കര്‍ണാടകത്തില്‍ ബിസിലു നാട് (ചൂടുള്ള നഗരം) എന്ന വിശേഷണമുള്ള നഗരമാണ് കലബുറഗി. വെയില്ച്ചൂടിനെക്കാള് തിളച്ചുമറിയുകയാണ് ഇവിടത്തെ തിരഞ്ഞെടുപ്പ് പ്രചാരണം. കാര്‍ഷിക പ്രതിസന്ധിയും വരള്‍ച്ചയും പ്രധാനചര്‍ച്ചയാകുന്ന മണ്ഡലം ഇത്തവണ വാര്‍ത്തകളില്‍ നിറഞ്ഞത് നേതാക്കളുടെ കളംമാറലും കൂറുമാറ്റവുംകൊണ്ടാണ്.
തിരഞ്ഞെടുപ്പുകളില്‍ 11 തവണ വിജയിച്ച മല്ലാകാര്‍ജുന ഖാര്‍ഗെ പരാജയത്തിന്റെ കയ്പറിഞ്ഞിട്ടില്ല. ലോക്സഭയില്‍ കോണ്‍ഗ്രസിന്റെ സഭാനേതാവിന് ഇക്കുറി പക്ഷേ, ചെറിയ വെല്ലുവിളികളുണ്ട്. മുന്‍ തിരഞ്ഞെടുപ്പുകളില്‍ വിജയത്തിനായി കൂടെനിന്നവരാണ് ഇത്തവണ ശത്രുപക്ഷത്ത്.
മുന്‍ എം.എല്‍.എ. ഉമേഷ് ജാദവ്, മുന്‍മന്ത്രിമാരായ മല്ലികയ്യ ഗുട്ടേദാര്‍, ബാബു റാവു ചിഞ്ചാന്സര്, എം.ബി. മലക റെഡ്ഡി എന്നിവരാണ് ഖാര്‍ഗെയുമായി തെറ്റിപ്പിരിഞ്ഞ് ബി.ജെ.പി. പാളയത്തിലെത്തിയത്. ഉമേഷ് ജാദവ് ബി.ജെ.പി. സ്ഥാനാര്‍ഥിയുമാണ്. വിശ്വസ്തര്‍ കൈവിട്ടപ്പോള്‍ നോക്കിനില്ക്കാന് ഖാര്‍ഗെയും തയ്യാറായില്ല. ബി.ജെ.പി. ക്യാമ്പില്‍നിന്ന് മുന്‍മന്ത്രി ബാബാറാവു ചൗഹാന്, മുന്‍ രാജ്യസഭാംഗം കെ. ബി. ഷാണപ്പ, സുഭാഷ് റാത്തോഡ് എന്നിവരെ കോണ്ഗ്രസിലെത്തിച്ചാണ് പകരംവീട്ടിയത്. ബി.ജെ.പി.യുടെ നീക്കത്തിന് അതേനാണയത്തില്‍ തിരിച്ചടി നല്‍കിയാണ് 76-ാം വയസ്സില്‍ 12-ാമത്തെ പോരാട്ടത്തിന് ഖാര്‍ഗെ ഇറങ്ങിയത്. ഇക്കുറി ജനതാദള്‍-എസ് ഒപ്പമുണ്ടെന്നത് ആത്മവിശ്വാസമുയര്‍ത്തുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 74,733 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഖാര്‍ഗെ വിജയിച്ചത്.
2009-ലാണ് കലബുറഗിയില്‍ മല്ലികാര്‍ജുന ഖാര്‍ഗെ ആദ്യമായി ലോക്സഭയിലേക്ക് മത്സരിച്ചത്. ബി.ജെ.പി.യിലെ മുതിര്‍ന്ന നേതാവ് രവുനായിക് ബെലമാഗിയെയാണ് പരാജയപ്പെടുത്തിയത്. 2014-ലും ബെലമാഗി അടിയറവ് പറഞ്ഞു. തുടര്‍ന്ന് കളംമാറിയ ബെലമാഗി ഖാര്‍ഗെയുടെ വിശ്വസ്തനായി.
ദളിത് പിന്നാക്ക സമുദായത്തിന് നിര്‍ണായക സ്വാധീനമുള്ള മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ ദളിത് നേതാവുകൂടിയായ മല്ലികാര്‍ജുന ഖാര്‍ഗെയുടെ വിജയത്തില്‍ പാര്‍ട്ടിക്ക് ആശങ്കയില്ല. എന്നാല്‍, മേഖലയില്‍നിന്നുള്ള നേതാക്കളെ തഴഞ്ഞ് മകന് അമിതപ്രാധാന്യം നല്‍കുന്നുവെന്ന് ഒരുവിഭാഗത്തിന് പരാതിയുണ്ട്. അത് ചൂണ്ടിക്കാട്ടിയാണ് ഉമേഷ് ജാദവ് അടക്കമുള്ള നേതാക്കള്‍ പാര്‍ട്ടി വിട്ടത്. ''പ്രിയങ്ക ഖാര്‍ഗെയെ മന്ത്രിയാക്കിയത് പ്രവര്‍ത്തനവും പരിചയവും കണക്കിലെടുത്താണ്. അതില്‍ തനിക്ക് പങ്കൊന്നുമില്ല. വോട്ടര്‍മാരില്‍ എനിക്ക് വിശ്വാസമുണ്ട്. ജനങ്ങളുടെ അനുഗ്രഹമുണ്ടെങ്കില്‍ ആര്‍ക്കും എന്നെ തടയാനാവില്ല'' -മല്ലികാര്‍ജുന ഖാര്‍ഗെ പറഞ്ഞു.
ദളിത് പിന്നാക്ക ന്യൂനപക്ഷങ്ങളുടെ പിന്തുണയാണ് കോണ്‍ഗ്രസിന്റെ കരുത്ത്. എന്നാല്‍ ഉമേഷ് ജാദവിന് ബന്ജാര സമുദായത്തിന്റെയും ലിംഗായത്തിന്റെ പിന്തുണയുണ്ട്. മണ്ഡലത്തിലെ വോട്ടര്‍മാരില്‍ ഏഴ് ശതമാനം ലിംഗായത്ത് സമുദായക്കാരാണ്. കോണ്‍ഗ്രസിലെ പിന്നാക്ക സമുദായ നേതാക്കള്‍ ചേക്കേറിയതിലാണ് ബി.ജെ.പി.യുടെ പ്രതീക്ഷ. ചില ചോദ്യങ്ങളോട് മല്ലികാര്‍ജുന ഖാര്‍ഗെ പ്രതികരിച്ചു.
? കോണ്‍ഗ്രസ് നേതാക്കളുടെ രാജി തിരിച്ചടിയാകുമോ
ഒരിക്കലുമില്ല. നിയമസഭയിലും ലോക്സഭയിലുമായി 11 തവണ മണ്ഡലത്തെ പ്രതിനിധാനം ചെയ്തതാണ്. നടപ്പാക്കിയ വികസനത്തെക്കുറിച്ച് ജനങ്ങള്‍ക്കറിയാം. ജനങ്ങളില്‍നിന്ന് നല്ല പിന്തുണയാണ് ലഭിക്കുന്നത്. 47 വര്‍ഷമായി രാഷ്ട്രീയത്തിലുണ്ട്. ഹൈദരാബാദ്-കര്‍ണാടക മേഖലയ്ക്ക് കോണ്‍ഗ്രസ് നല്കിയ സംഭാവനകള്‍ ജനങ്ങള്‍ക്കറിയാം.
? സഖ്യത്തിനെതിരേ കോണ്‍ഗ്രസില്‍ ഭിന്നതയുണ്ടോ
പ്രാദേശികതലത്തിലുള്ള ഭിന്നതകള്‍ പരിഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ്-ദള്‍ സഖ്യം കൂടുതല്‍ സീറ്റുകള്‍ നേടും. സഖ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ബി.ജെ.പി. നീക്കം വിജയിക്കില്ല.
? ബി.ജെ.പി. ഉയര്‍ത്തിക്കാട്ടുന്നത് മിന്നലാക്രമണമാണ്
രാജ്യത്തിന്റെ സുരക്ഷയ്ക്ക് കോണ്‍ഗ്രസ് നല്കിയ സംഭാവന ജനങ്ങള്‍ക്കറിയാം. ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമം വിജയിക്കില്ല. കോണ്‍ഗ്രസ് ഭരണകാലത്തും മിന്നലാക്രമണം നടത്തിയിട്ടുണ്ട്. ഇതൊന്നും രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിച്ചിട്ടില്ല. സേനയുടെ കഴിവ് രാഷ്ട്രീയമായി വിനിയോഗിക്കുന്നത് ശരിയല്ല.
Content Highlights: mallikarjun kharge interview