മാവോലിക്കര ലോക്സഭ മണ്ഡലത്തില്‍ കഴിഞ്ഞ 10 വര്‍ഷമായി വികസന മുരടിപ്പാണെന്നാണ് പ്രധാന പ്രചാരണ വിഷയമായി ചിറ്റയം ഗോപകുമാര്‍ ഉന്നയിക്കുന്നത് . തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ഇടത് മുന്നേറ്റമുണ്ടാകുമെന്നും അത് തന്നെ വിജയത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു. താനും വിശ്വാസിയാണെന്നും അതിനാല്‍ വിശ്വാസികളായ വോട്ടര്‍മാരും തനിക്കും ഇടതുപക്ഷത്തിനുമൊപ്പം നില്‍ക്കുമെന്നും ചിറ്റയം പറയുന്നു. മാവേലിക്കര ലോക്സഭ മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ഥിയും അടൂര്‍ എം.എല്‍.എയുമായ ചിറ്റയം ഗോപകുമാറുമായുള്ള അഭിമുഖത്തില്‍ നിന്ന്...
ലോക്സഭയിലേക്കുള്ള മത്സരത്തെ എങ്ങനെ കാണുന്നു?
ഞാനും എന്റെ എതിര് സ്ഥാനാര്‍ഥിയും ജന പ്രതിനിധികളാണ്. അദ്ദേഹം എം.പി.യും ഞാന്‍ എം.എല്‍.എയുമാണ്. അതുകൊണ്ട് തന്നെ സാധാരണ മത്സരം പോലെ തന്നെയേ ഇതിനേയും കാണുന്നുള്ളു.
വെല്ലുവിളി എത്രത്തോളമുണ്ട്?
പ്രധാനമായും മൂന്ന് കാര്യങ്ങളാണ് ഞാന്‍ ഉന്നയിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തെ വികസന മുരടിപ്പാണ് ഒന്നാമത്തേത്. മാവേലിക്കര മണ്ഡലത്തിലെ റെയില്‍വെ സ്റ്റേഷനുകളില്‍ യാതൊരു വികസനവും കൊണ്ടുവന്നിട്ടില്ല. പുതിയ ട്രെയിനുകള്‍ കൊണ്ടുവന്നിട്ടില്ലെന്ന് മാത്രമല്ല നിലവില്‍ ഓടിക്കൊണ്ടിരിക്കുന്ന പല ട്രെയിനുകള്‍ക്കും സ്റ്റോപ്പ് വേണമെന്ന ആവശ്യം പോലും നടപ്പിലാക്കിയിട്ടില്ല.
കുട്ടനാട് പാക്കേജ് നശിപ്പിച്ചു എന്നതാണ് രണ്ടാമത്ത കാര്യം. കുട്ടനാട്ടിലെ ജനങ്ങളും കര്‍ഷകരും അതുകൊണ്ട് തന്നെ കടുത്ത പ്രതിഷേധത്തിലാണ്. അതുപോലെ തന്നെയാണ് കൊല്ലം ജില്ലയിലെ കശുവണ്ടി തൊഴിലാളികളുടെ അവസ്ഥ. പത്ത് വര്‍ഷത്തെ സര്‍വീസ് അടിസ്ഥാനത്തില്‍ അവര്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന പി.എഫ് പെന്ഷന് ഹാജര്‍ അടിസ്ഥാനത്തിലാക്കി തൊഴിലാളികളെ ദ്രോഹിച്ചു. എന്നാല്‍ ഇടതുപക്ഷ സര്‍ക്കാര്‍ കോടിക്കണക്കിന് രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടത്തിവരുന്നത്.
ഇന്ത്യന്‍ രാഷ്ട്രീയമാണ് മൂന്നാമത്തെ വിഷയം. നമ്മുടെ സ്വാതന്ത്ര്യം കുത്തക മുതലാളിമാര്‍ക്ക് തീറെഴുതി കൊടുത്തിരിക്കുകയാണ്. നമ്മുടെ മതസൗഹാര്‍ദം നഷ്ടപ്പെട്ടിരിക്കുന്നു. ജാതിയുടേയും മതത്തിന്റേയും വര്ണത്തിന്റേയും പേരില്‍ മനുഷ്യര്‍ വേര്‍തിരിക്കപ്പെടുന്നു. ഇതെല്ലാം ജനങ്ങള്‍ മനസ്സിലാക്കുകയും ഈ സാഹചര്യം ഇടതുപക്ഷത്തിന് അനുകൂലമായി മാറുകയും ചെയ്യും.
അടൂരില്‍ നിന്ന് മാവേലിക്കര മണ്ഡലത്തിലേക്ക് വരുമ്പോള്‍..?
മാവേലിക്കര ലോക്സഭാ മണ്ഡലമെന്നു പറയുന്നത് കൊല്ലം ജില്ലയിലെ മൂന്ന് നിയമസഭ മണ്ഡലവും, ആലപ്പുഴ ജില്ലയിലെ മൂന്ന് നിയമസഭ മണ്ഡലവും, കോട്ടയം ജില്ലയിലെ ഒരു നിയമസഭ മണ്ഡലവും ചേര്‍ന്ന് രുപപ്പെട്ടതാണ്. എഴ് നിയമസഭ മണ്ഡലങ്ങളിലും ഇടതുപക്ഷത്തിനനുകൂലമായ രാഷ്ട്രീയ സാഹചര്യങ്ങള്‍ നിലവിലുണ്ട്.
പ്രളയബാധിത മേഖലകളിലെ വോട്ടര്‍മാരുടെ പ്രതികരണം ?
പ്രളയസമയത്ത് ഞങ്ങളെ തിരിഞ്ഞുനോക്കാന്‍ ഇടതുപക്ഷമൊഴികെ ആരുമുണ്ടായില്ല എന്ന തരത്തിലുള്ള വികാരമാണ് ജനങ്ങള്‍ക്കുള്ളത്. പ്രളയത്തില്‍പ്പെട്ടവര്‍ക്ക് വീടുകൊടുത്തത്, നഷ്ടം സംഭവിച്ചവര്‍ക്ക് 10000 രൂപ കൊടുത്തത്, ആവശ്യക്കാര്‍ക്ക് ഭഷണം കൊടുത്തതൊക്കെ ഇടതുപക്ഷമാണ്. കേരളത്തിന്റെ പുനരുദ്ധാരണത്തിനായി വിദേശത്തുനിന്നുള്ള ധന സഹായം നിഷേധിച്ച ബി.ജെ.പിയെയും കേരളത്തിനകത്തെ ആളുകളോട് പണം കൊടുത്തു പോകരുതെന്ന് പറഞ്ഞ കോണ്‍ഗ്രസ്സിനെയും ജനങ്ങള്ക്ക്് തിരിച്ചറിയാം. ജനങ്ങളുടെ വികാരം ഇടതുപക്ഷത്തിനൊപ്പം തന്നെയാണ്.
ശബരിമല എത്രത്തോളം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും ?
ശബരിമലയില്‍ വിശ്വാസത്തെ വോട്ടാക്കി മാറ്റാനിറങ്ങുന്ന ബി.ജെ.പിയെ ജനങ്ങള്‍ തിരിച്ചറിയും. കേരളത്തിലെ ജനങ്ങള്‍ പത്ര മാധ്യമങ്ങള്‍ നല്ല രീതിയില്‍ വായിച്ച് വിഷയം നന്നായി മനസ്സിലാക്കാന്‍ ശേഷിയുള്ളവരാണ്. ഞാനും ഒരു വിശ്വാസിയാണ്, വിശ്വാസികള്‍ക്കൊപ്പമാണ് ഇടതുപക്ഷം നില്‍ക്കുന്നത്. അത്കൊണ്ടുതന്നെ വിശ്വാസികള്‍ എനിക്കൊപ്പവും ഇടതുപക്ഷത്തിനൊപ്പവും നില്ക്കുമെന്നുറപ്പുണ്ട്.
രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം ?
സാധാരണയൊരു സ്ഥാനാര്‍ഥിയില്‍ കവിഞ്ഞ പ്രധാന്യമൊന്നും രാഹുല്‍ ഗാന്ധിക്കില്ല. അമേഠിയില്‍ തോല്‍ക്കുമോയെന്ന ഭീതിയായിരിക്കണം രാഹുലിനെ വയനാട്ടില്‍ എത്തിച്ചിരിക്കുക. കേരളത്തില്‍ മത്സരിക്കുന്നതിലുടെ മുഖ്യശത്രു ഇടതുപക്ഷമാണോ ബിജെപിയാണോ എന്ന ചോദ്യം പ്രസക്തമാണ്. വയനാട്ടില്‍ ഇടതുപക്ഷത്തിന് വലിയ ജനപിന്തുണയാണ് കിട്ടുന്നത്. രാഹുല്‍ തോല്‍ക്കും എന്നതില്‍ സംശയമില്ല.
അടൂരിലെ ജയം ആവര്‍ത്തിക്കാനാകുമോ ?
ജനങ്ങള്‍ എനിക്കൊപ്പമാണ്. ജയിക്കുമെന്നതില്‍ സംശയമില്ല.
കേരളം ഇടതിനൊപ്പമോ ?
കേരളത്തിലെ 20 ലോക്സഭ മണ്ഡലങ്ങളിലും ഇടതുപക്ഷ മുന്നേറ്റമുണ്ടാകും. ഓഖി ദുരന്തം, നിപ്പ വൈറസ്, പ്രളയം, തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ അതിജീവനം സാധ്യമാക്കിയത് ഇടതുപക്ഷ സര്‍ക്കാരാണ്. കോടിക്കണക്കിന് രൂപയുടെ വികസനം, പെന്ഷന് ഉയര്‍ത്തിയതടക്കമുള്ള നേട്ടങ്ങള്‍ ഇടതുപക്ഷത്തിനനുകൂലമാണ്. മത, ജാതി, കക്ഷി ഭേദമന്യേ എല്ലാര്ക്കും വികസനമെത്തിക്കുക എന്നതാണ് ഇടതുപക്ഷത്തിന്റെ നയം
കന്നി വോട്ടര്‍മാര്‍?
അവരൊക്കെ വലിയ ആവേശത്തിലാണ്. അവരുടെയൊക്കെ വോട്ടുകളും നേടാനാകും..
content highlights: Mavelikkara Constituency, LDF Candidate, Chiitayam Gopakumar, Interview