2009-ല്‍ അതിഥിയായെത്തി കോഴിക്കോടിന്റെ ആതിഥേയനായി മാറിയ എം.കെ രാഘവനെ നേരിട്ട് രണ്ട് തവണ കൈവിട്ട മണ്ഡലം എങ്ങനെയും തിരിച്ച് പിടിക്കുക എന്നത് മാത്രമാണ് ഇടതുലക്ഷ്യം. അപ്പോള്‍ എതിരാളിയുടെ ശക്തി കുറയില്ലെന്ന് തീര്‍ച്ച. സോഷ്യലിസ്റ്റുകള്‍ക്ക് സ്വാധീനമുള്ള മണ്ഡലം എന്ന നിലയ്ക്ക് ലോക് താന്ത്രിക് ജനതാദള്‍ ഇത്തവണ തങ്ങളോടൊപ്പമുണ്ടാവുമെന്നത് എല്‍.ഡി.എഫിന്റെ ആത്മവിശ്വാസവും വര്‍ധിപ്പിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനെ കുറിച്ചും കോഴിക്കോട്ടുകാരിലെ പ്രതീക്ഷകളെയും കുറിച്ച് എം.കെ രാഘവന് എം.പി മാതൃഭൂമി ഡോട്കോമിനോട് സംസാരിക്കുന്നു.
എം.കെ രാഘവന്റെ പേര് തന്നെയാണ് ഇത്തവണയും ഉയര്‍ന്ന് കേള്‍ക്കുന്നത്. വീണ്ടും അങ്കത്തിനിറങ്ങുന്നുണ്ടോ?
ഏറ്റവും നിര്‍ണായകമായ ഒരു തിരഞ്ഞെടുപ്പാണ് വരാന്‍ പോവുന്നത്. മോദി സര്‍ക്കാരിനെതിരെ രാജ്യത്തെങ്ങും എതിര് ശബ്ദങ്ങള്‍ അതിന്റെ മൂര്‍ച്ചയിലെത്തി. അതുകൊണ്ടു തന്നെ വിജയ പ്രതീക്ഷയുള്ള പരമാവധി സ്ഥാനാര്‍ഥികളെ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ഹൈക്കമാന്‍ഡില്‍ ധാരണയായിട്ടുള്ളത്. അതില്‍ സിറ്റിംഗ് എം.പിമാര്‍ ഉണ്ടാവുമെന്ന് തന്നെയാണ് കരുതുന്നത്. അത്തരത്തിലുള്ള സ്ഥാനാര്‍ഥി പാനലുകള്‍ ഇത്തവണയും ഉണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷ. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ധാരണയായിട്ടൊന്നുമില്ല. പാര്‍ട്ടി മത്സരിക്കാന്‍ ഇത്തവണയും ആവശ്യപ്പെട്ടാല്‍ മത്സര രംഗത്തുണ്ടാവും.
തികഞ്ഞ ചാരിതാര്‍ഥ്യമുണ്ട്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ കേന്ദ്ര പദ്ധതികള്‍ നടപ്പിലാക്കിയ ഒരു മണ്ഡലമാണ് കോഴിക്കോട്ട്. അത് എല്ലാം പ്രകടമായി തന്നെ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടതുമാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ കോഴിക്കോടിന്റെ സമഗ്ര മേഖലയിലും വികസനം എത്തിക്കാന്‍ കഴിഞ്ഞു. മെഡിക്കല്‍ കോളേജ് വികസനം, കരിപ്പൂര്‍ വിമാനത്താവള വികസനം എന്ന് വേണ്ട വികസനത്തിന്റെ വലിയൊരു മാതൃക തന്നെ കോഴിക്കോടിന് കാണിച്ചു കൊടുക്കാനായി. അക്കാര്യം കോഴിക്കോട്ടുകാര്ക്കുമറിയാം. എനിക്ക് കോഴിക്കോടുകാരേയും അറിയാം. അത് മാത്രം മതി. വെറും തിരഞ്ഞെടുപ്പ് പ്രചാരണം എന്നതിലപ്പുറം 24 മണിക്കൂറും കോഴിക്കോട്ടുകാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയ പ്രവര്‍ത്തകനാണ് ഞാന്‍. അല്ലാതെ തിരഞ്ഞെടുപ്പിനായി പ്രത്യേക പ്രവര്‍ത്തനം വേണമെന്ന് തോന്നുന്നില്ല. കഴിഞ്ഞ പത്ത് വര്‍ഷക്കാലവും തന്നെ പാര്‍ലമെന്റിലേക്കയക്കാന്‍ കോഴിക്കോട്ടുകാര്‍ മനസ്സ് കാണിച്ചതും ഈ പ്രവര്‍ത്തനം തിരിച്ചറിഞ്ഞത് കൊണ്ട് തന്നെയാണ്.നാടിന്റെ പൊതുവായ ലക്ഷ്യം മുന്‍ നിര്‍ത്തി മുഴുവന്‍ സമയം ലഭ്യമാകുന്ന ജനപ്രതിനിധിയായി മാറാന്‍ കഴിഞ്ഞു. കോഴിക്കോട്ടുകാര്‍ക്ക് തന്നെയും തനിക്ക് കോഴിക്കോട്ടുകാരേയും വിശ്വാസമാണ്.
ദേശീയ തലത്തില്‍ യു.പി.എയ്ക്ക് അനുകൂലമായ ഒരു സാഹചര്യം ഇപ്പോള്‍ തന്നെ നിലവില്‍ വന്നു കഴിഞ്ഞു. ഇതിന്റെ സൂചനയാണ് കഴിഞ്ഞ മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം. ബി.ജെ.പി. ഭരിച്ചിരുന്ന മുന്ന് സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസ് ഇന്ന് ഭരണത്തിലുള്ളത്. അത് തീര്‍ച്ചയായും ജനങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റമാണ്. ആ മാറ്റം ലോക്സഭ തിരഞ്ഞെടുപ്പിലും ഉണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷ. രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസില്‍ ജനങ്ങള്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ്. ആ പ്രതീക്ഷ അസ്ഥാനത്താകില്ലെന്ന് തന്നെയാണ് നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ തോന്നുന്നത്.
തീര്‍ച്ചയായും. കെ.സി വേണുഗോപാല്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി, കോര്‍കമ്മിറ്റിയുടെ അംഗവുമാണ്, ഇപ്പോള്‍ സംഘടനാ ചുമതലയും ലഭിച്ചു. ഇതൊക്കെ വലിയ അംഗീകാരമാണ്. കേരളത്തിന് അഭിമാനമാണ് കെ.സി വേണുഗോപാലിന്റെ നിയമനം. അത് ഈ തിരഞ്ഞെടുപ്പ് കാലത്ത് ഏറെ ഗുണം ചെയ്യുമെന്ന് ഉറപ്പാണ്. കേരളത്തില്‍ നിന്ന് എ.കെ ആന്റണിയാണ് കോണ്‍ഗ്രസിന് എടുത്ത് കാണിക്കാനാവുന്ന നേതാവ്. ആന്റണിക്ക് ശേഷം ഒരു മലയാളി എന്ന രീതിയില്‍ കോണ്‍ഗ്രസിന് വേണുഗോപാലിന്റെ നിയമനത്തെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. സ്ഥാനാര്‍ഥി നിര്‍ണയത്തെ കുറിച്ച് ധാരണയിലെത്തിയില്ലെങ്കിലും ഉടന്‍ അതുണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
2009ല്‍ മത്സരിച്ച് പരാജയപ്പെട്ട നിലവില്‍ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റായ പി.എ മുഹമ്മദ് റിയാസ് ഒരിക്കല്‍ കൂടെ മണ്ഡലം തിരിച്ച് പിടിക്കാന്‍ ഇവിടെ അംഗത്തിനിറങ്ങുമെന്നാണറിയുന്നത്. കഴിഞ്ഞ തവണത്തേതില്‍ നിന്നും വ്യത്യസ്ഥമായി ന്യൂനപക്ഷങ്ങളെ വലിയ തോതില്‍ കൂടെ നിര്‍ത്താനാവുമെന്നാണ് റിയാസിനെ പരിഗണിക്കുന്നതിന് പിന്നില്‍. ബേപ്പൂര്‍ എം.എല്‍.എ വി.കെ.സി മമ്മദ് കോയയുടെ പേരും, നിലവില്‍ കോഴിക്കോട് നോര്‍ത്ത് എം.എല്‍.എയായ എ.പ്രദീപ് കുമാറിന്റെ പേരും ചര്‍ച്ചയിലുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഒരു ഉപതിരഞ്ഞെടുപ്പിലേക്ക് പോവാന്‍ നേതൃത്വം ഒരുങ്ങില്ലെന്നാണ് അറിയുന്നത്. അങ്ങനെയെങ്കില്‍ ഒരിക്കല്‍ കൂടെ എം.കെ രാഘവനും-റിയാസും തമ്മിലുള്ള മത്സരത്തിന് കോഴിക്കോട് സാക്ഷിയാകും. ശബരിമല വിഷയത്തിന് ശേഷം ബി.ജെ.പിയും ഏറെ പ്രതീക്ഷയോടെയാണ് കോഴിക്കോട് മണ്ഡലത്തിലേക്കെത്തുന്നത്. അതുകൊണ്ടു തന്നെ സി.കെ പത്മനാഭന്റെയടക്കം പേരുകളാണ് മണ്ഡലത്തില്‍ നിന്ന ഉയര്‍ന്ന് കേള്‍ക്കുന്നത്.