കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി ആകുമ്പോള്‍ മലയാളത്തിലെ ഒരു മുന്‍ നിര സിനിമ താരം മാത്രമായിരുന്നു ഇന്നസെന്റ്. എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ ജനവിധി തേടുമ്പോള്‍ താനൊരു ജനപ്രതിനിധിയായി മാറി കഴിഞ്ഞെന്ന് ഇന്നസെന്റ് ചൂണ്ടിക്കാട്ടുന്നു. എം.പി ഫണ്ട് 100% ചിലവഴിച്ചതും ആദ്യമായി എം.പി ഫണ്ട് ഉപയോഗത്തിന് സോഷ്യല്‍ ഓഡിറ്റിംങ്ങ് നടപ്പിലാക്കിയതും ജനങ്ങള്‍ വിലയിരുത്തുമെന്ന് ഇന്നസെന്റ് പ്രതീക്ഷിക്കുന്നു. മണ്ഡലത്തിലെ സാന്നിധ്യം പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍, സ്ഥാനാര്‍ഥിത്വത്തിന്റെ പേരിലെ എതിര്‍പ്പ് തുടങ്ങിയ ആക്ഷേപങ്ങളെക്കുറിച്ച് എതിരാളികള്‍ ഉന്നയിക്കുന്ന വിമര്‍ശനം ജനം തള്ളുമെന്നാണ് ഇന്നസെന്റിന്റെ പക്ഷം. ചാലക്കുടി മണ്ഡലത്തില്‍ അവസാന ഘട്ടം വീണ്ടും സ്ഥാനാര്‍ത്ഥിയായ ഇന്നസെന്റ് സംസാരിക്കുന്നു.
പ്രചാരണം അവസാനഘട്ടത്തിലെത്തി നില്ക്കുകയാണല്ലോ. പ്രതീക്ഷ എത്രത്തോളമുണ്ട് ?
പല സ്ഥലങ്ങളിലും ജനങ്ങളെ നേരിട്ട് കാണുകയും അവരോട് നേരിട്ട് സംസാരിക്കുകയും ചെയ്തു കൊണ്ടുള്ള പ്രചാരണമാണ് പ്രധാനമായും ഇപ്പോള്‍ നടക്കുന്നത്. അതുകൊണ്ട് തന്നെ ജനങ്ങള്‍ എന്നെ പരിഗണിക്കുന്നത് സിനിമക്കാരന് എന്ന നിലയ്ക്കാണോ, അതോ ഞാന്‍ ഉയര്‍ത്തുന്ന രാഷ്ട്രീയത്തിനോടുള്ള താത്പര്യം കൊണ്ടാണോ എന്നത് ഇപ്പോള്‍ മനസിലാക്കാനാകുന്നുണ്ട്...
സ്വന്തം മീമുകള്‍ ഉപയോഗിച്ച് ട്രോള്‍ തയ്യാറാക്കി പ്രചാരണം നടത്തുന്ന ഒരേ ഒരു സ്ഥാനാര്‍ഥി ആണ് താങ്കള്‍. ഇവയ്ക്ക് കിട്ടുന്ന പ്രതികരണം എങ്ങനെയാണ്
ജനങ്ങളെ അറിയ്ക്കുക എന്നതുതന്നെയാണ് ഇത്തരം പ്രചരണങ്ങളിലൂടെ ലക്ഷ്യമാക്കുന്നത്. ഇന്നു ആളുകള്‍ കൂടുതലായും കാര്യങ്ങള്‍ അറിയുന്നത് സാമുഹ്യമാധ്യമങ്ങള്‍ വഴിയാണ്. അതു കൊണ്ട് തന്നെ പറയേണ്ട കാര്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി പറഞ്ഞാള് അതിനു കൂടുതല്‍ സ്വീകാര്യതയുണ്ടാകും.
മലയാള സിനിമയിലെ ജനകീയ സാന്നിധ്യമെന്നത് പ്രചാരണ രംഗത്ത് സ്വാധീനം ചെലുത്തുന്നതായി തോന്നിട്ടുണ്ടോ ?
അത് പ്രചരണത്തില്‍ വലിയൊരു സഹായം ചെയുന്നതായി തോന്നിയിട്ടുണ്ട്. 30 വര്‍ഷമായി ഞാന്‍ മലയാളികളുടെ മനസിലുണ്ട്. എന്നെ അവരുടെ ഇടയില്‍ പുതുതായി പരിചയപ്പെടുത്തുന്നതിന്റെ ആവശ്യം ഇതുവരെ വന്നിട്ടില്ല.
ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചിഹ്നത്തിലാണല്ലോ മത്സരിക്കുന്നത്.സഖാവ് ഇന്നസെന്റെ് എന്ന പേരില്‍ അറിയപ്പെടുമ്പോഴുളള ഉത്തരവാദിത്വത്തെ എങ്ങനെ നോക്കികാണുന്നു ?
അരിവാള്‍ ചുറ്റിക നക്ഷത്ര ചിഹ്നത്തില്‍ മത്സരിക്കാനായത് എന്റെ ഭാഗ്യമായി കരുതുന്നു. ഞാന്‍ അതില്‍ പൂര്‍ണ്ണ സംത്യപ്തനാണ്. എന്റെ അച്ചന് കമ്മ്യൂണിസ്ററ് കാരനായിരുന്നു. ചെറുപ്പം തൊട്ടെ ആ വികാരം എന്റെ മനസിലുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തന്നെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കണമെന്ന ആവശ്യം ഞാന്‍ പാര്‍ട്ടിയെ അറിയിച്ചിരുന്നു. അപ്പോള്‍ അതനുവദിക്കാനാകില്ലെന്നവര് അറിയിച്ചു. ഇപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്നെ അവരില്‍ ഒരാളായി കാണുന്നുണ്ട്. സഖാവെ എന്ന് അവര്‍ വിളിക്കുമ്പോള്‍ അത് വളരെ സുഖം പകരുന്നുണ്ട്.
സമീപകാലത്തെ ചില സര്‍വേകളില്‍ ചിലതില്‍ താങ്കള്‍ ജയിക്കുമെന്നും ചിലതില്‍ അതേ സമയം പരാജയപ്പെടുമെന്നും പറയുന്നു. എങ്ങനെ പ്രതികരിക്കുന്നു അതിനോട് ?
സര്‍വേകള്‍ പലപ്പോഴും തെറ്റുകള്‍ പറഞ്ഞ് ജനങ്ങളെ വഴിതെറ്റിക്കാറുണ്ട്.പരീക്ഷക്കു തയ്യാറെടുക്കുന്ന കുട്ടിയോട് പരീക്ഷയില്‍ തോല്‍ക്കുമെന്നു പറയുന്ന പോലെയുളള ആത്മവിശ്വാസക്കുറവ് ഇത് തെരഞ്ഞെടുപ്പിനഭിമുഖീകരിക്കുന്ന സ്ഥാനാര്ത്ഥികളിലുണ്ടാക്കുന്നുണ്ട്. എന്തായാലും സാഹചര്യങ്ങള്‍ എനിക്കനുക്കൂലമാണ്.
എം.പി ഫണ്ട് ചിലവഴിച്ചവരില്‍ താങ്കള്‍ ഏറെ മുന്നിലാണ്. എം.പി ഫണ്ടിന് സോഷ്യല്‍ ഓഡിറ്റിങ് എന്ന നൂതനമായ ആശയം താങ്കള്‍ നടപ്പിലാക്കി. ഇതൊക്കെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടോ
ജനങ്ങല്‍ അതൊക്കെ നന്നായി വിലയിരുത്തുന്നുണ്ട്. ഇന്നത്തെ കാലത്ത് ജനപ്രതിനിധികളുടെ ഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാനുള്ള താത്പര്യം ജനങ്ങള്‍ക്കുണ്ട്. അതുകൊണ്ട് തന്നെ പദ്ധതി നിര്വ്വഹണമടക്കമുളള കാര്യങ്ങളടക്കം ഓഫീസുമായി ബന്ധപ്പെട്ടാല്‍ ജനങ്ങള്‍ക്ക് മനസിലാക്കാം.
വീണ്ടും ചാലക്കുടിക്കാര്‍ താങ്കള്‍ക്ക് ഒരവസരം കൂടിനല്കിയാല് എന്തൊക്കെയായിരിക്കും ചെയുക ?
ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കായിരിക്കും മുന്‍ഗണന കൊടുക്കുക. രണ്ടു തവണ കാന്‍സര്‍ രോഗത്തെ അതിജീവിച്ച വ്യക്തിയാണ് ഞാന്‍. അതു കൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുക എന്നത് എന്റെ ഉത്തരവാദിത്വമാണ്. ആദ്യമായി അനുവദിക്കപ്പെട്ട തുകയില്‍ നിന്ന് 3 കോടി രൂപ ക്യാന്‍സര്‍ രോഗ നിര്‍ണ്ണയത്തിനായുള്ള ഉപകരണങ്ങള്‍ വാങ്ങിക്കാനായി ഉപയോഗിച്ചു. ക്യാന്‍സര്‍ രോഗ ചികത്സക്കും നിര്‍ണയത്തിനുമായി അത്യാധുനികവും, ജനങ്ങള്‍ക്കു സൗജന്യമായും ഉപയോഗിക്കാവുന്ന രീതിയിലുമുളള ഉപകരണങ്ങള്‍ സ്ഥാപിക്കും. ആശുപത്രികളില്‍ ഡയാലിസിസിനായി കൂടുതല്‍ സംവിധാനങ്ങളൊരുക്കും.വന മേഖലകളില്‍ വെളിച്ചമെത്തിക്കുന്നതിനും മുന്‍ഗണന കൊടുക്കും.
Content Highlights: Loksabha Elections 2019 Chalakkudy Candidate Innocent Interview