മുഖ്യമന്ത്രി പിണറായി വിജയൻ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. 2004-ൽ നേടിയ 18 സീറ്റിനെക്കാൾ കൂടുതൽ ഈ തിരഞ്ഞെടുപ്പിൽ നേടാനാവുന്ന അനുകൂല അന്തരീക്ഷമാണിപ്പോഴെന്ന്  അദ്ദേഹം വിലയിരുത്തുന്നു. രാഹുലിന്റെ വരവ് മറ്റ് മണ്ഡലങ്ങളിൽ പ്രത്യേകിച്ചൊരു  ചലനവും  ഉണ്ടാക്കിയിട്ടില്ല. കേരളത്തിലെ ന്യൂനപക്ഷങ്ങളുമായി എൽ.ഡി.എഫിനുള്ളത് തുറന്ന ബന്ധം. ആരോപണങ്ങളുന്നയിച്ച് എതിർത്താലും കിഫ്ബി ബോണ്ടിൽ കാനഡയിൽനിന്നുള്ള പണം വാങ്ങുമെന്നും പദ്ധതികൾ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ടെ പ്രചാരണത്തിനിടെ അനുവദിച്ച അഭിമുഖത്തിൽ നിന്ന്-

*ദേശീയ രാഷ്ട്രീയത്തിൽ ബി.ജെ.പി.യെപ്പോലെ കോൺഗ്രസിനെയും എതിർക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയാണ്  താങ്കളുടെ വാദങ്ങൾ. ഇതിനൊരു മറുവശമുണ്ട്. കേരളത്തിൽ  എൽ.ഡി.എഫിന് വോട്ടുചെയ്താൽ മോദി വീണ്ടും അധികാരത്തിലെത്തുമെന്ന എ.കെ. ആന്റണിയുടെ പ്രചാരണത്തെ എങ്ങനെ കാണുന്നു?

അതിൽ കഴമ്പില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൻ.ഡി.എയ്ക്ക് ആകെ കിട്ടിയത് 38.5 ശതമാനം വോട്ടാണ്.  യു.പി.എയ്ക്ക് കിട്ടിയത് 23 ശതമാനം. ഇത് രണ്ടുമല്ലാത്തവർക്ക് കിട്ടിയത് 39 ശതമാനം.  മറ്റ് പാർട്ടികൾക്ക് ഇന്ത്യയിലുള്ള സാധ്യതയാണ് അത് കാണിക്കുന്നത്. വോട്ടർമാരിൽ വലിയൊരു വിഭാഗം ബി.ജെ.പിയുടെയോ കോൺഗ്രസിന്റെയോ ഭാഗമല്ല. ഈ തിരഞ്ഞെടുപ്പിൽ സ്വാഭാവികമായും ആ ഒരു അന്തരീക്ഷം ശക്തിപ്പെട്ടുവരും. ഓരോ സംസ്ഥാനത്തും അവിടത്തെ ശക്തികളാണ് വലുത്. വളരെ ചുരുക്കം ചില സംസ്ഥാനങ്ങളിലേ കോൺഗ്രസ് ആ നിലയ്ക്കുള്ളൂ. ഉത്തർപ്രദേശിലെ എസ്.പി, ബി.എസ്.പി. സഖ്യം വലിയ ശക്തിയാണ്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെല്ലാം അതത് സ്ഥലത്തെ പാർട്ടികളാണ് പ്രധാനമായിട്ടുള്ളത്. ചിലേടത്ത് കോൺഗ്രസ് കൂടെയുണ്ട്. ചിലേടത്ത് കൂടെയില്ല.  കോൺഗ്രസ് യഥാർഥത്തിൽ അപക്വമായ നിലപാടാണ് സ്വീകരിക്കുന്നത്. ഒന്നാമത് അവർക്ക് പഴയതരത്തിലുള്ള ശക്തിയില്ല. തിരഞ്ഞെടുപ്പ്  കഴിഞ്ഞാലാണ് ഏതുതരത്തിലുള്ള സർക്കാർ എന്ന ചർച്ച തുടങ്ങുന്നത്. ആ ചർച്ചയിൽ ഉരുത്തിരിഞ്ഞുവരുന്നതാണ് തിരഞ്ഞെടുപ്പിനുശേഷമുള്ള സർക്കാർ.

ഞങ്ങളുടെ നിലപാട് വ്യക്തമാണ്. മൂന്നുകാര്യങ്ങളാണ് ഞങ്ങൾ പറയുന്നത്. ആദ്യത്തേത് ബി.ജെ.പി.യെ പരാജയപ്പെടുത്തുക. രണ്ടാമത്തതേത് ഒരു മതനിരപേക്ഷ സർക്കാർ ബദൽ നയത്തോടെ അധികാരത്തിലെത്തണം. മൂന്നാമതായി ഇടതുപക്ഷത്തിന്റെ അംഗബലം വർധിപ്പിക്കണം. 

*ത്രിപുരയിലും  ബംഗാളിലും പാർട്ടി ദുർബലമായിരിക്കുന്ന സാഹചര്യം വിലയിരുത്തുമ്പോൾ എങ്ങനെയാണ് ഇടതുപക്ഷത്തിന്റെ അംഗബലം കൂട്ടാനാവുക?

ബംഗാളിൽ  വളരെ പ്രത്യേകതകൾ ഉണ്ടായിവരുന്നെന്നാണ് ഇപ്പോൾ മാധ്യമങ്ങൾതന്നെ റിപ്പോർട്ട് ചെയ്യുന്നത്.  വോട്ടുചെയ്യാനുള്ള അവകാശം അവിടെ നിഷേധിക്കുന്നുണ്ട്. വോട്ടർമാരെ സ്വതന്ത്രമായി വോട്ടുചെയ്യാൻ അനുവദിച്ചാൽ  ഇടതുപക്ഷം തിരിച്ചുവരും. ത്രിപുരയിലും അന്തരീക്ഷം  മാറിവരുന്നു. അവിടെയും ഇടതുപക്ഷത്തിന്റെ തിരിച്ചുവരവിന് സാധ്യത തെളിയുന്നുണ്ട്. 

*രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുമ്പോൾ  കോൺഗ്രസിന് അനുകൂലമായ ന്യൂനപക്ഷ ധ്രുവീകരണത്തിന് സാധ്യതയുണ്ടെന്ന് കരുതുന്നുണ്ടോ? ദേശീയ രാഷ്ട്രീയത്തിൽ അത്തരം ചർച്ചകളാണ് നടക്കുന്നത്. പ്രത്യേകിച്ചും, മുസ്‍ലിം ലീഗിനെക്കുറിച്ചുള്ള യോഗി ആദിത്യനാഥിന്റെ പ്രസ്താവന കണക്കിലെടുക്കുമ്പോൾ

ആദിത്യനാഥിന് ആദിത്യനാഥിന്റെ രാഷ്ട്രീയമുണ്ടല്ലോ. വർഗീയ നിലപാടാണത്. ആദിത്യനാഥ് ഇങ്ങനെ പറയുന്നതിൽ  അർഥമില്ല. ആദിത്യനാഥിന്റെ പാർട്ടിക്കാർ ഇവിടെ 'കോലീബി' സഖ്യത്തിന്റെ ഭാഗമായി മാറിയിരുന്നു. ഇപ്പോഴും ചില മണ്ഡലങ്ങളിൽ ഒരു ലഗ്നത്തിന് സ്ഥാനാർഥിയെ നിർത്തിയെന്ന് പറഞ്ഞ് വോട്ട് ഇടതുപക്ഷത്തിന് എതിരായി കൊടുക്കുന്നു.  ചില മണ്ഡലങ്ങളിൽ യഥാർഥത്തിലുള്ള 'കോലീബി' സഖ്യമായിത്തന്നെ ഇപ്പോൾ കാര്യങ്ങൾ മുന്നേറുന്നു.

ഇവിടെ ന്യൂനപക്ഷധ്രവീകരണമൊന്നും ഉണ്ടാകാൻ പോകുന്നില്ലെന്നതാണ്. രാഹുൽഗാന്ധി വന്നതുകൊണ്ട് ന്യൂനപക്ഷം രാഹുൽഗാന്ധിക്ക് അനുകൂലമാകുമെന്ന് പറയുന്നതിൽ അർഥമില്ല. രാഹുൽ ഇവിടെ മത്സരിച്ചാലും പുറത്തുമത്സരിച്ചാലും കോൺഗ്രസിന്റെ നയം ഒന്നുതന്നെയാണ്. കോൺഗ്രസ് ഒരു ഘട്ടത്തിലും വർഗീയതയ്ക്കെതിരേ ഉറച്ച നിലപാട് സ്വീകരിക്കുന്നില്ലെന്ന് മതനിരപേക്ഷ ചിന്താഗതിക്കാർക്കെല്ലാം  അറിയാം. ന്യൂനപക്ഷത്തിന് പ്രത്യേകിച്ചും അറിയാം. 

ഇവിടെ ന്യൂനപക്ഷങ്ങളാകെ എൽ.ഡി.എഫിനെയാണ് ശരിയായ നിലപാടുള്ള ശക്തിയായിട്ട് കാണുന്നത്. ന്യൂനപക്ഷ സംരക്ഷണത്തിന്റെ പ്രശ്നം വരുമ്പോൾ മറ്റ് സംസ്ഥാനങ്ങളിൽനിന്നെല്ലാം വ്യത്യസ്തമായി കേരളം നിൽക്കുന്നു. അതിനിടയാക്കുന്നത് എൽ.ഡി.എഫാണ് എന്ന തിരിച്ചറിവ് അവർക്കുണ്ട്. ഇവിടെ ബി.ജെ.പി.ക്ക് ലേശം മുൻതൂക്കം കിട്ടുകയും യു.ഡി.എഫിന് ഭൂരിപക്ഷം ലഭിക്കുകയും എൽ.ഡി.എഫ്. പിറകോട്ടുപോകുകയും ചെയ്താൽ നമ്മുടെ സംസ്ഥാനത്തെ അവസ്ഥ ഇതേനിലയിലായിരിക്കില്ലെന്നും  ന്യൂനപക്ഷം ആശങ്കപ്പെടുന്നു. ഇടതുപക്ഷത്തെ യഥാർഥ സുഹൃത്തായിത്തന്നെയാണ് ന്യൂനപക്ഷങ്ങൾ കാണുന്നത്. ന്യൂനപക്ഷ വിഭാഗത്തിലെ ഏത് വിഭാഗവുമായും നല്ല ബന്ധമാണ് ഞങ്ങൾക്കുള്ളത്. ഏതെങ്കിലും ഒരു കൂട്ടർക്ക് ഞങ്ങളെക്കാണാനോ, ഞങ്ങൾക്ക് അവരെക്കാണാനോ ഒരു ഇടനിലക്കാരന്റെ ആവശ്യമില്ല. അത്രയും തുറന്ന ബന്ധം ഞങ്ങൾ തമ്മിലുണ്ട്. 

*രാഹുൽഗാന്ധിയുടെ കേരളത്തിലെ സ്ഥാനാർഥിത്വം യു.ഡി.എഫിന് ഉണർവുണ്ടാക്കിയെന്നത് വാസ്തവമല്ലേ

മണ്ഡലങ്ങളാകെ നോക്കുമ്പോൾ അങ്ങനെ കാണുന്നില്ല. വയനാട് മണ്ഡലത്തിൽ മറ്റ് മണ്ഡലങ്ങളിലുള്ള  കുറെ കോൺഗ്രസുകാരുകൂടി എത്തിയിട്ടുണ്ട്. കുറച്ച് ലീഗുകാരും അവിടെ ശ്രദ്ധിക്കുന്നുണ്ട്. അതിനപ്പുറം എന്തെങ്കിലുമുള്ളതായി കാണുന്നില്ല. മറ്റേതെങ്കിലും മണ്ഡലത്തെ രാഹുലിന്റെ സ്ഥാനാർഥിത്വം പ്രത്യേകമായി ബാധിച്ചതായി കാണുന്നില്ല. ബാധിക്കുകയുമില്ല.  

*ഇത്തവണ കേരളത്തിൽ ഏതാണ്ട് മുഴുവൻ സീറ്റുകളും നേടുമെന്ന ആത്മവിശ്വാസമാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് താങ്കളും ഇടതുമുന്നണി പ്രകടമാക്കിയിരുന്നത്. പ്രചാരണം മുന്നേറുമ്പോൾ ഈ ആത്മവിശ്വാസം എത്രത്തോളം  

നല്ല നിലയിലാണ് ഞങ്ങൾ. 2004ൽ 18 സീറ്റ് കേരളം എൽ.ഡി.എഫിന് തന്നിരുന്നു. അതിനെക്കാൾ  അനുകൂലമായ അന്തരീക്ഷം  ഇപ്പോഴുണ്ട് എന്നുപറഞ്ഞാൽ അതായിരിക്കും വസ്തുത.  

കിഫ്ബിയും ലാവലിനും

*തിരഞ്ഞെടുപ്പ്‌ അടുത്തതോടെ മുമ്പ്  ചർച്ചചെയ്ത പല പ്രശ്നങ്ങളും വീണ്ടും ഉയർന്നുവരുന്നുണ്ട്. ഏറ്റവും ഒടുവിൽ കിഫ്ബിയും ലാവലിനും തമ്മിൽ ബന്ധം ആരോപിക്കപ്പെടുന്നു. ഈ പ്രശ്നങ്ങൾ പ്രചാരണത്തിൽ  എങ്ങനെ ബാധിക്കും

ഏയ്, പ്രചാരണത്തെ ഇതൊന്നും ബാധിക്കില്ല. കേരളത്തിന്റെ ചെറിയൊരു ശാപമാണിത്. ഏത് നല്ല കാര്യത്തെയും എതിർക്കുകയാണ് തങ്ങളുടെ ബാധ്യത എന്നാണ്  പ്രതിപക്ഷവും പ്രതിപക്ഷനേതാവും ധരിച്ചിരിക്കുന്നത്. അല്ലെങ്കിൽ കിഫ്ബിയെയും കിഫ്ബിയുടെ മസാല ബോണ്ടിനെയും എതിർക്കാൻ എങ്ങനെയാണ് കഴിയുക?  കിഫ്ബി അടിസ്ഥാനസൗകര്യ വികസനത്തിന് ഫണ്ട് കണ്ടെത്താനുള്ള സ്രോതസ്സാണ്. 50,000 കോടിയുടെ ഫണ്ട് ലഭ്യമാക്കി പശ്ചാത്തല സൗകര്യവികസനത്തിന് ഉപയോഗിക്കുമെന്നാണ് അന്ന് ഞങ്ങൾ പറഞ്ഞത്. അതിനെ 'ഉഡാപ്പി' എന്നൊക്കെ വിളിച്ച് പരിഹസിച്ചു.  അങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് ഇവിടെ 42,000 കോടിരൂപയുടെ പദ്ധതികൾക്ക് അംഗീകാരം കൊടുക്കുന്നത്. ഇനിയുള്ള രണ്ടുവർഷംകൊണ്ട് ഈ ലക്ഷ്യം കടക്കും. ഇതിന് പണം കണ്ടെത്താനാണ് മസാല ബോണ്ടിറക്കിയത്. ബോണ്ടിന് നല്ല പ്രതികരണം വന്നു. 

കാനഡയിലെ പെൻഷൻ ഫണ്ടാണ് ഇതിൽ നിക്ഷേപിച്ചത്. അത് കാനഡയിലെ സർക്കാർ നിയന്ത്രിത കമ്പനിയാണെന്ന് കിഫ്ബിക്കുവേണ്ടി  സി.ഇ.ഒ. ഡോ. കെ.എം. എബ്രഹാം വ്യക്തമാക്കിയിട്ടുണ്ട്. അതിനെ എതിർക്കുക എന്നത് സാധാരണ കാര്യങ്ങൾ അറിയാവുന്ന ഒരു പൊതുപ്രവർത്തകന് പറ്റിയ ഒന്നല്ല. എന്തിനെയും എതിർക്കാൻ പുറപ്പെടുക എന്നതിന്റെ ഭാഗമാണിത്. ഇങ്ങനെ എതിർത്തതുകൊണ്ട് എൽ.ഡി.എഫ്. സർക്കാർ അത് വാങ്ങാതിരിക്കുകയോ ഉപയോഗിക്കാതിരിക്കുകയോ ചെയ്യില്ല. അത്തരം എതിർപ്പുകൾ  കേരളീയ സമൂഹം അവജ്ഞയോടെ തള്ളുമെന്ന കാര്യത്തിൽ ഞങ്ങൾക്ക് അശേഷം ആശങ്കയില്ല. ഏതെങ്കിലും എതിർപ്പുണ്ടായാൽ ഞങ്ങൾ ഭയപ്പെടില്ല.  ഭയപ്പെടണമെങ്കിൽ ഞങ്ങൾ തെറ്റ് ചെയ്തിരിക്കണം. അതില്ലാത്തിടത്തോളം ഞങ്ങൾ ധൈര്യമായി മുന്നോട്ടുപോകും. പണം സ്വീകരിക്കും. പദ്ധതികൾ നടപ്പാക്കുകയും ചെയ്യും. 

 

Content Highlights: LDF win this Election says Pinarayi Vijayan, Lok Sabha Election 2019