ചു തരാം. 40 ശതമാനമേ അവിടെ ഹിന്ദുക്കളുള്ളൂ. വയനാട് മണ്ഡലം എന്ന് പറഞ്ഞാല്‍ മൂന്ന് വയനാട് മണ്ഡലങ്ങളും മൂന്ന് മലപ്പുറം ജില്ലാ മണ്ഡലങ്ങളും ഒരു കോഴിക്കോട് മണ്ഡലവും ചേര്‍ന്നതാണ്. ഈ വയനാട് മണ്ഡലത്തില്‍ ജനസംഖ്യാ കണക്കനുസരിച്ച് ഭൂരിപക്ഷം ഹിന്ദുക്കളല്ല. വയനാട് മണ്ഡലത്തെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ആ തരത്തിലുള്ള കണക്കുകളാണ് കാണിക്കേണ്ടത്.

സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചതിന് അനുപമ മുഖ്യമന്ത്രിയുടെ അടിമയാണെന്ന് വരെ ബിജെപി നേതാവ് ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ അനുപമയുടെ കൂടെ ക്രിസ്ത്യന്‍ പേര് ചേര്‍ത്തുള്ള സൈബര്‍ കാമ്പയിനും ഇതെല്ലാം പച്ചയ്ക്ക് പറഞ്ഞാല്‍ വര്‍ഗ്ഗീയതയല്ലേ. 

ആരെങ്കിലും എന്തെങ്കിലും പ്രസ്താവനകള്‍ പറഞ്ഞതിന് ഞാന്‍ പ്രതികരിക്കേണ്ടതില്ലല്ലോ. 

 • അനുപമ സുരേഷ്‌ഗോപിക്ക് നോട്ടീസ് അയച്ചത് തിരഞ്ഞെടുപ്പ് നടപടിക്രമത്തിന്റെ ഭാഗമായി കണ്ടാല്‍ പോരേ.

എന്തെങ്കിലും വിഷയം അനുപമയുടെ മുന്നില്‍ വന്നിട്ടുണ്ടാവും. ടിക്കാറാം മീണ എന്നത് കേരളത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസര്‍ ആണ്. അദ്ദേഹം വല്ല അബദ്ധവും പറഞ്ഞിട്ടുണ്ടെങ്കില്‍ അതിന് മുകളിലും കമ്മീഷനുണ്ടല്ലോ. അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരമായിരിക്കുമല്ലോ താഴെയുള്ള ഉദ്യോഗസ്ഥരും ചെയ്യുന്നത്. 

 • അപ്പോള്‍ കളക്ടര്‍ അനുപമ നോട്ടീസ് അയച്ച വിഷയത്തില്‍ അത്തരത്തിലുള്ള ഇടപെടല്‍ ഉണ്ടായെന്ന് തന്നെയാണോ പറയുന്നത്.

അനുപമ നോട്ടീസ് അയക്കട്ടെ അതിന് മറുപടി കൊടുക്കും.

 • താങ്കള്‍ ഇപ്പോള്‍ പറഞ്ഞതു പ്രകാരം കളക്ടര്‍ നോട്ടീസ് അയച്ചാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസറുടെ ഇടപെടല്‍ ഉണ്ടായെന്ന ധ്വനിയുണ്ട്.

ധ്വനി ധ്വനിയായി തന്നെ ഇരിക്കേണ്ടതാണ്. അത് വ്യക്തമായി പറയേണ്ടതല്ല. 

 • കോഴിക്കോട്ടേ ഇടത് വലത് സ്ഥാനാര്‍ഥികളുമായി താരതമ്യം ചെയ്യുമ്പോള്‍ ബിജെപിയുടേത് ദുര്‍ബലനായ സ്ഥാനാര്‍ഥിയായിപ്പോയില്ലേ. ശബരിമല പ്രക്ഷോഭത്തില്‍ പങ്കെടുത്തു എന്നത് മാത്രം ജനപ്രിതിനിധിയുടെ മാനദണ്ഡമാക്കുന്നത് കഷ്ടമല്ലേ

ബിജെപിയുടെ കോഴിക്കോട്ടെ സ്ഥാനാര്‍ഥി യുവമോര്‍ച്ചയുടെ സംസ്ഥാന പ്രസിഡന്റാണ്. കണ്ണൂരിലെ സ്ഥാനാര്‍ഥി ബിജെപിയുടെ മുന്‍ സംസ്ഥാന പ്രസിഡന്റാണ്. അങ്ങനെയാണെങ്കില്‍ കണ്ണൂരിലെ സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും സ്ഥാനാര്‍ഥികള്‍ താരതമ്യേന ദുര്‍ബലരാണ്. അവര്‍ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റുമാരായിരുന്നവരല്ല. സുധാകരന്‍ കെപിസിസി പ്രസിഡന്റായിരുന്നില്ല. ശ്രീമതി ടീച്ചര്‍  സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായിട്ടില്ല. ബാക്കി പാര്‍ട്ടികള്‍ക്ക് മുന്‍  എംഎല്‍എമാരും എംപിമാരും മന്ത്രിമാരുമുണ്ട്. ബിജെപിയുടെ അവസ്ഥ വിഭിന്നമാണ്. കോരളത്തില്‍ അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥ വരും. ത്രിപുരയില്‍ ആദ്യമായി മത്സരിച്ച ബിജെപി സ്ഥാനാര്‍ഥി എംഎല്‍എയായി മുഖ്യമന്ത്രിയായി. ആദ്യമായി മത്സരിക്കുന്നവര്‍ ദുര്‍ബലരാണെന്ന് അര്‍ഥമില്ല.

 • മറ്റുള്ളവരുടെ പ്രസ്ഥാവനകള്‍ക്ക് മറുപടി പറയേണ്ടതില്ല എന്ന് താങ്കള്‍ പറഞ്ഞല്ലോ. പക്ഷെ ഈ വിഷയത്തെ താങ്കള്‍ എങ്ങനെ നോക്കി കാണുന്നു എന്നറിയേണ്ടതുണ്ട്. ഹിന്ദുവായ കളക്ടറാണ് തൃശ്ശൂരിന് വേണ്ടതെന്ന ടിജി മോഹന്‍ദാസിന്റെ ട്വീറ്റിനാേട് എങ്ങനെ പ്രതികരിക്കുന്നു.

ഞാന്‍ കാണാത്തതിനെ കുറിച്ച് എനിക്ക് പറയാന്‍ പറ്റില്ല. അതേസമയം ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ഭരണത്തില്‍ കളക്ടര്‍ക്ക് റോളുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ഈ പരിഗണന വെച്ച് മോഹന്‍ദാസ് പറഞ്ഞിട്ടുണ്ടാവുക. അനുപമ ഹിന്ദുവാണോ അല്ലയോ എന്നെനിക്കറിയില്ല. ഒരുപക്ഷെ ആയിരിക്കാം. കളക്ടര്‍മാരെ നിശ്ചയിക്കുമ്പോള്‍ ഇത്തരത്തില്‍ ഹിന്ദുവാണോ എന്നൊക്കെ നോക്കി നടപ്പിലാക്കാന്‍ പറ്റുമോ എന്ന് സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്. സര്‍ക്കാരെടുക്കുന്ന തീരുമാനത്തിനു പിന്നില്‍ ഇത്തരത്തിലുള്ള കാര്യങ്ങളുണ്ടെങ്കില്‍ അത് പരസ്യമായും രഹസ്യമായും പാടില്ലല്ലോ.അതാണ് എന്റെ അഭിപ്രായം.

 • കമലിനെ കമാലുദ്ദീനായും അനുപമയെ അനുപമ ക്ലിന്‍സണ്‍ ജോസഫറായും പ്രചരിപ്പിക്കുന്നതില്‍ വര്‍ഗ്ഗീയ ഗൂഢാലോചനയില്ലേ.

കമലിനെ കമാലുദ്ദീനെന്ന് പറയുന്നത് അയാളുടെ പേരല്ലേ. മാധവിക്കുട്ടിയെ കമലാസുരയ്യ എന്ന് പറയുന്നതില്‍ തെറ്റില്ലെങ്കില്‍ കമലിനെ കമാലുദ്ദീന്‍ എന്ന് വിളിക്കുന്നത് എങ്ങനെ തെറ്റാകും.

 • പേരും ജെന്‍ഡറും നാം പറയുന്നതെന്താണോ അതാണ്. കമലാസുരയ്യ എന്നത് അവര്‍ സ്വയം സ്വീകരിച്ച പേരാണ്. കമാലുദ്ദീന്‍ അങ്ങനെയല്ല. അനുപമയുടേതും അങ്ങനെയല്ല.അനുപമ ക്ലിന്‍സണ്‍ ജോസഫ് എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ബിജെപിയുടെ പേരിലുള്ള സൈറ്റുകളില്‍ പ്രചാരണം നടത്തുന്നുണ്ട്. 

അത് സത്യമല്ലെങ്കില്‍ അനുപമ തന്റെ പേര് അതല്ല എന്ന് പറഞ്ഞാല്‍ പ്രശ്‌നം തീര്‍ന്നല്ലോ. സമൂഹമാധ്യമങ്ങളിലെ ആരോപണങ്ങളെ ഗൗരവമായി കാണേണ്ട എന്നാണ് എന്റെ അഭിപ്രായം.അതില്‍ സത്യവും അര്‍ധസത്യവും അസത്യവുമുണ്ട്.

content highlights: Muslim League will ask Wayanad seat in next Loksabha election, says V Muraleedharan